വിജയ്-സംഗീത വിവാഹമോചനക്കേസ്: ‘ആവശ്യമെങ്കിൽ നടിയെ കേസിൽ രണ്ടാം പ്രതിയായി ചേർക്കും’

വിജയ‌്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം ചെങ്കൽപട്ട് കുടുംബ കോടതിയിലാണ് ഇവരുടെ  വിവാഹമോചന ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ കേസ് പരിഗണിക്കുന്നത് ജൂൺ 15-ലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. അടുത്ത തവണ വാദം കേൾക്കുമ്പോൾ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ അനുവദിക്കണമെന്ന് വിജയ‌്‌യുടെ അഭിഭാഷകർ ആവശ്യപ്പെടുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തതായി വാർത്തകൾ വന്നിരുന്നു.

ഇതിന് സംഗീതയുടെ ഭാഗത്തുനിന്ന് എതിർപ്പുകളൊന്നും ഉണ്ടായില്ല. ജൂൺ 15-ന് സംഗീതയും വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകും.

2025 ഡിസംബറിലാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ്‌ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ഹർജിയിൽ സംഗീത ആരോപിക്കുന്നു. കൂടാതെ, വിജയ് തന്നെ "നിരന്തരമായ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും, അവഗണിച്ചെന്നും, ഉപേക്ഷിച്ചെന്നും" സംഗീത ആരോപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ബന്ധപ്പെട്ട നടിയെ കേസിൽ രണ്ടാം പ്രതിയായി ചേർക്കുമെന്നും സംഗീത പറഞ്ഞതായി പിടിഐ (PTI) റിപ്പോർട്ട് ചെയ്യുന്നു. വിവാഹമോചനത്തോടൊപ്പം, തന്റെ ഭർതൃഗൃഹത്തിൽ താമസിക്കാനുള്ള അവകാശവും വിജയ്‌യിൽ നിന്ന് സ്ഥിരമായ ജീവനാംശവും (Alimony) സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യം കേസ് ഫെബ്രുവരി 26-നാണ് കോടതി പരിഗണിച്ചത്. പിന്നീട് ഏപ്രിൽ 20-ലേക്ക് മാറ്റി, ഇപ്പോൾ വീണ്ടും നീട്ടിവെക്കുകയാണുണ്ടായത്.

1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ചായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ക്രിസ്ത്യൻ മതവിശ്വാസിയായ വിജയ്‌യും ഹിന്ദുവായ സംഗീതയും പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്.

ഒരു വർഷത്തിന് ശേഷം, 2000 ഓഗസ്റ്റ് 26-ന് ഇവർക്ക് ആദ്യത്തെ കണ്മണിയായി ജേസൺ സഞ്ജയ് ജനിച്ചു. 2005-ൽ മകൾ ദിവ്യ സാഷയും ജനിച്ചു. തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളുടെ ഭാര്യയായിരുന്നിട്ടും സംഗീത അധികവും മാധ്യമശ്രദ്ധയിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നു നിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Chengalpattu Family Court adjourned the divorce hearing to June 2026., Both parties are permitted to attend via video conferencing., Sangeetha alleges infidelity and mental harassment in her petition., Sangeetha seeks permanent alimony and right to reside in the matrimonial home., Possibility of naming a third party as a secondary defendant in the case.