'അരുൾ, നീയെവിടെ? അമുദാ, സൗഖ്യമാ കണ്ണേ?', ഒരു ഉത്രാടനാളിന്റെ ഓർമയ്ക്ക്

വര: വിജേഷ് വിശ്വം
വര: വിജേഷ് വിശ്വം

ഓണത്തിന്റെ ഓർമകളിൽ ആദ്യം ഓടിയെത്തുന്നത് അമ്മാവന്റെ വീട്ടിലെ ഓണസദ്യയാണ്. എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ സദ്യയ്ക്ക് സ്വാദ് കൂടിവരാറുണ്ട്. സദ്യയുടെ രുചിയും കുടുംബത്തിന്റെ ഊഷ്മളതയും ഓണത്തിന്റെ നിറവും എല്ലാംകൂടിയാകുമ്പോൾ കുഞ്ഞുങ്ങളായ ഞങ്ങൾക്ക് ആഘോഷമാണ്. കടുക് വറുത്ത് താളിക്കുന്നതിന്റേയും ശർക്കര ഉരുക്കുന്നതിന്റെയും ഹൃദ്യമായ ഗന്ധം ഇപ്പോഴും മൂക്കിൻ തുമ്പത്തുണ്ട്. അന്ന് അടുക്കളയിൽ എല്ലാവരും ഉണ്ടാകുമെങ്കിലും അതിനെല്ലാം പൂർണ്ണത വരുത്തുന്നത് അമ്മൂമ്മയുടെ നേതൃത്വമാണ്.

ഒരുപാട് വിഭവങ്ങൾ ഒരേ സമയം പാചകം ചെയ്യുമ്പോഴും ഒരു വിഭവത്തിന്റെ പോലും സ്വാദ് കുറയാതെ വേവിച്ചെടുക്കാൻ അമ്മൂമ്മ ചെലുത്തുന്ന ശ്രദ്ധ ഒന്നു വേറെത്തന്നെയാണ്. എത്ര അളവിൽ സാധനങ്ങളെടുക്കണം എന്നത് മുതൽ എങ്ങനെ ഏത് പ്രകാരം വിളമ്പണം എന്നതിന് വരെ കൃത്യത ഉണ്ടായിരിക്കും. അമ്മൂമ്മയുടെ സംസാരംപോലെ അളന്നുതൂക്കി മുറിച്ചെടുത്ത കണിശത അവർ പാചകത്തിലും സൂക്ഷിക്കുന്നു.

പലതരം രുചികളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും പല മട്ടിലുള്ള വിഭവങ്ങൾ ചേർന്ന ഓണസദ്യ കഴിച്ചിട്ടുണ്ടെങ്കിലും അമ്മൂമ്മ തയ്യാറാക്കുന്ന വിഭവങ്ങളുടെ മേന്മ മനസ്സിനെ വല്ലാതെ തൊടാറുണ്ട്. സ്നേഹക്കൂട്ട് നിറഞ്ഞ ആ രുചിയ്ക്ക് മുമ്പിൽ അതിശയപ്പെടുന്ന ഒരു കുഞ്ഞാണ് ഞാനിന്നും.

പലർക്കും പലതായിരിക്കും ഓണം ഓർമകൾ. ഓർമയിലുള്ള ഒരു ഉത്രാടത്തെക്കുറിച്ച് എഴുത്തുകാരൻ സുബീഷ് തെക്കൂട്ട് എഴുതുന്നു

കണ്ണീർ പടർന്ന ആ യാത്ര
വന്ദേഭാരത് വരുന്നതിന് മുമ്പ് ഒരോണക്കാലം. ഉത്രാടം നാൾ. ഉച്ചയ്ക്ക് മുൻപെ നാട്ടിലെത്താൻ തിടുക്കം. ജനശതാബ്ദി അടക്കം ഒരു ട്രെയിനിലും ടിക്കറ്റ് കിട്ടാനില്ല. താമസം തിരുവനന്തപുരത്ത് തന്നെ ആയിരുന്നതിനാൽ അങ്ങ് തിരുവനന്തപുരത്തോട്ട് വിളിക്കേണ്ടി വന്നില്ല. തമ്പാനൂർ ഡിപ്പോയിൽ ചില സുഹൃത്തുക്കൾ ഉണ്ട്. താണുകേണ് അപേക്ഷിച്ചു: 'കനിയണം'. അർദ്ധരാത്രി പിന്നിട്ട് ആലപ്പുഴയ്ക്കുള്ള സൂപ്പർഫാസ്റ്റിൽ പിന്നിൽ രണ്ട് സീറ്റ് കിടപ്പുണ്ട്. അതിലൊന്ന് തരപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് രാവിലെ ധൻബാദുണ്ട്.

ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പറിൽ കയറി ടി.ടി.ഇയെ കണ്ട് കൺവേർട്ട് ചെയ്യാം. തിരക്കില്ലെങ്കിൽ അപ്പർ ബർത്തിൽ കയറി ഒരുറക്കവും ആകാം. തൃശൂരിൽ ഇറങ്ങി ബസ് പിടിച്ചാൽ ഉച്ചയ്ക്ക് മുൻപെ വീടെത്താം. മനസ്സിൽ കണക്കുകൂട്ടി, 'ഉണരൂ വേഗം നീ സുമറാണീ' മൂളി വിൻഡോ ഷട്ടർ തുറന്നിട്ട് ഉറങ്ങുന്ന നഗരത്തോട് ബൈ പറഞ്ഞ് സീറ്റിൽ ചാരിയിരുന്നു. പതിയെ ഞാനുമുറങ്ങി.

ആലപ്പുഴയിലെത്തി. സ്റ്റാന്റിന് എതിർവശത്ത് കനാൽതീരത്ത് യാത്രികരെ കാത്തുകിടക്കുന്ന കെട്ടുവള്ളങ്ങളും ബോട്ടുകളും. ബസ്സിറങ്ങി ഒരു ചായ കുടിച്ചു. നാല് ഏത്തപ്പഴം വാങ്ങി ഒന്ന് ചായയ്‌ക്കൊപ്പം കഴിച്ചു. ബാക്കി മൂന്നും പേപ്പറിൽ പൊതിഞ്ഞ് ബാഗിൽ കരുതി. ബാഗ് തുറന്നപ്പോൾ തിരുവനന്തപുരം മഹാചിപ്സിൽ നിന്ന് വാങ്ങിയ നാടൻ കായ വറുത്തതിന്റെയും ചക്കവരട്ടിയുടെയും മണം. ഓട്ടോ വിളിച്ച് റെയിൽവെ സ്റ്റേഷനിലേക്ക്.

കൃത്യം ആറ് മണിക്ക് ധൻബാദ് എക്‌സ്പ്രസ് പുറപ്പെട്ടു. ജനറൽ കമ്പാർട്ട്‌മെന്റിൽ പ്രതീക്ഷിച്ച തിരക്കില്ല. എങ്കിൽപിന്നെ ഇവിടെ തന്നെയിരിക്കാം എന്ന് കരുതി. എപ്പോഴും എവിടെയും വിൻഡോ സീറ്റാണ് വീക്ക്‌നെസ്. ഒഴിവുള്ള ഒരിടത്തിരുന്നു. എതിർസീറ്റിൽ മുഖം കുനിച്ചിരിപ്പുണ്ട് ഒരു പയ്യൻ. പതിനഞ്ച് വയസ് പ്രായം തോന്നിക്കും. മുഖം ഉയർത്തിയപ്പോൾ കൂടുതൽ ശ്രദ്ധിച്ചു. ഒട്ടും ഉറങ്ങിയിട്ടില്ലെന്ന് തോന്നി. ക്ഷീണവും അവശതയും പ്രകടം.

എവിടെയോ എത്തിച്ചേരാൻ തിടുക്കം കാട്ടുന്നതുപോലെ. ട്രെയിൻ വേഗം കുറയ്ക്കുമ്പോൾ പോലും അസ്വസ്ഥൻ. എന്തോ പ്രശ്‌നമുണ്ടെന്ന് ഉറപ്പ്. ഇനി കുട്ടിക്കുറ്റവാളിയെങ്ങാനും ആകുമോ? സംശയിച്ച് സംശയിച്ച് പേര് ചോദിച്ചു.

അവൻ പറഞ്ഞു: 'അരുൾമണി' ആഹാ തമിഴ്, അൻപാന പേര്. അമ്മ തമിഴ് മുതലിയാർ കുടുംബാംഗം ആയതിനാൽ എനിക്ക് തമിഴിനോട് പ്രത്യേക സ്‌നേഹമാണ്. വാസലിൽ കോലം പോടൽ, മാരിയമ്മൻ കോവിൽ, തൈര് സാദം എല്ലാം റൊമ്പ പുടിക്കും. തമിഴ് അത്യാവശ്യം വായിക്കാനും അറിയാം. വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാനവന് ഏത്തപ്പഴം നൽകി. ഞങ്ങൾ കൂടുതൽ അടുത്തു. ആദ്യം അവനെന്നെ 'സാർ' എന്നും ഞാൻ വിലക്കിയപ്പോൾ പിന്നീട് 'അണ്ണാ' എന്നും വിളിച്ചു. അരുൾമണിയുടെ കഥ അല്ല അമുദയുടെ കഥ അവൻ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഉദുമൽപേട്ടിൽ നിന്ന് കൈനകരിയിലേക്ക് കുടിയേറിപാർത്ത കുടുംബം. കൈനകരിയിലെ അവൻ പറഞ്ഞ ഏതോ അച്ചായന്റെ ഉദുമൽപേട്ടിലെ തോട്ടത്തിലെ ജോലിക്കാർ ആയിരുന്നു അപ്പാവും അമ്മാവും. അമുദ മൂത്തവൾ, അരുൾമണി ഇളയവൻ. അരുൾ ജനിച്ച് ഒരു വർഷം കഴിയുമ്പോഴേക്കും അപ്പ അസുഖം വന്ന് മരിച്ചു. ഒരു പനി വന്നതാണ്. ദേഹമാകെ തളർന്ന് രണ്ട് ദിവസം സർക്കാർ ആശുപത്രിയിൽ കിടന്നു. മൂന്നാം ദിവസം മരിച്ചു. എന്താണ് മരണകാരണമെന്ന് ഇപ്പോഴും അറിയില്ലത്രെ. കൃഷിപ്പണിക്ക് ആളെ വേണം എന്നും പറഞ്ഞ് അച്ചായൻ പിന്നീട് അമ്മയേയും മക്കളേയും കൈനകരിയിലേക്ക് കൂട്ടികൊണ്ടുവന്നു.

സുബീഷ് തെക്കൂട്ട്

കായൽക്കരയിൽ പുറമ്പോക്കിൽ കുടിൽ വെച്ച് താമസം തുടങ്ങി. അമ്മയ്‌ക്കൊപ്പം പണിക്ക് വന്നിരുന്ന മറ്റൊരു തമിഴ്‌നാട്ടുകാരൻ പിന്നെ താമസവും ഒന്നിച്ചാക്കി. അയാൾക്ക് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതൊന്നും പറഞ്ഞിട്ടും അമ്മ കേട്ടില്ല. എന്നും രാത്രിയായാൽ കുടിച്ചിട്ട് വരും. ഒരു ദിവസം രാത്രി അമ്മ ഉറങ്ങിയതിന് ശേഷം അയാൾ അരുൾമണിയെ തള്ളിമാറ്റി അമുദയ്‌ക്കൊപ്പം കിടക്കാൻ ശ്രമിച്ചു. ഭയന്ന് നിലവിളിച്ച രണ്ട് പേരും പാതിരായ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയോടി. ആ ഓട്ടം ഇപ്പോഴും തുടരുന്നു. അമുദ തിരുപ്പൂരിൽ ഒരു ബനിയൻ കമ്പനിയിൽ ജോലി ചെയ്യുന്നു. അരുൾമണി ആലപ്പുഴയിലെ ഒരു അനാഥാലയത്തിൽ നിന്നുകൊണ്ട് സ്‌കൂളിൽ പോകുന്നു. അവനിപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു. ഈ വർഷത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാൽ അവനും ചേച്ചിക്കൊപ്പം തിരുപ്പൂരിലേക്ക് പോകും.

'അപ്പോൾ അമ്മ?', ഞാൻ ചോദിച്ചു.
'കൈനകരിയിൽ തന്നെയുണ്ട്, വിളിക്കാറില്ല'. അയാളെ ഉപേക്ഷിച്ച് വരാൻ പറ്റില്ലത്രെ. 'ഒരു ദിവസം കുടിച്ചിട്ട് വന്നിട്ട് എന്തോ ചെയ്തു, അതിത്ര പ്രശ്‌നമാക്കണോ' എന്നാണ് അമ്മയുടെ ചോദ്യം.

ഞാൻ ഞെട്ടിപ്പോയി. പക്ഷെ അത്തരം അമ്മമാരെ കുറിച്ചും ഒരുപാട് വാർത്തകൾ വായിച്ചിട്ടുള്ളതിനാൽ ആ ഞെട്ടൽ തൊട്ടടുത്ത നിമിഷം ഇല്ലാതായി.
'ഇപ്പോൾ അരുൾ എങ്ങോട്ട് പോകുന്നു?' ഞാൻ ചോദിച്ചു.
അണ്ണാ എന്ന് പിന്നെയും വിളിച്ച് അവൻ പറഞ്ഞു.
'അക്കാവുക്ക് പനി. ഒടമ്പ് സരിയലെ. നൈറ്റ് കമ്പനിയിൽ നിന്ന് കോൾ വന്നിരുന്നു. പോയി പാത്ത്ട്ട് വരാന്ന് നിനച്ചേൻ...അതാ കാലേലെ പുറപ്പെട്ടു'

ട്രെയിൻ ഒല്ലൂർ പിന്നിട്ടു. തൃശൂർ എത്താൻ അഞ്ച് മിനിട്ട് മാത്രം. ഞാനവനെ സീറ്റിൽ നിന്നെണീറ്റ് വാരിപ്പുണർന്നു. ബാഗ് തുറന്ന് ഒരു പാക്കറ്റ് കായ വറുത്തത് പുറത്തെടുത്ത് അവന് നേരെ നീട്ടി. 'വേണ്ടണ്ണാ, വേണ്ട' അവൻ പലവട്ടം പറഞ്ഞു. ഞാൻ നിർബന്ധിച്ച് കൈയിൽ വെച്ചു. ഞങ്ങൾ കണ്ണീരോടെ പിരിഞ്ഞു.

എനിക്ക് തരാൻ അവന്റെ കൈയിൽ മൊബൈൽ ഫോൺ നമ്പർ പോലും ഇല്ലായിരുന്നു. ചേച്ചിയുടെ കമ്പനിയിൽ നിന്ന് അനാഥാലയത്തിലേക്ക് വിളിച്ചാണ് അവൾക്ക് സുഖമില്ലെന്ന വിവരം അറിയിച്ചത്. ഞാൻ എന്റെ നമ്പർ ഒരു തുണ്ട് കടലാസിൽ കുറിച്ച് നൽകി. എപ്പോൾ വേണമെങ്കിലും എന്താവശ്യത്തിനും വിളിക്കൂ... പ്ലാറ്റ്‌ഫോമിലിറങ്ങി കൈവീശി കാണിച്ചപ്പോൾ അവൻ കരച്ചിലടക്കാൻ പാടുപെടുന്നു. വിങ്ങിപ്പൊട്ടി ഞാനും.

വീട്ടിലെത്തി. കുളിച്ച് വസ്ത്രം മാറിവന്നു. അമ്മ ഇലയിട്ട് കാത്തിരിക്കുന്നു. ഉത്രാടസദ്യ. മനസ്സിലൊരു തേങ്ങൽ. അരുൾ തിരുപ്പൂരിൽ എത്തിക്കാണുമോ? അമുദ സുഖമായിരിക്കുന്നുണ്ടാകും അല്ലേ? അവൾക്ക് അഹിതമായി ഒന്നും സംഭവിച്ചിട്ടുണ്ടാകല്ലേ... പ്രാർത്ഥനയോടെ ഉണ്ണാനിരുന്നു.

കഥ അമ്മയോട് പറഞ്ഞില്ല. കരച്ചിലടക്കി സദ്യ കഴിച്ചെണീറ്റു. വർഷമെത്ര കഴിഞ്ഞെന്നോ. അരുൾ പിന്നീടെന്നെ വിളിച്ചിട്ടില്ല. അവർക്ക് രണ്ടുപേർക്കും പിന്നീട് എന്ത് സംഭവിച്ചുവോ ആവോ? അവർ ഇപ്പോൾ എവിടെയാകും?

ധൻബാദ് എക്‌സ്പ്രസ് വീണ്ടും പുറപ്പെടുകയാണ്, ആലപ്പുഴയിൽ നിന്ന്. വിൻഡോ സീറ്റിൽ ഞാനുണ്ട്. അരുൾ, നീയെവിടെ? നിന്റെ അക്ക സുഖമായിരിക്കുന്നോ? അമുദാ, സൗഖ്യമാ കണ്ണേ?

തയ്യാറാക്കിയത്: ശ്രീബ എം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: A poignant Onam story of family, tradition, and a chance encounter on a train journey