ഓണത്തിനുമാത്രം തട്ടിൻപുറത്തുനിന്ന് താഴേക്കിറക്കുന്ന ഓട്ടുരുളിയും പിന്നെ കൽച്ചട്ടികളും

ഷെഫ് ലത / ചിത്രങ്ങൾ: പി.ജയേഷ്‌
ഷെഫ് ലത / ചിത്രങ്ങൾ: പി.ജയേഷ്‌

പാചകലോകത്തെ റാണിയാണ് ഷെഫ് ലത. 40 വർഷമായി അവർ ഈ രംഗത്ത് സ്‌നേഹത്തിന്റെ രുചി പകർത്താൻ തുടങ്ങിയിട്ട്. കുട്ടിക്കാലത്തെ കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും ഓണത്തെക്കുറിച്ച് നിറമുള്ള ഓർമകളുണ്ട് അവരുടെ മനസ്സിൽ.

“കാത്തിരിപ്പായിരുന്നു കുട്ടിക്കാലത്തെ ഓരോ ഓണവും. അടുത്ത ഓണത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്. അപ്പോഴാണ് ഞങ്ങൾ കസിൻസെല്ലാം ഒരുമിച്ച് ചേരുന്നത്. അതൊരു ആഘോഷമായിരുന്നു. സ്‌കൂൾ അടയ്ക്കുമ്പോഴേക്കും എല്ലാവരും കൂടി അമ്മവീട്ടിലെത്തും. അന്നത്തെ പോലെ മനോഹരമായ ഓണം എന്റെ ജീവിതത്തിൽ പിന്നീടുണ്ടായിട്ടില്ല. വീട്ടിലും പറമ്പിലുമുള്ള പൂക്കളും പച്ചക്കറികളുമായിരുന്നു അന്നത്തെ ഓണത്തിന്റെ പ്രത്യേകത. കാരണം അമ്മയുടെ വീട്ടിൽ കൃഷിയാണ് പ്രധാനമായുണ്ടായിരുന്നത്

 നെല്ലുകുത്തിയെടുത്ത അരികൊണ്ടുള്ള പായസം, ഇടിയൻചക്കകൊണ്ടുള്ള ഉപ്പേരിയും എരിശ്ശേരിയും, ഉണക്കച്ചക്ക ഉപയോഗിച്ചുള്ള കറികളും, മാങ്ങാത്തെര പ്രഥമനും...അത്തത്തിന് മത്തനും പയറും കൊണ്ടുള്ള എരിശ്ശേരി നിർബന്ധമാണ്. ദിവസവും പായസവുമുണ്ടാകും. പച്ചക്കറികളൊന്നും പുറത്തുനിന്ന് വാങ്ങില്ല. വീട്ടിൽ മുരിങ്ങക്കായ ഉണ്ടെങ്കിൽ മാത്രം സാമ്പാറിലിടും. അല്ലെങ്കിൽ വെള്ളരിക്ക, വെണ്ടയ്ക്ക, പയർ, തക്കാളി, കുമ്പളങ്ങ എന്നീ പച്ചക്കറികളാണ് സാമ്പാറിലിടുന്നത്. അന്ന് സാമ്പാറിൽ കാരറ്റൊന്നുമില്ല.

അന്നത്തെ ഓണത്തിന് ഒരു കൂട്ടായ്മയുടെ മധുരം കൂടിയുണ്ട്. തലേദിവസം തന്നെ വീട്ടിൽ കറികളുണ്ടാക്കാൻ തുടങ്ങും. എല്ലാത്തിനും നേതൃത്വം കൊടുക്കുന്നത് അമ്മൂമ്മയാണ്. കൽച്ചട്ടികളിലാണ് കറികളെല്ലാം ഉണ്ടാക്കുന്നത്. പായസവും അവിയലുമെല്ലാം ഉരുളിയിലും. അതെല്ലാം തട്ടിൻപുറത്താണുണ്ടാവുക. ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിലാണ് കറിച്ചട്ടികളും ഉരുളിയുമെല്ലാം തട്ടിൻപുറത്തുനിന്ന് താഴേക്കിറക്കുക. വറുത്തുപ്പേരിയുണ്ടാക്കുന്ന പണികൾ നേരത്തെ തുടങ്ങും. ചേന വറുത്തതും കായ വറുത്തതുമെല്ലാം ആദ്യം ഉണ്ടാക്കിവെക്കും. ഇഞ്ചിപ്പുളി, കുറുക്കുകാളൻ, പച്ചടി എന്നിവയെല്ലാം തലേന്നും.

അന്ന് വീട്ടിൽ സഹായിക്കാൻ കുറേ ആളുകളുണ്ടായിരുന്നു. അവർക്ക് ഓണസമയത്ത് നമ്മൾ നെല്ല് കൊടുക്കണം, അതുപോലുള്ള കുറേ ആചാരങ്ങളുണ്ടായിരുന്നു. പനയോലകൊണ്ടുള്ള പൂക്കുടകളുമായിട്ടാണ് അവർ വരുന്നത്. വീട്ടിൽ എത്ര കുട്ടികളുണ്ടോ, അത്ര പേർക്കുള്ള പൂക്കുടകളുണ്ടാവും അവരുടെ കൈയിൽ. അതുമായിട്ടാണ് പൂ നുള്ളാൻ പോവുന്നത്. ഓണപ്പൂക്കളമൊരുക്കുന്നത് ഞങ്ങൾ കുട്ടികളുടെ മാത്രം ഉത്തരവാദിത്തമാണ്. അതിൽ മുതിർന്നവരൊന്നും ഇടപെടില്ല.

ഷെഫ് ലത/ പി.ജയേഷ്

രാവിലെ അഞ്ചുമണിയൊക്കെ ആവുമ്പോഴേക്കും പൂവ് നുള്ളാൻ ഇറങ്ങും. ഞങ്ങളെല്ലാം ചേർന്ന് ഒരു വലിയ സംഘമുണ്ടാവും. ഇന്നത്തെ പോലെ സ്ട്രീറ്റ് ലൈറ്റൊന്നുമില്ലല്ലോ. ഇരുട്ടത്താണ് പോവുന്നത്. നല്ല പൂക്കൾ കിട്ടാൻ ദൂരേയ്ക്ക് പോവും. കുന്നിന്റെ മുകളിലും മതിലിലുമൊക്കെ കയറി പൂ നുള്ളും. പറമ്പിലുള്ള കോളാമ്പിപ്പൂവ്, അരിപ്പൂ...എല്ലാ ദിവസവും തുമ്പപ്പൂ നിർബന്ധമാണ്. അന്ന് ഇഷ്ടംപോലെ തുമ്പപ്പൂ ഉണ്ടായിരുന്നു. ആറര ആവുമ്പോഴേക്കും പൂക്കളമിടണമെന്ന് അമ്മൂമ്മയ്ക്ക് നിർബന്ധമായിരുന്നു. സൂര്യൻ ഉദിക്കുമ്പോൾ തന്നെ പൂവിട്ട് കഴിയണം എന്നാണ് അമ്മൂമ്മ പറയാറുള്ളത്.

തിരുവോണത്തിന് ഒരു പൂക്കളം മാത്രമല്ല ഉണ്ടാവുക. എല്ലാ സ്ഥലത്തും പൂവിടും. കിണറിനുമുകളിൽ, പശുത്തൊഴുത്തിൽ, വീടിനുള്ളിലും പുറത്തുമെല്ലാം. നമ്മുടെ വീട്ടിലെ സദ്യ കഴിഞ്ഞാൽ, അടുത്ത വീട്ടിലും പോയി കഴിക്കും. തൊട്ടടുത്ത ദിവസം അതിനടുത്ത വീട്ടിലാവും. തിരുവോണം കഴിഞ്ഞാൽ പിന്നെ അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പാണ്.

വലുതായപ്പോൾ വളരെ അപൂർവമായിട്ടേ വീട്ടിലെ ഓണം ആഘോഷിച്ചിട്ടുള്ളൂ, പ്രത്യേകിച്ച് ജോലി കിട്ടിയശേഷം. കഴിഞ്ഞ 40 വർഷമായി ഞാൻ ഷെഫായി ജോലി ചെയ്യുന്നു. അതിനുശേഷമുള്ള എല്ലാ ഓണവും ഹോട്ടലിൽ തന്നെയായിരുന്നു. രണ്ടുവർഷം മാത്രമാണ് ഓണത്തിന് വീട്ടിലുണ്ടായിരുന്നത്. അതിനും പണ്ടത്തെ ഓണത്തിന്റെ മധുരമില്ലായിരുന്നു”.

ഷെഫ് ലതയുടെ രണ്ട് പാചകക്കുറിപ്പുകൾ

മത്തൻ അച്ചിങ്ങ ഓലൻ
മത്തൻ അധികം പഴുക്കാത്തത്- ഒരു കിലോ
അച്ചിങ്ങാപ്പയർ നീളത്തിലരിഞ്ഞത്- 200 ഗ്രാം
വൻപയർ വേവിച്ചത്- 100 ഗ്രാം
പച്ചമുളക്- ആറെണ്ണം
കറിവേപ്പില- രണ്ടുതണ്ട്
വെളിച്ചെണ്ണ- 50 മില്ലി
തേങ്ങാപ്പാൽ (ഒന്നാം പാൽ)- 250 മില്ലി
രണ്ടാം പാൽ- 300 മില്ലി
ഉപ്പ്- ആവശ്യത്തിന്

മത്തൻ മുറിച്ചതും അച്ചിങ്ങാപ്പയറും കുഴഞ്ഞുപോകാതെ, രണ്ടാം പാലിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പുമിടണം. വെന്തശേഷം പച്ചമുളക്, വേവിച്ച വൻപയർ എന്നിവ ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക. തിളച്ചതിലേക്ക് ഒന്നാം പാൽ ചേർത്ത് ഇറക്കിവെച്ചതിനുശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വിളമ്പുക.

കരിക്ക് കശുവണ്ടി പ്രഥമൻ
കരിക്ക് കാമ്പ്- 250 ഗ്രാം
ശർക്കര- 750 ഗ്രാം
തേങ്ങാപ്പാൽ- ഒരു ലിറ്റർ (ഒന്നാം പാലും രണ്ടാം പാലും)
കശുവണ്ടി കുതിർത്തത്- 200 ഗ്രാം
അരിപ്പൊടി- 200 ഗ്രാം
നെയ്യ്- 200 ഗ്രാം
ചുക്കുപൊടി- അര ടീസ്പൂൺ
ഏലക്കാപ്പൊടി- കാൽ ടീസ്പൂൺ
ജീരകപ്പൊടി- കാൽ ടീസ്പൂൺ
കൊട്ടത്തേങ്ങ അരിഞ്ഞത്- 150 ഗ്രാം
ഉണക്കമുന്തിരി- 20 എണ്ണം

ശർക്കരപ്പാനി തയ്യാറാക്കുക. അതിലേക്ക് അല്പം നെയ്യ് ചേർത്ത് കരിക്ക് കാമ്പ്, കശുവണ്ടി എന്നിവ 20 മിനിറ്റ് വേവിക്കുക. അതിലേക്ക് രണ്ടാം പാലിൽ അരിപ്പൊടി ചേർത്ത് കട്ടകെട്ടാതെ യോജിപ്പിച്ചത് ചേർക്കുക. എന്നിട്ട് കൈയെടുക്കാതെ ചെറുതീയിൽ തിളപ്പിക്കുക. 10 മിനിറ്റ് തിളപ്പിച്ചതിനുശേഷം ഒന്നാം പാൽ ഒഴിച്ച് ഇറക്കിവെക്കുക. ഇതിലേക്ക് ജീരകപ്പൊടി, ചുക്കുപൊടി, ഏലക്കാപ്പൊടി എന്നിവ ചേർത്തിളക്കുക. ശേഷം നെയ്യിൽ മൂപ്പിച്ച കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേർക്കുക. (ജീരകപ്പൊടി, ചുക്കുപൊടി എന്നിവ പായസത്തിൽ ചേർക്കുമ്പോൾ ഇറക്കിവെച്ചതിനുശേഷം മാത്രം ചേർക്കുക. മണവും രുചിയും നഷ്ടപ്പെടില്ല)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Kerala`s first woman chef shares nostalgic Onam memories and two authentic Kerala recipes