'ലോകം മുഴുവൻ എതിരായാലും ഞങ്ങളൊരുമിച്ച്, ജീവിതത്തിലെ മനോഹരകാര്യമാണ് അവൾ; എനിക്കവനോട് ഒബ്സഷനാണ്'

താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അതിഥികളായെത്തിയ 'കോഫി വിത്ത് കരൺ' പരിപാടിയുടെ എപ്പിസോഡ് ഏറെ ചർച്ചയായിരുന്നു. അതിൽ വിജയ് പറഞ്ഞ പല കാര്യങ്ങളും പിന്നീട് വിവാദമായി. വിജയ് 'റെഡ് ഫ്ളാഗ്' ആണെന്നും രശ്മികയോട് തീരെ ബഹുമാനമില്ലെന്നുമൊക്കെ ആരോപിച്ചുകൊണ്ടുള്ള പല സോഷ്യൽമീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. അതിനോടൊന്നും രശ്മികയോ വിജയ്യോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
അതിനിടെ വിജയ് ഇൻസ്റ്റഗ്രാമിൽ രശ്മികയെ അൺഫോളോ ചെയ്തുവെന്നും അവർക്കിടയിൽ പ്രശ്നങ്ങൾ രൂപപ്പെട്ടുവെന്നും ചിലർ പറഞ്ഞുപരത്തി. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.
പരിപാടിയെക്കുറിച്ച് ഇൻഫ്ളുവൻസറായ അനിരുദ്ധ് നാരായണം തയ്യാറാക്കിയ സറ്റൈറിക്കൽ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയാണ് വിജയ് ചെയ്തത്. 'ഷോയെ വിശകലനം ചെയ്യുന്ന ഇൻസ്റ്റാഗ്രാം മനഃശാസ്ത്രജ്ഞർ!' എന്ന് പേരിട്ടിരിക്കുന്ന ഈ റീലിൽ, ഒരു സ്ത്രീ നടനെതിരെ പല കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിക്കുന്നുണ്ട്. സോഫയുടെ വലതുവശത്ത് ഇരുന്നത്, അദ്ദേഹത്തിന്റെ അരികിൽ കോഫി കപ്പ് ഉള്ളപ്പോൾ രശ്മികയുടെ കൈയിൽ അതില്ലാതിരുന്നത്, ചില സന്ദർഭങ്ങളിൽ അദ്ദേഹം രശ്മികയെ നോക്കിയ രീതി എന്നിവയെല്ലാം ഇതിൽ വിമർശന വിഷയമാകുന്നു. ഇദ്ദേഹം അമിതമായ ആത്മരതി ഉള്ളവനും പുരുഷാധിപത്യ മനോഭാവമുള്ളവനുമാണെന്ന് ആരോപിക്കുന്ന അവർ, ഇദ്ദേഹമൊരു 'റെഡ് ഫ്ളാഗ്' ആണെന്നും പറയുന്നു. ഇൻസ്റ്റാഗ്രാമിൽ രശ്മികയെ ഫോളോ ചെയ്യാത്തതിനും അദ്ദേഹത്തിനെതിരെ വിമർശനമുണ്ട്. ഈ റീലിലൂടെ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് വിജയ് മറുപടി പറയുകയായിരുന്നു.
അതിനുപിന്നാലെ വിജയ് ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു, ''എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ ഭാര്യ, എന്റെ പങ്കാളി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്-അവളെ കണ്ടെത്തിയതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്.
ഞങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് പറയട്ടെ, ഞങ്ങൾ രണ്ടുപേരും അതീവ സന്തോഷവാന്മാരാണ്. ഞാൻ അനുഗ്രഹീതനാണ്. ലോകം മുഴുവൻ എതിരായാലും, ഞാനും അവളും ഒരുമിച്ചുണ്ടാകും-അങ്ങനെ തന്നെയാകട്ടെ. സ്നേഹത്തെയും, സന്തോഷത്തോടെ ലളിതമായി ജീവിക്കുന്നതിനെയും ആഘോഷിക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹം''.
രശ്മികയും ഇതിനെതിരെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. എട്ടുപേജുള്ള പ്രസ്താവനയാണ് രശ്മിക പങ്കുവെച്ചത്.
വിവാഹത്തിന് മുൻപ് തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ വിജയ് എന്തുകൊണ്ട് സമയം ചോദിച്ചു, അവർ എങ്ങനെ ഒരുമിച്ച് ആ തീരുമാനത്തിലെത്തി, തങ്ങളുടെ ബന്ധം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാൻ പുറത്തുനിന്നുള്ളവരെ അനുവദിക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രശ്മിക തുറന്നു സംസാരിച്ചു. കൂടാതെ, തന്റെ കുടുംബത്തെയും ഈ ചർച്ചയിലേക്ക് വലിച്ചിഴക്കുന്നവർക്ക് മറുപടി നൽകിയ താരം, അവരുടെ അഭിപ്രായങ്ങൾ കരുതൽ എന്നതിലുപരി ബുള്ളിയിങ് തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും വ്യക്തമാക്കി.
പൊതു അഭിപ്രായങ്ങളോട് താൻ അപൂർവ്വമായേ പ്രതികരിക്കാറുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് രശ്മിക തുടങ്ങിയത്. കാരണം, ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടുകൾ വെച്ചുപുലർത്താൻ അവകാശമുണ്ട്. എന്നാൽ, തങ്ങളുടെ അഭിമുഖത്തോടുണ്ടായ പ്രതികരണങ്ങൾ കണ്ടപ്പോൾ, എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുന്നതിനേക്കാൾ ഉപരിയായി, കുറ്റപ്പെടുത്താനാണ് ആളുകൾക്ക് താത്പര്യമെന്ന് തോന്നി. വിവാഹാഭ്യർത്ഥന എത്ര തവണ നടത്തേണ്ടി വന്നു എന്നതിനെക്കുറിച്ചോ, വിവാഹം കഴിക്കാൻ തീരുമാനമെടുക്കാൻ എത്ര സമയമെടുത്തു എന്നതിനെക്കുറിച്ചോ ആയിരുന്നില്ല ആ സംഭാഷണമെന്ന് രശ്മിക വ്യക്തമാക്കി.
വിവാഹത്തിന് മുൻപ് സമയം എടുക്കാനുള്ള വിജയ്യുടെ തീരുമാനം, പരസ്പരം കൂടുതൽ നന്നായി മനസ്സിലാക്കാൻ വേണ്ടിയുള്ളതാണെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ ബന്ധത്തെ ന്യായീകരിച്ചുകൊണ്ട്, ''എന്റെ പങ്കാളിയോട് എനിക്ക് അതിയായ സ്നേഹമുണ്ട്. എനിക്ക് അവനോട് ഒബ്സഷനുണ്ട്. അതെന്നുമുതലാണ് മോശമായ കാര്യമായത്?'' എന്ന് അവർ ചോദിച്ചു. പ്രയാസകരമായ ഘട്ടങ്ങളിൽ വിജയ് നൽകിയ പിന്തുണയെക്കുറിച്ചും രശ്മിക എടുത്തുപറഞ്ഞു.
തനിക്ക് എന്താണ് വേണ്ടതെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും, എന്നാൽ ഇത്രയും വലിയൊരു തീരുമാനമെടുക്കുന്നതിന് മുൻപ് പ്രായോഗിക വശങ്ങളെക്കുറിച്ച് ആലോചിക്കാനാണ് വിജയ് ഇഷ്ടപ്പെട്ടതെന്നും രശ്മിക പറഞ്ഞു. ഈ വ്യത്യാസത്തിൽ ഒരു പ്രശ്നവുമില്ലെന്ന് അവർ വ്യക്തമാക്കി. താൻ പലപ്പോഴും മനസ്സ് പറയുന്നതനുസരിച്ച് പ്രവർത്തിക്കുമ്പോൾ, വിജയ് കാര്യങ്ങളെ കൂടുതൽ ചിന്താപൂർവ്വം സമീപിക്കുന്നു. ജീവിതത്തോടുള്ള അവരുടെ ഈ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്, ഒരു ദമ്പതികളെന്ന നിലയിൽ അവർ തമ്മിൽ നന്നായി ഒത്തുപോകാൻ സഹായിക്കുന്നതെന്ന് അവർ കരുതുന്നു.
വിവാഹം എന്നത് ഒരിക്കലും ഒരു വലിയ വിവാഹാഭ്യർത്ഥനയോ, മോതിരമോ, അല്ലെങ്കിൽ നാടകീയമായ ഒരു നിമിഷമോ ആയിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അവർക്ക് പ്രധാനമായിരുന്നത് ഒരുമിച്ച് കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച ജീവിതമായിരുന്നു. തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രശ്മിക ഇങ്ങനെ കുറിച്ചു, ''ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തു''. താരങ്ങൾ ഒരുമിച്ച 'രണബാലി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖമാണ് ഇപ്പോൾ വിവാദത്തിലായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda and Rashmika Mandanna addressed social media backlash following their interview., Vijay shared a satirical video to counter claims of being a 'red flag' and unfollowing rumors., Rashmika penned an 8-page statement defending their relationship and slamming cyberbullying.