മകന്‍ പറഞ്ഞിട്ടാണ് ഞാനിവിടെ വന്നത്, ജീവിക്കാന്‍ കൊതിതോന്നുന്നു-ശ്രീബ

'എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു, ഇത്രയും കാലം ഞാന്‍ അനുഭവിച്ചതെല്ലാം എവിടെയെങ്കിലും ഒന്ന് തുറന്നുപറയണമെന്ന്... ഉള്ളിലെ ഭാരമെല്ലാം എവിടെയെങ്കിലും ഒന്നിറക്കിവെക്കണമെന്ന്. ദു:ഖങ്ങളും പേറിയുള്ള ഈ ജീവിതം ശരിക്കും മടുത്തു. മറ്റുള്ളവര്‍ക്കുവേണ്ടിയല്ലാതെ ഇനിയെങ്കിലും എനിക്കുവേണ്ടി, എന്റെ സന്തോഷത്തിനുവേണ്ടി ജീവിക്കണം. മുപ്പത്തെട്ടുകാരിയായ എനിക്ക് ഇനി എന്റെ മുന്നിലെത്തുന്ന അവസരങ്ങളെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്.' സങ്കടങ്ങളും പേടിയും ആകുലതകളും ആശങ്കകളുമൊക്കെ ഇറക്കിവെക്കാനുള്ള ഒരിടം, ഒരു വേദി. അതായിരുന്നു കണ്ണൂരുകാരിയായ ശ്രീബയ്ക്ക് ഗൃഹലക്ഷ്മി മിസിസ് കേരള മത്സരവേദി. വീട്ടുകാരറിയാതെ, മകന്റെ നിര്‍ബന്ധത്തില്‍ ഒാഡിഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. നഴ്‌സായിരുന്ന ശ്രീബ ഗാര്‍ഹികപീഡനത്തിനെതിരെ പൊരുതി, സ്വന്തമായി തയ്യല്‍ സംരംഭം നടത്തി വിജയിച്ച കരുത്തയാണ്. കൂട്ടുകാരി രമ്യയ്‌ക്കൊപ്പം വന്ന ശ്രീബ അല്പം പരിഭ്രമത്തോടെയാണ് വേദിയില്‍ കയറിയതെങ്കിലും ആത്മവിശ്വാസത്തോടെ അവര്‍ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു. വിറയ്ക്കുന്ന കൈകള്‍കൊണ്ട് മൈക്ക് പിടിച്ച് അവര്‍ ഇടറാതെ സംസാരിച്ചു.
ഞാനൊരു സാധാരണക്കാരിയാണ്. ഡിഗ്രിക്കും എട്ടാംക്ലാസ്സിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ അമ്മ. കണ്ണൂക്കരയാണ് താമസം. ഞാന്‍ ചെറുപ്പത്തിലേ കണ്ടത് ജോലിക്കൊന്നും പോവാത്ത, കുടുംബം നോക്കാത്ത അച്ഛനെയാണ്. സഹികെട്ട ഒരവസരത്തില്‍ അമ്മ എന്നെയും അനിയനെയും അനിയത്തിയെയും കൂട്ടി ഇരിട്ടിയിലെ അമ്മയുടെ വീട്ടിലേക്ക് പോയി. എനിക്കന്ന് നാല് വയസ്സേയുള്ളൂ. ഒരുദിവസം അച്ഛന്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബോധമൊന്നും അന്നുണ്ടായിരുന്നില്ല. പിന്നീട് എന്നെ വളര്‍ത്തിയത് അച്ഛമ്മയാണ്. ആ മണ്‍വീട്ടില്‍ കഷ്ടപ്പെട്ട് ജീവിച്ചു. അച്ഛമ്മ എന്റെ അമ്മയെക്കുറിച്ച് നല്ലതൊന്നും പറഞ്ഞതായി ഞാനോര്‍ക്കുന്നില്ല. അമ്മയുടെ കുറ്റങ്ങള്‍ മാത്രം കേട്ടുവളര്‍ന്ന ഞാന്‍ അമ്മയുടെ അടുത്തേക്ക് തീരെ പോവാതായി. പത്താംക്ലാസ് കഴിഞ്ഞ സമയത്ത് അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് എന്നെ തിരികെ കൂട്ടിക്കൊണ്ടുപോയി. പ്ലസ് വണ്ണിന് ഇരിട്ടിയിലെ ഒരു സ്‌കൂളില്‍ അമ്മ എന്നെ ചേര്‍ക്കുകയും ചെയ്തു. അച്ഛന്‍ പിന്നെ വിളിക്കാനൊന്നും വന്നില്ല.
പ്ലസ്ടു കഴിഞ്ഞപ്പോള്‍ അമ്മ എന്നെ നഴ്‌സിങ്ങിന് പഠിപ്പിച്ചു. എനിക്ക് അമ്മയെ പരിചയമില്ലാത്തതുകൊണ്ട് ചെറിയൊരു അകല്‍ച്ച തോന്നിയിരുന്നു. അതുവരെ ഒറ്റക്കുട്ടിയായി ജീവിച്ചതുകൊണ്ടാവാം സഹോദരങ്ങളോട് അടുക്കാനും ബുദ്ധിമുട്ട് തോന്നി. പക്ഷേ, അമ്മയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാന്‍ തിരിച്ചെത്തിയപ്പോള്‍തൊട്ട് അവരെല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. അമ്മ കൂലിപ്പണി ചെയ്താണ് ഞങ്ങളെ വളര്‍ത്തിയത്. നഴ്‌സിങ് പഠനം കഴിഞ്ഞയുടനെ എനിക്ക് ഹോസ്പിറ്റലില്‍ ജോലി കിട്ടി. വീട്ടില്‍ നിന്ന് മാറിത്താമസിച്ചപ്പോഴാണ് അമ്മയെയും സഹോദരങ്ങളെയും മിസ് ചെയ്യാന്‍ തുടങ്ങിയത്. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്.
കരഞ്ഞ് തീര്‍ത്ത നാളുകള്‍...
രാഷ്ട്രീയപ്രശ്‌നങ്ങളില്‍പെട്ട് കാലിന് പരിക്കുപറ്റിയ ഒരാളെ ചികിത്സയ്ക്കായി കൊണ്ടുവന്നു. ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹത്തെ നോക്കിയിരുന്നത് ഞാനായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അതുവരെ എന്നോടാരും ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടില്ല. ആദ്യമായിട്ട് ഒരാള്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയായിരിക്കും പ്രണയം എന്നുകരുതി. അവരുടെ വീട്ടുകാര്‍ വീട്ടില്‍ വന്ന് പെണ്ണ് ചോദിച്ചു. താത്പര്യമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമ്മ വിവാഹം നടത്തി തന്നു. അമ്മ അതുവരെ സമ്പാദിച്ച പൈസകൊണ്ട് പത്ത് പവനും തന്നു. ഞാന്‍ തുടര്‍ന്നും ജോലിക്ക് പോയി. ഗര്‍ഭിണിയായപ്പോള്‍ അമ്മായിഅമ്മ പറഞ്ഞു, പുറത്ത് ആരോടും പറയേണ്ടെന്ന്. അഞ്ചാംമാസത്തില്‍ അവരുടെ കുടുംബത്തിലെ ഒരു ആഘോഷത്തിന് പോയപ്പോള്‍ എന്റെ വയറ് വീര്‍ത്തത് കണ്ട് ആളുകള്‍ ചോദിച്ചു. അപ്പോഴാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്. ഗര്‍ഭിണിയായിരിക്കെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉറങ്ങാനൊന്നും സമ്മതിക്കില്ലായിരുന്നു. എന്നെക്കൊണ്ട് എല്ലാ ജോലികളും എടുപ്പിക്കും. മോനെ പ്രസവിക്കാന്‍ പോകുമ്പോള്‍ ഈറ്റിനുള്ള പൈസവരെ അവരുടെ കൈയില്‍ കൊടുത്തിട്ടാണ് പോയത്.
പ്രസവശേഷം രണ്ടുമാസം എന്റെ വീട്ടില്‍ നിന്നു. പിന്നീട് ജോലിക്ക് പോകാനൊരുങ്ങിയപ്പോള്‍ അമ്മായിഅമ്മ തടഞ്ഞു. അവര്‍ക്ക് കുഞ്ഞിനെ നോക്കാനാവില്ലത്രേ. എന്റെ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമായിരുന്നു ആ ജോലി. പക്ഷേ, ഈ ഒരു കാര്യവും പറഞ്ഞ് കരഞ്ഞുകൊണ്ട് എന്റെ വീട്ടില്‍ കയറിച്ചെല്ലാനാവില്ലായിരുന്നു. അനിയത്തി വിവാഹപ്രായമായി നില്‍ക്കുന്നു. ഞാനും കുഞ്ഞും അവര്‍ക്ക് ബാധ്യതയാവുമെന്ന് തോന്നി. അങ്ങനെ ജോലി മതിയാക്കി. അത്യാവശ്യം തുന്നല്‍ അറിയാമായിരുന്നതുകൊണ്ട് ഒരു തയ്യല്‍ മെഷീന്‍ വാങ്ങി തയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ സന്ദര്‍ഭങ്ങളിലെല്ലാം എന്ത് പറഞ്ഞാലും നിന്റെ ഇഷ്ടംപോലെ ചെയ്‌തോ എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. കാരണം ചങ്ങായിക്ക് കഷ്ടപ്പെടാന്‍ പറ്റില്ല. വിവാഹത്തിന് മുമ്പ് അദ്ദേഹത്തിന് ആശാരിപ്പണിയായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ മാസം അത് പൂട്ടിക്കെട്ടി. ആഴ്ചയില്‍ മൂന്ന് ദിവസം ഞാന്‍ ടെയ്‌ലറിങ് പഠിക്കാന്‍ പോയി. അപ്പോള്‍ പോലും അമ്മയ്ക്ക് കുഞ്ഞിനെ നോക്കാനാവില്ലെന്ന് തറപ്പിച്ചുപറഞ്ഞു..അങ്ങനെ ഞാനതും നിര്‍ത്തി. വീട്ടിലിരുന്ന് ഞാന്‍ എന്റെ പഴയ ഡ്രസ്സൊക്കെ കട്ട് ചെയ്ത് തയ്ച്ച് പഠിച്ചു. കുറേക്കഴിഞ്ഞ് വീടിനടുത്തുള്ള ഒരു ടെയ്‌ലറിങ് ഷോപ്പില്‍ ജോലിക്ക് പോയി. ആഴ്ചയില്‍ നൂറ് രൂപ കിട്ടും. ശരിയായി തയ്ക്കാന്‍ പഠിക്കാത്തതുകൊണ്ട് എന്റേതായ ഒരു കണക്കില്‍ സ്റ്റിച്ച് ചെയ്തുതുടങ്ങി. ആളുടെ ഫോട്ടോ കണ്ടാല്‍ മതി, സ്റ്റിച്ച് ചെയ്യാന്‍ പറ്റും. ആറ് വര്‍ഷം അവിടെ നിന്നു.
പിന്നീട് രണ്ടാമത്തെ മകനെ ഗര്‍ഭം ധരിച്ചു. ഒരു കുഞ്ഞ് പോരേ എന്ന് ചോദിച്ച് അമ്മായിഅമ്മ എപ്പോഴും അസ്വസ്ഥപ്പെടുത്തുമായിരുന്നു. ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു, 'വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത്. ആര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പ്രസവിക്കുമെന്ന് '. അപ്പോഴേക്കും എതിര്‍ത്ത് സംസാരിക്കാനുള്ള ധൈര്യം കുറച്ചെങ്കിലും വന്നിരുന്നു. ഞാന്‍ വീട്ടില്‍ എന്റെ മുറിയിലിരുന്ന് തന്നെ സ്റ്റിച്ച് ചെയ്യാന്‍ തുടങ്ങി. അകത്തൊക്കെ തുണിക്കഷണങ്ങളും മറ്റും കിടക്കുന്നതും തയ്്പ്പിക്കാന്‍ ആളുകള്‍ വരുന്നതുമൊക്കെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി. അതിന്റെ പേരില്‍ വഴക്കായപ്പോള്‍ വീടിന് തൊട്ടുതാഴെയുള്ള ഒറ്റമുറി കട വാടകയ്‌ക്കെടുത്ത് അവിടെ ഒരു ഭാഗം പലചരക്ക് കടയ്ക്കും മറ്റൊന്ന് തയ്യലിനുമായി ഉപയോഗിച്ചു. വികലാംഗനായതുകൊണ്ട് ഇളവ് ലഭിക്കുമല്ലോ എന്നു കരുതി ബാങ്ക് ലോണെടുത്ത് ആ കട ഭര്‍ത്താവിന്റെ പേരിലാക്കി. അങ്ങനെ ഒരു മെഷീനുംകൊണ്ട് ഞാന്‍ ഇരിക്കാന്‍ തുടങ്ങി. എന്നാല്‍ ഞാന്‍ കടയിലുണ്ടാവുമ്പോള്‍ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ പോവും. കടയില്‍ സാധനം എടുത്തുകൊടുക്കാന്‍ ആളില്ലാത്ത അവസ്ഥ. ഞാന്‍ തന്നെ രണ്ടും നോക്കി. അമിതമായ മദ്യപാനം കാരണം ഭര്‍ത്താവിന് ലിവര്‍ സിറോസിസ് വന്നു. കരള്‍ 85 ശതമാനവും പോയെന്ന് ഡോക്ടര്‍ പറഞ്ഞു. ഹോസ്പിറ്റലില്‍ വെച്ച് ഒരുദിവസം പെട്ടെന്ന് വയലന്റായി എന്റെ കഴുത്ത് പിടിച്ച് ചുമരിനോട് ചേര്‍ത്തുനിര്‍ത്തി. എല്ലാ വേദനകളും സഹിച്ച് ഞാന്‍ കൂട്ടിരുന്നു. രണ്ടാഴ്ച അദ്ദേഹം ഹോസ്പിറ്റലില്‍ കിടന്നു. രണ്ട് ലക്ഷത്തിലധികംരൂപയായി. കുടുംബക്കാരൊക്കെ സഹായിച്ചു. ഞാന്‍ ദൈവത്തെപ്പോലെ കാണുന്ന ഒരു ചേച്ചി...അവരും പണം തന്ന് സഹായിച്ചു. ഞാന്‍ പണിയെടുത്തുണ്ടാക്കിയ മാലയും വിറ്റു. ഡിസ്ചാര്‍ജ് ആയി ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വയറുവേദന വന്നു. പാന്‍ക്രിയാസില്‍ കല്ല്! വീണ്ടും ചികിത്സ. അന്നും പലരില്‍ നിന്നും കടം വാങ്ങി, ഒരു ലക്ഷം രൂപ. ആ സമയത്ത് ആറിലോ ഏഴിലോ പഠിക്കുന്ന എന്റെ മൂത്ത മോനാണ് കട നോക്കിയത്. ആരോഗ്യം ശരിയായി വീട്ടിലെത്തിയപ്പോള്‍ ചങ്ങാതിമാര്‍ വന്ന് വീണ്ടും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാന്‍ തുടങ്ങി. ഇന്ന് നന്നാവും നാളെ നന്നാവും എന്നൊരു പ്രതീക്ഷയിലായിരുന്നു ഞാന്‍. അതെനിക്ക് നഷ്ടപ്പെട്ടുതുടങ്ങിയ നാളുകളായിരുന്നു പിന്നീടങ്ങോട്ട്.
ജീവിതത്തിനും മരണത്തിനുമിടയില്‍
ഞാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കട നോക്കാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ തയ്ക്കും. രാത്രിയില്‍ മക്കള്‍ എനിക്ക് കൂട്ടിരിക്കും. പൈസയുടെ കണക്കെടുക്കാന്‍ മാത്രം ഭര്‍ത്താവ് വരും. രാവിലെ അഞ്ച് മണിക്ക്് എണീറ്റ് എല്ലാ പണിയും തീര്‍ത്ത് കുട്ടികളെയും സ്‌കൂളില്‍ വിട്ടിട്ടാണ് കടയിലേക്ക് വരിക. ഉച്ചയ്ക്ക് ഭര്‍ത്താവിന് ചോറെടുത്തുകൊടുക്കാന്‍ വീണ്ടും വരണം. അങ്ങനെ ഓട്ടപ്പാച്ചില് തന്നെ. ഒരിക്കല്‍ അദ്ദേഹം മദ്യപിക്കുന്നത് എന്റെ കണ്‍മുന്നില്‍ കണ്ടു. അതിന്റെ പേരില്‍ കുറേ വഴക്കിട്ടു. വീണ്ടും ആരോഗ്യം നഷ്ടപ്പെട്ട് ആശുപത്രിയിലായി. കടക്കെണിയിലുമായി. ഞാന്‍ കടയില്‍ ഇരിക്കുന്നിടത്തോളം അദ്ദേഹം അത് നോക്കില്ലെന്ന് മനസ്സിലായപ്പോള്‍ കഷ്ടപ്പെട്ടാണെങ്കിലും ടൗണില്‍ ഒരു തയ്യല്‍ക്കട സംഘടിപ്പിച്ചെടുത്തു. ഡ്രൈവിങ് അറിയാമെങ്കിലും ഒറ്റയ്ക്ക് ടൂവീലര്‍ ഓടിക്കാന്‍ എനിക്ക് പേടിയായിരുന്നു. രാവിലെ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ അദ്ദേഹം ടൗണില്‍ എന്നെ ഇറക്കും. തിരിച്ച് വൈകുന്നേരം ബസ്സിന് പോരും. പക്ഷേ, ആ യാത്രകളിലുടനീളം ടൗണിലെ കട പൂട്ടാനായി എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. എനിക്ക് അഹങ്കാരമാണ്, വര്‍ക്ക് കിട്ടില്ല എന്നൊക്കെ പറഞ്ഞ് തളര്‍ത്താനും നോക്കി. എന്റെ കുഞ്ഞുങ്ങള്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത ആളാണ്. മൂത്ത മോന്‍ ഏത് കോളേജിലാണ്, ഏത് കോഴ്‌സാണ് പഠിക്കുന്നതെന്നറിയില്ല. ഇന്നേവരെ അഞ്ച് പൈസ ആ മക്കള്‍ക്ക് വേണ്ടി ചെലവാക്കിയിട്ടില്ല. ഞാന്‍ പണിയെടുത്തിട്ട് തന്നെയാണ് അവരെ പഠിപ്പിച്ചത്. മക്കള്‍ നന്നായി പഠിക്കുമായിരുന്നു.
ഒരു ദിവസം മക്കളൊക്കെ ഉത്സവത്തിന് പോയ സമയത്ത്, പുലര്‍ച്ചെ നാല് മണിയായപ്പോള്‍ മദ്യപിച്ചിട്ട് വന്നു. ഞാന്‍ കിടന്നിരുന്ന മുറിയുടെ വാതില് ചവിട്ടിപൊളിച്ചു. എന്റെ മുറി മാത്രം ഇരുട്ടിലായി. ആ വീട്ടിലെ കറന്റ് ബില്ല് അടയ്ക്കുന്നതുതൊട്ട് എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. എന്നിട്ടും എന്റെ റൂമിലേക്ക് പോകുന്ന ബ്രേക്കറ് ഓഫാക്കി. എന്റെ കടയ്ക്ക് തീയിടും എന്ന് ഭീഷണിപ്പെടുത്തി. തലയ്ക്കടിച്ചു. ഉപദ്രവിച്ചു. ഞാന്‍ കാരണമാണ് അയാള്‍ ജീവിച്ചിരിക്കുന്നത്. എന്നിട്ട് അതുപോലും ഓര്‍ക്കാതെ എന്നോട് എവിടെയെങ്കിലും പോയി ചത്തോ എന്ന് പറഞ്ഞു. ഉപദ്രവം സഹിക്കാതായപ്പോള്‍ ഞാന്‍ ആ വീടുവിട്ടിറങ്ങി. മരിക്കാന്‍ തന്നെ നിശ്ചയിച്ച് റെയില്‍വേ സ്റ്റേഷന്‍ വഴി നടന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വഴി മനസ്സിലാവാതായപ്പോള്‍ ഫോണിലെ ടോര്‍ച്ച് ഓണാക്കാനായി സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോഴേക്കും മോന്റെ കോള്‍ വന്നു. മൂത്ത മോന്റെ കരച്ചിലാണ് കേട്ടത്. അമ്മ തിരിച്ചുവരണം, ഞങ്ങള്‍ക്കാരുമില്ലെന്ന് പറഞ്ഞ് അവന്‍ ഫോണിലൂടെ നിലവിളിച്ചപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ല...(കരയുന്നു). അവര്‍ക്കുവേണ്ടി മാത്രം ഞാന്‍ തിരിച്ചുപോയി.
അയാളുടെ അച്ഛന്‍ കിടപ്പിലായപ്പോള്‍ കുളിപ്പിക്കുന്നതുള്‍പ്പെടെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. അച്ഛന്‍ പാവമായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയുടെ വീടാണ്, സ്വത്താണ് എന്നൊക്കെ പറഞ്ഞ് എന്നെ ഇറക്കിവിടാനുള്ള ശ്രമം നടത്തി. ഒരിക്കല്‍ രാത്രി പത്ത് മണിക്ക് കടയില്‍ നില്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്ത് എന്നോട് മോശമായി പെരുമാറി. അത് പറഞ്ഞപ്പോഴും ഭര്‍ത്താവിന് ഒരു കൂസലുമില്ല. പിന്നെ ഞാനെന്തിനാ ഇദ്ദേഹത്തെ സ്‌നേഹിക്കേണ്ടത്. മോന്‍ പറഞ്ഞു, 'അമ്മ ഞങ്ങളുടെ മുറിയില്‍ കിടന്നോ എന്ന്'. അപ്പോള്‍, 'നീ എന്തിനാ മക്കളുടെ കൂടെ കിടക്കുന്നതെന്ന് എനിക്കറിയാമെന്നു' പറഞ്ഞ് എന്നെ മോശക്കാരിയാക്കാന്‍ നോക്കി. സഹിക്കാന്‍ പറ്റാതായതോടെ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. എനിക്കുമുന്നില്‍ വേറൊരുവഴിയുമില്ലായിരുന്നു. പേടിച്ച് കിടന്നുറങ്ങാനാവുന്നില്ല. പണിയെടുക്കാന്‍ സമ്മതിക്കുന്നില്ല. തയ്യല്‍ കട കത്തിക്കും എന്ന ഭീഷണിയും. പോലീസ് സ്‌റ്റേഷനില്‍ വെച്ച് മധ്യസ്ഥം പറഞ്ഞ് എഴുതി ഒപ്പിട്ടുവാങ്ങി. വാടകവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഇട്ടതുണിയോടെ പോവാന്‍ പറഞ്ഞു. ഞാന്‍ കൊടുക്കുന്നതാണ് അവര് തിന്നുന്നത്. അവിടത്തെ ഓരോ സാധനങ്ങളും ഞാനാണ് വാങ്ങിവെച്ചത്. എന്റെ എല്ലാ പൊന്നും അയാള് കൈക്കലാക്കി വിറ്റു. എന്നിട്ടും ഞാന്‍ വിട്ടുകൊടുക്കണമോ...
ഒരുദിവസം എന്റെ ക്ഷമയുടെ പരിധിവിട്ടു. എന്റെ വാതില് ചവിട്ടി പൊളിച്ചിട്ടപ്പോള്‍ അതില്‍ നിന്ന് വലിയൊരു വടി കിട്ടി. ഞാന്‍ പറഞ്ഞു, 'ജഗദീഷേ നിങ്ങള്‍ക്ക് എന്തു പറ്റിയാലും ഞാന്‍ ഇനി തിരിഞ്ഞ് നോക്കില്ല. കുടിച്ചിട്ട് എന്നെ ചീത്ത പറഞ്ഞാല്‍, എന്റെ അമ്മയെ പറഞ്ഞാല്‍... ഈ വടി കൊണ്ട് അടുത്ത കാലും അടിച്ചിടും എന്ന്.' ഇനി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ ഡിവോഴ്സിന് ഞാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഭര്‍ത്താവ് എഴുതി ഒപ്പിട്ട് നല്‍കിയിരിക്കുകയാണ്.
സന്തോഷത്തിന്റെ തുരുത്ത് തേടി...
സ്വന്തമായി കട തുടങ്ങുമ്പോള്‍ എന്റെ അക്കൗണ്ടില്‍ സീറോ ബാലന്‍സായിരുന്നു. അന്ന് എന്നെ സഹായിച്ച ചേച്ചിയാണെങ്കില്‍ കാന്‍സര്‍ വന്ന് മരിച്ചു. മരിക്കുന്നതിനുമുമ്പ് എന്നെ കാണണമെന്ന് അറിയിച്ചിട്ട് ഞാന്‍ പോയിരുന്നു. അവരുടെ മോള് പറഞ്ഞു, 'അമ്മയ്ക്ക് ഓര്‍മ പോവുന്നതിന് മുമ്പ് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ. ശ്രീബ കുറച്ച് പൈസ വാങ്ങിയിട്ടുണ്ട്. പക്ഷേ, നീ അത് തിരിച്ചുവാങ്ങിക്കരുത്. ജിഷ്ണുവിന്റെ പഠിത്തത്തിന് വേണ്ടി അവളോട് എടുത്തോളാന്‍ പറയണമെന്ന്...' ദൈവത്തിന്റെ കരുണ...(പൊട്ടിക്കരയുന്നു). കരയേണ്ടെന്ന് വിചാരിക്കും. കരഞ്ഞ് കരഞ്ഞ് മതിയായതാണ്. ആ ചേച്ചിയുടെ മകളാണ് അന്ന് ഷോപ്പിനുവേണ്ടി അഡ്വാന്‍സ് തുക തന്ന് എന്നെ സഹായിച്ചത്. ഇന്നുവരെ ഞാനത് തിരിച്ചുകൊടുത്തിട്ടില്ല. കാരണം എന്റടുത്തില്ല. എന്നോട് അവര്‍ ചോദിച്ചിട്ടുമില്ല. തുടക്കത്തില്‍ വാടക കൊടുക്കാന്‍ പലിശയ്ക്ക് പണം വാങ്ങേണ്ടിവരുമായിരുന്നു. അന്നേരത്ത് ഞാന്‍ വിചാരിച്ചു, എല്ലാവരും പറഞ്ഞതുപോലെ ഇത് പൂട്ടേണ്ടിവരുമോ, എന്റെ മക്കളെ ഞാന്‍ എന്തു ചെയ്യും എന്നൊക്കെ. ഇപ്പോള്‍ ആ പ്രശ്‌നമില്ല. ദൈവം സഹായിച്ച് വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കാനുള്ള പൈസ കിട്ടുന്നുണ്ട്. എറണാകുളത്തേക്ക് ഒക്കെ പ്രോഡക്ട് അയക്കുന്നുണ്ട്. ഏത് സ്റ്റൈലിലുള്ള ഡ്രസ്സ് വേണമെങ്കിലും സ്റ്റിച്ച് ചെയ്യാനുള്ള ആത്മവിശ്വാസം എനിക്ക് വന്നു. ഇപ്പോള്‍ ഞാനും എന്റെ സുഹൃത്തും മാത്രമാണുള്ളത്. ഞങ്ങള്‍ രാത്രി വരെ ഇരുന്ന് പണിയെടുക്കും. ഓണം, വിഷു ദിവസങ്ങളിലൊക്കെ നല്ല തിരക്കാവും. വിദേശികള്‍ക്കും വസ്ത്രം ഡിസൈന്‍ ചെയ്തുകൊടുക്കും. സുഹൃത്തിന്റെ ടൂവീലറില്‍ ഡ്രൈവിങ് പഠിച്ച് ഒറ്റയ്ക്ക് ഓടിക്കാന്‍ തുടങ്ങി. ഇനി എനിക്ക് ഒന്നിനും പേടിയില്ല. വിജയിച്ചോ എന്ന് ചോദിച്ചാല്‍ വിജയിച്ചു.
എന്റെ മക്കള്‍ എപ്പോഴും പറയും വാടക വീട്ടിലേക്ക് മാറാമെന്ന്. അവര്‍ തെയ്യത്തിന് പോകുമ്പോള്‍ വീട്ടില്‍ എന്നെ ഒറ്റയ്ക്കാക്കി പോകില്ല. അവര്‍ക്കൊപ്പം കൊണ്ടുപോകും. അല്ലെങ്കില്‍ സുഹൃത്തിന്റെ വീട്ടിലാക്കും. ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പലചരക്കുകട പൂട്ടിയിട്ടിരുന്നു. പിന്നെ തുറന്നില്ല. ഞാന്‍ പലിശയ്ക്ക് പണം വാങ്ങി സാധനങ്ങള്‍ വാങ്ങിച്ച് പുതിയ കടയായി ഓപ്പണ്‍ ചെയ്തു. എന്നിട്ട് ആ പൈസ കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത് അടച്ചു തീര്‍ത്തു. അയാള്‍ അവിടെ ഒരാഴ്ച പോയി. പിറ്റേ ആഴ്ച അറിയുന്നത് ആ കട അവരുടെ ചങ്ങായിക്ക് ഇരുപതിനായിരം രൂപയ്ക്ക് വിറ്റെന്നാണ്. കൂടെ ഞാന്‍ വാങ്ങിയ ഫ്രിഡ്ജ്, അലമാര, സാധനങ്ങള്‍... അങ്ങനെയുള്ള ആളിനോട് എന്ത് പറയാനാ. ആറ് മാസത്തെ വാടക കൊടുത്തില്ലാന്ന് ഓണര്‍ വിളിച്ചുപറഞ്ഞു. ആ പൈസയെല്ലാം കുടിച്ച് തീര്‍ത്തു. ഭര്‍ത്താവിന്റെ പേരിലെടുത്ത ബാങ്ക് ലോണിന് ഞാന്‍ ജാമ്യം നിന്നതുകൊണ്ട് എനിക്ക് മുദ്രാലോണുപോലും എടുക്കാന്‍ പറ്റിയില്ല. ഭാഗ്യം കൊണ്ട് ഇപ്പോള്‍ ലോണിന്റെ ആവശ്യമില്ല. എന്റെ ജെ. ജെ. ടെയ്‌ലേഴ്‌സിന് നന്നായി വര്‍ക്ക് കിട്ടുന്നുണ്ട്.
എന്റെ മോനാണ് ഈ മത്സരത്തിന് വരാനായി നിര്‍ബന്ധിച്ചത്. അവനാണ് പറഞ്ഞത്, 'അമ്മ പൊയ്‌ക്കോ...അമ്മയ്ക്ക് അമ്മയുടെ കാര്യങ്ങള്‍ പറയാമല്ലോ എന്ന്്'. എന്റെ വിഷമങ്ങള്‍ സുഹൃത്തായ രമ്യയോട് പറയും. പിന്നെ മോനോട് പറയും. ഇനി പുറംലോകം അറിയണമെന്നു തോന്നി. കാരണം എന്നെപ്പോലെ എത്രയോ പേരുണ്ടാവും ഇതുപോലെ കഷ്ടപ്പെടുന്നവര്‍. ഒന്നുമില്ലെങ്കിലും ജോലിയുള്ളതുകൊണ്ടാണ് മുന്നോട്ട് പോവാനാവുന്നത്. എനിക്കും ജീവിക്കണം. കാരണം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞതാണ്. അന്ന് ആത്മഹത്യ ചെയ്യാന്‍ പോയത് എന്റെ പൊട്ടത്തരം. അതുപിന്നെ പുലര്‍ച്ചയ്ക്ക് വിളിച്ച് എഴുന്നേല്‍പ്പിച്ചിട്ട് തലയ്ക്കടിച്ചാല്‍ ആരായാലും ചിന്തിച്ചുപോവും. മരിക്കാന്‍ ചെറിയ സമയം മതി. ആ ഒരു നിമിഷത്തെ ചിന്ത മാറ്റിയാല്‍ ജീവിച്ചുതീര്‍ക്കാം. ഇവിടേയ്ക്ക് വരുമ്പോള്‍ അഞ്ചിന്റെ പൈസയുണ്ടായിരുന്നില്ല. മുത്തപ്പനില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. തലേന്ന് രാത്രി എന്റെ ആങ്ങള കുറച്ച് പൈസ അയച്ചുതന്നു. അങ്ങനെയാണ് രമ്യയെയും കൂട്ടി ഞാന്‍ വന്നത്. ദൈവത്തിന്റെ കണക്കാണ് അതെല്ലാം. പിന്നെ ഞാനൊരു അഹങ്കാരിയാണെന്നൊക്കെ പലരും പറയും. പറഞ്ഞോട്ടെ. സമാധാനവും സന്തോഷവും വേണം. അതുകൊണ്ട് മക്കളെയുംകൂട്ടി രണ്ട് ദിവസം മുമ്പ് വാടകവീട്ടിലേക്ക് മാറി. അല്പം സാമ്പത്തികബുദ്ധിമുട്ട് ഉണ്ടെങ്കിലും സ്വസ്ഥമായി ഉറങ്ങാലോ, അതുമതി. എന്റെ മക്കളോട് ഞാന്‍ പറയാറുണ്ട്, 'നീ വിവാഹം കഴിക്കുന്ന പെണ്ണും ഒരു മനുഷ്യനാണെന്ന പരിഗണന നല്‍കണം. നിനക്ക് എന്തൊക്കെ സ്വാതന്ത്ര്യമുണ്ടോ അതൊക്കെ അവള്‍ക്കുമുണ്ട്. അമ്മയുടെ അനുഭവം കണ്ട് വളര്‍ന്ന നിനക്ക് ഞാന്‍ പറഞ്ഞുതരേണ്ടല്ലോ?'എന്ന്...
Content Highlights: domestic violence victim sreeba sharing her experience