മാസങ്ങളുടെ ഡേറ്റിങ്ങിനുശേഷം ധനുഷും മൃണാളും പിരിഞ്ഞെന്ന് റിപ്പോർട്ടുകൾ

താരങ്ങളായ മൃണാൾ താക്കൂറും ധനുഷും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായിരുന്നു. മൃണാൾ നായികയായ 'സൺ ഓഫ് സർദാർ 2' എന്ന ചിത്രത്തിന്റെ പ്രീമിയറിന് ധനുഷ് എത്തിയപ്പോഴാണ് ഗോസിപ്പുകൾക്ക് തുടക്കംകുറിച്ചത്. എന്നാൽ അജയ് ദേവ്ഗണിന്റെ ക്ഷണപ്രകാരമാണ് ധനുഷ് എത്തിയതെന്ന് പിന്നീട് മൃണാൾ തന്നെ വെളിപ്പെടുത്തി. ധനുഷും താനും നല്ല സുഹൃത്തുക്കളാണെന്നും അന്ന് മൃണാൾ പറഞ്ഞു.
തൊട്ടുപിന്നാലെ ധനുഷ് നായകനായ 'തേരെ ഇഷ്‌ക് മേം' എന്ന ചിത്രത്തിന്റെ നിർമാതാവ് കനിക ധില്ലൻ ഒരുക്കിയ പാർട്ടിയിൽ മൃണാൾ പങ്കെടുത്തത് അഭ്യൂഹങ്ങൾക്ക് കൂടുതൽ ഊർജം പകർന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. മൃണാളിനോട് അടുത്തവൃത്തങ്ങൾ അത് നിഷേധിച്ചുകൊണ്ട് പിന്നാലെ രംഗത്തെത്തി. മൃണാൾ ഉടനെ വിവാഹം കഴിക്കുന്നില്ലെന്നും, ഇപ്പോൾ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും അവർ വിശദീകരിച്ചു. അത്തരം വാർത്തകളെ മൃണാൾ പരിഹാസത്തോടെ നേരിട്ടതിങ്ങനെ, ''ഇന്നെന്റെ ഹൽദിയാണ്. നാളെ സംഗീത്. പോവുന്നതിനുമുമ്പ് ഭക്ഷണം കഴിക്കണേ''.
അതിനിടെ 'ദോ ദീവാനേ ശെഹർ മേം' എന്ന സിനിമയുടെ പ്രൊമോഷനിടയിൽ സഹതാരം സിദ്ധാന്ത് ചതുർവേദിയും മാധ്യമപ്രവർത്തകരും ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിച്ച് മൃണാളിനെ കളിയാക്കുകയും ചെയ്തു. അന്ന് മൃണാളിന്റെ നാണത്തോടെയുള്ള ചിരി കണ്ടവരെല്ലാം ധനുഷുമായുള്ള ബന്ധം സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാലിപ്പോൾ ധനുഷും മൃണാളും പിരിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. താരങ്ങൾ പിരിഞ്ഞുവെന്ന് ഫിലിംഫെയർ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും വേർപിരിഞ്ഞെന്ന് താരങ്ങളുമായി അടുപ്പമുള്ളവരാണ് അറിയിച്ചതെന്നും പറയപ്പെടുന്നു. അവരുടെ വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. ധനുഷും മൃണാളും ഒരിക്കലും തങ്ങളുടെ ബന്ധം ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, നേരത്തെ 'ന്യൂസ് 18 ഷോഷ' മൃണാൾ-ധനുഷ് ബന്ധത്തെക്കുറിച്ച് ഒരു വാർത്ത പുറത്തുവിട്ടിരുന്നു. ''അതെ, അവർ ഡേറ്റിങ്ങിലാണെന്നത് സത്യമാണ്. പക്ഷേ പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ മുന്നിൽ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അവർക്ക് പദ്ധതിയില്ല. അവരുടെ മൂല്യങ്ങൾ, തിരഞ്ഞെടുപ്പുകൾ, ചിന്തകൾ എന്നിവയുടെ കാര്യത്തിൽ ഇരുവർക്കും ഒട്ടേറെ സാമ്യങ്ങളുമുണ്ട്''.
'കാര' എന്ന ചിത്രമാണ് ധനുഷിന്റെ അവസാനറീലിസ്. ഇപ്പോൾ 'ഓം-ചാപ്റ്റർ 1: ഉധിരം: ദ ബ്ലഡ് വുഡ്' എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. പൂജ മേരി ജാൻ, റാക്ക എന്നിവയാണ് മൃണാളിന്റേതായി ഇനി റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reports from Filmfare confirm the separation of Dhanush and Mrunal Thakur. The couple never officially confirmed their relationship despite months of media speculation