ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷപ്പെട്ട് മരണംവരെ അവള്‍ വിജനമായ നിഗൂഢദ്വീപിൽ ഒളിച്ചിരുന്നു

പളുങ്കുപോലെയുള്ള ജലാശയത്തിലെ പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ ബോട്ട് കല്‍പെട്ടി ദ്വീപ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഗിത്താറിന്റെ രൂപമുള്ള അഗത്തി ദ്വീപിന്റെ വാല്‍ഭാഗത്തുനിന്ന് അല്പം മാറിയാണ് കല്‍പെട്ടി ദ്വീപിന്റെ സ്ഥാനം. കല്‍പെട്ടിയുടെ പേരും ചരിത്രവുമെല്ലാം ആദ്യം കൈചൂണ്ടുക ബീകുഞ്ഞിബീ എന്ന യുവതിയുടെ ഓര്‍മ്മകളിലേയ്ക്കാവും. ദ്വീപ് സന്ദര്‍ശിച്ച ബ്രിട്ടീഷുകാരില്‍ ഒരാള്‍ ബീക്കുഞ്ഞിബീയുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയത്രെ! അടുത്ത വരവിന് അവളെ അവരുടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാമെന്നും വാഗ്ദാനം നല്‍കി. എന്നാല്‍, അവള്‍ക്ക് സ്വന്തം നാട്ടില്‍നിന്ന് കപ്പല്‍കടന്ന് വേറൊരു ലോകത്തേക്ക് പോകാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. തന്നെ ബലമായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാന്‍ വരുന്ന ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷനേടി അവള്‍ ആരോരുമറിയാതെ രക്ഷപ്പെട്ടു. കടല്‍ കടന്ന് അവളെത്തിയ വിജനമായ ദ്വീപായിരുന്നു കല്‍പെട്ടി. ജീവിതകാലം മുഴുവന്‍ ബീകുഞ്ഞിബീ കല്‍പെട്ടിയില്‍ ഒളിച്ചുതാമസിച്ചു. പേരറിയാ നാട്ടില്‍ ബ്രിട്ടീഷുകാരുടെ അടിമയായി കഴിയുന്നതിലും നല്ലത് വിജനമായദ്വീപില്‍ ആരോരുമറിയാതെ ജീവിക്കുകയാണ് എന്ന് തീരുമാനിച്ച ഒരു സാധാരണ പെണ്ണിന്റെ അസാമാന്യമായ ധൈര്യം.
ഓളങ്ങളില്‍ ചാഞ്ചാടി കല്‍പെട്ടി എന്ന മനുഷ്യവാസമില്ലാത്ത ആ കുഞ്ഞു ദ്വീപിലേയ്ക്കാണ് ഞങ്ങളുടെ ചെറിയ ബോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. അഗത്തിയില്‍ നിന്ന് കല്‍പെട്ടയിലേക്ക് ബോട്ടില്‍ അരമണിക്കൂര്‍ നേരത്തെ യാത്രയുണ്ട്. വെയിലിന് കാഠിന്യമേറിയതിനാല്‍ വൈകുന്നേരമാണ് യാത്രക്കായി ഇറങ്ങിയത്. വേലിയിറക്ക സമയമായതിനാല്‍ ആഴമില്ലാതെ, പവിഴപ്പുറ്റുകള്‍ നിറഞ്ഞ മരതക നിറമാര്‍ന്ന സ്ഫടികം പോലുള്ള ജലാശയമായി കടല്‍ മാറിയിരുന്നു. കഷ്ടിച്ച് ബോട്ടിന് പോകാനുള്ള ആഴമേ കടലിനുള്ളൂ. അമരത്തിരുന്നുകൊണ്ട് പാറകളിലും കോറലുകളിലും തട്ടാതെ ബോട്ട് നിയന്ത്രിക്കുന്ന ജീവനക്കാരന്‍ ഒരു അഭ്യാസിയെപ്പോലെ തോന്നിച്ചു.
''ഇവിടെയാണ് ഏറ്റവും കൂടുതല്‍ കടലാമകളെ കാണുന്ന സ്ഥലം'' -ഗൈഡ് പറഞ്ഞുതീര്‍ന്നില്ല, ഒരു ഭീമന്‍ കടലാമ വെള്ളത്തിനു മുകളില്‍ നീന്തി തുടിച്ചുപോകുന്നതുകണ്ടു. ഇത്രവലിയ ആമയെ അടുത്തുകണ്ടപ്പോള്‍ ആദ്യം എന്തെന്നില്ലാത്ത അദ്ഭുതം തോന്നി. പിന്നീട് ധാരാളം കടലാമകളെ ഈ യാത്രയില്‍ കണ്ടു. സുതാര്യമായ ജലത്തിനടിയില്‍ ഓടിക്കളിക്കുന്ന മത്സ്യങ്ങളെയും പലതരത്തിലുള്ള കോറലുകളെയും കാണാമായിരുന്നു. തലച്ചോറിന്റെ രൂപത്തില്‍ ധാരാളം ചുളിവുകളും മടക്കുകളുമുള്ള വലിയ ബ്രെയിന്‍ കോറലുകള്‍, മരത്തിന്റെ രൂപത്തിലുള്ള ട്രീ കോറലുകളുമെല്ലാം ഏക്കറുകണക്കിന് സ്ഥലത്താണ് പരന്നുകിടക്കുന്നത്. അതുകൊണ്ട് ദ്വീപിനോട് ചേര്‍ന്നുള്ള ഈ ഭാഗങ്ങള്‍ കോറല്‍ ഗാര്‍ഡന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയുടെ മുകള്‍ഭാഗം പലയിടത്തും ജലത്തിന്റെ ഉപരിതലത്തില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്നതുകാണാം.
സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ലക്ഷദ്വീപിനെ സംരക്ഷിക്കുന്നത് ഈ പവിഴപ്പുറ്റുകള്‍ ആണത്രെ. എത്ര ശക്തമായ തിരമാലകളയും തടഞ്ഞുനിര്‍ത്താന്‍ പ്രകൃതി നിര്‍മ്മിതമായ ഇവയ്ക്ക് കഴിയും. ദൂരെ, ഡൈവിംഗ് പോയന്റുകള്‍ കാണാമായിരുന്നു. സമുദ്രത്തിന്റെ മായാലോക കാഴ്ചകള്‍ കാണാന്‍ വരുന്ന സാഹസിക സഞ്ചാരികളുടെ സ്വര്‍ഗഭൂമിയാണ് ഇവിടം. സ്‌കൂബ ഡൈവിംഗിലൂടെ സാധാരണക്കാരനു പോലും കടലാഴങ്ങളുടെ സൗന്ദര്യം അനുഭവിച്ചറിയാന്‍ കഴിയുന്നു. കോറലുകള്‍ക്കിടയിലാണ് ലക്ഷദ്വീപിന്റെ ഐക്കണ്‍ ആയ ബട്ടര്‍ഫ്ളൈ ഫിഷ് അടക്കം പലവര്‍ണ്ണങ്ങളിലുള്ള വലുതും ചെറുതുമായ മീനുകള്‍ വസിക്കുന്നത്. സ്ഫടികം പോലുള്ള ജലത്തിലൂടെ അവ നീന്തിത്തുടിക്കുന്ന കാഴ്ച സുന്ദരമാണ്.
അരമണിക്കൂര്‍ കടന്നുപോയതറിഞ്ഞില്ല. വെളുത്ത പഞ്ചാരമണല്‍ നിറഞ്ഞ ദ്വീപിനടുത്തായി ബോട്ട് നങ്കൂരമിട്ടു. ആഴമില്ലെന്നു കരുതിയാണ് ബോട്ടില്‍ നിന്ന് കടലിലേക്കിറങ്ങിയതെങ്കിലും മുട്ടിനൊപ്പം വെള്ളം ഉണ്ടായിരുന്നു. കടലിലൂടെ കാല്‍ നീട്ടിവലിച്ച് ദ്വീപിലേയ്ക്ക് നടന്നു. കരയില്‍നിന്നു നോക്കുമ്പോള്‍ കുറച്ചു ദൂരെയായി അഗത്തി ദ്വീപിന്റെ വാലറ്റം കാണാം. ലക്ഷദ്വീപിന്റെ എയര്‍പോര്‍ട്ട് അവിടെയാണ് സ്ഥിതിചെയ്യുന്നത്. രണ്ട് ദ്വീപുകള്‍ക്കുമിടയില്‍ കടലിടുക്കാണ്. വേലിയിറക്ക സമയത്ത് അഗത്തിയില്‍നിന്നും കല്‍പെട്ടിയിലേക്ക് നടന്നുവരാന്‍ കഴിയും. കടലിനടിയിലെ പാറകളും കടല്‍പ്പാതകളും കടല്‍ഗുഹകളും ഉള്ളതിനാല്‍ പരിചയസമ്പന്നരായവര്‍ക്ക് ഒപ്പം മാത്രമേ ഈ സാഹസത്തിന് മുതിരാവൂവെന്ന് മാത്രം. അഗത്തിയില്‍നിന്ന് ഈ കാണുന്ന കടല്‍ നടന്നുകയറിയാണ് ബീകുഞ്ഞിബീ കല്‍പെട്ടിയില്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്.
കടല്‍ വഴിമാറിയ പ്രദേശങ്ങളിലെ തൂവെള്ള മണലില്‍ നടക്കുന്ന ചുവന്ന നിറമുള്ള വലിയ ഞണ്ടുകള്‍ ഞങ്ങളെ നോക്കി ഇറുക്കാന്‍ കാലുകള്‍ ഉയര്‍ത്തി. അവരുടെ സ്വകാര്യ മേഖലയില്‍ കടന്നു ചെന്നവരോടുള്ള പ്രതിഷേധം. ജീവനുള്ള ശംഖുകള്‍ ഇഴിഞ്ഞുനടക്കുന്ന സുന്ദരകാഴ്ച കണ്ട് മുന്നോട്ടുനടന്നു. ഒരുവശത്ത് തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ നിറയെ കറുത്ത കടല്‍വെള്ളരികള്‍ കിടക്കുന്നത് കണ്ടു. തിരമാലകളുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ പെട്ടിട്ടാവാം വലിയ കടല്‍പ്പാറകള്‍ ഒരുവശം പൊളിഞ്ഞ് കടലിനോട് ചേര്‍ന്നിട്ടുണ്ട്. കല്‍പെട്ടി ദ്വീപ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധീനതയിലാണ് എന്ന് രേഖപ്പെടുത്തി കൊണ്ടുള്ള ദേശീയമുദ്ര പതിച്ച സ്തൂപം തീരത്തോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്.
തീരം ചേര്‍ന്നാണ് ഞങ്ങള്‍ നടന്നത്. പശപോലെയുള്ള കടല്‍പ്പായലുകളില്‍ ചവിട്ടുമ്പോള്‍ നന്നായി വഴുക്കുന്നുണ്ട്. ''ഇവരാണ് ദ്വീപുകളുടെ നിര്‍മ്മാതാക്കള്‍'' -ഗൈഡ് പറഞ്ഞു. പായലില്‍ മണ്ണും കോറലുകളുമെല്ലാം ഒട്ടിപ്പിടിക്കുകയും പിന്നെയും അതിനു മീതെ പായല്‍ വളരുകയും വീണ്ടും മണല്‍ ഇവയെ പൊതിയുകയും ചെയ്യുന്നു. ഈ പ്രക്രിയ ആവര്‍ത്തിക്കുമ്പോഴാണ് ഒരു ദ്വീപ് സമുദ്രത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതെന്നാണ് കണ്ടെത്തല്‍.
ബീകുഞ്ഞിബീക്ക് പിന്നീട് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. മരണം വരെ അവര്‍ ഈ ദ്വീപില്‍ കഴിഞ്ഞുവെന്നാണ് ലക്ഷദ്വീപുകാര്‍ വിശ്വാസിക്കുന്നത്. എന്നാല്‍, അവളെ അവിടെ നിന്നും രക്ഷപ്പെടുത്തി മറ്റൊരു ദ്വീപിലേയ്ക്ക് വീട്ടുകാര്‍ കൊണ്ടുപോയിയെന്നും അവിടെ, അവര്‍ വിവാഹം കഴിച്ച് സുഖമായി ജീവിച്ചുവെന്നും മറ്റൊരു കഥയുമുണ്ട്. എന്തൊക്കെയായാലും കല്‍പെട്ടി ദ്വീപിന്റെ ചരിത്രനായിക ബീകുഞ്ഞിബീയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അഗത്തി ഗവണ്‍മെന്റ് അവരുടെ ഓര്‍മ്മക്കായി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബീകുഞ്ഞിബി ടൂര്‍ണമെന്റ് എന്ന പേരില്‍ ഫുട്ബോള്‍ മത്സരം നടത്തി വരുന്നു.
Content Highlights: trip to kalpatti in lakshadweep