മഖാനയും സ്വീറ്റ് കോണും, ഇക്കുറി ഓണപ്പായസം കളറാവട്ടെ...

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

സദ്യയില്ലാതെ ഒരോണമില്ല. ഏതുദേശത്തുള്ളവരെയും കൊതിപ്പിക്കുന്ന ഒന്നാണ് ഓണസദ്യ. തൂശനിലയില്‍ അങ്ങനെ പല നിറങ്ങളില്‍, സ്വാദുകളില്‍ കറികള്‍ വിളിമ്പിയിരിക്കുന്നത് കാണാന്‍ തന്നെ എന്തു ചേലാണ്. കേരളത്തില്‍ തന്നെ തെക്കും വടക്കും ഓരോ കറികളും ഉണ്ടാക്കുന്നത് വ്യത്യസ്തമായാണ്. വടക്കോട്ട് സാമ്പാറിന് തേങ്ങ വറുത്തരയ്ക്കണം. എന്നാലേ അതു സാമ്പാറാണെന്നു സമ്മതിച്ചു തരൂ.

അവിയലിനു മിക്കയിടത്തും തേങ്ങയോടൊപ്പം മഞ്ഞളും ജീരകവും ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് തേങ്ങയും പച്ചമുളകും മാത്രം അരച്ചു ചേര്‍ത്ത വെളുത്ത അവിയലാണ് പ്രിയം. പായസത്തിന്റെ കാര്യത്തിലും ചിലയിടത്തു പശുവിന്‍പാല്‍ കുറുക്കിയുണ്ടാക്കുന്ന അടയാണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ തേങ്ങാപ്പാലും ശര്‍ക്കര പാനിയും ചേര്‍ത്ത പ്രഥമന്‍ ആണ് പ്രധാനി.

ചിലയിടത്ത് ഇഞ്ചിപ്പുളിയാണെങ്കില്‍ ചിലയിടങ്ങളില്‍ പുളി ഇഞ്ചിയാണ്. തെക്കന്‍ സദ്യയില്‍ കാണാറുള്ള മസാലക്കറി വടക്കോട്ട് വരുമ്പോള്‍ ഉണ്ടാവാറില്ല. പകരം മീന്‍ വറുത്തതോ ചിക്കന്‍ വരട്ടിയതോ ഒക്കെ ഇലകളില്‍ സ്ഥാനം പിടിക്കാറുണ്ട്. ഓരോ നാട്ടുകാരും തങ്ങളുടെ സദ്യയാണ് മറ്റുള്ളവരുടേതിനേക്കാള്‍ നല്ലതെന്ന് വാദിക്കുമ്പോള്‍ നമ്മുടെ നാടിന്റെ രുചി വൈവിധ്യങ്ങളെ ഓര്‍ത്ത് ചെറിയൊരു അഹങ്കാരം ഇല്ലാതില്ല.

രുചികള്‍ വ്യത്യസ്തമാണെങ്കിലും ഓണാഘോഷത്തിന്റെ കാര്യത്തില്‍ ജാതിമതഭേദമന്യേ ഒരുമ കണ്ടെത്തുന്നവരാണ് നമ്മള്‍. ഈ ഒരുമ എന്നും നിലനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും ഈ ഓണം സന്തോഷത്തിന്റെയും സമ്പദ്‌സമൃദ്ധിയുടേതുമാകട്ടെ എന്ന് ആശംസിക്കുന്നു. അപ്പോള്‍ ഈ ഓണത്തിനു വീട്ടുകാരെ കൊതിപ്പിക്കാനുള്ള പായസക്കൂട്ടുകള്‍ ഇതാ…

മഖാന ഗുലാബി പായസം
ചേരുവകള്‍:

താമര വിത്ത് (മഖാന)- രണ്ടു കപ്പ്
ഫുള്‍ ഫാറ്റ് മില്‍ക്ക് - ഒരു ലിറ്റര്‍
ബസ്മതി അരി - മൂന്ന് ടേബിള്‍ സ്പൂണ്‍
കാഷ്യു നട്ട് - കാല്‍ കപ്പ്
റോസ് വാട്ടര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര - അരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - കാല്‍ കപ്പ്
കുങ്കുമപ്പൂ - ഒരു നുള്ള്
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം: പാനില്‍ നെയ്യ് ചൂടാക്കി, മഖാനയും കാഷ്യുനട്‌സും ചേര്‍ത്ത് ചൂടാക്കുക. മഖാന ക്രിസ്പ് ആവുന്നത് വരെ ചെറുതീയില്‍ വെച്ച് ചൂടാക്കണം. ചൂടറിയതിന് ശേഷം മിക്‌സി ജാറിലിട്ട് തരിതരിയായി പൊടിച്ചുവയ്ക്കുക. അരി കഴുകി കുതിര്‍ത്തതിന് ശേഷം വെള്ളം വാര്‍ത്തു കളഞ്ഞ് തരിതരിയായി അരച്ചെടുക്കുക.

പാല്‍ തിളയ്ക്കാന്‍ വയ്ക്കുക. തിളച്ചു വരുമ്പോള്‍ മീഡിയം ഫ്‌ലേമില്‍ വച്ച് അരി ചേര്‍ക്കുക. അരി വെന്തു വരുമ്പോള്‍ പൊടിച്ചു വെച്ച മഖാന, കാഷ്യു നട്ട് എന്നിവ ചേര്‍ക്കുക. കുങ്കുമപ്പൂവും റോസ് വാട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുറുകി വരുമ്പോള്‍ പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് യോജിപ്പിക്കുക. റോസ് ഇതളുകള്‍ കൊണ്ട് അലങ്കരിക്കാം.

സ്വീറ്റ് കോണ്‍ ബദാം പായസം
ചേരുവകള്‍:

സ്വീറ്റ് കോണ്‍ - രണ്ട് കപ്പ്
ഫുള്‍ ഫാറ്റ് മില്‍ക്ക് - ഒരു ലിറ്റര്‍
ബദാം - അരക്കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
നെയ്യ് - രണ്ടു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം: അഞ്ചു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് സ്വീറ്റ് കോണ്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ചതിനു ശേഷം വെള്ളം വാര്‍ത്തു വയ്ക്കുക. ചൂടാറിയതിനു ശേഷം മിക്‌സി ജാറിലിട്ട് ക്രഷ് ചെയ്യാം. പാനില്‍ നെയ്യ് ചൂടാക്കി, ബദാം റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക. അതേ നെയ്യിലേക്ക് ക്രഷ് ചെയ്ത് വെച്ച സ്വീറ്റ് കോണ്‍ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിവെക്കുക.

പാല്‍ തിളച്ചു മുക്കാല്‍ ലിറ്റര്‍ ആയി വറ്റി വരുമ്പോള്‍ മാറ്റിവെച്ച സ്വീറ്റ് കോണ്‍ ചേര്‍ത്തിളക്കുക. മീഡിയം ഫ്‌ലേമില്‍ വെച്ച്, വറുത്തുവെച്ച ബദാം നന്നായി ക്രഷ് ചെയ്ത് പായസത്തിലേക്ക് ചേര്‍ക്കാം. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കിയ ശേഷം കണ്ടന്‍സ്ഡ് മില്‍ക്ക് മധുരത്തിനനുസരിച്ചു ചേര്‍ത്ത് യോജിപ്പിച്ച്, പായസം കുറുകി വരുമ്പോള്‍ തീ അണയ്ക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: sweetness of onam in every spoon of payasam