ആദ്യനോട്ടത്തിൽ പ്രണയംതോന്നിയെന്ന് മനോജ്;പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്ന് പറയാൻ ഭാരതിരാജ ആവശ്യപ്പെട്ടു

നന്ദനയും മനോജ് ഭാരതിരാജയും, നന്ദന
നന്ദനയും മനോജ് ഭാരതിരാജയും, നന്ദന

തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും സംവിധായകനും നടനുമായ മനോജ് ഭാരതിരാജയുടെ മരണം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നാണ് 48-കാരനായ അദ്ദേഹത്തിന്റെ മരണം. 

ഭാരതിരാജയുടെ ഏകമകനായിരുന്നു മനോജ്. അമേരിക്കയിൽനിന്ന് തിയേറ്റർ ആർട്‌സ് പഠിച്ചശേഷമാണ് മനോജ് സിനിമയിലേക്ക് കടക്കുന്നത്. സഹസംവിധായകനായിരുന്നു ആദ്യം. മണിരത്‌നം സിനിമയായ 'ബോംബെ'യിൽ സഹസംവിധായകനായി. 1999-ൽ അച്ഛൻ സംവിധാനം ചെയ്ത 'താജ്മഹലി'ലൂടെയാണ് നായകനായുള്ള തുടക്കം. സിനിമ വിജയിച്ചില്ലെങ്കിലും, പാട്ടുകളെല്ലാം ആളുകൾ സ്വീകരിച്ചു. അങ്ങനെ ആസ്വാദകരുടെ മനസ്സിലിടം പിടിച്ചു മനോജ്. അതിനുശേഷം കടൽപൂക്കൾ, വിരുമൻ, സമുദ്രം, സാദുരിയൻ, മഹാനടികൻ, ബേബി, ചാമ്പ്യൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 

'മാർഗഴി തിങ്കൾ' എന്ന സിനിമയിലൂടെ 2023-ൽ സംവിധാനരംഗത്തേക്കും കടന്നു. നടനായി 20 വർഷം തികച്ചപ്പോഴാണ് സംവിധായകന്റെ തൊപ്പിയണിയുന്നത്. ആമസോൺ പ്രൈം സീരീസായ 'സ്‌നേക്ക്‌സ് ആൻഡ് ലാഡേഴ്‌സ്' ആണ് മനോജിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. 

നടിയായിരുന്ന നന്ദനയാണ് മനോജിന്റെ ഭാര്യ. കോഴിക്കോട്ടുകാരിയായ നന്ദന കുഞ്ചാക്കോ ബോബന്റെ നായികയായി 'സ്‌നേഹിതനി' ലാണ് ആദ്യം അഭിനയിച്ചത്. സ്വപ്‌നം കൊണ്ടൊരു തുലാഭാരം, സേതുരാമയ്യർ സി.ബി.ഐ, ചതിക്കാത്ത ചന്തു എന്നീ സിനിമകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴിൽ സക്‌സസ്, എബിസിഡി, സാദുരിയാൻ, കലിംഗ എന്നീ സിനിമകളിലും നായികയായി. 

സാദുരിയാൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് മനോജും നന്ദനയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനോജ് പറഞ്ഞതിങ്ങനെ, ''ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. പേരൊന്നുമറിയില്ലെങ്കിലും, നായികയെ ആദ്യം കണ്ടപ്പോൾ തന്നെ പ്രണയം തോന്നി. പക്ഷേ, സംസാരിച്ചില്ല, അധികം ശ്രദ്ധകൊടുത്തതുമില്ല. സംവിധായകൻ പരിചയപ്പെടുത്തുമെന്ന് കരുതി കുറേനേരം കാത്തിരുന്നു. ഒടുവിൽ പരിചയപ്പെട്ടു. ആദ്യ ഷോട്ടിൽ എത്രയായിട്ടും എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല. ഉള്ളിൽ മുഴുവൻ പ്രണയമല്ലേ. കുറേ ടേക്ക് പോയി ആ സീൻ''. 

സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോഴേക്കും നന്ദനയ്ക്കും തിരിച്ച് പ്രണയമുണ്ടെന്ന് മനോജിന് മനസ്സിലായി. ''കരഞ്ഞുകൊണ്ടാണ് അവൾ തിരിച്ചുപോയത്. ആദ്യമൊക്കെ ഫോണിൽ നിരന്തരം മെസേജുകൾ അയച്ചുതുടങ്ങി. പിന്നീട് ഫോണിൽ സംസാരിക്കാനും''. 

മനോജും നന്ദനയും മക്കൾക്കൊപ്പം, ഭാരതിരാജയും മനോജും മകളും

ഭാരതിരാജയുടെ വീട്ടിലാരും പ്രണയിച്ച് വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ബന്ധത്തിനോടും എതിർപ്പായിരുന്നു. ''അച്ഛൻ അമ്മയോടും സഹോദരിയോടും പെണ്ണിനെ പോയി കാണാൻ ആവശ്യപ്പെട്ടു. എന്നിട്ട് പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്ന് പറയണമെന്നും. പക്ഷേ, അവിടെ പോയി കണ്ടപ്പോഴേക്കും അവരുടെ മനസ്സുമാറി'', വീട്ടുകാർ നന്ദനയെ കാണാൻ പോയ അവസരം മനോജ് ഓർത്തെടുത്തു. 

പിന്നീട്, ഭാരതിരാജ പത്രസമ്മേളനത്തിലാണ് മകന്റെ വിവാഹം അനൗൺസ് ചെയ്യുന്നത്. ''നന്ദനയെ വിവാഹം കഴിക്കണമെന്ന് മനോജ് ഒരുവർഷം മുമ്പാണ് എന്നോട് പറഞ്ഞത്. ഞാനവരുടെ ആഗ്രഹത്തിന് എതിരായിരുന്നില്ലെങ്കിലും, ഒരുവർഷം കാത്തിരിക്കാൻ പറഞ്ഞു. ഒരുപാട് പ്രണയചിത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട് ഞാൻ. മനോജിനെയും നന്ദനയെയും ഒരുമിപ്പിക്കുകയെന്നത് എന്റെ കർത്തവ്യമായിട്ടാണ് ഞാൻ കരുതിയത്''.

രണ്ടുവർഷത്തെ പ്രണയത്തിനുശേഷം കോഴിക്കോട്ടുവെച്ചായിരുന്നു നന്ദനയുടെയും മനോജിന്റെയും വിവാഹം. ചെന്നൈയിൽവെച്ച് റിസപ്ഷനും. വിവാഹത്തോടെ നന്ദന സിനിമാഭിനയം നിർത്തി. സോഷ്യൽമീഡിയയിൽ പോലും അവർ സജീവമായിരുന്നില്ല. ദമ്പതിമാർക്ക് അർത്തിക, മതിവദനി എന്നീ രണ്ടുമക്കളുമുണ്ട്. 

Content Highlights: untimely death of manoj bharathiraja