വിവാഹത്തോട് താല്‍പര്യമില്ല, പേടിയാണ് ; മലയാളിപ്പെണ്‍കുട്ടികള്‍ പറയുന്നു

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

വിവാഹിതരാകാന്‍ താല്പര്യമില്ലാത്ത കേരളത്തിലെ പെണ്‍കുട്ടികള്‍, പുരനിറഞ്ഞ് നില്‍ക്കുന്ന ആണ്‍കുട്ടികള്‍... അങ്ങനെ മൊത്തത്തില്‍ നമ്മുടെ യുവാക്കള്‍ക്ക് എന്തോ തകരാരുണ്ടല്ലോ എന്ന് തോന്നിപ്പിക്കും പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍... കാരണമെന്തെന്ന് തിരക്കിയിറങ്ങിയപ്പോള്‍ കേരളത്തിലെ ക്യാമ്പസുകള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് 

പ്രണയിക്കണം, പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കണം. ഇല്ലെങ്കില്‍ വിവാഹമേ വേണ്ട.' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി നേസിയ മുണ്ടപ്പള്ളി  

അറേഞ്ച്ഡ് മാര്യേജില്‍ താല്‍പര്യമില്ലെന്ന് തന്നെയാണ് പൊതുവായ ഉത്തരം. കല്യാണമേ താല്‍പര്യമില്ലെന്ന് പറഞ്ഞവരില്‍ അധികവും പെണ്‍കുട്ടികളാണ്. എന്നാല്‍ കല്യാണം കഴിക്കണം, അത് പ്രണയിച്ചിട്ടാവണം എന്ന് പറഞ്ഞവരില്‍ ഏറെപ്പേരും ആണ്‍കുട്ടികളാണ്. 'റിലേഷന്‍ഷിപ്പ്‌സില്‍ ഇപ്പോള്‍ കമ്മിറ്റ്‌മെന്റ്‌സ് ഒന്നും ഇല്ല. എല്ലാം ഒരു ടൈംപാസ് പോലെയെന്ന് പ്ലസ്ടു വിദ്യാര്‍ഥിയായ അമല്‍ ദേവ് തുറന്നടിക്കുന്നു. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന ഒരു സര്‍വേയില്‍ അറുപത്തഞ്ച് ശതമാനം പേര്‍ പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞു. അത് മാത്രമല്ല ചെറിയപിള്ളേരെന്ന് നമ്മള്‍ കരുതുന്ന അവരില്‍ ഇരുപത്തെട്ട് ശതമാനം പേരും രണ്ട് തവണയെങ്കിലും ബ്രേക്കപ്പ് മൂലമുണ്ടായ നിരാശയിലൂടെയും കടന്നു പോയവരാണ്. ബ്രേക്കപ്പായാല്‍ പെട്ടെന്ന് തന്നെ പുതിയയാളെ കണ്ടെത്തില്ലെന്ന്  പറയുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. സൈബര്‍ സെക്‌സില്‍ താല്പര്യമുണ്ടെന്നും അമ്പത് ശതമാനത്തിലധികം ആണ്‍കുട്ടികള്‍ സമ്മതിക്കുന്നു. 

'വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ല. സത്യത്തില്‍ പേടിയാണ്. വിദേശത്ത് പോയി സെറ്റിലാവണം, സ്വതന്ത്രമായി ജീവിക്കണം. എനിക്ക് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇഷ്ടമാണ്. അത് പ്രൊഫഷണലായി പഠിച്ച് എക്‌സിബിഷനുകളൊക്കെ നടത്തണം. അതിന് ആരുടെയും കൂട്ട് വേണ്ടല്ലോ, നല്ല ഫ്രണ്ട്‌സുണ്ട് സപ്പോര്‍ട്ടിന്. കുടുംബവും ഒപ്പമുണ്ട്.'' ഐ.ഇ.എല്‍.ടി.എസിന് തയ്യാറെടുക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് സ്വന്തം വരുമാനവും കണ്ടെത്തുകയാണ് കാസര്‍ഗോഡ് സ്വദേശിനിയായ ശ്രീലക്ഷ്മി. 

പെണ്‍കുട്ടികള്‍ സാമ്പത്തിക സുരക്ഷിതത്വവും തനിച്ചുള്ള ജീവിതത്തിലെ സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്നുണ്ടെന്ന് ശ്രീലക്ഷ്മിയുടെ വാക്കുകളില്‍ നിന്ന് വ്യക്തം. പാരമ്പര്യമായി തുടര്‍ന്നു പോരുന്ന കുടുംബനിര്‍മിതി പ്രക്രിയയില്‍നിന്ന് (വിവാഹം,കുട്ടികള്‍,കുടുംബം) മോചനം ആഗ്രഹിക്കുന്നവരും ഈ തലമുറയിലുണ്ട്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് 'ഗാമോഫോബിയ' ഉണ്ടെന്ന മറ്റൊരു പഠനവും ഏറെ ചര്‍ച്ചയായിരുന്നു. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വിമുഖത, തൊഴിലിന് കൊടുക്കുന്ന അമിത പ്രാധാന്യം, ഗര്‍ഭം  ധരിക്കാനും കുട്ടികളെ വളര്‍ത്താനുമുള്ള താല്‍പര്യക്കുറവ്... തുടങ്ങീ വിവാഹം നീട്ടിവയ്ക്കാനോ വേണ്ടെന്നു വയ്ക്കാനോ പുതുതലമുറയിലെ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്ന ഈ വിഷയങ്ങളെയാണ് 'ഗാമാഫോബിയ' എന്ന് മനഃശാസ്ത്ര വിദഗ്ധര്‍ വിളിക്കുന്നത്. ഇതിനെല്ലാമൊപ്പം പെരുകിവരുന്ന സ്ത്രീധനമരണങ്ങളും പ്രണയകൊലപാതകങ്ങളുമൊക്കെ ബന്ധങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് പെണ്‍കുട്ടികളെ രണ്ടാമതൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.  

വിവാഹം നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ വിവാഹത്തോടുള്ള പേടി നമ്മുടെ സമൂഹത്തിലുണ്ട്.  പാട്രിയാര്‍ക്കല്‍ സൊസൈറ്റിയാണ് അതിന് കാരണം. സ്ത്രീകളെ ഒരു വസ്തുവിനെപ്പോലെയാണ് അവര്‍ കരുതുന്നത്. ലിവിങ് ടു ഗെദര്‍ എന്ന സങ്കല്‍പം മോശമെന്ന് കരുതുന്നില്ല. വിവാഹവും മോശമായ കാര്യമല്ല- ഐഷ സെന്ന ടി, ജേര്‍ണലിസം വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.

ഈ പേടി സമൂഹത്തിലെ പല അലിഖിതമായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പൊളിച്ചെഴുതുമെന്നാണ് അവര്‍ കരുതുന്നത്്. ഇത് വിവാഹകമ്പോളത്തില്‍ വിലപേശാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ശക്തി വര്‍ധിക്കും. പെണ്‍കുട്ടികള്‍ വിവാഹത്തിന് നിബന്ധനകളുമായി മുന്നോട്ടു വരുന്നതോടെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായത്തിന് അന്ത്യം കുറിക്കുമെന്നും കരുതാം. ചൈനയിലടക്കമുള്ള രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാല്‍ അവരെ വിവാഹം ചെയ്യാനായി പുരുഷന്‍മാര്‍  Bride price നല്‍കേണ്ടി വരുന്നുണ്ട്. ഇത് നമ്മുടെ സംസ്ഥാനത്തും എത്തിച്ചേരുന്ന കാലം വിദൂരമല്ലെന്നുവേണം കരുതാന്‍. 

പ്രണയവിവാഹത്തോട് എതിര്‍പ്പില്ല. പക്ഷേ വിവാഹം കഴിഞ്ഞാല്‍ സ്വാതന്ത്ര്യമില്ലാതാകുമോ, എല്ലാത്തിനും അനുവാദം ചോദിച്ച് അടിമയെപ്പോലെ ജീവിക്കേണ്ടി വരുമോ എന്നൊക്കെയുള്ള പേടിയുണ്ട്. അതൊന്നുമല്ലാതെ നല്ലൊരു പങ്കാളിയായി വരാന്‍ പറ്റുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ- ഷൈനി, എം.എ ഫിലോസഫി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ഇങ്ങനെ വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ പിന്മാറുന്നത് സമപ്രായക്കാരെയോ തങ്ങളേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടികളേയോ വിവാഹം കഴിക്കാന്‍ പുരുഷന്മാരെ നിര്‍ബന്ധിതരാക്കുന്നുണ്ട്. മാത്രമല്ല ലിവിങ് ടുഗെദര്‍ പോലെയുള്ള ആശയവുമായി നമ്മുടെ തലമുറ സമരസപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ കേരളത്തിലും വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് നഗരങ്ങളില്‍. കോവിഡ് അടച്ചിടലിന് ശേഷം ഡേറ്റിങ് ആപ്പുകള്‍ കേരളത്തില്‍ സജീവമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഗൂഗിളില്‍ സേര്‍ച്ചിങ് റിപ്പോര്‍ട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. വിവാഹത്തേക്കാള്‍ ലിവിങ് ടുഗെദര്‍ ആണ് നല്ലതെന്ന ചിന്ത യുവതീയുവാക്കളുടെ ഇടയിലും ചര്‍ച്ചയാകുന്നുണ്ട്. സ്വന്തമായി വരുമാനമാര്‍ഗമുള്ള പെണ്‍കുട്ടികള്‍ക്കിടയിലും ലിവിങ് ടുഗെദറിന് സ്വീകാര്യതയേറുന്നുണ്ട്. 

Content Highlights: marriage is not a necessity, kerala young women open up