ശ്രീദേവി മരിച്ച സമയം; ജാൻവിക്കായി ലണ്ടനിലെ പഠനം നിർത്തി കാമുകൻ നാട്ടിലെത്തിയതിന് കാരണമിതാണ്

ജാൻവി കപൂർ, ശിഖർ പഹാരിയ | Instagram
ജാൻവി കപൂർ, ശിഖർ പഹാരിയ | Instagram

വർഷങ്ങളായി പ്രണയത്തിലാണ് നടി ജാൻവി കപൂറും ശിഖർ പഹാരിയയും. വളരെ ചെറുപ്പംമുതലേയുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. 15 വയസ്സ് മുതലുള്ള അടുപ്പം. പിന്നീട് പ്രണയത്തിലായെങ്കിലും, ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റമായപ്പോഴേക്കും ഇരുവരും പിരിഞ്ഞിരുന്നു. എന്നാൽ, അധികം വൈകാതെ വീണ്ടും ഒരുമിച്ചു.

ശിഖറിനെ എപ്പോഴും തന്റെ 'സേഫ് പ്ലേസ്' എന്നാണ് ജാൻവി വിശേഷിപ്പിക്കാറുള്ളത്. കൂടാതെ പല അവസരങ്ങളിലും 'ശിഖു' എന്ന് പേരുള്ള മാലയണിഞ്ഞ് ജാൻവി എത്താറുമുണ്ട്. ജാൻവിയുടെ പിതാവ് ബോണി കപൂറും ശിഖറിനോടുള്ള തന്റെ അഗാധമായ സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. കുടുംബത്തിന് എപ്പോഴും വലിയൊരു താങ്ങായി ശിഖർ കൂടെയുണ്ടെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ട്.

തന്റെ അമ്മ ശ്രീദേവി മരിച്ചപ്പോൾ, ശിഖർ എങ്ങനെയാണ് തനിക്കൊപ്പം താങ്ങായി നിന്നതെന്ന് പറയുകയാണ് ജാൻവി ഇപ്പോൾ. 'കോഫി വിത്ത് കരണി'ൽ അതിഥിയായെത്തിയപ്പോഴായിരുന്നു ജാൻവിയുടെ മനസ്സുതുറക്കൽ.

സംഭാഷണത്തിനിടയിൽ, അക്കാലത്ത് ശിഖർ ജാൻവിക്ക് പിന്തുണ നൽകുന്നത് കണ്ട കാര്യം കരൺ ജോഹർ അനുസ്മരിച്ചു. അക്കാലത്ത് ഇരുവരും ഔദ്യോഗികമായി പ്രണയബന്ധത്തിലായിരുന്നില്ല. ശിഖർ തന്നെയായിരിക്കും തന്റെ ജീവിതപങ്കാളിയാകുക എന്ന് നേരത്തെ തന്നെ അറിയാമായിരുന്നോ എന്ന് കരൺ ചോദിച്ചപ്പോൾ, വളരെക്കാലത്തിന് ശേഷം മാത്രം താൻ അറിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് ജാൻവി സംസാരിച്ചു.

''അവനന്ന് ലണ്ടനിൽ പഠിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവൻ ഒരു സെമസ്റ്ററിന്റെ പകുതിയോളം അവധിയെടുത്ത് ബോംബെയിലേക്ക് വന്നു. അന്ന് അവൻ തന്റെ അച്ഛനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട്, വളരെക്കാലത്തിന് ശേഷമാണ് ഞാൻ അറിയുന്നത്, അവൻ ഏകദേശം ഒരു മാസത്തോളം ജുഹുവിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരുന്നു എന്ന്. ഞാൻ അവനെ ദിവസവും കാണുമായിരുന്നു എന്നല്ല, പക്ഷേ 'അവൾക്ക് എന്നെ ആവശ്യമായി വന്നാലോ, അതുകൊണ്ട് എനിക്ക് അവളുടെ അടുത്തായിരിക്കണം' എന്ന് കരുതിയാണ് അവൻ അങ്ങനെ ചെയ്തതെന്ന് പിന്നീടെനിക്ക് മനസ്സിലായി'', ജാൻവി പറയുന്നു.

വ്യവസായിയും പോളോ പ്ലെയറുമാണ് ശിഖർ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുശീൽ കുമാർ ഷിൻഡെയുടെ പേരക്കുട്ടി കൂടിയാണ് ശിഖർ.

അമ്മ മരിച്ചത് അറിഞ്ഞ നിമിഷത്തെക്കുറിച്ചും ജാൻവി പരിപാടിയിൽ ഓർത്തെടുത്തു. ''ആ ഫോൺ കോൾ വരുമ്പോൾ ഞാൻ എന്റെ മുറിയിലായിരുന്നു. ഖുഷിയുടെ മുറിയിൽ നിന്ന് ഉറക്കെ കരയുന്ന ശബ്ദം കേൾക്കാമായിരുന്നു. ഞാൻ അലറിക്കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടിക്കയറി എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ എനിക്ക് കൃത്യമായി ഓർമ്മയുള്ളത് ഇതാണ്, എന്നെ നോക്കിയ നിമിഷം തന്നെ അവൾ കരച്ചിൽ നിർത്തി. അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി, എന്റെ അരികിലിരുന്ന് എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി. അതിനുശേഷം അവൾ കരയുന്നത് ഞാൻ കണ്ടിട്ടേയില്ല''. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഭർത്താവ് ബോണിക്കൊപ്പം ഹോട്ടൽമുറിയിലായിരുന്നു താമസം. ബാത്ത്‌റൂമിൽ കയറി കുറേ കഴിഞ്ഞിട്ടും ശ്രീദേവി പുറത്തിറങ്ങിയില്ല. വിളിച്ചിട്ടും കേൾക്കാതായപ്പോൾ, അകത്തു കയറിനോക്കി. ബാത്ത് ടബ്ബിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shikhar Pahariya left his studies in London temporarily to be close to Janhvi Kapoor after Sridevi's passing., Janhvi revealed details about Shikhar's steadfast support during Koffee with Karan., Boney Kapoor and the family share a warm bond with Shikhar Pahariya