10 മീറ്റർ ദൂരത്തിലാണ് ഇരുവരുടെയും കല്ലറകൾ ഉള്ളത്; മരിക്കുംവരെയും ആദ്യപ്രണയം അവർക്ക് മറക്കാൻ കഴിഞ്ഞില്ല

ബോളിവുഡിലെ ഏറെ പ്രിയപ്പെട്ട പ്രണയജോഡികളിലൊന്നായിരുന്നു മധുബാല-ദിലീപ്കുമാർ. ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ. വിവാഹത്തിലെത്തുമെന്ന് ആരാധകർ കരുതിയ ബന്ധം പക്ഷേ, പാതിവഴിയിൽ അവസാനിക്കുകയായിരുന്നു. താരങ്ങൾ പിരിയാൻ കാരണം മധുബാലയുടെ അച്ഛന്റെ ഇടപെടലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മധുബാലയ്ക്ക് പ്രസവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് ദിലീപ്കുമാർ പിരിഞ്ഞതെന്ന് നടി മുംതാസ് വെളിപ്പെടുത്തിയിരുന്നു. അവർക്ക് ഹൃദയത്തിന് അസുഖങ്ങൾ ഉള്ളതിനാൽ, പ്രസവത്തോടെ മരിച്ചുപോകുമെന്ന് ഡോക്ടർമാർ അവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.
പിരിഞ്ഞശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. മധുബാല ഗായകൻ കിഷോർകുമാറിനെയാണ് വിവാഹം കഴിച്ചത്. ദിലീപ്കുമാർ വിവാഹം കഴിച്ചത് നടി സൈറാ ബാനുവിനെയും. അവരുടെ ബന്ധം അവസാനിച്ച് വർഷങ്ങൾക്കുശേഷവും, വിവാഹിതയായിട്ടും മധുബാലയ്ക്ക് ദിലീപ്കുമാറിനെ മറക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് മധുബാലയുടെ സഹോദരി മധുർ ഭൂഷൺ. വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിലാണ്, അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.
കിഷോർ കുമാറിനെ വിവാഹം കഴിച്ചതിനുശേഷവും മധുബാലയ്ക്ക് ദിലീപ് കുമാറുമായുള്ള ബന്ധത്തിൽ നിന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നോ എന്ന് മധുറിനോട് ചോദിച്ചു. തന്റെ പ്രണയത്തെ മറക്കാൻ മധുബാലയ്ക്ക് സാധിച്ചിരുന്നില്ലെന്ന് മധുർ മറുപടി നൽകി. തന്റെ ജീവിതത്തിന്റെ അവസാനനാളുകളിൽ, മധുബാല തന്നോട് തുറന്നു സംസാരിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. ''അവളെന്നോട് തുറന്നുപറഞ്ഞു, 'എനിക്ക് യൂസഫ് സാഹിബിനെ (ദിലീപ്കുമാർ) മറക്കാൻ കഴിയുന്നില്ല'. ആദ്യ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല. ആരെങ്കിലും അത് മറന്നുപോയി എന്ന് പറയുന്നുണ്ടെങ്കിൽ, അവർ നുണ പറയുകയാണ്''.
1969-ലാണ് മധുബാല അന്തരിച്ചത്. അന്നവർക്ക് 36 വയസ്സേയുള്ളൂ. മധുബാലയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ദിലീപ്കുമാർ മദ്രാസിൽനിന്ന് യാത്ര തിരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിമാനം വൈകി. അദ്ദേഹം എത്തുമ്പോഴേക്കും സാന്താക്രൂസ് സെമിത്തേരിയിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായിരുന്നു. ഈ രണ്ട് താരങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകകരമായ യാദൃശ്ചികതയും മധുർ ഓർത്തെടുത്തു. ദശകങ്ങൾക്ക് ശേഷം ദിലീപ് കുമാർ അന്തരിച്ചപ്പോൾ, അദ്ദേഹത്തെയും അതേ സെമിത്തേരിയിൽ തന്നെയാണ് സംസ്കരിച്ചത്. മധുബാലയുടെ കല്ലറയിൽ നിന്ന് വെറും അഞ്ച് മുതൽ പത്ത് മീറ്റർ വരെ അകലത്തിലാണ് ദിലീപ്കുമാർ ഉള്ളത്. 2021 ജൂലായിൽ 98-ാം വയസ്സിലാണ് ദിലീപ്കുമാർ മരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Madhubala's sister, Madhur Bhushan, revealed in an interview that the actress never forgot her first love, Dilip Kumar., Despite marrying Kishore Kumar and Dilip Kumar marrying Saira Banu, the past bond remained., Madhubala passed away in 1969 at the age of 36, and decades later, Dilip Kumar was buried in the same cemetery just 10 meters away.