ഒരിക്കല്‍പോലും ഇന്ത്യ കണ്ടിട്ടില്ലാത്ത, ഓസ്ട്രിയക്കാരിയായ സുഭാഷ്ചന്ദ്ര ബോസിന്റെ ജീവിതപങ്കാളി

സുഭാഷ്ചന്ദ്ര ബോസ് കടപ്പാട്- Getty Images
സുഭാഷ്ചന്ദ്ര ബോസ് കടപ്പാട്- Getty Images

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ അധ്യായമാണ് നേതാജി സുഭാഷ്ചന്ദ്ര ബോസ്. പലതവണ ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്ത, സൈനിക നീക്കത്തിലൂടെ സാമ്രാജ്യത്വശക്തികളെ വിറപ്പിച്ച ധീരസമരനായകന്‍. അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഒരു ഓസ്ട്രിയക്കാരി ആയിരുന്നു- എമിലി ഷെങ്കല്‍.ആ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു മകള്‍ ജനിച്ചു. പേര് അനിത. ഒരിക്കല്‍പോലും ഇന്ത്യ കണ്ടിട്ടില്ലാത്ത നേതാജിയുടെ പങ്കാളിയെപ്പറ്റി അറിയാം.

വിയന്നയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് എമിലി ജനിച്ചത്. മകള്‍ കന്യാസ്ത്രീ ആയിക്കാണാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ, എമിലി മഠത്തില്‍ നിന്ന് തിരികെവന്നു. 

അപ്പോഴാണ് ബോസ് വിയെന്നയിലെത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തെപ്പറ്റി ഒരു പുസ്തകം തയ്യാറാക്കുകയായിരുന്നു ബോസിന്റെ ഉദ്ദേശ്യം. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. മാഥുര്‍ അന്ന് വിയന്നയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്തിനെ സഹായിക്കാനുറച്ച ഡോ.മാഥുര്‍ ആണ് എമിലിയെ ഷോര്‍ട്ട്ഹാന്‍ഡ് ജോലിക്ക് നിയോഗിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ഷോര്‍ട്ട് ഹാന്‍ഡായി ജോലി ചെയ്യുകയായിരുന്ന എമിലി തൊഴിലില്‍ മിടുക്കിയായിരുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യവും എമിലിക്ക് തുണയായി.

ബോസ് എമിലിക്കൊപ്പം കടപ്പാട്-Wikipedia

എമിലിയും ബോസും പുസ്തകത്തിന്റെ പണിപ്പുരയിലേക്ക് കടന്നു. എമിലിയെക്കാള്‍ പതിമൂന്ന് വയസ്സിനു മൂത്തതായിരുന്നു ബോസ്. പതിയെ അവര്‍ക്കിടയിലേക്ക് പ്രണയം വിരുന്നെത്തി. 1937 ഡിസംബര്‍ 26ന് പുരോഹിതന്മാരോ സാക്ഷികളോ ഇല്ലാതെ ഇരുവരും രഹസ്യമായി വിവാഹിതരായി. 

വിവാഹശേഷം അധികം താമസിയാതെ ബോസ് ഇന്ത്യയിലേക്ക് മടങ്ങി. പക്ഷേ, രണ്ടാം ലോകമഹായുദ്ധത്തിന്റെ ആകുലതകള്‍ ലോകത്തെ വരിഞ്ഞുമുറുക്കിയിരുന്നു. ബ്രിട്ടനെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരമായാണ് ബോസ് യുദ്ധത്തെ കണ്ടത്. അദ്ദേഹം ജര്‍മനിയില്‍ ചെന്ന് ഹിറ്റ്‌ലറെ കണ്ടു. ഇന്ത്യയ്ക്കായി സൈനിക സഹായം തേടി. ജര്‍മനിയില്‍ അദ്ദേഹത്തിനൊപ്പം  എമിലിയുമുണ്ടായിരുന്നു. 1942-ല്‍ അവര്‍ക്കൊരു മകള്‍ പിറന്നു.

മാസങ്ങള്‍ പ്രായമുള്ള മകളെയും ഭാര്യയെയും ഉപേക്ഷിച്ചാണ് ബോസ് ജര്‍മന്‍ സമുദ്രവാഹിനിയില്‍ ജപ്പാനിലേക്ക് പുറപ്പെട്ടത്. ജപ്പാനിലെത്തിയ ബോസിന് മറ്റൊന്നും ചിന്തിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. ജപ്പാന്റെ സൈനികസഹായത്തോടെ ആദ്ദേഹം ബ്രിട്ടനെ വെല്ലുവിളിച്ചു. ആ പരിശ്രമം വിജയം കണ്ടില്ല. പിന്നീടാണ് ബോസിന്റെ തിരോധാനം.

1945  ഓഗസ്റ്റ് 18ന് നടന്ന ഒരു വിമാനാപകടത്തില്‍ ബോസ് മരണപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ആ അപകട കഥ കെട്ടിച്ചമച്ചതാണ് എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. ബോസ് തടവിലാക്കപ്പെട്ടെന്നും അദ്ദേഹത്തെ കൊന്നതാണെന്നും കഥകള്‍ പരന്നു. വടക്കേ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ഗുംനാമി ബാബ വേഷം മാറിവന്ന ബോസ് ആണെന്ന് വിശ്വസിച്ചവരുമുണ്ട്.

അനിത ബോസ്​​​​​

ആകെ ഏഴുവര്‍ഷവും എട്ടു മാസവും നീണ്ടുനിന്ന വിവാഹബന്ധം. അതില്‍ കഷ്ടിച്ച് മൂന്ന് വര്‍ഷമാണ് ബോസും എമിലിയും ഒന്നിച്ചു കഴിഞ്ഞത്. തന്റെ സഹോദരന്‍ ശരത്തിനെഴുതിയ കത്തിലല്ലാതെ മറ്റെവിടെയും ബോസ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. അവരുടെ സുരക്ഷയെക്കരുതിയാകണം എമിലിയെപ്പറ്റിയോ കുഞ്ഞിനെപ്പറ്റിയോ ബോസ് പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെച്ചത്. 

തന്റെ ഭാര്യക്കും മകള്‍ക്കുമായി ബോസ് ഒന്നും സമ്പാദിച്ചിരുന്നില്ല. ശിഷ്ടകാലം കുടുംബത്തിനായി എമിലി അധ്വാനിച്ചു. ബോസിന്റെ മരണശേഷം ഏറെക്കഴിഞ്ഞ് അദ്ദേഹത്തിന്റെ കുടുംബവുമായി എമിലിയും മകളും ഒരിക്കല്‍ കൂടിക്കാഴ്ച നടത്തി. പക്ഷേ, ഒരിക്കല്‍ പോലും എമിലി ഇന്ത്യയിലേക്ക് വന്നില്ല. 1996ലായിരുന്നു എമിലിയുടെ മരണം. ബോസിന്റേയും എമിലിയുടെയും മകള്‍ അറിയപ്പെടുന്ന എക്കണോമിസ്റ്റാണ്. ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് അനിത ബോസ്.


 

Content Highlights: the lovestory of subhash cahndra bose