നോമ്പുതുറ സമൃദ്ധവും ആരോഗ്യകരവുമാക്കാൻ മീറ്റ് ലോഫും ഫ്രൂട്ട് പാഫെയും പരീക്ഷിക്കാം

നോമ്പുതുറ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ മുമ്പൊക്കെ എണ്ണപ്പലഹാരങ്ങളുടെ വിരുന്നോർമകളായിരുന്നു മനസ്സുനിറയെ. ഇന്ന് ജെൻസി തലമുറ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിനാൽ ഇഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും മാറി. അവരുടെ മെനു കാർഡിലുള്ളത് ഹെൽത്തി വിഭവങ്ങളാണ്. അധികം എണ്ണയും മധുരവുമൊന്നും ചേർക്കാത്ത പലഹാരങ്ങൾ. ഇത്തവണ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആരോഗ്യകരമായ നോമ്പുതുറ വിഭവങ്ങൾ പരീക്ഷിച്ചുനോക്കാം.
മീറ്റ് ലോഫ്
ചേരുവകൾ:
മിൻസ്ഡ് മട്ടൺ/ചിക്കൻ - 400 ഗ്രാം
ബ്രെഡ് - അഞ്ച് സ്ലൈസ്
മുട്ട-രണ്ടെണ്ണം
പാൽ - മുക്കാൽ കപ്പ്
സവാള - ഒന്ന്
തക്കാളി - ഒന്ന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ വീതം
കുരുമുളകുപൊടി - ഒന്നര ടീസ്പൂൺ
മീറ്റ്/ ചിക്കൻ മസാല - ഒരു ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ബ്രെഡ് ചെറിയ ക്യൂബ്‌സ് ആയി പാലിൽ കുതിർത്തുവെക്കുക. ഒരു വലിയ ബൗളിൽ മിൻസ്ഡ് മീറ്റ് എടുത്ത് അതിലേക്ക് സവാള, തക്കാളി, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലപ്പൊടികളും ചേർക്കുക. രണ്ട് മുട്ടയും ഉടച്ചുചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക. കുതിർന്ന ബ്രെഡും ആവശ്യത്തിന് ഉപ്പും എണ്ണയും ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് ഈ കൂട്ട് ഒരു ലോഫ് ടിന്നിലേക്ക് മാറ്റുക. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രി ഇൽ 40-45 മിനിറ്റ് വരെ ബേക്ക് ചെയ്യുക. പുറത്തെടുത്ത് ആറിയതിനുശേഷം സ്ലൈസ് ചെയ്ത് ഇഷ്ടമുള്ള സോസിനോടൊപ്പം കഴിക്കാം.
ഫ്രൂട്ട് പാഫെയ്
ചേരുവകൾ:
ഗ്രീക്ക് യോഗർട്ട് - രണ്ട് കപ്പ്
ആപ്പിൾ - ഒന്ന്
ഞാലിപ്പൂവൻ പഴം - നാലെണ്ണം
അനാർ - ഒന്ന്
കുരു ഇല്ലാത്ത മുന്തിരി - 100 ഗ്രാം
തേൻ - മൂന്ന് ടേബിൾ സ്പൂൺ
പാൽ - കാൽ കപ്പ്
കാഷ്യുനട്ട് - 25 ഗ്രാം
ബദാം - 25 ഗ്രാം
കോൺഫ്‌ലേക്സ് - 50 ഗ്രാം
തയ്യാറാക്കുന്നവിധം: പഴങ്ങളെല്ലാം തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞുവെക്കുക. കാഷ്യുനട്ട്, ബദാം എന്നിവ മിക്‌സിയിലിട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം, ക്രഷ് ചെയ്ത കോൺ ഫ്‌ലേക്സും ചേർത്ത് യോജിപ്പിച്ചു വെക്കുക. യോഗർട്ടിലേക്ക് തേനും പാലും ചേർത്ത് ഒരു സ്പാറ്റുല കൊണ്ട് നന്നായി യോജിപ്പിക്കുക. ക്രീമി ആവുന്നതുവരെ ബീറ്റ് ചെയ്യണം. ഇനി പാഫെയ് ഗ്ലാസിൽ ഒരു ടേബിൾ സ്പൂൺ നട്ട്‌സ്, കോൺ ഫ്‌ലേക്സ് മിക്‌സ് എന്നിവ ചേർത്ത് അതിനുമുകളിൽ രണ്ട് ടേബിൾ സ്പൂൺ യോഗർട്ട് ഒഴിക്കുക. ശേഷം അതിനു മുകളിൽ രണ്ട് ടേബിൾ സ്പൂൺ ഫ്രൂട്ട്‌സ് നിരത്തി, വീണ്ടും യോഗർട്ട് ഒഴിക്കുക. ഇതേ പോലെ ഗ്ലാസ് നിറയുന്നത് വരെ ആവർത്തിച്ച് ലെയർ ചെയ്യുക. ഏറ്റവും മുകളിൽ നട്ട്‌സ് തൂവി തണുപ്പിച്ച് നൽകാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A hearty meat loaf and a fresh fruit parfait make a tasty Iftar combo