സ്ത്രീയ്ക്ക് ലൈംഗികാനുഭവമെന്നത് ഏതാനും മിനിറ്റുകളിലെ അധ്വാനമല്ല; അതിനുമപ്പുറത്ത് വ്യാപ്തിയുള്ളതാണ്

ഒരു തൊഴിലുണ്ടായിരിക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. പല സാഹചര്യങ്ങളിലും തുടര്‍ന്നുജീവിക്കാന്‍ അതവള്‍ക്ക് ധൈര്യം നല്‍കും. പക്ഷേ, സാമ്പത്തികലാഭത്തിനപ്പുറവും ചിലതുണ്ട്. തൊഴിലില്‍നിന്നുള്ള സംതൃപ്തി, തൊഴിലിടം നല്കുന്ന സന്തോഷം, തൊഴിലിലുണ്ടാകുന്ന ഉയര്‍ച്ച ഇതൊക്കെ ആര്‍ക്കും പ്രധാനം തന്നെയാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ ഇതൊക്കെയും സ്ത്രീകളുടെ കാര്യത്തില്‍ നാലാമത്തെയോ അഞ്ചാമത്തെയോ സ്ഥാനങ്ങളില്‍ പരിഗണിക്കപ്പെടുന്നവയാണ്. ചിലപ്പോള്‍ പരിഗണിക്കപ്പെട്ടില്ലെന്നും വരാം. കുടുംബത്തിന്റെ സുസ്ഥിതിക്കും തടസ്സമില്ലാത്ത ഒഴുക്കിനുംവേണ്ടി ഇവയൊക്കെ വേണ്ടെന്നുവയ്ക്കാന്‍ സ്ത്രീകള്‍ തന്നെ തയ്യാറാകുന്നതാണ് പൊതുവേ കണ്ടുവരുന്നത്. അതിനവര്‍ നിര്ബന്ധിതരാകുകയാണെന്നതാണ് വാസ്തവം. എങ്കിലും അത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകള്‍ സ്ത്രീയുടെ മാത്രം ബാധ്യതയാണെന്ന മട്ടില്‍ ഏറ്റവും സ്വാഭാവികമായി രേഖപ്പെടുകയാണുണ്ടാവുക.
വിവാഹത്തിനുശേഷവും പഠനം തുടരാനും ജോലി നേടാനും ശ്രമിക്കുന്ന സ്ത്രീകളോട് അന്വേഷിച്ചാല്‍ പലവിധ യാതനകളുടെയും അപമാനങ്ങളുടെയും കെടുത്തല് ശ്രമങ്ങളുടെയും തുടര്‍ക്കഥകള്‍ അവര്‍ പറഞ്ഞുതരും. അതിനെയൊക്കെയും അതിജീവിച്ച് തൊഴില്‍ നേടിയാലും ഏതെങ്കിലും തരത്തില്‍ അതിലുയരുകയെന്ന സ്വപ്നംപോലും അവര്‍ അമ്പേ ഉപേക്ഷിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. തൊഴിലില്‍നിന്ന് സമ്പാദിക്കുന്നുണ്ടെങ്കില്പോലും നിരവധി ബാധ്യതകളുടെ ഭാരം അവളുടെ തലയില്‍ കൃത്യമായി എടുത്തുവയ്ക്കാന്‍ വിവാഹജീവിതത്തിന് കഴിയും. തൊഴില്‍ കിട്ടിയതും അതില്‍ തുടരാന്‍ സാധിക്കുന്നതുംതന്നെ വലിയ കാര്യമെന്ന തീര്‍പ്പില്‍ സ്ത്രീകള്‍ എത്തുകയും ചെയ്യും.
ആഘോഷദിവസങ്ങളില്പോലും സ്വന്തം വീട്ടില്‍ പോകാന്‍ താത്പര്യപ്പെടാത്ത ഒരു കൂട്ടുകാരിയോട് ഒരിക്കല്‍ ഞാന്‍ അതിന്റെ കാരണം അന്വേഷിക്കുകയുണ്ടായി. അത്തരം ദിവസങ്ങളില്‍ എടുത്താല്ത്തീരാത്ത ജോലികളുണ്ടാവും വീട്ടില്‍. സ്വന്തം വീട്ടില്‍ പോവാന്‍ ആരും ആഗ്രഹിച്ചുപോകും. ഓണം വരുന്നതാലോചിക്കുമ്പോള് ഉള്ളുകിടുങ്ങിപ്പോകുന്ന അനുഭവം എനിക്കുണ്ടായിട്ടുണ്ട്. വീടിന്റെ മുക്കും മൂലയും പറമ്പും വൃത്തിയാക്കിയും തുണികള്‍ അലക്കിയും പലവ്യഞ്ജനക്കുപ്പികളടക്കം കഴുകിയുണക്കിയും ഓട്ടുപാത്രാദികള് പുളിയിട്ടുതേച്ചും നാലുദിവസം പലതരം വിഭവങ്ങളൊരുക്കിയും ജീവിതം മടുത്തുപോകുന്ന സീസണ്കൂടിയാണ് പല സ്ത്രീകള്‍ക്കും ഓണക്കാലം.
ഞാനാണെങ്കില്‍ ഈ സവിശേഷമായ ആഘോഷാനുഭവത്തിനായി കെട്ടിപ്പെറുക്കി ഭര്‍ത്തൃഗൃഹത്തില്‍ വന്നിരിക്കയാണല്ലോ. ഓണം അനുഭവിച്ചശേഷമേ മുക്തിയുള്ളൂ. അവളുടെ കാര്യം അതല്ലല്ലോ. വീട്ടില്‍ പോകാനുള്ള അവസരമുണ്ട്. പക്ഷേ, അവള് നിര്‍വികാരമായ മുഖത്തോടെ പറഞ്ഞു: ''ഒരു മിഠായിക്കഷണമോ തുണിക്കഷണമോ എന്റെ വീട്ടിലേക്ക് വാങ്ങണമെങ്കില്‍ ഒരാഴ്ച മുന്‍പെങ്കിലും തെണ്ടാന്‍ തുടങ്ങണം. എന്റെ വീട്ടുകാരെ പരമാവധി ആക്ഷേപിച്ചശേഷം കുറച്ച് പൈസ തരും. പോവാതിരുന്നാല്‍ ഒന്നും കേള്‍ക്കണ്ടല്ലോ. അല്ലെങ്കിലും കൈയിലൊന്നുമില്ലാതെ ഓണക്കാലത്ത് സ്വന്തം വീട്ടിലേക്കായാലും പോകുന്നതെങ്ങനെ?''
അവള് ഫിസിക്സില്‍ നെറ്റ് യോഗ്യതയുള്ളവളായിരുന്നു. ഗവേഷണം ചെയ്യണമെന്നുണ്ടായിരുന്നു. പല കാരണങ്ങള്‍കൊണ്ട് നീണ്ടുപോയി. ലീവെടുത്താല്‍ അത് ശമ്പളത്തെ ബാധിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞത്രേ. നാലുവര്‍ഷം കഴിഞ്ഞാല്‍ ഒരു ചിട്ടി തീരും. വേണമെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്ന് അയാള്‍ ഉദാരനായി.
പറഞ്ഞുവന്നത് ഗവേഷണത്തെപ്പറ്റിത്തന്നെയാണ്. തുടക്കം നന്നായാല്‍ പാതി നന്നായി എന്നാണല്ലോ. തുടക്കംതന്നെ പാളിപ്പോകുന്ന ഗവേഷണ വിദ്യാര്‍ഥിനികളുണ്ട്. ഗവേഷകരായ പുരുഷന്മാര്ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുടെ എത്രയോ ഇരട്ടിയാണ് അവരെ കാത്തിരിക്കുന്നത്. വിവാഹവും ഗര്‍ഭവും പ്രസവവും കുടുംബഭാരവും തന്നെയാണ് ഇതില്‍ ഏറ്റവും മുന്നില്‍. പലരും അക്കാദമിക് സ്വപ്നങ്ങളുപേക്ഷിക്കുന്നത് അവയുടെ സമ്മര്‍ദങ്ങളാലാണ്.
പി.ജി.ക്ക് പഠിക്കുന്ന സമയത്തുതന്നെ യു.ജി.സി.യുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുള്ള അര്‍ഹത നേടിയിട്ടും അധ്യാപകപരിശീലനത്തിന് പോയതുകാരണം ഗവേഷണത്തിനുള്ള അവസരം നഷ്ടമായിരുന്നു. ഹയര്‍സെക്കന്‍ഡറിയിലെ ജോലിക്കാലത്ത് ഒന്നുരണ്ടുതവണ അതിന് ശ്രമിച്ചുനോക്കിയെങ്കിലും സാങ്കേതികമായ നൂലാമാലകളില്‍ കുടുങ്ങി.
അതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത് കോളേജില്‍ ജോലിക്ക് ചേര്‍ന്നതിനുശേഷമാണ്. പ്രമോഷന് അതൊരു യോഗ്യതാമാനദണ്ഡംകൂടിയായിരുന്നു. ഡിഗ്രിക്കാലത്തെ അധ്യാപികകൂടിയായ മാലതിട്ടീച്ചറായിരുന്നു മാര്‍ഗദര്‍ശി.
പല ഘട്ടങ്ങളിലും നിന്നുപോകുമെന്നുതോന്നിച്ച ഗവേഷണം തുടരാന്‍ ധൈര്യം നല്‍കിയത് ടീച്ചറാണ്. ഒരുപക്ഷേ, ആ സ്ഥാനത്ത് വേറാരെങ്കിലുമായിരുന്നെങ്കില്‍ അതിന്റെ പരിസമാപ്തി മറ്റൊരു തരത്തിലായേനേ എന്ന് ഇപ്പോള്‍ തോന്നുന്നു. ടീച്ചറോട് ഒരിക്കലും വിശദീകരണങ്ങള്‍ വേണ്ടിവന്നിട്ടില്ല. പല കാരണങ്ങള്‍ കൊണ്ടുണ്ടായതാണെങ്കിലും ഒരക്ഷരംപോലുമെഴുതാനാവാതെപോയ, പൊറുക്കാനാവാത്ത വലിയ ഒരിടവേളയുണ്ടായി. അതിനുശേഷം കുറ്റബോധത്തോടെ ടീച്ചറെ അഭിമുഖീകരിച്ചപ്പോഴും ''ഗര്ഭപ്രസവാദി പീഡകളൊക്കെയൊഴിഞ്ഞോ?'' എന്ന് ശാന്തമായി ചോദിക്കുകയാണ് ടീച്ചര്‍ ചെയ്തത്. വാസ്തവത്തില്‍ അതൊരു പാഠമായിരുന്നു. ഏതുപ്രശ്നത്തിനും അല്പം താമസിച്ചായാലും പരിഹാരമുണ്ട് എന്ന പാഠം. ആത്മവിശ്വാസം കൈവിടാതിരുന്നാല്‍, അധ്വാനിക്കാന്‍ മനസ്സുണ്ടായാല് തകര്‍ന്നുവീണ ഇടങ്ങളില്‍നിന്ന് തിരിച്ചുവരാമെന്ന പാഠം.
എങ്കിലും സ്വന്തം വീട്ടിലായിരുന്നെങ്കിലും അനവധി സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഗവേഷണം അധികഭാരംതന്നെയായിരുന്നു. മുലകുടി മാറാത്ത കുട്ടി, ഇരുവശങ്ങളിലേക്കുമായി എഴുപതുകിലോമീറ്ററോളം യാത്ര, ജോലിയുടെ ഉത്തരവാദിത്വങ്ങള്‍, വീട്ടിലെത്തിക്കഴിഞ്ഞാലുള്ള ജോലികള്‍... ഏറിയും കുറഞ്ഞും ഇന്നും ഇതൊക്കെ അനുഭവിക്കുന്ന ഗവേഷണ വിദ്യാര്‍ഥിനികളുണ്ട്. പലര്‍ക്കും ഗവേഷണകേന്ദ്രം താത്കാലികമായ രക്ഷാകേന്ദ്രം കൂടിയാണ്. ഗവേഷണ കാലയളവ് അവസാനിക്കുമ്പോള്‍, ഇറങ്ങിപ്പോകാനുള്ള ഒരിടംകൂടി നഷ്ടമാകുന്നവരുണ്ട്. അവരോട് ഗവേഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് സംസാരിക്കുന്നതിലും വലിയ മൗഢ്യമില്ല.
കോവിഡ് കാലത്ത് വീട്ടില്‍ കുടുങ്ങിപ്പോയ അസംഖ്യം സ്ത്രീകള്‍ക്ക് അത് എത്രത്തോളം അസുഖകരമായ അനുഭവമായിരുന്നുവെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. പുറത്തേക്കുള്ള വഴിയും ചെന്നുകയറാനുള്ള ഇടവും ഒരുപോലെ അടഞ്ഞുപോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആ അടച്ചിടല്‍ മര്‍മഭേദകമായ അനുഭവമായിരുന്നു.
ഗവേഷണവിദ്യാര്ഥിനികളില് പലരും ഗവേഷണം പൂര്‍ത്തിയാക്കാതെ വഴിയിലുപേക്ഷിക്കുകയോ അത് വര്‍ഷങ്ങള്‍ നീണ്ടുപോവുകയോ ചെയ്യുന്നത് വളരെ സാധാരണമാണ്. പുസ്തകങ്ങള്‍ വായിച്ച് പകര്‍ത്തിയെഴുത്ത് മാത്രമല്ലല്ലോ ഗവേഷണം. ചിന്തയും യുക്തിയും വിശകലനശേഷിയുമൊക്കെ ആവശ്യമാണ്. മനസ്സ് തെളിഞ്ഞതല്ലെങ്കില് സമയവും സ്ഥലവുമൊക്കെയുണ്ടായിട്ടെന്താണ് കാര്യം?
ഗര്‍ഭിണിയാകുന്നതിന് മുന്‍പ് കണ്ടിരുന്ന ഉട്ടോപ്യന്‍ കനവുകളെക്കുറിച്ചോര്ത്ത് പിന്നീട് എനിക്കുതന്നെ ചിരിവന്നിട്ടുണ്ട്. എന്റെ കുഞ്ഞിന്റെ സന്തോഷംകെടുത്തുന്ന യാതൊന്നും ഞാന്‍ ചെയ്കയില്ല, വയറ്റിലുള്ളപ്പോഴും ജനിച്ചുകഴിഞ്ഞാലും പറ്റാവുന്ന എല്ലാസൗഭാഗ്യങ്ങളും സൗകര്യങ്ങളും നല്‍കണം - അങ്ങനെയങ്ങനെ. യാഥാര്‍ഥ്യങ്ങളോട് ഏറ്റുമുട്ടുമ്പോള്‍ തകരാവുന്ന ചില്ലുകളേ എല്ലാ സ്വപ്നങ്ങള്ക്കുമുള്ളൂ. വാസ്തവത്തില്‍, ഉദ്യോഗസ്ഥയായ ഒരു അമ്മയ്ക്ക് നമ്മുടെ സമൂഹത്തില്‍ എന്തുതരം പിന്തുണയാണ് ലഭിക്കുന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പക്ഷേ, അവള്‍ക്ക് നിഷേധിക്കപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഏതാണെന്നതില്‍ സംശയമേയില്ല. വിനോദവും വിശ്രമവുമാണവ. അവ കൈപ്പറ്റാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമായേക്കും ചിലപ്പോള്‍ - വീട്ടിലെത്തി പറ്റാവുന്ന ജോലികള്തീര്ത്ത് കുഞ്ഞിനെ ഏറ്റെടുത്ത് അതിനെ ഉറക്കിയിട്ടുവേണ്ടിയിരുന്നു എനിക്ക് പിറ്റേന്നത്തേക്കുള്ള തയ്യാറെടുപ്പും ഗവേഷണത്തിനുള്ള വായനകളും എഴുത്തുമൊക്കെ നടത്താന്‍.
പകല്‍മുഴുവന്‍ കുഞ്ഞുമായി മല്ലിടുകയും വീട്ടുജോലികളില്‍ ഭൂരിഭാഗവും ചെയ്യേണ്ടിവരികയും ചെയ്യുന്ന അമ്മയെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതും നീതിയല്ല. ഒരാളിനെ സഹായത്തിന് നിര്‍ത്തണമെങ്കില്‍ അതിന് പണം ചെലവാക്കണം. അനുമതി ഭര്‍ത്താവില്‍നിന്ന് ലഭിച്ചിട്ടുമില്ല. കുഞ്ഞിന് അസുഖങ്ങള്വരുന്നതോ അവള് അകാരണമായി വാശിപിടിക്കുന്നതോആയ ദിവസങ്ങളില്‍ ഞാന്‍ പുസ്തകവും പേനയും മാറ്റിവെച്ച് ഉറക്കമിളച്ചു. എഴുതാനാവുന്നില്ല, വായിക്കാനാവുന്നില്ല എന്നിങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ കൂടിയായപ്പോള്‍ നിസ്സഹായയായി പൊട്ടിത്തെറിച്ചു. ചിലനേരം അഗാധമായ കുറ്റബോധത്തില്‍ വീണു. നേരത്തേ സൂചിപ്പിച്ചതുപോലെ ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ എനിക്ക് ഗവേഷണം ചെയ്യണമെന്നതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതിന്റെ കുറ്റബോധമായിരുന്നു അത്. കുറച്ചുനേരമെങ്കിലും അമ്മയ്ക്കൊപ്പമായിരിക്കുകയെന്നത് പകല്‍മുഴുവന്‍ പിരിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ അവകാശമാണ്. കിട്ടുന്ന അല്പസമയമത്രയും പുസ്തകങ്ങളിലായിരിക്കുകയെന്നത് അതിനോട്ചെയ്യുന്ന അനീതിയാണെന്ന് എനിക്കുതോന്നി.
പ്രസവാനന്തരമുണ്ടായ വിഷാദം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കാം. ഇത്രയും പ്രയാസപ്പെട്ട് എന്തിനാണ് ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നത് എന്ന ചോദ്യവും വന്നു. ഉപേക്ഷിക്കാവുന്നത് ഗവേഷണം മാത്രമാണ്. ആകെ കലുഷിതമായിരിക്കുന്ന അവസ്ഥകളില്‍ വൈകാരികമായ പിന്തുണ പ്രതീക്ഷിക്കുന്നത് പങ്കാളിയില്‍ നിന്നാണ്. അതുണ്ടായില്ല എന്നുമാത്രമല്ല, ഗവേഷണം അനാവശ്യമായ ഒരു പൊങ്ങച്ചമാണ് എന്ന അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
അദ്ദേഹം മാസത്തില്‍ ഒന്നോ രണ്ടോ തവണകള്‍ മാത്രം എത്തിച്ചേരുന്ന സന്ദര്‍ശകനായി രൂപാന്തരപ്പെട്ടു. കണ്ണകന്നാല്‍ മനസ്സകലും എന്നൊരു പഴഞ്ചൊല്ല് എന്നെ ഇടക്കിടെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ ബന്ധത്തില്‍ അത്തരമൊരു രാസപരിണാമമുണ്ടാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരു മുറിവും ഉണങ്ങുന്നില്ല, അയഞ്ഞ കെട്ടുകളൊന്നും മുറുകുന്നില്ല. സാധാരണഗതിയില്‍ ദമ്പതികള്‍ക്കിടയിലുള്ള ആരോഗ്യകരമായ ലൈംഗികത പല പ്രശ്നങ്ങളെയും ഉരുക്കിക്കളയാന്‍ പര്യാപ്തമാണ്. പക്ഷേ, ഇന്ത്യന്‍ വിവാഹങ്ങളില്‍ പലപ്പോഴും ഇതൊരു കെട്ടുകഥയാണ്. സീസണല്‍ ദാമ്പത്യങ്ങളില്‍ ലൈംഗികത ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന ഒന്നാണെന്ന ഒരു പൊതുധാരണയുണ്ട്. അത്യാവശ്യംനീണ്ട ഒരു ഇടവേള അത്തരം ബന്ധങ്ങളുടെ കെട്ടുറപ്പ് വര്‍ധിപ്പിക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷേ, ഒരുമാസം ശാരീരികബന്ധം ഉണ്ടായിട്ടില്ല എന്നതുകൊണ്ട് അതങ്ങനെ ആവേശകരമായി സ്വീകരിക്കപ്പെടണമെന്നില്ല എന്നതാണ് വാസ്തവം. പുരുഷനെ സംബന്ധിച്ചിടത്തോളം അത് ഒരു പക്ഷേ, ഏറെക്കുറെ ശരിയാവാം.
ലൈംഗികജീവിതത്തിലുണ്ടായ ഇടവേളയുടെ ദൈര്‍ഘ്യത്തെക്കാള്‍ അതിന് മുന്‍പും പിന്‍പും തന്റെ പങ്കാളി തന്നോട് ഏതുവിധമാണ് പെരുമാറിയിരുന്നതെന്നതാണ് സ്ത്രീ ഓര്‍ത്തുവയ്ക്കുക. അയാളുടെ മനസ്സിലും ജീവിതത്തിലും തന്റെ സ്ഥാനം എന്താണെന്ന് തിരിച്ചറിയാന്‍ അവളെ സഹായിക്കുന്നത് അയാളുടെ രീതികളും സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും ശൈലികളും തന്നെയാവാം. അവള്‍ക്ക് അവന് ഏറ്റവും ആകര്ഷണീയനായിത്തോന്നുന്നതിന്റെ രസതന്ത്രം അതാണ്.
സ്ത്രീയ്ക്ക് ലൈംഗികാനുഭവമെന്നത് ഏതാനും മിനിറ്റുകളിലെ അധ്വാനമല്ല; അതിനുമപ്പുറത്ത് വ്യാപ്തിയുള്ളതാണ്. തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും വൈകാരിക സമ്മര്‍ദങ്ങളില്‍ അകപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ഒരാള്‍ക്കൊപ്പമുള്ള ശാരീരികബന്ധം എത്രവലിയ ഇടവേളയ്ക്കുശേഷമായിരുന്നാലും ആവേശത്തോടെ സ്വീകരിക്കുക അസാധ്യമാണെന്നാണ് അനുഭവം. അല്ലെങ്കില്‍ അതിനെ ഒരു ശരീരാനുഭവമായി മാത്രം കാണണം. ഭൂരിപക്ഷം സ്ത്രീകള്‍ക്കും അത് അസാധ്യമായ ഒന്നാണ്.
ആര്‍ത്തവദിവസങ്ങളിലും ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയത്തുമൊക്കെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികളുടെ വ്യക്തിപരമായ ഇഷ്ടവും തിരഞ്ഞെടുപ്പുമാണ്. പക്ഷേ, അത് ഒരു തരത്തിലും ഏകപക്ഷീയമാവരുത്. ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളെ വിവേകത്തോടെ ഒരുമിച്ച് നേരിടുകയോ പരിഹരിക്കുകയോ ചെയ്യാതെ ശാരീരികബന്ധത്തിന് ശ്രമിക്കുന്നത് മനുഷ്യത്വമല്ല. സ്വന്തം ഭര്‍ത്താവിനെ അക്കാര്യത്തിലുള്ള എതിര്‍പ്പ് അറിയിക്കാനാവാതെ വൈവാഹിക ബലാല്‍സംഗത്തിനിരയാവുന്ന നിരവധി സ്ത്രീകളുള്ള ഇടത്താണ് നാം ജീവിക്കുന്നത്.
സങ്കീര്‍ണമായ ഒരുസിസേറിയന് പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ച് കുറച്ചുകൂടി ആരോഗ്യകരമായി അത്തരം വിസമ്മതങ്ങളെ കാണുന്നതിനുപകരം ഭര്‍ത്താവ് എത്തിച്ചേര്‍ന്നത് മറ്റൊരു തീര്‍പ്പിലായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഒരുദിവസം മുഴുവന്‍ നശിച്ചുപോകുന്ന അവസ്ഥയുണ്ടായിത്തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകമായ അവസ്ഥയതായിരുന്നു. പോകെപ്പോകെ അത്തരം ദിവസങ്ങളെയും ആ അനുഭവത്തെയും ഞാന്‍ ഭയന്നു.
പങ്കാളിയായ സ്ത്രീയുടെ മനസ്സ് അറിയാതെ പോകുന്നതാണ് പുരുഷന്റെ പരാജയം. അത് ഏറ്റവും നന്നായി അറിയാമെങ്കിലും ആ പരാജയത്തിന്റെ ബാധ്യതകള്‍ സ്ത്രീയുടെ തലയില്വയ്ക്കാന് അവന് വാസനകൂടും. ഇന്ത്യന്‍ മണവാട്ടിമാര്‍ ഏറ്റവും ഭീകരമായി കണ്ടീഷന്‍ ചെയ്യപ്പെടുന്നത് ഇക്കാര്യത്തിലാണ്. നമുക്കതേപ്പറ്റി വീണ്ടും പറയേണ്ടിവരും.
പുരുഷന്റെ ആവശ്യം ഏതുവിധത്തിലും നിറവേറ്റിയാല്‍ കലഹങ്ങളില്ലാതെ ദിവസങ്ങള്‍ വെടിപ്പായിക്കിട്ടിയേക്കും. വിവേകശാലികളായ ഭാര്യമാര്‍ കാലങ്ങളായി അത്തരമൊരു നിലപാട് എടുത്തുവരികയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞാനത്ര വിവേകശാലിയായിരുന്നില്ല എന്നുമാത്രം. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് വന്നപ്പോള്‍ എന്റെ ഭര്‍ത്താവ് ഞങ്ങളുടെ കുടുംബം വലുതാകുന്നതിനെക്കുറിച്ച് വീണ്ടും സംസാരിച്ചു. രണ്ട് കുട്ടികള്‍ അടുപ്പിച്ചടുപ്പിച്ചുണ്ടായാല് അവരൊന്നിച്ച് വളരുമെന്ന സിദ്ധാന്തമാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിരിച്ചു തള്ളിയെങ്കിലും അതദ്ദേഹം തമാശയ്ക്ക് പറഞ്ഞതല്ല എന്ന് മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല. ഗവേഷണം പൂര്‍ത്തിയായിട്ട് അടുത്ത കുട്ടി എന്ന് ഞാനും അഭിപ്രായം പറഞ്ഞു.
അതായിരുന്നു ഏറെ വര്‍ഷം നീണ്ട മറ്റൊരു യുദ്ധത്തിന്റെ ആരംഭം.
Content Highlights: writer r rajasree column