ജഗദ്ഗുരു ശങ്കരാചാര്യര്‍ ഹരിശ്രീ കുറിച്ച, നിത്യവും വിദ്യാരംഭം നടക്കുന്ന ആവണംകോട് സരസ്വതീക്ഷേത്രം

ആവണംകോട് സരസ്വതീക്ഷേത്ര സന്നിധി
ആവണംകോട് സരസ്വതീക്ഷേത്ര സന്നിധി

ര്‍വജ്ഞപീഠം കയറിയ ആദിശങ്കരന്‍ ഹരിശ്രീ കുറിച്ച ദേവീസന്നിധി, ആവണംകോട് സരസ്വതീസന്നിധിയില്‍ എത്തിയാല്‍ മനസ്സിലേക്ക് അറിവിന്റെ വീണമീട്ടി ദേവി മുന്നില്‍ പ്രത്യക്ഷയാവും. തേടിയെത്തുന്നവര്‍ക്കെല്ലാം വിദ്യയുടെയും അറിവിന്റെയും കലയുടെയും ഗംഗാപ്രവാഹമാണ് ഈ ദേവീസന്നിധി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തൊട്ടരികെ സ്ഥിതിചെയ്യുന്ന ഈ സരസ്വതീക്ഷേത്രം കേരളത്തിലെ 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനമാണ്. കേരളത്തില്‍ അത്യപൂര്‍വമായ രണ്ടുമാനങ്ങളില്‍ എഴുത്തിനിരുത്ത് ചടങ്ങുനടക്കുന്ന പുണ്യഭൂമിയാണ് ഇവിടം. സരസ്വതീദേവി പ്രധാന പ്രതിഷ്ഠയും ഗണപതിയും ദക്ഷിണാമൂര്‍ത്തിയും തൊട്ടരികിലും. ഉപക്ഷേത്രങ്ങളില്‍ ഭദ്രകാളിയും ധര്‍മശാസ്താവും. മതില്‍കടന്ന് അക്ഷരമുറ്റത്തെത്തുമ്പോള്‍തന്നെ ദേവീസാന്നിധ്യം മനസ്സ് കുളിര്‍പ്പിക്കും. 
 
സ്വയംഭൂ പ്രതിഷ്ഠ
ക്ഷേത്രകവാടം കടന്ന് ഉള്ളിലേക്ക് കയറുമ്പോള്‍ ബലിക്കല്‍പുര, അവിടെ ദേവീചൈതന്യം നിറഞ്ഞുനില്‍ക്കുന്ന വീണയും തംബുരുവും. അറിവിന്റെ, സംഗീതത്തിന്റെ ദേവീസാന്നിധ്യം പ്രധാന ശ്രീകോവിലില്‍നിന്ന് വെളിച്ചമായി മുന്നില്‍ തെളിയും. ക്ഷേത്രത്തില്‍ ദേവിയുടെ ചൈതന്യം വിലസുന്നത് സ്വയംഭൂവായ ശിലയിലാണ്. ഈ ശിലയില്‍ ഗോളക കമിഴ്ത്തിയാണ് പൂജകള്‍ ചെയ്യുന്നത്. സ്വയംഭൂ ശിലയില്‍ ദേവീസാന്നിധ്യം കണ്ടെത്തിയത് പരശുരാമനാണെന്ന്  വിശ്വസിക്കപ്പെടുന്നു.  ഒരു മിഥുനമാസത്തിലെ പൂയം നാളിലായിരുന്നുവത്രേ ഇത്. ഈ ദിനം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. 
പ്രധാന ശ്രീകോവിലില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായാണ് ദേവീ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്ക് അഭിമുഖമായി മണ്ഡപത്തിനുതാഴെ ദക്ഷിണാമൂര്‍ത്തി, ഗണപതി എന്നീ ദേവന്മാരും സിംഹ(വാഹനം)വും. പൂജയ്ക്ക് താമര, ചെത്തി, തുളസി, നന്ത്യാര്‍വട്ടം, വെള്ളമന്ദാരം പൂക്കളാണ് ഉപയോഗിക്കുക. കടുത്ത ഗന്ധമുള്ള പൂക്കള്‍ ഒഴിവാക്കും. രണ്ടര ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രവും ഉപക്ഷേത്രങ്ങളും കുളവും സ്ഥിതിചെയ്യുന്നത്. 
 
നിത്യവിദ്യാരംഭം 

ശങ്കരാചാര്യര്‍ വിഭ്യാരംഭം കുറിച്ച ദേവീസന്നിധി എന്നതിനപ്പുറം വിശേഷങ്ങളൊന്നും ആവണംകോട് സരസ്വതീക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ശക്തിയെക്കുറിച്ചറിയാന്‍ ആവശ്യമില്ല. കുഞ്ഞായിരുന്ന ശങ്കരന് പിതാവിനെ നഷ്ടമായപ്പോള്‍ വിദ്യാരംഭവും ഒരു പ്രശ്‌നമായി. കുഞ്ഞുശങ്കരനെ വിദ്യാരംഭത്തിനായി അമ്മ കാലടിയില്‍ നിന്നും ഒരുവിളിപ്പാടകലെയുള്ള ആവണംകോട്ടെ നടയിലേക്കാണ് എത്തിച്ചത്. ഇവിടെനിന്ന് വിദ്യാരംഭം കുറിച്ച ശങ്കരന്‍ പിന്നീട് സര്‍വ വിജ്ഞാനത്തിന്റെയും പ്രതീകമായി മാറി. വര്‍ഷം മുഴുവന്‍ വിദ്യാരംഭം നടത്തുന്ന ക്ഷേത്രത്തില്‍ സ്വര്‍ണനാരായത്താലാണ് കുട്ടികളുടെ നാവില്‍ അക്ഷരമെഴുതുന്നത്. ഓരോ കുട്ടിക്കും പ്രത്യേകം തട്ടം. അതില്‍ അരി നിരത്തി എഴുതിക്കുന്നതാണ് രീതി. ഹരിശ്രീ കുറിച്ച അരി വീട്ടിലേക്ക് കൊടുത്തുവിടും. വീട്ടില്‍വെച്ച് അടുത്ത ദിവസം ഒരു തവണകൂടി ഹരിശ്രീ എഴുതിയശേഷം അരി കടുംമധുരത്തില്‍ പായസമാക്കി കുട്ടികള്‍ക്ക് നല്‍കണം. അക്ഷരം ജീവിതത്തിന്റെ മധുരമായി മാറണം എന്ന വിശ്വാസമാണ് ഇതിനുപിന്നില്‍. 
വിദ്യാരംഭം കുറിക്കുന്ന കുട്ടികളെ മാത്രമല്ല പഠനം തുടരുന്നവരെയും വീണ്ടും എഴുത്തിനിരുത്തുന്ന ചടങ്ങും ഈ ക്ഷേത്രത്തില്‍ നടക്കുന്നു. പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികളെയാണ് ഇങ്ങനെ വീണ്ടും എഴുത്തിനിരുത്തുന്നത്. 

നാവ്, മണി, നാരായം

രാവിലെ സരസ്വതീസങ്കല്പത്തിലെ സരസ്വതീപൂജയും പിന്നീട് ദുര്‍ഗാസങ്കല്പത്തില്‍ പൂജയുമുണ്ടാകും. നാവ്-മണി-നാരായം എന്ന വഴിപാട് ഇവിടെ പ്രധാനമാണ്. സംസാരത്തിന്റെ പ്രതീകമായ നാവിന്റെയും ശബ്ദപ്രതീകമായ മണിയുടെയും എഴുത്തിന്റെ പ്രാതിനിധ്യമായ നാരായത്തിന്റെയും രൂപങ്ങള്‍ ദേവിക്ക് തളികയില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സംഭാഷണചാതുരി, ഓര്‍മശക്തി, മികച്ച കൈയക്ഷരം എന്നിവ കൈവരുമെന്നാണ് വിശ്വാസം. 
സാരസ്വത മന്ത്രാര്‍ച്ചന, വിദ്യാവാഗീശ്വരി പൂജ, മലര്‍ പറ, താമരമാല, ദ്വാദശാക്ഷരി പുഷ്പാഞ്ജലി, ഗ്രന്ഥപൂജ, ചിലങ്ക പൂജ എന്നീ വഴിപാടുകളും പ്രധാനമാണ്. ഇവിടത്തെ പ്രസാദങ്ങളില്‍ സാരസ്വതഘൃതം പ്രസിദ്ധമാണ്.  

കടുംപായസം, കൂട്ടുപായസം, ത്രിമധുരം എന്നിവയാണ് നിവേദ്യങ്ങളില്‍ പ്രധാനപ്പെട്ടത്. വീണ വായിക്കാനറിയുന്ന ഭക്തര്‍ക്ക് ക്ഷേത്ര വലിയമ്പലത്തിനകത്തുള്ള വീണ ദേവിയെ വായിച്ച് കേള്‍പ്പിക്കാനുള്ള ഭാഗ്യവും ഇവിടെയെത്തിയാല്‍ സിദ്ധിക്കും. 

നവരാത്രിയും പൂരവും

മീനമാസത്തിലാണ് പത്തുദിവസം നീളുന്ന ആവണംകോട് പൂരം. ഉത്രം നാളില്‍ ആറാട്ടുവരുന്ന രീതിയില്‍ പത്തുദിവസം മുന്‍പ് കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായി രാമഞ്ചിറ ഭദ്രകാളിക്ഷേത്രത്തില്‍ താലപ്പൊലിയും നടക്കും. മുടിയേറ്റും കളമെഴുത്തുപാട്ടും ഉണ്ടാകും. 
നവരാത്രി ഉത്സവം ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കുന്നു. ഒന്‍പത് രാത്രികള്‍ നീളുന്ന നൃത്ത, സംഗീതോത്സവം കാണാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുക. വിജയദശമിദിനം ആയിരത്തിലധികം കുരുന്നുകളാണ് ഈ സന്നിധിയില്‍ വിദ്യാരംഭം കുറിക്കാറുള്ളത്. ചിങ്ങമാസത്തിലെ ഇല്ലംനിറ, വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക, കുംഭമാസത്തിലെ വസന്തപഞ്ചമി എന്നിവയും പ്രധാന ആഘോഷങ്ങളാണ്. 

വസന്തപഞ്ചമി

വിദ്യാദേവതയായ സരസ്വതിയെ  പൂജിക്കുന്ന ദിനമാണ് വസന്തപഞ്ചമി. ഉത്തരേന്ത്യയില്‍ വസന്തപഞ്ചമി ദിവസമാണ് കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുന്നത്. കേരളത്തില്‍ വസന്ത പഞ്ചമി ആഘോഷം നടക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് ആവണംകോട് സരസ്വതീക്ഷേത്രം. അന്നേദിവസം ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള ഭക്തര്‍ ഇവിടെയെത്താറുണ്ട്. 2024 ഫെബ്രുവരി 14 നാണ് അടുത്ത വസന്തപഞ്ചമി.
 
കാളിയും ശാസ്താവും

ക്ഷേത്രത്തോടുചേര്‍ന്ന് കിഴക്കോട്ട് ദര്‍ശനമായി ഭദ്രകാളിയുടെയും ധര്‍മശാസ്താവിന്റെയും പ്രതിഷ്ഠയുണ്ട്. ഉപക്ഷേത്രമായ രാമഞ്ചിറ ഭദ്രകാളിക്ഷേത്രം വിവാഹച്ചടങ്ങുകള്‍ക്ക് പ്രസിദ്ധമാണ്. നട തുറന്ന ഏത് സമയത്തും മുഹൂര്‍ത്തം നോക്കാതെ ഇവിടെ വിവാഹം നടത്താവുന്നതാണ്. ജാതി-മത വ്യത്യാസമില്ലാതെ വിവാഹങ്ങളും ഭദ്രകാളീക്ഷേത്രനടയില്‍ നടക്കുന്നു. ഇവിടെനിന്ന് വിവാഹിതരായാല്‍ എതിര്‍പ്പുകള്‍ കെട്ടടങ്ങുമെന്നാണ് വിശ്വാസം. 
വിമാനത്താവളത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാല്‍ അന്യദേശത്തു നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ കെട്ടുനിറയ്ക്കും മറ്റുമുള്ള ഇടത്താവളമായി ധര്‍മശാസ്താ സന്നിധിയെ ആശ്രയിക്കുന്നു. ഒരുകാലം വരെ തൃശ്ശൂര്‍ പെരുവനം ആറാട്ടുപുഴ പൂരത്തിലെ സരസ്വതീ സാന്നിധ്യമായിരുന്നു ആവണംകോട്ട് ദേവി. 
ഇരിങ്ങാലക്കുട കിടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. രഞ്ജന്‍ ഭട്ടാണ് മേല്‍ശാന്തി. കേരള ക്ഷേത്രസേവാ ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. രാവിലെ അഞ്ചുമണിമുതല്‍ പത്തുവരെയും വൈകീട്ട് അഞ്ചുമണി മുതല്‍ ഏഴര വരെയുമാണ് ദര്‍ശന സമയം.
 

Content Highlights: avanamcode saraswathi devi temple