കങ്കണ, പൂജാ ബേദി; ഭര്‍ത്താവിന്റെ പ്രണയങ്ങള്‍ അറിയാമായിരുന്നു, ഞാന്‍ തയ്യാറായി- സറീന വഹാബ്

സറീന വഹാബും ആദിത്യ പഞ്ചോളിയും വിവാഹിതരായിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. 'കലങ്ക് കാ ടിക' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യം കാണുന്നത്, വൈകാതെ പ്രണയത്തിലുമായി. ആദിത്യയേക്കാള്‍ ആറു വയസ്സിന് മൂത്തതാണ് സറീന. ആദിത്യയെ വിവാഹം ചെയ്യുന്നതിനോട് സറീനയുടെ അമ്മയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും എതിര്‍പ്പുകളെ മറികടന്ന് 1986-ല്‍ ഇരുവരും വിവാഹിതരായി.
ബോളിവുഡില്‍ ദീര്‍ഘകാലബന്ധം നയിക്കുന്ന ചുരുക്കം ദമ്പതിമാരുടെ പട്ടികയിലാണ് ഇരുവരുമെങ്കിലും ആദിത്യയുടെ വിവാഹേതരബന്ധങ്ങള്‍ പലപ്പോഴും ഇവരുടെ ബന്ധത്തില്‍ കല്ലുകടിയായി നിന്നിരുന്നു. ഗോസിപ്പുകള്‍ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയപ്പോഴെല്ലാം ഭര്‍ത്താവിനെ ശക്തമായി പിന്തുണച്ചാണ് സറീന ജീവിച്ചത്. 1993-ല്‍ കബീര്‍ ബേദിയുടെ മകള്‍ പൂജാ ബേദിയുമായുള്ള ആദിത്യയുടെ പ്രണയം ബോളിവുഡില്‍ വലിയ ചര്‍ച്ചയായി. പൂജയുടെ സഹായി ആദിത്യക്കെതിരേ ലൈംഗികാരോപണം ഉന്നയിക്കുന്നതുവരെയായിരുന്നു അതിന്റെ ആയുസ്സ്. പിന്നാലെ നടി ആദിത്യക്കെതിരേ പോലീസില്‍ പരാതി നല്‍കി.
പുതുമുഖതാരമായെത്തിയ കങ്കണ റണാവത്തും ആദിത്യയും ഡേറ്റിങ്ങിലാണെന്ന് 2004-ലാണ് അഭ്യൂഹം പരന്നത്. ദീര്‍ഘകാലം ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. എന്നാല്‍, പിന്നീട് ആദിത്യ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കങ്കണ ആരോപിച്ചു. കരിയറിന്റെ തുടക്കകാലത്ത് തന്നെ ആദിത്യ ബലാത്സംഗം ചെയ്തുവെന്ന് കാട്ടി 2019-ല്‍ കങ്കണ പോലീസില്‍ പരാതിയും നല്‍കി. സാമ്പത്തികമായി കങ്കണ തന്നെ ചൂഷണം ചെയ്തുവെന്ന് ആദിത്യയും പറഞ്ഞിരുന്നു.
ഒരു ഭാര്യയെന്ന നിലയില്‍ തളര്‍ന്നുപോവേണ്ട സാഹചര്യങ്ങളായിരുന്നിട്ടും, ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതിന് മാനസികമായി തയ്യാറെടുത്തിരുന്നുവെന്നാണ് സറീനയുടെ പ്രതികരണം. 'ആദിത്യയുടെ പ്രണയബന്ധങ്ങളെപ്പറ്റി എല്ലായിപ്പോഴും അറിയാമായിരുന്നു. ഞാനൊരിക്കലും അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. വീട്ടിലെത്തുമ്പോള്‍ അദ്ദേഹം എന്നോട് എങ്ങനെയാണെന്നു മാത്രമേ ഞാന്‍ ശ്രദ്ധിച്ചിരുന്നുള്ളൂ. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കി. കാരണം അത് അവനെ ഭയരഹിതനാക്കും. ആദിത്യയുടെ പ്രണയബന്ധങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു.'-സറീന പറയുന്നു.
കാമുകിമാരായ പൂജാ ബേദിയും കങ്കണ റണാവത്തും ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയതും ആരോപണങ്ങള്‍ ഉന്നയിച്ചതും അവരാഗ്രഹിച്ചത് ലഭിക്കാത്തതിന്റെ പകകൊണ്ടാണെന്ന് സറീന പറയുന്നു. 'ആദിത്യ ഒരിക്കലും ഉപദ്രവകാരിയായ ഭര്‍ത്താവായിരുന്നില്ല, മധുരഹൃദയനാണ്. ആദിത്യ ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഒന്നും ചെയ്യുന്നതില്‍ നിന്ന് എന്നെ തടഞ്ഞിട്ടില്ല. സിനിമയായാലും, യാത്രയായാലും.'-സറീന പറഞ്ഞു.
നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവുമായി ഡേറ്റിങ്ങിലായിരുന്ന കങ്കണയെപ്പറ്റിയും സറീന പറഞ്ഞു. 'കങ്കണയോട് ഞാന്‍ എപ്പോഴും നല്ല രീതിയിലാണ് പെരുമാറിയത്, അവള്‍ ആദിത്യയെ കാണാന്‍ പലപ്പോഴും വീട്ടില്‍ വന്നിരുന്നു. അവളോട് വളരെ നല്ല രീതിയിലാണ് ആദിത്യ പെരുമാറിയത്. എന്താണ് തെറ്റ് സംഭവിച്ചതെന്ന് എനിക്കറിയില്ല'.
Content Highlights: zarina wahab says she was prepared for husband aditya pancholis affairs