എഡ്‌വേഡ് ത്യജിച്ച സാമ്രാജ്യം, വാലിസ് നേരിട്ട കൊടും വ്യക്തിഹത്യ

ഇന്നത്തെ ഇംഗ്ലണ്ടല്ല, 1936-ലെ ഇംഗ്ലണ്ട്. ഏഷ്യയും ആഫ്രിക്കയും ഓസ്‌ട്രേലിയയും കാനഡയും വാഴുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വചക്രവര്‍ത്തിയുടെ കിരീടമാണ് 1936 ഡിസംബര്‍ 10-ന് എഡ്‌വേഡ് എട്ടാമന്‍ വേണ്ടെന്നുവച്ചത്. അതും തന്റെ പ്രണയിനി വാലിസ് വാര്‍ഫീല്‍ഡിന് വേണ്ടി.
ജോര്‍ജ് അഞ്ചാമന്റെയും മേരിയുടെയും മൂത്തമകന്‍ എഡ്വേഡ് ബ്രിട്ടീഷുകാര്‍ക്ക് പ്രിയങ്കരനായിരുന്നു. ഒരു വിരുന്നുസല്‍ക്കാരത്തിനിടെ രാജകുമാരന്‍ അമേരിക്കക്കാരിയായ വാലിസിനെ കണ്ടുമുട്ടി. അന്നവള്‍ വാലിസ് സിംസണ്‍. ഏണ്‍സ്റ്റ് സിംസണിന്റെ ഭാര്യ. എഡ്‌വേഡും വാലിസും സുഹൃത്തുക്കളായി. സൗഹൃദം പനിനീരഴകുള്ള പ്രണയമായി.
വാലിസ് വാര്‍ഫീല്‍ഡിനെ കണ്ടുമുട്ടുന്നതിന് മുമ്പ് എഡ്‌വേഡിന്റെ ജീവിതം മറ്റൊന്നായിരുന്നു. സ്റ്റാഫ് ഓഫിസറായി ഒന്നാം ലോക മഹായുദ്ധത്തില്‍ സേവനം അനുഷ്ടിച്ച പ്രിന്‍സ് ഓഫ് വെയില്‍സ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ രാജകുമാരന്‍. 1930-ല്‍ ജോര്‍ജ് അഞ്ചാമന്‍ മകന് ബെല്‍വാഡിയര്‍ കൊട്ടാരം സമ്മാനിച്ചു. തന്നെ അലോസരപ്പെടുത്തുന്ന ഔദ്യോഗിക തിരക്കുകളില്‍ നിന്നുള്ള ഒളിത്താവളമായി എഡ്‌വേഡിന് കൊട്ടാരം. പൂക്കളെ പ്രണയിച്ച രാജകുമാരന്‍ ചുറ്റിലും അതിമനോഹരമായ പൂന്തോട്ടം വച്ചുപിടിപ്പിച്ചു. പലനിറത്തിലുള്ള റോസാപ്പുഷ്പങ്ങള്‍ സൗരഭം പടര്‍ത്തിയ കൊട്ടാരം ചങ്ങാതിമാര്‍ക്ക് വിരുന്നരങ്ങായി. ഈ കൊട്ടാരമാണ് എഡ്‌വേഡിന്റെയും വാലിസിന്റെയും പ്രണയത്തിന്റെ ആദ്യ പറുദീസയായത്.
വിവാഹിതയായ സ്ത്രീ. അതും രണ്ടാം വിവാഹം. അമേരിക്കക്കാരന്‍ വിന്‍ സ്‌പെന്‍സറായിരുന്നു വാലിസിന്റെ ആദ്യ ഭര്‍ത്താവ്. പതിനൊന്ന് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചിട്ടാണ് വാലിസ് സിംസണെ വിവാഹം കഴിക്കുന്നത്. കൊട്ടാരത്തിന്റെ അന്തപുരങ്ങളില്‍ അടക്കം പറച്ചിലുകള്‍ തളംകെട്ടി. എല്ലാം പോരാത്തതിന് അമേരിക്കക്കാരി. ഒരിക്കല്‍ കോളനിയായിരുന്ന അമേരിക്ക തങ്ങളെ വെല്ലുന്ന സാമ്പത്തിക ശക്തിയായതില്‍ ബ്രിട്ടീഷുകാരുടെ അപ്രീതി ചെറുതല്ലായിരുന്നു. വിവാഹിതരായ സ്ത്രീകളുമായി അതിനു മുമ്പും എഡ്വേഡിന് ബന്ധമുണ്ടായിട്ടുണ്ട്. മകന്റെ പ്രണയബന്ധങ്ങള്‍ രാജാവിനെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. ജനപ്രിയനായിരുന്ന രാജകുമാരന്റെ എണ്ണപ്പെട്ട ഏക കുറവായിരുന്നു അദ്ദേഹത്തിന്റെ ചപലഹൃദയം. തോന്നലുകളും വികാരങ്ങളും വെട്ടിയ വഴിയിലൂടെ നടക്കുന്ന മകനെയോര്‍ത്ത് രാജാവും രാജ്ഞിയും വേദനിച്ചു. വാലിസുമായുള്ള ബന്ധം നീളില്ലെന്നായിരുന്നു എല്ലാവരും പ്രതീക്ഷ. പക്ഷേ, അവര്‍ വഴി പിരിഞ്ഞില്ല. അവരുടെ അടുപ്പം നാള്‍ക്കുനാള്‍ ദൃഢമായതേയുള്ളൂ.
വാലിസ് വിവാഹമോചനം തേടുകയാണെന്ന വാര്‍ത്ത പുറത്തായതോടെ മുറുമുറുപ്പുകള്‍ ഉഷ്ണിച്ചു. ആദ്യമൊക്കെ അറിയാത്ത ഭാവം നടിച്ച രാജാവും രാജ്ഞിയും മുഖം കനപ്പിച്ചു. 1935ല്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ വെച്ച് അവര്‍ വാലിസിനെ കണ്ടിരുന്നു. പിന്നീട് വാലിസിനെ നേരില്‍കാണാനും കൊട്ടാരത്തിലേക്ക് സ്വീകരിക്കാനും അവര്‍ വിസമ്മതിച്ചു. പരിപൂര്‍ണ തിരസ്‌കാരം. പെട്ടെന്നായിരുന്നു ജോര്‍ജിന്റെ മരണം. സിംഹാസനം മുറ പോലെ എഡ്‌വേഡിലേക്കെത്തി. 1936 ജനുവരി 20-ന് എഡ്വേഡ് രാജാവായി. ഇന്ത്യയടക്കമുള്ള കോളനികളില്‍ സ്വതന്ത്ര്യദാഹം എരിഞ്ഞുതുടങ്ങുന്ന കാലം. ഒന്നാം ലോക മഹായുദ്ധത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. പുതിയ രാജാവ് സാമ്രാജ്യത്തെ കൂടുതല്‍ വിസ്തൃതമാക്കുമെന്ന് ബ്രിട്ടീഷ് ജനത വിശ്വസിച്ചു. പക്ഷേ, രാജാവിന്റെ പ്രണയം എല്ലാം തകര്‍ത്തു. ഒറ്റ വര്‍ഷം കൊണ്ട് ജനം രാജാവിനെതിരായി. രാജാവ് ജനങ്ങള്‍ക്കും.
അന്നേവരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാലിസ്-എഡ്‌വേഡ് പ്രണയത്തില്‍ മഷി ചാര്‍ത്തിയിരുന്നില്ല. അമേരിക്കന്‍ പത്രലോകം പരത്തി പ്രകീര്‍ത്തിച്ച പ്രണയവാര്‍ത്തയ്ക്ക് യൂറോപ്പിലെങ്ങും വന്‍ സ്വീകരണമായിരുന്നു. രാജാവായതോടെ എഡ്‌വേഡ് തന്റെ പ്രണയബന്ധം പരസ്യമാക്കി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഇനിയും പിടിച്ചു നില്‍ക്കുക വയ്യെന്നായി. രാജാവിന്റെ പ്രണയവാര്‍ത്ത ഏറെ വൈകി വായിച്ചറിഞ്ഞ ജനം ഇഷ്ടക്കേട് മറച്ചുപിടിച്ചില്ല. തീവ്ര ദേശീയവാദികള്‍ക്ക് വാലിസിന്റെ അമേരിക്കന്‍ സ്വത്വം വിഷയമായപ്പോള്‍ യാഥാസ്ഥിതികര്‍ക്ക് അവരുടെ തകര്‍ന്ന വിവാഹങ്ങള്‍ കാരണമായി. നിയമപ്രകാരം ഇംഗ്ലീഷ് ചര്‍ച്ചിന്റെ തലവനാണ് രാജാവ്. ചര്‍ച്ചിന്റെ പരമാധികാരിയായ രാജാവിന് വിശ്വാസികളും സഭയും എതിര്‍നിന്നു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് എതിര്‍പ്പ് പരസ്യമാക്കി. ബ്രിട്ടീഷ് പാര്‍ലമെന്റും ഇടഞ്ഞു തന്നെ നിന്നു. മുന്‍ പ്രധാന മന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് മാത്രമായിരുന്നു സമ്മതത്തിന്റെ ഭാഷ ഉണ്ടായിരുന്നത്.
1936-ല്‍ ആരംഭിച്ച വാലിസിന്റെ വിവാഹമോചന നടപടികള്‍ 1937 മേയ് മാസം അവസാനത്തോടെ തീര്‍പ്പായി. എഡ്‌വേഡ് വാലിസിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് വാര്‍ത്ത പരന്നു. പ്രധാനമന്ത്രി സ്റ്റാന്‍ലി ബാള്‍ഡ്‌വിന്‍ കൊട്ടാരത്തിലെത്തി പാര്‍ലമെന്റിന്റെ വിസമ്മതം അറിയിച്ചു. ഡൊമിനിയന്‍ രാജ്യങ്ങളായ കാനഡയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അയര്‍ലന്‍ഡും സൗത്താഫ്രിക്കയും രാജാവിന്റെ തീരുമാനത്തെ ലോകമധ്യത്തില്‍ തള്ളിപ്പറഞ്ഞു. മഹത്തായ ബ്രിട്ടീഷ് രാജപരമ്പര്യത്തില്‍ കളങ്കം വീഴുകയാണെന്ന് പരക്കെ പറച്ചിലുകളായി. ഡിസംബര്‍ 10-ന് എഡ്‌വേഡ് സ്ഥാനത്യാഗം ചെയ്ത് കൊട്ടാരത്തിന്റെ പടിയിറങ്ങി. തൊട്ടടുത്ത ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റ് രാജാവിന്റെ തീരുമാനത്തെ അംഗീകരിച്ചു. കേവലം 352 നാളുകള്‍ മാത്രം നീണ്ട രാജപദവി. അടുത്ത വര്‍ഷം മേയ് 12-ന് ഔദ്യോഗിക കിരീടധാരണച്ചടങ്ങ് നടക്കാനിരിക്കെയായിരുന്നു എഡ്‌വേഡിന്റെ പിന്മാറ്റം. രാജ്യം ത്യജിച്ച എക ബ്രിട്ടീഷ് രാജാവാണ് എഡ്‌വേഡ് എട്ടാമന്‍. എല്ലാം പ്രണയത്തിനായി.
സ്ഥാനമൊഴിഞ്ഞ രാജാവ് റേഡിയോയിലൂടെ പ്രജകളോട് വിട ചൊല്ലി.
"സ്‌നേഹിക്കുന്ന സ്ത്രീയുടെ കൂട്ടും പിന്തുണയുമില്ലാതെ ഭാരമേറിയ ഉത്തരവാദിത്തങ്ങളും രാജാവിന്റെ ചുമതലയും നിര്‍വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല."
ആ രാത്രി തന്നെ എഡ്വേഡ് ഇംഗ്ലണ്ട് വിട്ടു. അനിയന്‍ ആല്‍ബര്‍ട്ട് അടുത്ത രാജാവായി, ജോര്‍ജ് ആറാമന്‍ എന്ന പേരില്‍ അധികാരമേറ്റു. പുതിയ രാജാവ് ജ്യേഷ്ഠന് ഡ്യൂക്ക് ഓഫ് വിന്‍സോര്‍ പദവി നല്‍കി. അടുത്ത ഏതാനും നാളുകളില്‍ ലോകത്തിന്റെ കണ്ണില്‍ എഡ്‌വേഡും വാലിസും അകലം പാലിച്ചു. വിവാഹമോചനത്തിന്റെ ഉത്തരവിനായുള്ള കാത്തിരിപ്പ്. സിംസണുമായി പിരിയാതെ ഔദ്യോഗികമായി ഒന്നിക്കാനാവില്ലല്ലോ.
1937 ജൂണ്‍ 3-ന് ഫ്രാന്‍സില്‍ വെച്ചായിരുന്നു ഒടുവില്‍ സ്വപ്നവിവാഹം. രാജകുടുംബാംഗങ്ങളാരും ചടങ്ങിനെത്തിയില്ല. ഭര്‍ത്താവിന് നല്‍കിയ റോയല്‍ ഹൈനസ്സ് പദവി വിവാഹാന്തരം വാലിസിന് നല്‍കാന്‍ ജോര്‍ജ് ആറാമന്‍ തയ്യാറായില്ല. വാലിസ് വെറും ഡച്ചസ്സായി തുടര്‍ന്നു. തങ്ങളെ തിരസ്‌കരിച്ച ഇംഗ്ലീഷ് മണ്ണിലേക്ക് മടങ്ങാതെ ഫ്രാന്‍സിലും സ്‌പെയിനിലും ജര്‍മനിയിലുമായി മാറിമാറി താമസം.
ഹിറ്റ്‌ലറിന്റെ പ്രതാപകാലത്ത് 1937-ല്‍ ജര്‍മനിയുടെ അതിഥികളായി ഇരുവരും ഹിറ്റ്‌ലറെ ചെന്നുകണ്ടു. ഹിറ്റ്‌ലറുടെ ബ്രിട്ടീഷ് വൈരം പ്രസിദ്ധമാണല്ലോ. അങ്ങനെയുള്ള ഹിറ്റ്‌ലറിനെയാണ് രാജ്യം വിട്ട രാജാവ് പോയിക്കണ്ടിരിക്കുന്നത്. നാസികളുമായി കൈകോര്‍ത്ത് എഡ്വേഡ് ബ്രിട്ടനില്‍ അട്ടിമറിക്ക് കോപ്പുകൂട്ടുകയാണെന്നായി ഇത്തവണ മാധ്യമങ്ങള്‍. രാഷ്ട്രീയമായ തെളിവുകള്‍ നിരത്താനാവാത്തതിനാല്‍ ആരോപണങ്ങള്‍ അല്‍പ്പായുസ്സായി. ലോകം സങ്കീര്‍ണമായ മറ്റൊരു മഹായുദ്ധത്തിലേക്ക് കാലെടുത്തുവെച്ചു. എഡ്‌വേഡിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചില്‍ ബഹാമസിന്റെ ഗവര്‍ണറാക്കി. കാലാവധി തീര്‍ന്നതോടെ വീണ്ടും പാരീസിലേക്ക്.
1952-ലായിരുന്നു ജോര്‍ജ് ആറാമന്റെ മരണം. ഡ്യൂക്കും ഭാര്യയും ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പറന്നു. തൊട്ടടുത്ത വര്‍ഷം അമ്മയുടെ സംസ്‌കാരചടങ്ങുകള്‍ക്കും ഡ്യൂക്കെത്തി. കൂടെ വാലിസും. പക്ഷേ, രാജകുടുംബത്തില്‍ നീരസത്തിന്റെ മൂടല്‍മഞ്ഞുരുകിയില്ല. ജോര്‍ജ് ആറാമന്റെ മകള്‍ എലിസബത്തിന്റെ കിരീടധാരണ ചടങ്ങിലേക്ക് എഡ്‌വേഡ് ക്ഷണിക്കപ്പെട്ടില്ല. പാരിസിലെ ഒരു പാര്‍ട്ടിയുടെ നടുവിലിരുന്ന് എഡ്‌വേഡ് ടെലിവിഷനില്‍ചടങ്ങ് കണ്ടു. 1956-ല്‍ വാലിസ് ആത്മകഥ പുറത്തിറക്കി. സമൂഹം തന്നെ വേട്ടയാടിയതിന്റെ പൊള്ളിക്കുന്ന ഓര്‍മകളായിരുന്നു താളുകളില്‍. ദി ഹാര്‍ട്ട് ഹാസ് ഇറ്റ്‌സ് റീസണ്‍സ് എന്ന പുസ്തകം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി. തുറന്നുപറച്ചിലുകള്‍ ബ്രിട്ടീഷ് കണ്ണില്‍ വാലിസിനെ വീണ്ടും കുറ്റക്കാരിയാക്കി.
1972-ല്‍ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് അവശനായ എഡ്‌വേഡിനെ കാണാന്‍ എലിസബത്ത് രാജ്ഞി പാരീസിലെത്തി. ഭര്‍ത്താവ് ഫിലിപ്പും മകന്‍ ചാള്‍സും ഒപ്പമുണ്ടായിരുന്നു. രാജ്ഞിയുടെ സന്ദര്‍ശനത്തിന് പത്ത് നാളുകള്‍ക്ക് ശേഷം മേയ് 28-ന് എഡ്വേഡ് മരിച്ചു. ജൂണ്‍ 3-ന് മുപ്പത്തിയഞ്ചാം വിവാഹവാര്‍ഷികം വരാനിരിക്കെയാണ് എഡ്വേഡ് വിടപറഞ്ഞത്. വാലിസ് തനിച്ചായി. ജന്മനാട്ടിലെത്തിച്ച മൃതദേഹം ഒമ്പത് നാളുകള്‍ നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ ഫ്രോഗ്‌മോറിലെ രാജശ്മശാനത്തില്‍ അടക്കി.
സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ബക്കിങ്ഹാം പാലസിലായിരുന്നു വാലിസിന്റെ താമസം. വെറുപ്പിന്റെ നോട്ടങ്ങള്‍ അവരെ ശ്വാസം മുട്ടിച്ചു. കൂട്ടിന് എഡ്‌വേഡുമില്ല. എഡ്വേഡിന്റെ ഹൃദയത്തിന് മുകളില്‍ വെളുത്ത ലില്ലിപ്പൂവുകള്‍ അര്‍പ്പിച്ച് വാലിസ് ഏകാന്തയാത്രയ്ക്ക് മംഗളമാശംസിച്ചു. പിന്നെ അവര്‍ ഇംഗ്ലണ്ടില്‍ നിന്നില്ല. തിരിച്ച് ഫ്രഞ്ച് മണ്ണിലേക്ക്. ഒറ്റപ്പെടലിന്റെയും അവശതകളുടെയും വര്‍ഷങ്ങളാണ് അവിടെ വാലിസിനെ കാത്തിരുന്നത്. എഡ്‌വേഡില്ലാതെ അവര്‍ പിന്നെയും ജീവിച്ചു. നീണ്ട പതിനാലു കൊല്ലം.
1986 ഏപ്രില്‍ 29-ന് ലില്ലിപ്പൂക്കളുമായി കാത്തിരുന്ന എഡ്വേഡിനടുത്തേക്ക് അവര്‍ പറന്നു. ഫ്രോഗ്‌മോറിലെ പുല്‍ത്തണുപ്പില്‍ എഡ്‌വേഡിന്റെ തൊട്ടടുത്ത് നിത്യവിശ്രമം.
ദി അമേരിക്കന്‍ ഡച്ചസ്; ദി റിയല്‍ വാലിസ് സിംസണ്‍ എന്ന പുസ്തകം തയ്യാറാക്കിയ അന്ന പാസ്റ്റര്‍നാക് വാലിസ് കടന്നുപോയ കൊടും വ്യക്തിഹത്യയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എളുപ്പം മെരുങ്ങുന്ന ജോര്‍ജിനെ രാജാവാക്കാന്‍ ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ക്ക് എഡ്വേഡിനെ തഴയേണ്ടിയിരുന്നു. അതിന് അവര്‍ അറുത്തുമുറിച്ച് കൂര്‍പ്പിച്ചെടുത്ത ആയുധമാണത്രെ വാലിസ്. സാമര്‍ഥ്യക്കാരിയായും കുതന്ത്രങ്ങളുടെ കൂടാരമായും വാലിസിനെ വരച്ചുകാട്ടുകയായിരുന്നു.
ഭര്‍ത്താവിനടുത്ത് ഏത് വശത്തായി അടക്കം ചെയ്യപ്പെടണമെന്നാണ് ആഗ്രഹമെന്ന് വാലിസിനോട് ചോദിച്ചിരുന്നുപോലും.
ഇടത് വശം. ശിശിരത്തില്‍ ഇലയടര്‍ന്നുവീഴുന്നിടത്ത് പ്രിയതമനോട് ചേര്‍ന്നുകിടക്കണം. വെറുക്കപ്പെട്ടവള്‍ക്ക്, ഓര്‍ത്തടുത്തെത്താന്‍ മക്കളില്ലാത്തവള്‍ക്ക് മേല്‍ പൂക്കളെത്തില്ലല്ലോ... വാടിയ ഇലയെങ്കിലും വീഴട്ടെ..
കൊട്ടിയാഘോഷിക്കപ്പെടുന്ന ഹാരി-മേഖന്‍ പ്രണയകഥയെ ഇതുമായി താരതമ്യം ചെയ്യാനാകില്ല. ഹാരി കൈവെടിഞ്ഞത് ബ്രിട്ടീഷ് രാജകുടുംബാഗത്തിന് കിട്ടുന്ന രാജകീയ സമ്പത്തും സുരക്ഷയുമാണ്. എഡ്വേഡ് വേണ്ടെന്നു പറഞ്ഞത് ലോകമടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കടിഞ്ഞാണാണ്.
വാസ്തവത്തിന്റെയും സങ്കല്‍പത്തിന്റെയും പുഴ കലരുന്ന ചരിത്രത്തിന്റെ താഴ്‌വരയില്‍ പ്രജകള്‍ക്കായി ഭാര്യയെ ത്യജിച്ച രാജാവ് ആരാധിക്കപ്പെടുന്നുണ്ട്. പ്രണയിച്ചവള്‍ക്കായി ലോകം ത്യജിച്ചവന്‍ ഇനിയെന്ന് വാഴ്ത്തപ്പെടും ?
Content Highlights: the lovestory of edward viii and wallis warfield