'ഒരു ധുരന്ധറിനെപ്പോലെ അവളെന്നെ പരിപാലിച്ചു, കൈപിടിച്ചു നടത്തി'

'ധുരന്ധർ' (Dhurandhar) എന്ന ചിത്രത്തിലൂടെയാണ് സാറ അർജുൻ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ദൈവത്തിരുമകൾ, സെയ്‌വം, ജസ്ബാ, ആൻമരിയ കലിപ്പിലാണ്, പൊന്നിയിൻ സെൽവൻ എന്നിവയാണ് സാറ ബാലതാരമായി അഭിനയിച്ച പ്രധാനസിനിമകൾ. അതിനുശേഷമാണ് 'ധുരന്ധറി'ലെത്തുന്നത്. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ.മാധവൻ എന്നിവർക്കൊപ്പം സാറയും അഭിനയിച്ച സിനിമ 1500 കോടിയോളമാണ് കളക്ഷൻ നേടിയത്. ഏകദേശം എല്ലാ റെക്കോഡുകളും തകർത്താണ് സിനിമ ഇത്ര കളക്ട് ചെയ്തത്.
മാർച്ച് 19-ന് റിലീസായ 'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) എന്ന രണ്ടാം ഭാഗവും കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. രണ്ടാം ഭാഗത്തിലും സാറയുടെ കഥാപാത്രമായ യലീന ജമാലിയുണ്ട്. മുംബൈയിൽ ജനിച്ചുവളർന്ന സാറ, ഒന്നര വയസ്സുള്ളപ്പോഴാണ് ക്യാമറയ്ക്കുമുന്നിലെത്തുന്നത്. അതൊരു പരസ്യചിത്രത്തിനുവേണ്ടിയായിരുന്നു. അതിനുശേഷം ഒട്ടേറെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. സാറയുടെ അച്ഛൻ രാജ് അർജുനും ഹിന്ദി, മലയാളം, തെലുഗു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീക്രട്ട് സൂപ്പർസ്റ്റാർ, കമ്പനി, താണ്ഡവം, തലൈവാ, റായീസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ. ഇപ്പോൾ രാജ് സാറയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
''2005-ലാണ് ഒരു ആത്മാവ് (soul) എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. പെൺമക്കൾ യഥാർഥത്തിൽ അനുഗ്രഹമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ അനുഗ്രഹത്തിനൊപ്പം ജീവിക്കാൻ എനിക്ക് കഴിഞ്ഞു'', ഏതാണ്ട് അതേസമയത്താണ് രാജിന് സിനിമയിലെ ആദ്യ നായകവേഷം ലഭിക്കുന്നത്. പക്ഷേ ആ പ്രൊജക്ട് യാഥാർഥ്യമായില്ല. അത് അദ്ദേഹത്തെ വല്ലാതെ തകർക്കുകയും ചെയ്തു. ''ആ കുഞ്ഞ് ആത്മാവ് എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ, ഇന്ന് ഞാനെന്ന ഈ വ്യക്തിയോ ഈ കലാകാരനോ ഉണ്ടാകുമായിരുന്നില്ല'', അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തുടക്കകാലം ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ കാലമായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. അന്നെല്ലാം വൈകാരിക നങ്കൂരമായി (emotional anchor) അവൾ തുടർന്നുവെന്നും രാജ് വെളിപ്പെടുത്തുന്നു. പരമ്പരാഗത വേഷങ്ങൾക്കപ്പുറം തങ്ങളുടെ ബന്ധം എങ്ങനെയായിരുന്നുവെന്നും രാജ് പറയുന്നു. ''ഒരു ധുരന്ധറിനെപ്പോലെയാണ് അവൾ എന്നെ പരിപാലിച്ചത്. ചില സമയത്ത് അവളുടെ ചിറകുകൾക്ക് താഴെയുള്ള കാറ്റാകേണ്ടി വരും. ഞാനും അതുതന്നെ ചെയ്തു''.
2016-ൽ സാറയോടൊപ്പം കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്രയുടെ ഓഫീസിലേക്ക് പോയപ്പോൾ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവവും രാജ് വിവരിച്ചു. തുടർന്നുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ നിർണായകമായി. ''അവൾ കാരണമാണ് എനിക്ക് അന്ന് 'സീക്രട്ട് സൂപ്പർസ്റ്റാറി'ൽ നല്ലൊരു വേഷം ലഭിച്ചത്. ആ മകൾ ലോകത്ത് തന്റെ പ്രകാശം പരത്തുമ്പോൾ, ഒരു ധുരന്ധറായി, അവൾ ആ പ്രകാശം എന്നോടൊപ്പം പങ്കിടുന്നു. പെൺമക്കൾ അവരുടെ പിതാവിന്റെ കൈ പിടിച്ച് മുന്നോട്ട് പോകുന്നുവെന്ന് ആളുകൾ പറയുന്നു. പക്ഷേ ഞാൻ എന്റെ മകളുടെ കൈ പിടിച്ച് എന്റെ ലക്ഷ്യസ്ഥാനത്തെത്തി. എന്റെ ജീവിതത്തിലെ ഈ തിളക്കത്തിന്റെ പേരാണ് സാറ.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sara Arjun's transition from a prominent child artist to a Bollywood lead actress. The massive box office success of the movie Dhurandhar. Heartfelt insights from Raj Arjun on his deep emotional bond with his daughter.