‘മനുഷ്യർക്ക് ഒരിക്കലും മതിയാവില്ലെന്ന് പറയാറുണ്ട്, എന്നാൽ കഴിഞ്ഞ പത്തു മാസത്തിനിടെ അങ്ങനെ തോന്നിയില്ല’

ബോളിവുഡിലെ പ്രിയ ദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. മകന്റെ വരവോടെ ജീവിതത്തിലുണ്ടായ മനോഹരമായ മാറ്റങ്ങളെക്കുറിച്ചും പിതൃത്വം നൽകുന്ന സന്തോഷത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് വിക്കി കൗശൽ.

ഹരിത് സവേരി ജ്വല്ലേഴ്സിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മകനൊപ്പമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളെക്കുറിച്ച് താരം വൈകാരികമായി സംസാരിച്ചത്. "മകനൊപ്പമുള്ള ഭാര്യയുടെ സന്തോഷവും കുഞ്ഞിന്റെ കൊഞ്ചലുകളും കാണുമ്പോൾ ആ നിമിഷം അവിടെ നിന്നുപോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. ആ സന്തോഷം കുറച്ചുകൂടി നീണ്ടുനിന്നിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കും. അതൊരു അവിശ്വസനീയമായ അനുഭവമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ അത് നിങ്ങളെ കൂടുതൽ വികാരാധീനനും അതോടൊപ്പം ഉത്തരവാദിത്തമുള്ളവനുമാക്കും. പിതൃത്വം എന്നത് വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്തത്ര മനോഹരമായ ഒരു മാന്ത്രിക അനുഭവമാണ്," വിക്കി പറയുന്നു.

മകൻ വിഹാന്റെ ഓരോ പുതിയ ചലനങ്ങളും തനിക്ക് നൽകുന്ന സംതൃപ്തിയെക്കുറിച്ചും വിക്കി ഓർത്തെടുത്തു. "കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ, അവനിൽ തെളിയുന്ന പുതിയ ചിരിയും ഭാവങ്ങളും... ഇതൊക്കെ അനുഭവിക്കുന്നത് തന്നെ വലിയ കാര്യമാണ്. മനുഷ്യർക്ക് ഒരിക്കലും മതിയാവില്ലെന്ന് പറയാറുണ്ട്. എന്നാൽ കഴിഞ്ഞ പത്തു മാസത്തിനിടെ, ജീവിതം പൂർണ്ണമായെന്നും ഇനി വേറൊന്നും ആവശ്യമില്ലെന്നും തോന്നിയ ഒരുപാട് നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്," വിക്കി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നവംബർ 7-നാണ് തങ്ങൾക്ക് ആൺകുഞ്ഞ് പിറന്ന വിവരം വിക്കിയും കത്രീനയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പിന്നീട് രണ്ടു മാസങ്ങൾക്ക് ശേഷം, കുഞ്ഞിന് 'വിഹാൻ കൗശൽ' എന്ന് പേരിട്ട വിവരം ഇരുവരും വെളിപ്പെടുത്തി. കുഞ്ഞിന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ദമ്പതികൾ, വിഹാനെ സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും കൺവെട്ടത്തുനിന്ന് അകറ്റിനിർത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vicky Kaushal and Katrina Kaif welcomed a baby boy in November 2025., The couple named their son Vihan Kaushal in January 2026., Vicky expresses his emotional journey and joy of fatherhood in a recent interview., The couple maintains privacy by keeping their son away from media attention.