ചുരത്തിലെ ആത്മാവിനായി വെള്ളക്കുപ്പികളും സിഗരറ്റും; ഭയത്തിലാഴ്ത്തിയ ഒരു ലഡാക്കന്‍ യാത്രാനുഭവം

#എമില്‍ ജോയ്‌
ലഡാക്ക്‌
ലഡാക്ക്‌

ലേയിലെ ഹോം സ്റ്റേയില്‍നിന്ന് പുലര്‍ച്ചെ നാലരയ്‌ക്കെങ്കിലും പുറപ്പെട്ടിട്ടുണ്ടായിരിക്കണം. ലേയില്‍നിന്ന് പരമാവധി ദൂരം ഓടിച്ചെത്തുകയെന്ന ഉദ്ദേശ്യത്തിലാണ് മരവിപ്പിക്കുന്ന തണുപ്പിലും അതിരാവിലെ എഴുന്നേറ്റത്. അവശേഷിക്കുന്ന മടക്കയാത്രയേക്കുറിച്ചുള്ള ആശങ്കകളാല്‍ കലുഷിതമാണ് മനസ്സ്. മലയിടിച്ചില്‍ മൂലം ലേ-മണാലി റോഡില്‍ കഴിഞ്ഞദിവസങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ചണ്ഡീഗഡിലേക്ക് തിരിച്ചെത്താന്‍ പരമാവധി മൂന്നു ദിവസമേ കൈയിലുള്ളൂ. പരീക്ഷണങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് കഴിഞ്ഞദിവസങ്ങള്‍ കടന്നുപോയത്. വീഴ്ചയില്‍ നിന്നുണ്ടായ പരിക്കുകളില്‍നിന്ന് വേദനയിപ്പോഴും പൊടിയുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന ലേ നഗരത്തിന്റെ തെരുവുകളിലൂടെ മെല്ലെ നീങ്ങി. ശീതക്കാറ്റ് ജാക്കറ്റും സ്വെറ്ററും തുളച്ച് വിറങ്ങലിപ്പിക്കുന്നു. ഏതാനും കിലോമീറ്ററുകള്‍ താണ്ടിയപ്പോള്‍ ഷേ കൊട്ടാരത്തിന്റെ സമീപത്തെത്തി. നൂറ്റാണ്ടുകളോളം ലഡാക്കിനെ അടക്കിഭരിച്ചിരുന്ന രാജവംശത്തിന്റെ ആസ്ഥാനം. ഷെ ഗോമ്പയിലെ ചെമ്പില്‍ തീര്‍ത്ത ശാക്യമുനിയുടെ ഭീമാകാരമായ പ്രതിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തവണ അതു സാധ്യമാവില്ലെന്നുറപ്പായി. 

സിന്ധുനദി തോളുരുമ്മി കൂടെയുണ്ട്. ഇന്ത്യയുടെ ആത്മാവിനോട് ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന നദി. ലേയില്‍ നിന്നും ഷെ വരെ അല്‍പം കുണ്ടും കുഴിയുമൊക്കെ അനുഭവപ്പെട്ടു. പിന്നീടങ്ങോട്ട് നല്ല റോഡായതിനാല്‍ വേഗത്തില്‍ സഞ്ചരിക്കാനായി. ഏകാന്തമായി വിഹരിക്കുന്ന ബുദ്ധസ്തൂപകള്‍ ഇടയ്ക്കിടെ തെളിഞ്ഞുകണ്ടു. ലഡാക്കിന്റെ വിജനതകളിലേക്ക് നോട്ടം പായിക്കുന്ന ബുദ്ധന്റെ കണ്ണുകളാണിതൊക്കെയും. പച്ചപ്പിന്റെ അംശമില്ലാതെ വരണ്ടുകിടക്കുന്ന മലനിരകളായിരുന്നു ഏറെ നേരവും. റോഡു മുഴുവന്‍ നിറഞ്ഞൊഴുകുന്ന ആട്ടിന്‍കൂട്ടങ്ങളേയും തെളിച്ചുകൊണ്ട് നീങ്ങുന്ന ഇടയന്മാര്‍ ഇടയ്ക്കിടെ പ്രത്യക്ഷമായി. ഇവിടെ നിന്ന് അല്‍പം ഉള്ളിലേക്ക് പോയാല്‍ വിശാലമായ ചാങ്താങ് പീഠഭൂമിയാണ്. പ്രശസ്തമായ പാങ്‌ഗോംങ്, സൊമൊറിറി, സോകര്‍ തടാകങ്ങളുള്ളയിടം. ചാങ്പായെന്ന നാടോടികളായ ലഡാക്കി ആട്ടിടയന്മാരുടെ നാട്. നൂറുകണക്കിന് പഷ്മിനാ ആടുകളെ മേച്ചുകൊണ്ട് മാസങ്ങളോളം പര്‍വതങ്ങളുടെ വന്യതയില്‍ ജീവിതം നയിക്കുന്നവരാണവര്‍. 

അവിചാരിതമെന്നോണം എങ്ങും പച്ചപ്പും പൂക്കളും നിറഞ്ഞൊരു ഗ്രാമത്തിലേക്കെത്തിച്ചേര്‍ന്നു. വരണ്ട പര്‍വതത്തലപ്പുകളുടെ താഴെ നീര്‍ച്ചാലൊഴുകുന്ന ഏകാന്ത ഗ്രാമം. അവിടുള്ള ഗസ്റ്റ് ഹൗസിലെ ചായക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. ലാറ്റോയെന്ന കൊച്ചു ലഡാക്കന്‍ ഗ്രാമമാണിത്. കണ്ണുകള്‍ നന്നേ ഇറുകിയിരിക്കുന്ന സാങ്ങോയെന്ന ലഡാക്കിയായിരുന്നു കടയിലുണ്ടായിരുന്നത്. ചിരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ മുഴുവനായും അടയും. സാങ്ങോയോട് താങ്കളും ഒരു ചാങ്പായാണോയെന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമല്ലാ അവര്‍ പര്‍വതമുകളില്‍നിന്ന് താഴേക്കിറങ്ങാറില്ലായെന്നായിരുന്നു മറുപടി. നൂറുകണക്കിന് ആടുമാടുകളുമായി താഴ്വരകളിലൂടെ പ്രയാണം ചെയ്യുന്നവരാണ് ചാങ്പാകള്‍. കഠിനമായ ശൈത്യത്തോടും ദുഷ്‌കരമായ മലനിരകളോടും പൊരുതി ജീവിക്കുന്ന നാടോടികള്‍. പരിഷ്‌കാരമെന്ന് പറഞ്ഞുവെച്ച പലതും ഇവര്‍ക്കിടയില്‍ കണ്ടെന്നു വരില്ല. ഫ്രാറ്റേര്‍നല്‍ പോളിയാന്‍ഡ്രി അഥവാ സഹോദരങ്ങളെല്ലാവര്‍ക്കും കൂടി ഒരു ഭാര്യ മാത്രമെന്ന രീതിയും പലപ്പോഴും അനുവര്‍ത്തിക്കുന്നവര്‍. 
 

ലഡാക്കിലെ യാക്കുകള്‍

അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ച്
ലാറ്റോ ഗ്രാമത്തോട് വിട പറഞ്ഞു. വീണ്ടും വരണ്ട മലകള്‍. വിജനമായി കിടക്കുന്ന ലഡാക്കന്‍ ഭൂമിക. കൂടെയുണ്ടായിരുന്ന ഗുരുദേവിന്റെ ബൈക്ക് മുന്നോട്ടേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു മലഞ്ചെരുവിലെ തിരിവ് കടന്നപ്പോള്‍ വഴി നിറഞ്ഞ് യാക്കുകളുടെ കൂട്ടം. മുന്‍പോട്ടേക്ക് വളഞ്ഞു കൂര്‍ത്ത കൊമ്പും ശരീരം മുഴുവന്‍ നീണ്ട രോമങ്ങളുമായി നില്‍ക്കുന്ന യാക്കിന്റെ രൂപം ഭയപ്പെടുത്തുന്നതാണ്. കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറങ്ങളില്‍ ബലിഷ്ഠമായ ശരീരമുള്ള അവ ആക്രമിക്കാന്‍ നില്‍ക്കുന്നതുപോലെ തോന്നും. പക്ഷേ, നിരുപദ്രവകാരികളാണ്. അതിശൈത്യമുള്ള ലഡാക്കില്‍ തദ്ദേശവാസികളുടെ നിലനില്‍പ്പിന് യാക്കുകള്‍ അത്യന്താപേക്ഷിതമാണ്. സാധനങ്ങള്‍ ചുമക്കാനും നിലമുഴുതാനും ഇവയെ വേണം. നീണ്ടുകിടക്കുന്ന കട്ടി രോമം കൊണ്ട് കമ്പിളിയും ചരടുകളും ഉണ്ടാക്കും. യാക്കിന്റെ പാലും മാംസവും ഉപയോഗപ്പെടുത്താം. മരങ്ങളില്ലാത്ത ലഡാക്കന്‍ ഭൂമികയില്‍ യാക്കിന്റെ ചാണകം ഇന്ധനമായി ഉപയോഗിക്കാം.

യാക്കുകളുടെ കൂട്ടം കടന്നുപോകുന്നതിനായി വണ്ടി റോഡില്‍ തന്നെ നിര്‍ത്തി. ഏതാനും ചാങ്പാകള്‍ ഉറക്കെ ചൂളമടിച്ചു കൊണ്ട് യാക്കുകളെ നിയന്ത്രിക്കുന്നു. എത്രമാത്രം പരുക്കന്‍ ജീവിതമാണവര്‍ നയിക്കുന്നതെന്ന് പെട്ടെന്ന് തോന്നും. മുഖവും കൈകളുമെല്ലാം മണ്ണുപുരണ്ടും കരുവാളിച്ചുമിരിക്കുന്നു. ചീകിയൊതുക്കാത്ത ചകിരിനാരുപോലെ അലക്ഷ്യമായി നീണ്ടുകിടക്കുന്ന മുടിയിഴകള്‍. വികാരരഹിതമായ ആ മുഖങ്ങളിലേക്കു നോക്കിയാല്‍ ആര്‍ക്കും സംഭ്രമം ജനിപ്പിച്ചേക്കാം. യാക്കുകളുടെ കുറച്ചു ചിത്രങ്ങളെടുത്താലോയെന്നായി ചിന്ത. ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടുള്ള എന്റെ വരവില്‍ അസ്വസ്ഥരായെന്നവണ്ണം യാക്കുകള്‍ കുതറിയോടാന്‍ തുടങ്ങി. വിദൂരത്തുനിന്നും ചാങ്പാ ഉറക്കെ ഒച്ചയുണ്ടാക്കുന്നതു കേട്ടു. യാക്കുകളെ നിയന്ത്രിക്കുന്നതായിരിക്കാം. ഞാന്‍ അടുത്തേക്കെത്തിയപ്പോള്‍ അവ പേടിച്ചരണ്ട് ദൂരത്തേക്ക് ഓടാന്‍ തുടങ്ങി. ചാങ്പായുടെ അലര്‍ച്ച മുഴങ്ങുന്നത് കേട്ടു. ഏതാനും നിമിഷങ്ങള്‍ക്കകം ഞാന്‍ നിന്നിരുന്നതിന് തൊട്ടടുത്തായി ഒരു കല്ല് വന്ന് വീണു. സാമാന്യം വലിയൊരു കല്ല്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാകാതെ യാക്കുകള്‍ കയറിക്കൊണ്ടിരുന്ന മലയിലേക്ക് നോക്കി. ആ കാഴ്ചയെന്നെ ഞെട്ടിത്തരിപ്പിച്ചു. ചാങ്പാ അലറി വിളിച്ചുകൊണ്ട് എന്നെ ലക്ഷ്യമാക്കി അടുത്ത കല്ലെറിയുകയാണ്. തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഒരു കല്ലു കൂടി വന്നു പതിച്ചു. അല്പനേരത്തേക്ക് ഒന്നും ചെയ്യാനാകാതെ ഞാന്‍ ഉറഞ്ഞുപോയി. ഉടന്‍ ഇവിടെനിന്ന് രക്ഷപ്പെട്ടേ മതിയാകൂ. അല്പമകലെ റോഡിന്റെ മറുവശത്താണ് ബുള്ളറ്റ് കിടക്കുന്നത്. അപകടം കൂടാതെ അവിടേക്കെത്തണം. അടുത്ത കല്ലിനായി അയാള്‍ മലമുകളില്‍ പരതുന്നുണ്ടാകാം. കാലിന്റെ വേദനയെ മറന്ന് വണ്ടിക്കരികിലേക്ക് അതിവേഗത്തിലോടി. നിമിഷനേരംകൊണ്ട്‌ വണ്ടിയിലേക്ക് കയറി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു. കല്ലുകള്‍ പുറകെ പാഞ്ഞുവന്നുകൊണ്ടിരുന്നു. 

താഴ്‌വരയുടെ സൗന്ദര്യം


അല്പദൂരം പിന്നിട്ടപ്പോഴാണ് ശ്വാസം നേരെ വീണത്. വന്യമായ ദേശങ്ങളിലൂടെയുള്ള യാത്രയില്‍ ഒരിക്കലും അനുവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ് ചെയ്തത്. പര്‍വതഭൂഭാഗങ്ങളില്‍ സര്‍വസ്വതന്ത്രരായി ജീവിക്കുന്ന ജീവജാലങ്ങളുടെ സൈ്വര
വിഹാരത്തിലേക്ക് കടക്കുകയാണ് പലപ്പോഴും സഞ്ചാരികള്‍ ചെയ്യുന്നത്. തങ്ങളുടെ സ്വാസ്ഥ്യത്തിലേക്ക് കടന്നുകയറുകയും ഉപജീവനത്തിനായി പരിപാലിക്കുന്ന മൃഗങ്ങളെ ഫോട്ടോകളെടുത്ത് പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തപ്പോള്‍ പ്രകൃതിയില്‍ നിന്നും സ്വായത്തമാക്കിയ അതിജീവനത്തിന്റെ പരുക്കന്‍ തന്ത്രം അവര്‍ പ്രയോഗിച്ചതാകണം. 

സുഹൃത്തുക്കള്‍ വഴിയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇനി താങ്‌ലാങ് ലാ എന്ന അയ്യായിരത്തി മുന്നൂറു മീറ്ററിലധികം ഉയരത്തിലുള്ള ചുരത്തിലേക്കാണ് എത്തിച്ചേരുന്നത്. ലേ-മണാലി പാതയിലെ ഏറ്റവും ഉയരത്തിലുള്ള പാത. ചുരത്തിന്റെ പാതി വഴി എത്തിയപ്പോള്‍ തന്നെ മഞ്ഞുവീണ ചെരുവുകള്‍ എമ്പാടും ദൃശ്യമായി. റോഡിനിരുവശത്തും വെളുവെളുത്ത വെണ്ണക്കട്ടി പോലെ മഞ്ഞുപാളികള്‍. താങ്‌ലാങ് ലായുടെ ഒത്തമുകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ശീതക്കാറ്റിനൊപ്പം ചാറ്റല്‍ മഴയും തുടങ്ങിയിരുന്നു. ഒരു പടുകൂറ്റന്‍ മഞ്ഞുപര്‍വതത്തിന്റെ ഉച്ചിയില്‍ നിന്നുമുള്ള കാഴ്ചകളുടെ നിറവ്. ഓരോ അടി നടക്കുമ്പോഴും കിതപ്പേറുന്നത് അറിയുന്നുണ്ട്. പാസുകളില്‍ പതിനഞ്ചു മിനിറ്റുകളില്‍ കൂടുതല്‍ വണ്ടിയില്‍ നിന്നുമിറങ്ങി ചിലവഴിക്കരുതെന്ന മുന്നറിയിപ്പുകള്‍ ഓര്‍മവന്നു. വായുവില്‍ ഓക്‌സിജന്റെ ലഭ്യത കുറവായതു കൊണ്ട് തന്നെ മൗണ്ടേയ്ന്‍ സിക്ക്‌നസ് വരാനുള്ള സാധ്യത കൂടുതലാണ്. തണുപ്പേറ്റ് കോച്ചിപ്പിടിക്കുന്ന കൈകളെ കുടഞ്ഞുകൊണ്ട് ബൈക്കിനരികിലേക്ക് നീങ്ങി. 

ഇനി ചുരത്തില്‍ നിന്നുമുള്ള കൊടിയ ഇറക്കമാണ്. അകലങ്ങളിലേക്ക് പരന്നുകിടക്കുന്ന മഞ്ഞുമലകളെ സാക്ഷിയാക്കി ചുരമിറങ്ങി. കുറച്ചു സമയത്തെ വിശ്രമവും ചായയും അല്പം ഊര്‍ജം തിരികെ തന്നു. വൈകാതെ മോര്‍ സമതലത്തില്‍ എത്തിച്ചേര്‍ന്നു. ഭൂമിയിലെ വിസ്മയങ്ങളിലൊന്നാണ് അതെന്ന് നിസ്സംശയം പറയാം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററിനടുത്ത് ഉയരത്തില്‍ പര്‍വതശിരസ്സില്‍ കണ്ണെത്താദൂരത്തില്‍ ഒരു പരപ്പ്. നാല്‍പ്പതു കിലോമീറ്ററോളം വിസ്തൃതിയിലാണിത് കിടക്കുന്നത്. നേര്‍രേഖയായി കിടക്കുന്ന ഈ നിരപ്പിലൂടെയുള്ള പ്രയാണം റൈഡേഴ്‌സിന്റെ സ്വപ്നമാണ്. തളര്‍ച്ചയുടെ പരകോടിയിലും മോറിലൂടെയുള്ള യാത്ര അദ്ഭുതകരമായ വിധം ആസ്വാദ്യമായിരുന്നു. കിയാങ്ങെന്ന ലഡാക്കാന്‍ കാട്ടുകഴുതകള്‍ കാണപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് മോര്‍ സമതലമെങ്കിലും വിശദമായൊരു നിരീക്ഷണം നടത്താനുള്ള ഊര്‍ജം അവശേഷിച്ചിരുന്നില്ല. മോര്‍ സമതലവും കടന്ന് പാങ്ങിലെത്തിയപ്പോള്‍ വഴിയോര ധാബയില്‍ വീണ്ടുമൊരു ചായയ്ക്കും വിശ്രമത്തിനുമായി കയറി. ഏകാന്തമായ മരുഭൂവിലൂടെ മണിക്കൂറുകളോളം നീളുന്ന യാത്രക്കിടെ ഇങ്ങനെ അപൂര്‍വ്വമായി കിട്ടുന്ന താത്കാലിക ധാബകള്‍ മരുപ്പച്ചകള്‍ തന്നെയാണ്. പാങ്ങില്‍ നിന്നും യാത്ര നീണ്ടപ്പോള്‍ വീണ്ടും അദ്ഭുതപ്രകൃതി അനാവൃതമായി. ലഡാക്കിലെ കാട്ടാടുകളായ ബാരല്‍സിനെപ്പോലെ തോന്നിക്കുന്ന ഏതാനും മൃഗങ്ങളെ അകലങ്ങളില്‍ കണ്ടു. ലാച്ചുങ്‌ലാങ് ലാ പാസിലേക്കുള്ള യാത്ര അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല. ഇതും അയ്യായിരം മീറ്ററിനു മുകളില്‍ ഉയരമുള്ള ചുരം തന്നെയാണ്. ഇവിടെ നിന്നും ഏറെ ദൂരം താണ്ടാതെ അടുത്ത ചുരമായ നാക്കീ ലായിലെത്തി. 

ഗാട്ടാ ലൂപ്‌സിലെ ആത്മാവ്
നാക്കീ ലാപാസ് പിന്നിട്ടാല്‍ ഗാട്ടാ ലൂപ്‌സ് ഇറക്കം ആരംഭിക്കും. കുത്തനെ കിടക്കുന്ന ഇരുപത്തിയൊന്ന് ഹെയര്‍പിന്നുകള്‍. പത്തൊമ്പതാം ഹെയര്‍ പിന്നിറങ്ങുമ്പോള്‍ ഒരു ചെറു നിര്‍മിതിയുടെ മുന്നില്‍ നൂറുകണക്കിന് മിനറല്‍ വാട്ടര്‍ കുപ്പികളും സിഗററ്റ് പാക്കറ്റുകളും കിടക്കുന്നതു കാണാം. ഗാട്ടാ ലൂപ്‌സില്‍ പ്രതൃക്ഷപ്പെടാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആത്മാവിനുള്ള കാണിക്കയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെക്ക്, പത്തൊമ്പതാം വളവില്‍ വെച്ച് കേടായി. ശീതകാലം ആരംഭിച്ചതിനാല്‍ വാഹനങ്ങള്‍ ആ വഴിക്ക് കടന്നുപോയിരുന്നില്ല. ക്ലീനറെ അവിടെ നിര്‍ത്തി ഡ്രൈവര്‍ നാല്‍പ്പതു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് സഹായം തേടി പോയി. കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതിനാല്‍ ഡ്രൈവര്‍ക്കും ഗ്രാമവാസികള്‍ക്കും ഏതാനും ദിവസത്തേക്ക് ട്രെക്കിനരികിലേക്ക് എത്തിച്ചേരാന്‍ സാധ്യമായില്ല. തിരികെയെത്തിയപ്പോള്‍ അവര്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തണുപ്പും വിശപ്പും മൂലം അയാള്‍ മരിച്ചിരുന്നു. ചുരത്തില്‍ തന്നെ അവര്‍ അയാള്‍ക്ക് അന്ത്യവിശ്രമമൊരുക്കി. പിന്നീട് ആ ഹെയര്‍പിന്നുകള്‍ താണ്ടുന്നതിനിടയ്ക്ക് സിഗററ്റും വെള്ളവും ചോദിച്ച് ഒരാള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന പ്രചാരണം തദ്ദേശവാസികള്‍ക്കിടയിലും വണ്ടിക്കാര്‍ക്കിടയിലും പരക്കാന്‍ തുടങ്ങി. ഇരുപത്തിയൊന്ന് ഹെയര്‍ പിന്നുകളിലൂടെ അലഞ്ഞുതിരിയുന്ന ആത്മാവിനെ ഒരു മന്ദിരുണ്ടാക്കി പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ബാക്കിപത്രമാണ് ചെറുകുന്നോളം കൂടിക്കിടക്കുന്ന വെള്ളക്കുപ്പികളും സിഗററ്റ് പായ്ക്കറ്റുകളും.

ലഡാക്കിലെ ഒരു വീട്‌


ചുരം ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ മെല്ലെ താഴാന്‍ തുടങ്ങിയിരുന്നു. യാത്ര തുടര്‍ന്നു. ഭാഗ്യത്തിന് സര്‍ച്ചുവിലെത്തും വരെ നല്ല റോഡായിരുന്നു. സര്‍ച്ചുവിലെ ഒരു ടെന്റിനു മുന്‍പിലുള്ള കസേരയില്‍ ക്ഷീണത്തിന്റെ ഭാരവുമായി ഞാന്‍ ഇരിപ്പുറപ്പിച്ചു. ആകാശം ചുംബിച്ചു നില്‍ക്കുന്ന കൂറ്റന്‍ പര്‍വതശിരസുകള്‍ക്കു താഴെയുള്ള വിശാലമായൊരു സമതലമാണ് സര്‍ച്ചു. ലഡാക്കിന്റേയും ഹിമാചല്‍പ്രദേശിന്റേയും അതിര്‍ത്തി. ഇവിടുന്നങ്ങോട്ട് ഹിമാചല്‍പ്രദേശാണ്. അകലെ പര്‍വത ചെരുവുകളിലെ മഞ്ഞുപാളികള്‍ അസ്തമയ സൂര്യന്റെ രശ്മികളേറ്റ് സ്വര്‍ണവര്‍ണമായിരിക്കുന്നു. ഗുരുദേവും പ്രതീഷും തിരിച്ചെത്തി. ടെന്റുകള്‍ മാത്രമേ ലഭ്യമുള്ളുവെന്നുറപ്പിച്ചു കൊണ്ടാണ് അവര്‍ വന്നത്. വേറൊരു വിവരവും കൂടി അവര്‍ കൊണ്ടുവന്നു. കഴിഞ്ഞദിവസം പെയ്ത മഴയില്‍ സെര്‍ച്ചുവിന്റെ അതിര്‍ത്തിയിലെ റോഡ് ഒലിച്ചുപോയിരിക്കുന്നു. നീണ്ട ദൂരം കല്ലിന്‍ കൂട്ടമാണ്. അതിലൂടെ ബുള്ളറ്റ് കയറ്റുവാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും. താമസമേതുമില്ലാതെ ഒരു ഗുളികയും കഴിച്ച് ഭക്ഷണം പോലും കഴിക്കാതെ ഞാന്‍ കട്ടിലിലേക്ക് ചാഞ്ഞു.

Content Highlights: A journey through Ladakh