അടുക്കളയിലെ അറേബ്യന്‍ രുചി; വായിൽ വെള്ളമൂറുന്ന ഫിഷ് കബ്‌സ

അറേബ്യന്‍ ഭക്ഷണങ്ങള്‍ നമ്മുടെ നാട്ടിലേക്ക് വന്ന് തുടങ്ങിയിട്ട് അധികമായില്ല. ഖുബ്ബൂസും ബുഖാരിയും മച്ബൂസുമൊക്കെ വളരെ പെട്ടന്നുതന്നെ നമ്മുടെ ഹൃദയം കീഴടക്കി. ഇപ്പോള്‍ നമ്മുടെ അടുക്കളകളിലും അവ പാചകം ചെയ്തുവിളമ്പാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഇത്തവണ അറേബ്യന്‍ രുചിയില്‍ ഒരു ഫിഷ് കബ്‌സ തയ്യാറാക്കാം.
ഫിഷ് കബ്‌സ
ചേരുവകൾ:
നെയ്മീന്‍ - അരക്കിലോ
ബസ്മതി അരി - മൂന്ന് കപ്പ്
സവാള - ഒന്ന്
പച്ചമുളക് - നാല്
വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ - രണ്ട്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല - ഒരു ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലി - ഒരു ടീസ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
ഡ്രൈഡ് ലെമണ്‍ - ഒന്ന്
ബേ ലീഫ് - ഒന്ന്
പട്ട - ഒരു കഷ്ണം
ഏലയ്ക്ക - രണ്ട്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ യോജിപ്പിച്ച്, അതിലേക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റില്‍ പകുതി മീനില്‍ പുരട്ടുക. ബാക്കി റൈസ് തയ്യാറാക്കാനായി മാറ്റി വെക്കാം. അര മണിക്കൂറിനുശേഷം പാനില്‍ എണ്ണ ചൂടാക്കി മീന്‍ കഷണങ്ങള്‍ നിരത്തി, രണ്ടു വശവും മൊരിയുന്നത് വരെ ഷാലോ ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക.
റൈസ് തയ്യാറാക്കാന്‍ മീന്‍ വറുത്തെടുത്ത അതേ എണ്ണയിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പച്ചമുളക് ചേര്‍ക്കുക. നേരത്തെ മാറ്റിവെച്ച പൊടികളെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ പേസ്റ്റും ടൊമാറ്റോ പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിലേക്ക് ആറ് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
മല്ലി, കുരുമുളക്, പട്ട, ഏലയ്ക്ക, ഡ്രൈഡ് ലെമണ്‍, ബേ ലീഫ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ അരി ചേര്‍ത്ത്, മൂടി വെച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം എണ്‍പതുശതമാനം വറ്റിവരുമ്പോള്‍ ഫ്രൈ ചെയ്ത് വെച്ച മീന്‍ കഷണങ്ങള്‍ റൈസിന് മുകളില്‍ നിരത്തി മൂടിവെച്ച് വേവിക്കുക.
അറിയാം ചില നുറുങ്ങുവിദ്യകള്‍
- ഉരുളക്കിഴങ്ങ് അല്‍പ സമയം ഉപ്പുവെള്ളത്തിലിട്ടു വെച്ചാല്‍ മധുരം കുറയും.
- ചീസ് ഗ്രേറ്റ് ചെയ്യുന്നതിന് മുമ്പ് ഗ്രേറ്ററില്‍ അല്പം എണ്ണ തടവിയാല്‍ ചീസ്, ഗ്രേറ്ററില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം.
- പുതിനയില ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അതിലിട്ട് ഫ്രഡ്ജില്‍ വെച്ചാല്‍ ദിവസങ്ങളോളം കേടാവാതെ സൂക്ഷിക്കാം.
- ഒരു ഗ്ലാസില്‍ പകുതി ഭാഗം വെള്ളം നിറച്ച്, മല്ലിയിലയുടെ തണ്ട് ഈ വെള്ളത്തില്‍ മുക്കി ഫ്രിഡ്ജില്‍ വെച്ചാല്‍ മല്ലിയിലയും ദിവസങ്ങളോളം കേടുകൂടാതെ നില്‍ക്കും.
- ഉരുളക്കിഴങ്ങ് ഒരു ഫോര്‍ക്ക് കൊണ്ടു അവിടവിടെയായി ദ്വാരമുണ്ടാക്കിയതിനുശേഷം നാലു മിനിറ്റ് മൈക്രോവേവില്‍ വെച്ചാല്‍ എളുപ്പത്തില്‍ വേവിച്ചെടുക്കാം.
- ബിരിയാണി, പുലാവ് എന്നിവ തയ്യാറാക്കുമ്പോള്‍ വെള്ളം വറ്റിയിട്ടും അരിയുടെ വേവ് കുറഞ്ഞെങ്കില്‍ അപ്പോള്‍ തന്നെ ഒന്നോ രണ്ടോ കപ്പ് തിളച്ച വെള്ളം ചേര്‍ത്തിളക്കി മൂടിവെച്ച് വേവിക്കാം.
- മട്ടണ്‍ തൈരില്‍ മാരിനേറ്റ് ചെയ്തുവെച്ചാല്‍ വേവിക്കുമ്പോള്‍ ഉണ്ടാവുന്ന പച്ചമണം ഒഴിവാക്കാം.
- നെയ്ച്ചോറ്, ബിരിയാണി എന്നിവ ഫ്രിഡ്ജില്‍ വെച്ചതിനുശേഷം ചൂടാക്കുമ്പോള്‍ കുറച്ചുവെള്ളം തളിച്ചു കൊടുത്താല്‍ റൈസ് വീണ്ടും സോഫ്റ്റ് ആവും.
- ബജ്ജി, പക്കോട എന്നിവ തയ്യാറാക്കുമ്പോള്‍ മാവിലേക്ക് അല്പം ചൂടായ എണ്ണ ചേര്‍ത്താല്‍ നല്ല മൊരിഞ്ഞ പക്കോട ഉണ്ടാക്കാം.
- മീന്‍ കറി, ഇറച്ചിക്കറി, കടലക്കറി അങ്ങനെ ഏതു കറിക്കും കുറുകിയ ഗ്രേവി കിട്ടാന്‍ തക്കാളി അരച്ചു ചേര്‍ത്താല്‍ മതി.
- മീന്‍ മുറിച്ചതിനുശേഷം കത്തിയും കത്രികയും നാരങ്ങയുടെ തൊലി കൊണ്ടു നന്നായി കഴുകി വൃത്തിയാക്കാം.
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കുമ്പോള്‍ അല്പം ഓയില്‍ ചേര്‍ത്താല്‍ ദീര്‍ഘകാലം സൂക്ഷിക്കാം.
- ചെതുമ്പലുള്ള മീനുകള്‍ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് വെച്ചാല്‍ എളുപ്പത്തില്‍ ചെതുമ്പല്‍ കളയാം.
- സാമ്പാര്‍, രസം എന്നിങ്ങനെ പരിപ്പ് ചേര്‍ത്ത കറികള്‍ താളിക്കാന്‍ എണ്ണയ്ക്ക് പകരം നെയ്യ് ഉപയോഗിച്ചാല്‍ രുചി കൂടും.
- ഉപ്പുമാവ് തയ്യാറാക്കി സ്റ്റവ് ഓഫ് ചെയ്തതിനുശേഷം ഉപ്പുമാവില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ തൂവി യോജിപ്പിച്ചാല്‍ രുചി കൂടും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: A plate full of Arabian flavors, Fish Kabsa