യുവ്‌രാജ് ക്രിക്കറ്റ് താരമാണെന്ന് ഹേസലിന് അറിയുമായിരുന്നില്ല;പ്രണയത്തിനായി യുവി നടന്നത് മൂന്നുവര്‍ഷം

ബ്രിട്ടീഷ് വംശജയായ നടിയും മോഡലുമായ ഹേസല്‍ കീച്ച്. അച്ഛന്‍ ബ്രിട്ടീഷ് വംശജന്‍, അമ്മ ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തില്‍നിന്നുള്ള അംഗം. ലണ്ടനിലാണ് ഹേസല്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം. പഠിക്കുമ്പോള്‍ തന്നെ നാടകങ്ങളിലും ടി.വി സീരീസുകളിലും സജീവമായിരുന്നു അവര്‍.
2005-ല്‍ മുംബൈയില്‍ അവധിയാഘോഷിക്കാനെത്തിയ ഹേസലിനെ, ഈ നാട് പിടിച്ചുനിര്‍ത്തുകയായിരുന്നു. മോഡലിങ്ങിലും അഭിനയത്തിലും അവസരങ്ങള്‍ തേടി വന്നപ്പോള്‍, അവര്‍ മുംബൈയില്‍ തന്നെ തുടര്‍ന്നു. അജിത്തിന്റെ 'ബില്ല', സല്‍മാന്‍ ഖാന്റെ 'ബോഡിഗാര്‍ഡ്' എന്ന സിനിമയിലും അഭിനയിച്ചു. അതിനിടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവ്‌രാജ് സിങ്ങുമായി പ്രണയത്തിലാവുന്നത്. അവിടുന്നങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഇരുവരും.
2011-ലാണ് യുവ്‌രാജും ഹേസലും ആദ്യമായി കണ്ടുമുട്ടുന്നത്. അതിനെക്കുറിച്ച് പിന്നീട് യുവി വിശദീകരിച്ചതിങ്ങനെ, ''ഒരു സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലായിരുന്നുവത്. അവളുടെ മനോഹരമായ പുഞ്ചിരിയാണ് എന്നെ ആകര്‍ഷിച്ചത്. ആദ്യമൊന്നും അവളെന്നെ ശ്രദ്ധിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോഴേക്കും പരിചയമായി. 'ബോഡിഗാര്‍ഡി'ലെ അഭിനയത്തെക്കുറിച്ച് ഞാന്‍ അവളോട് സംസാരിച്ചു''. പക്ഷേ അത്രയും സംസാരിച്ചിട്ടും യുവ്‌രാജിനോട് ഹേസല്‍ താത്പര്യം കാണിച്ചില്ല. ഹേസലിന് ക്രിക്കറ്റിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യുവിയെക്കുറിച്ചും അറിയില്ലായിരുന്നു.
''എനിക്ക് ആദ്യമേ തന്നെ ഒരു ഇഷ്ടം തോന്നിയിരുന്നു. അതിനുശേഷം എത്രയോ തവണ ഒരു കോഫി ഡേറ്റിനുവേണ്ടി അവളെ ഞാന്‍ വിളിച്ചു. അതും അവള്‍ ആദ്യമൊക്കെ അവഗണിക്കാന്‍ തുടങ്ങി. പിന്നെ ചിലപ്പോഴൊക്കെ ഓകെ പറഞ്ഞു. പക്ഷേ ആ ദിവസമാകുമ്പോള്‍ മൊബൈല്‍ ഓഫ് ചെയ്തുവെക്കും, ഡേറ്റിന് വരികയുമില്ല''. അതോടെ ഹേസല്‍ മറ്റാരുമായോ പ്രണയത്തിലാണെന്ന് യുവി കരുതി. കുറച്ചുനാള്‍ ഹേസലിനോട് മിണ്ടാതെ നടന്നു.
പിന്നീടൊരിക്കല്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. മൂന്നുമാസങ്ങള്‍ക്കുശേഷമാണ് അത് ഹേസല്‍ ആക്‌സെപ്റ്റ് ചെയ്യുന്നത്. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷം മൂന്നുവര്‍ഷം കഴിഞ്ഞാണ് വീണ്ടും പരസ്പരം കാണുന്നത്. അന്ന് ഇരുവരും കുറേക്കൂടി സംസാരിച്ചു. അത് പതുക്കെ പ്രണയത്തിലുമെത്തി. 2015-ല്‍ ബാലിയിലെ ഒരു കടല്‍ത്തീരത്തുവെച്ചാണ് യുവി ഹേസലിനെ പ്രൊപോസ് ചെയ്യുന്നത്. അടുത്തവര്‍ഷം വിവാഹിതരായി. 2022-ല്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു, 2023-ല്‍ അടുത്ത കുഞ്ഞും. വിവാഹശേഷമാണ് ശരിക്കും യുവിയുടെ പ്രശസ്തി ഹേസല്‍ മനസ്സിലാക്കുന്നത്. സ്വന്തം നാടായ ഇംഗ്ലണ്ടിനെതിരെയും യുവി കളിച്ചിട്ടുണ്ടെന്ന് അറിയുന്നത് അതുംകഴിഞ്ഞാണ്.
Content Highlights: yuvraj singh hazel keech lovestory