'ഉത്തരോണം'; ഒരു ഉത്തരേന്ത്യന്‍ ഓണക്കാലം

'ഓണം കബ് ഹേ' എന്ന ഹിന്ദിക്കാരുടെ ചോദ്യം ബീഹാറില്‍ എത്തിയ ആദ്യ ആഴ്ച തൊട്ട് കേള്‍ക്കാറുണ്ടായിരുന്നു. അങ്ങനെ ആ ദിനം വന്നെത്തി. 'ഉത്തരോണം'. യൂണിവേഴ്‌സിറ്റിയില്‍ വിസിക്ക് മുമ്പാകെ ആദ്യം അവതരിപ്പിക്കേണ്ടത് ഒരു സെമിക്ലാസിക്കല്‍ ഡാന്‍സ് ആണ്. ഞങ്ങള്‍ നാലു പേരുണ്ട്. പിന്നെ ഒരു തിരുവാതിരയും വഞ്ചിപ്പാട്ടും കൂടി. മൂന്ന് ഐറ്റങ്ങള്‍ക്കും ഞാനുണ്ടായിരുന്നു.
നാട്ടിലെ ഓണക്കാലം കഴിഞ്ഞ് ഒരു മാസത്തോളം പിന്നിട്ട ശേഷമാണ് ഞങ്ങള്‍ ബീഹാര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞവര്‍ഷം ഓണം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരവും കൂട്ടായ്മയും കലാരൂപങ്ങളും ഉത്തരേന്ത്യക്കാര്‍ക്ക് കാട്ടിക്കൊടുക്കല്‍ ആയിരുന്നു ഉദ്ദേശം.
എല്ലാ മലയാളികളും കൂടിയാല്‍ ഞങ്ങള്‍ ആകെ 60-70 പേര്‍ മാത്രമാണ് യൂണിവേഴ്‌സിറ്റിയില്‍ ആകെ പഠിക്കുന്നത്. അതുകൊണ്ട് തന്നെ പരിപാടി വിജയകരമാക്കി തീര്‍ക്കുന്നതിന് പിന്നിലെ ഓരോ ആളുടെയും പരിശ്രമം എടുത്തു പറയേണ്ടതാണ്. തിരുവാതിര കളിക്കുന്നതിനിടയില്‍ സൗണ്ട്‌ബോക്‌സ് കേട് ആവുകയും പാട്ട് മുറിഞ്ഞു പോകുകയും ചെയ്തു. ആദ്യം ഞങ്ങള്‍ ഒന്ന് പതറി.
ജീവിതത്തില്‍ ആദ്യമായി വേദിയില്‍ കയറി ഡാന്‍സുകളിക്കുന്ന കുട്ടികള്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍. രണ്ടാഴ്ചത്തെ കഠിനമായ പരിശീലനം വെള്ളത്തിലാക്കി പകുതിക്കുവെച്ച് ഇറങ്ങി വരാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. അപ്പോള്‍ കൂട്ടത്തില്‍ ആരോ ഉറക്കെ പാട്ടിന്റെ ബാക്കി ഭാഗം പാടാന്‍ തുടങ്ങി. ഞങ്ങളോരോരുത്തരും അതേറ്റു പാടി. പിന്നണിയില്‍ ബീഹാറിന്റെ ആകാശം ചുവപ്പും പച്ചയും നിറത്തില്‍ ഭംഗിയോടെ പ്രകാശിച്ചു നിന്നു. കാണികളെല്ലാവരും സ്‌നേഹത്തോടെ കൈയ്യടിച്ചു.
പിന്നീട് വിസി ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചത് ഇന്നും ഏറ്റവും സുഖമുള്ള ഒരു ഓര്‍മ്മയായി മനസ്സില്‍ കിടക്കുന്നു. വീട്ടില്‍ നിന്നും ഒത്തിരി ദൂരം മാറിയുള്ള ആദ്യത്തെ ഓണം അതായിരുന്നു. വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ബീഹാറില്‍ നിന്നും ഉപരിപഠനത്തിനായി ഞാന്‍ ഹരിയാനയിലേക്ക് വണ്ടികയറി. ഈ ഓണത്തിനും നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ അമ്പലവും ഓണപ്പൂക്കളവും സദ്യയും പായസവും ഒക്കെ ഡിജിറ്റലായി കണ്ട് നിര്‍വൃതിയടയാന്‍ മാത്രമേ മാര്‍ഗമുള്ളൂ…
ലോകത്തിന്റെ ഏത് കോണിലും മലയാളികള്‍ ഉണ്ടാവും. ജാതിമത വര്‍ഗ്ഗ ദേശ ഭേദങ്ങള്‍ക്കപ്പുറത്ത് അവര്‍ ഏറ്റവും ഒരുമയോടെ ആഘോഷിക്കുന്ന കേരളത്തിന്റെ വിളവെടുപ്പുത്സവമാണ് ഓണം. ഓരോ വര്‍ഷവും പുതിയ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഓരോ ഓണക്കാലവും മലയാളികളെ കടന്നുപോകുന്നത്. പ്ലാസ്റ്റിക് പൂക്കളും ടിഷ്യൂ മുല്ലപ്പൂവ് ഉപയോഗിച്ച് വരെയും ലോകത്തിന്റെ പല കോണുകളില്‍ നമ്മള്‍ മലയാളികള്‍ ഓണക്കാലത്തെ വരവേല്‍ക്കുന്നു. ഓരോ ആഘോഷ ദിവസങ്ങളിലും ഉത്തരേന്ത്യയിലെ മുറിയില്‍ ഒറ്റയ്ക്കാവുമ്പോള്‍ ഞാന്‍ വീടും നാടും അങ്ങേയറ്റം നഷ്ടബോധത്തോടെ ഓര്‍ക്കാറുണ്ട്. അന്നേരം മനുഷ്യന് സ്വന്തമായുള്ള ഒരേയൊരു സമ്പാദ്യം ഓര്‍മ്മകള്‍ മാത്രമാണെന്ന് തോന്നും.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് അന്ന് കളറോണമാണ്. യൂണിഫോമിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് പട്ടുപാവാടയും ബ്ലൗസിന്റെയും സ്വാതന്ത്ര്യത്തില്‍ കുളിച്ചൊരുങ്ങി, പാതി നനഞ്ഞ മുടി ഇളം പിന്നലുകളിട്ട് കെട്ടിയാണ് സ്‌കൂളിലെ ഓണാഘോഷത്തിന് പുറപ്പെടുക. അന്ന് മുറ്റത്തെ റോസാച്ചെടിയില്‍ വിടര്‍ന്ന് നില്‍ക്കുന്ന ഏറ്റവും ഭംഗിയുള്ള പൂവുതന്നെ അമ്മ മുടിയില്‍ ചൂടിത്തരും. സ്‌കൂളില്‍ ക്ലാസടിസ്ഥാനത്തില്‍ പൂക്കളമത്സരം സംഘടിപ്പിക്കാറുണ്ട്.
തലേദിവസം വൈകുന്നേരം തന്നെ പൂക്കള്‍ ശേഖരിക്കാനായി ഞങ്ങള്‍ കുട്ടിപ്പട പുറപ്പെടും. കുന്നും വയലും കുളവും താണ്ടി നടന്ന് നടന്ന് പറ്റാവുന്ന അത്രയും പൂക്കളുമായി തിരിച്ചെത്തുമ്പോള്‍ നേരം ഇരുണ്ടു തുടങ്ങിയിട്ടുണ്ടാവും. കടയില്‍ നിന്നും വാങ്ങിയ പൂക്കള്‍ക്ക് മത്സരത്തില്‍ മാര്‍ക്ക് കുറവാണ്. വിലകൊടുത്ത് പൂക്കള്‍ വാങ്ങിക്കുക എന്നൊരു ആശയം തന്നെ അന്ന് അധികം ഉണ്ടായിരുന്നില്ല.
പൂക്കള മത്സരത്തിനുശേഷം വിലയിരുത്തലും കഴിഞ്ഞ് അധ്യാപകര്‍ പോയ ശേഷമാണ് ശരിയായ ആഘോഷം തുടങ്ങുന്നത്. അത്രനേരം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂക്കളത്തിലെ പൂവുകളത്രയും വാരി ഞങ്ങള്‍ പരസ്പരം എറിയാന്‍ തുടങ്ങും. വഴിയെ പോകുന്നവര്‍ക്കൊക്കെയും ഏറുകൊള്ളും.
വീട്ടിലെത്തുമ്പോള്‍ മേലാകെ ചൊറിഞ്ഞു ചുവന്നുകിടക്കും. രാവിലെ കുളിച്ചു കുറിയും തൊട്ട് സുന്ദരിക്കുട്ടിയായി പോയ ആള് യുദ്ധം ജയിച്ച പോരാളിയെ പോലെ തിരിച്ചെത്തുന്ന രംഗം കാണുമ്പോള്‍ അമ്മയും ചിരിക്കും. പിന്നീട് ഹൈസ്‌കൂളിലും കോളേജിലും ഒക്കെ എത്തിയപ്പോള്‍ ആഘോഷത്തിന്റെ മട്ടും ഭാവവും ഒരുപാട് അധികം മാറി.
തംബോലവും ചെണ്ടക്കാരുമൊക്കെയായി ബാച്ചിലെ എല്ലാവരും ഒരേ കളര്‍ ഡ്രസ്സ് ധരിച്ച് ഓണപ്പൂക്കളവും സദ്യയുമൊരുക്കി കോളേജ്കാലത്തെ ഓണവും ഭംഗിയായി കടന്നുപോയി. ഇങ്ങനെ ഓരോ ഓണക്കാലവും എന്നെ കടന്നു പോകുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ്. അടുത്ത വര്‍ഷമെങ്കിലും ഇതുപോലൊരു ഓണക്കാലത്ത് കണ്ണൂരിലെ വീട്ടില്‍ തൂശനിലയുടെ അറ്റത്ത് ഒരു ചിക്കന്‍ ഫ്രൈ കൂടിയുള്ള ഗംഭീര ഓണസദ്യ കഴിക്കാനായേക്കുമെന്ന വിദൂരസ്വപ്നവുമായാണ് ഇന്ന് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്. പ്രതീക്ഷകള്‍ ആണല്ലോ ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: a heartwarming account of onam celebrations away from home, in bihar. experience the joy, challenges, and nostalgia of this malayali student.