പ്രമേഹരോഗികൾ സദ്യ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഓണം പോലെയൊരു വികാരമാണ് ഓണസദ്യയും. നാക്കിലയില്‍ പലതരം വിഭവങ്ങള്‍ വിളമ്പി, ചോറും സാമ്പാറും രസവും പായസവും ചേര്‍ന്നുള്ള സദ്യ കഴിക്കാതെ പിന്നെന്ത് ഓണം. ഓരോ ഓണസദ്യയും ഏതാണ്ട് രണ്ടായിരത്തോളം കലോറി ഊര്‍ജമാണ് നല്‍കുന്നത്. അതിനാല്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ഓരോ വിഭവത്തിലെയും കലോറി മനസ്സിലാക്കി കഴിക്കുന്നതില്‍ മടിവേണ്ട. പ്രത്യേകിച്ച് പ്രമേഹം, ബി.പി., കൊളസ്‌ട്രോള്‍ പ്രയാസങ്ങള്‍ നേരിടുന്നവര്‍.
പ്രോബയോട്ടിക്കുകളും പ്രിബയോട്ടിക്കുകളും
ജീവനുളള സൂക്ഷ്മാണുക്കള്‍ അടങ്ങിയ വിഭവങ്ങളാണ് പ്രോബയോട്ടിക്കുകള്‍. വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ബാക്ടീരിയകള്‍ ഇവയിലുണ്ട്. മോര്, തൈര്, അച്ചാര്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു. അവിയല്‍, സംഭാരം, കാളന്‍, പച്ചടി, ഉപ്പിലിട്ടത് എന്നിവയാണ് ഓണസദ്യയിലെ പ്രോബയോട്ടിക്കുകള്‍.
പ്രോബയോട്ടിക്കുകളുടെ വളര്‍ച്ചയെ സഹായിക്കുന്ന അവയുടെ ഭക്ഷ്യസ്രോതസ്സുകളാണ് പ്രിബയോട്ടിക്കുകള്‍. ഭക്ഷ്യനാരുകളാണ് ഇതില്‍ പ്രധാനം. ഓണസദ്യയില്‍ ഇത്തരം ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്. സാമ്പാര്‍, കൂട്ടുകറി, ഓലന്‍, ഉപ്പേരി എന്നിവയെല്ലാം നല്ലനാരുകളാല്‍ സമ്പുഷ്ടമാണ്.
കാര്‍ബ് കുറയ്ക്കാം, പ്രോട്ടീന്‍ കഴിക്കാം
ഓണസദ്യ തയ്യാറാക്കും മുന്‍പേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചേരുവകള്‍ മുതല്‍ വറുത്തെടുക്കുന്ന എണ്ണവരെയുള്ള കാര്യങ്ങളെക്കുറിച്ച് ധാരണ വേണം.
- നെയ്യ്, എണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കാം. വറുത്തുകോരാന്‍ കുറവ് എണ്ണമാത്രം ഉപയോഗിക്കാം.
- വിഭവങ്ങള്‍ കൂടുതലും ചോറ് കുറവും എന്ന രീതിയാണ് നല്ലത്.
- സദ്യ കഴിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഒരുഗ്ലാസ് വെളളം കുടിക്കാം.
- തവിടുള്ള അരിയുടെ ചോറ് കഴിക്കാം.
- പ്രോട്ടീന്‍ വിഭവങ്ങള്‍ സദ്യയില്‍ കൂടുതലായി ഉള്‍പ്പെടുത്താം. കടല, പരിപ്പ്, പയര്‍ എന്നിവയുള്‍പ്പെടുന്ന വിഭവങ്ങള്‍ അത്തരത്തിലുള്ളവയാണ്.
- നോണ്‍ വെജ് കഴിക്കുന്നവരാണെങ്കില്‍ എണ്ണയില്‍ വറുത്തുകോരിയെടുക്കുന്ന രീതി ഒഴിവാക്കാം.
- സദ്യയ്ക്ക് ശേഷം അല്പം രസം കുടിച്ചോളൂ. ദഹനം മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്.
- രാത്രിയും സദ്യതന്നെ കഴിക്കണമെന്ന് നിര്‍ബന്ധമില്ല. ലളിതമായ അത്താഴം മതിയാകും.
മധുരം ഓവറാവല്ലേ
- പായസം ഒന്ന് മതിയാകും. രണ്ടെണ്ണം നിര്‍ബന്ധമാണെങ്കില്‍ അല്പം ഇടവേളയെടുത്ത് കുടിക്കാം.
- പായസത്തില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
- ഗ്ലാസ് നിറയെ കഴിക്കേണ്ട, ഒരു ചെറിയ കപ്പ് മതിയാകും.
- ചിപ്‌സ്, ശര്‍ക്കരവരട്ടിയത് എന്നിവയും നിയന്ത്രിച്ച് കഴിച്ചാല്‍ മതിയാകും.
പ്രമേഹരോഗികള്‍ ശ്രദ്ധിക്കാന്‍
പ്രമേഹരോഗികള്‍ സദ്യക്കുമുന്‍പ് പച്ചടി, തോരന്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. വയറ് കാലിയായിരിക്കുമ്പോള്‍ കൂടുതല്‍ അന്നജം ഉള്ളിലെത്താനുളള സാധ്യതയുണ്ട്. ചോറ് കുറഞ്ഞ അളവില്‍ കഴിച്ചാല്‍ മതിയാകും. രാത്രിഭക്ഷണത്തില്‍ ചോറ് ഒഴിവാക്കാം. പായസം ചോറിനൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. സദ്യകഴിച്ച് ഒന്നോ രണ്ടോ മണിക്കൂറുകഴിഞ്ഞ് പായസം കുടിക്കാം. സദ്യക്കുശേഷം ഉടനേ കിടക്കുന്നത് ഒഴിവാക്കാം. അല്പം നടക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Onam Sadhya: A Guide to Healthy Feasting and Probiotic Benefits