മഴത്തണുപ്പില്‍ ചൂടോടെ കുടിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും അഞ്ചുതരം സൂപ്പുകള്‍

പുറത്ത് മഴ കോരിച്ചൊരിയുമ്പോള്‍ വീട്ടിലിരുന്ന് സ്വാദുള്ള ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. കഴിക്കുന്ന ഭക്ഷണം സ്വാദിഷ്ടം മാത്രമല്ല ആരോഗ്യത്തിന് ഗുണകരം കൂടിയാണെങ്കിലോ... അത്തരത്തിലുള്ള അഞ്ച് സൂപ്പുകള്‍ പരിചയപ്പെടാം.
1.ആട്ടിന്‍ സൂപ്പ്
ചേരുവകള്‍
ആടിന്റെ എല്ലുകള്‍ : 1 കിലോ
വെള്ളം : മൂന്നര ലിറ്റര്‍
മല്ലി വറുത്ത് പൊടിച്ചത്: 2 ടീസ്പൂണ്‍
ജീരകം: 1 ടേബിള്‍ സ്പൂണ്‍
കുരുമുളക്:1 ടീസ്പൂണ്‍
നെയ്യ് : 2 ടീസ്പൂണ്‍
ഉപ്പ് : ഒരു നുള്ള്
ചെറിയുള്ളി : 5-6 എണ്ണം
തയ്യാറാക്കുന്ന വിധം
എല്ലുകള്‍ കഴുകി വേവിക്കുക. ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് എന്നിവ പൊടിച്ചത് ചേര്‍ത്ത് തിളപ്പിക്കുക. വെള്ളം പകുതിയോളം ആയാല്‍ തീ കുറച്ച് ഒന്നര ലിറ്റര്‍ ആവുന്നതുവരെ വേവിക്കുക. ചൂടാറിയതിനു ശേഷം ഇത് അരിച്ചെടുക്കുക. നെയ്യ് ചൂടാക്കി ഉള്ളി വഴറ്റിയെടുക്കാം. ഇതിലേക്ക് ഉപ്പും അരിച്ചെടുത്ത മിശ്രിതവും ചേര്‍ത്ത് ഇളം ചൂടോടെ കുടിക്കാം.
2.ബ്രൊക്കോളി സൂപ്പ്
ചേരുവകള്‍
ബ്രൊക്കോളി: 50 ഗ്രാം
വെളുത്തുള്ളി: 4 അല്ലി
സവാള: ചെറുത് ഒരെണ്ണം
വെണ്ണ: ഒരു വലിയ സ്പൂണ്‍
പാല്‍:1 ഗ്ലാസ്
ചീസ്: ഒരു ചെറിയ കഷണം
കുരുമുളകുപൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രൊക്കോളിയും വെളുത്തുള്ളിയും ഉപ്പ് ചേര്‍ത്ത് ആവശ്യത്തിന് വെള്ളത്തില്‍ നന്നായി വേവിച്ചെടുക്കുക. ഒരു പാനില്‍ വെണ്ണ ഒഴിച്ച് സവാള വഴറ്റുക. വേവിച്ചു വെച്ച ബ്രൊക്കോളിയില്‍ ഇത് ചേര്‍ക്കാം. ചൂടാറിയാല്‍ മിക്‌സിയില്‍ അരച്ചെടുക്കണം. ഒരു പാന്‍ ചൂടാക്കി അരച്ച മിശ്രിതം അതിലൊഴിച്ച് പാലും ചീസും ചേര്‍ത്ത് വേകുന്നതു വരെ ഇളക്കി തിളപ്പിക്കുക. ശേഷം അല്‍പം കുരുമുളകുപൊടി വിതറി ചൂടോടെ കുടിക്കാം.
3.മുരിങ്ങയില- കാരറ്റ് സൂപ്പ്
ചേരുവകള്‍
മുരിങ്ങയില: 6 തണ്ട്
കാരറ്റ്:1 എണ്ണം
വെളുത്തുള്ളി: 2 എണ്ണം
ചുവന്നുള്ളി: 3 എണ്ണം
നെയ്യ്: 2 സ്പൂണ്‍
കുരുമുളകുപൊടി: ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
മുരിങ്ങയിലയും കാരറ്റും വെളുത്തുള്ളിയും ഉപ്പ് ചേര്‍ത്ത് നന്നായി വേവിക്കുക. ചൂടാറുമ്പോള്‍ നന്നായി അരച്ച് അരിച്ചുവെയ്ക്കുക. ചുവന്നുള്ളി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് അരിച്ചുവെച്ച സൂപ്പില്‍ ചേര്‍ത്ത് മുകളില്‍ രണ്ടു നുള്ള് കുരുമുളകുപൊടി വിതറി ചൂടോടെ ഉപയോഗിക്കാം.
4.വെണ്ടയ്ക്ക സൂപ്പ്
ചേരുവകള്‍
വെണ്ടയ്ക്ക: 6 എണ്ണം
ചുവന്നുള്ളി:4 എണ്ണം
വെളുത്തുള്ളി: 4 അല്ലി
നെയ്യ്: 2 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്: 1 ടീസ്പൂണ്‍
ജീരകപ്പൊടി: ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക ചെറുതായി മുറിച്ച്‌രണ്ടു ഗ്ലാസ് വെളളമൊഴിച്ച് പാത്രം മൂടി ഇളം തീയില്‍ വെളളം വറ്റിച്ച് പകുതിയാക്കണം. വെന്ത വെണ്ടയ്ക്ക നന്നായി ചതച്ച് യോജിപ്പിക്കുക. നെയ്യില്‍ ചുവന്നുളളിയും വെളുത്തുള്ളിയും വഴറ്റി സൂപ്പ് അതിലൊഴിച്ച് ജീരകപ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം.
5.ചീര സൂപ്പ്
ചേരുവകള്‍
ചീരയില : 1 കപ്പ്
സവാള: അരക്കപ്പ്
തക്കാളി മുറിച്ചത്: അരക്കപ്പ്
ചെറുപയര്‍ പരിപ്പ് മൂപ്പിച്ചത്: കാല്‍ കപ്പ്
പട്ട:1 ചെറിയ കഷണം
ഗ്രാമ്പു: 3 എണ്ണം
വെള്ളം: 1 കപ്പ്
ഉപ്പ്: പാകത്തിന്
കുരുമുളകുപൊടി: അര ടീസ്പൂണ്‍
മല്ലിയില: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, ചെറുപയര്‍ പരിപ്പ്, പട്ട, ഗ്രാമ്പു, ഉപ്പ് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. കുക്കര്‍ തുറന്ന് ചീരയിലയിട്ട് വീണ്ടും തിളപ്പിച്ചതിന് ശേഷം അരച്ചെടുക്കണം. ഇതിലേക്ക് കുരുമുളകുപൊടി ചേര്‍ത്ത് ഇളക്കി മല്ലിയില അരിഞ്ഞത് വിതറി ഉപയോഗിക്കുക.
തയ്യാറാക്കിയത് - ബിന്ദു ദിനേശ്,മൂവാറ്റുപുഴ
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Warm up with these 5 comforting and nutritious soup recipes perfect for a rainy day. Easy to make and packed with flavor!