ഒരുകൈയില്‍ തോക്ക്, മാറാപ്പില്‍ സ്വന്തം കുഞ്ഞ്, ജനീക്കോളോയിലെ അനീറ്റ പ്രതിമയുടെ കഥ!

അനന്തതയിലേക്ക് നീളുന്ന മിഴികളില്‍ സ്വാതന്ത്ര്യം എന്ന സ്വപ്‌നം, അതിവേഗത്തില്‍ പായുന്ന കുതിരപ്പുറത്ത് ഒരു കൈയില്‍ തോക്കും മറുകൈയില്‍ കടിഞ്ഞാണുമായി ഒരു വനിത, മാറാപ്പില്‍ സ്വന്തം കുഞ്ഞുമുണ്ട്. പിന്തുടര്‍ന്നെത്തുന്ന രാജസൈന്യത്തില്‍ നിന്ന് രക്ഷനേടാന്‍ തനിയേ കുതിരപ്പുറത്തേറി കാട്ടിലേക്ക് രക്ഷപ്പെടുന്ന വിപ്ലവകാരി. റോമാനഗരത്തിലെ ജനീക്കൊളൊയില്‍ സഞ്ചാരികള്‍ കൗതുകത്തോടെ നോക്കുന്ന ഈ പ്രതിമയില്‍ അനിറ്റ ഗരിബാള്‍ഡി (Anita Garibaldi) എന്നെഴുതിയിരിക്കുന്നു. വെങ്കലത്തില്‍ തീര്‍ത്ത വിപ്ലവവും പ്രണയവും.
സ്വാതന്ത്ര്യത്തിനായി പൊരുതാന്‍, സ്‌നേഹിച്ചവനോടൊപ്പം ഇറങ്ങിത്തിരിച്ചു, അവിശ്വസനീയമായ സാഹസികപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇരുപത്തിയെട്ടാം വയസ്സില്‍ സമരമുഖത്ത് മരിച്ചുവീണവള്‍; അനിറ്റ. തൊട്ടപ്പുറത്ത് 'രണ്ട് ലോകങ്ങളുടെ നായകന്‍' -ചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസമര 'റൊമാന്റിക്' പോരാളി ജുസേപ്പെ ഗരിബാള്‍ഡിയുടെ (Giuseppe Garibaldi) കൂറ്റന്‍ പ്രതിമ. പോരാട്ടങ്ങളുടെയും തീവ്രപ്രണയത്തിന്റെയും സ്മരണകള്‍ ഉറങ്ങുന്ന ഗരിബാള്‍ഡി തെരുവ്. കുതിരക്കുളമ്പടികളും സാഹസിക പോരാട്ടങ്ങളും ചോരപ്പാടുകളും നിറഞ്ഞ ജീവിതയാത്രയില്‍, സ്വാതന്ത്ര്യവിപ്ലവ ചിന്തകള്‍ക്കൊപ്പം ജ്വലിച്ചുനിന്ന അനശ്വരപ്രണയത്തിന്റെ മായാത്ത സ്മരണകള്‍.
Content Highlights: inspiring story of Anita Garibaldi, revolutionary & wife of Giuseppe Garibaldi, immortalized in Rome`s Janiculum Hill