ഡേറ്റിങ് അഭ്യൂഹത്തിനിടെ ചഹലും ആർജെ മാഹ്വാഷും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു

കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഇൻഫ്ലുവൻസറായ ആർജെ മാഹ്വാഷും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ തുടർച്ചയായി മാഹ്വാഷ് എത്തുന്നതും പൊതുവിടങ്ങളിൽ ഒന്നിച്ചു കാണുന്നതുമെല്ലാം പ്രണയത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും അവിടുന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തതോടെ ഡേറ്റിങ് അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു. പക്ഷേ, തങ്ങൾ തമ്മിൽ അത്തരത്തിലൊരു ബന്ധമില്ലെന്നും വളരെ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്.
ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണിപ്പോൾ. സൗഹൃദം രണ്ടുപേരും അവസാനിപ്പിച്ചോയെന്ന ചർച്ചയ്ക്കും ഇത് തുടക്കമിട്ടു. നർത്തകിയായ ധനശ്രീ വർമ്മയുമായുള്ള യുസ്വേന്ദ്രയുടെ വിവാഹമോചനത്തിന് ശേഷമാണ് രണ്ടുപേരെയും ഒന്നിച്ചു കാണാൻ തുടങ്ങിയത്. അതേസമയം, വിവാഹമോചനത്തിന് കാരണക്കാരിയാണെന്നു പറഞ്ഞ് നിരന്തരം ട്രോളുകളും മാഹ്വാഷിന് ഏറ്റുവാങ്ങേണ്ടി വന്നു. തന്റെ കരിയറിനായി അവർ ചഹലിനെ ഉപയോഗിച്ചെന്നും ചിലർ ആരോപിച്ചു.
2025 ഓഗസ്റ്റിൽ, രാജ് ഷാമാനിയുടെ പോഡ്കാസ്റ്റിൽ മാഹ്വാഷിന് കടുത്ത ട്രോളിങ് നേരിടേണ്ടി വന്നതിൽ തനിക്ക് വിഷമം തോന്നിയെന്ന് ചഹൽ പറഞ്ഞിരുന്നു. ധനശ്രീയുമായുള്ള വിവാഹമോചനത്തിന്റെ ഇരുണ്ട ഘട്ടത്തിൽ നിന്ന് പുറത്തുവരാൻ തന്നെ സഹായിച്ചതും അവരാണെന്നും ചഹൽ പറഞ്ഞുവെച്ചു. 'ഹൗസ് ബ്രേക്കർ', 'ഹോം റെക്കർ' എന്നൊക്കെ ആളുകൾ അവളെ വിളിച്ചു, വളരെ മോശം വാക്കുകൾ പറഞ്ഞു, തന്നെ സഹായിച്ച കൂട്ടുകാരിയെ ഇങ്ങനെയെല്ലാം വിളിച്ചതിൽ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിൽ അവധിക്കാലമാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് ഡേറ്റിങ് അഭ്യൂഹം ശരിക്കും ശക്തമായത്. ഒന്നിച്ചുള്ള ചിത്രങ്ങളുണ്ടായിരുന്നില്ലെങ്കിലും, ഇരുവരും ഒരേ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റുചെയ്തതെന്ന് ആരാധകർ കണ്ടുപിടിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Indian cricketer Yuzvendra Chahal and RJ Mahvash have unfollowed each other on Instagram, fueling speculation that their rumored relationship has ended. Find out more.