'വിക്ടോറിയയ്ക്ക് എന്നെയും ഇഷ്ടപ്പെട്ടിരുന്നില്ല'-ബ്രൂക്ക്ലിന്റെ മുൻ കാമുകിയുടെ വെളിപ്പെടുത്തൽ

ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെ കുടുംബത്തിനെതിരേ മകൻ ബ്രൂക്ക്ലിൻ ഉന്നയിച്ച ആരോപണങ്ങൾ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. കുടുംബം, പ്രത്യേകിച്ച് അമ്മ വിക്ടോറിയ ഭാര്യ നിക്കോള പെൽറ്റ്സിനെ അംഗീകരിക്കുന്നില്ലെന്നും മനപ്പൂർവം അവഗണിക്കുകയാണെന്നുമായിരുന്നു പ്രധാനആരോപണം. അമ്മ എപ്പോഴും പബ്ലിസിറ്റിക്കു വേണ്ടി ശ്രമിക്കുകയാണെന്നും താൻ നിക്കോളയെ വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും ബ്രൂക്ക്ലിൻ പറഞ്ഞു.
ദമ്പതികളെ അറിയാവുന്ന ഒട്ടേറെപ്പേർ സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സ്കോട്ടിഷ് ഗായികയും ബ്രൂക്ക്ലിന്റെ മുൻ കാമുകിയുമായ ടാലിയ സ്റ്റോം തന്റെ അനുഭവം തുറന്നുപറയുകയാണ്. കൗമാരപ്രായത്തിലാണ് ടാലിയ ബ്രൂക്ക്ലിനെ ഡേറ്റ് ചെയ്തിരുന്നത്. ആ കുടുംബത്തിൽ താനൊരിക്കലും സ്വീകാര്യയായിരുന്നില്ലെന്ന് ടാലിയ സ്റ്റോം 'ദി മിററിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"ചെറുപ്പമായിരുന്നിട്ടും ബ്രൂക്ക്ലിനെ പിന്തുണച്ചിട്ടും, കുടുംബം, പ്രത്യേകിച്ച് അമ്മ വിക്ടോറിയക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. ഗ്ലോബൽ ഗിഫ്റ്റ് ഗാലയിൽ പങ്കെടുക്കാനിരിക്കെ ഒരു സംഭവമുണ്ടായി. ഞാൻ ബ്രൂക്ക്ലിന്റെ അടുത്താണ് ഇരിക്കേണ്ടിയിരുന്നത്... അവൻ രാത്രിതന്നെ എനിക്ക് സന്ദേശമയച്ചു. 'എന്റെ അമ്മ എന്നെ വരാൻ അനുവദിക്കില്ല, ക്ഷമിക്കണം.' തീർച്ചയായും, വിക്ടോറിയയ്ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല അല്ലെങ്കിൽ മറ്റെന്തെങ്കിലുമാണ്. "-അവർ പറഞ്ഞു.
ഈ സംഭവം ഏറെ വേദനിപ്പിച്ചു. ആശയക്കുഴപ്പത്തിലാക്കി, പ്രത്യേകിച്ചും കൗമാരക്കാരിയായിരിക്കെ പൊതുശ്രദ്ധയിൽ ഒരു ബന്ധം ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ. ബ്രൂക്ക്ലിനുമായുള്ള തന്റെ സ്വകാര്യ ബന്ധം പെട്ടെന്നുതന്നെ പൊതുശ്രദ്ധയിലെത്തിയിരുന്നു. ലണ്ടനിലെ തന്റെ സംഗീതപരിപാടിക്കു മുമ്പ്, വിക്ടോറിയ വേദിയുടെ സുരക്ഷാ പരിശോധനയ്ക്ക് ഏർപ്പാട് ചെയ്തിരുന്നു, അത് ആ സമയത്ത് അനാവശ്യമായിരുന്നു. തന്നെ എല്ലായ്പ്പോഴും പ്രശസ്തി ആഗ്രഹിക്കുന്ന ഒരാളായിട്ടാണ് അവർ ചിത്രീകരിച്ചതെന്നും ടാലിയ പറയുന്നു.
ബ്രൂക്ക്ലിൻ ബെക്കാമും ടാലിയയും പൊതു സുഹൃത്തുക്കൾ വഴിയാണ് പരിചയപ്പെട്ടത്. നിക്കോളയെ കണ്ടുമുട്ടുന്നതിന് വളരെ മുമ്പാണിത്. ബ്രൂക്ക്ലിനെക്കുറിച്ച് തനിക്ക് കരുതലുണ്ടായിരുന്നു, പിന്തുണയ്ക്കാനും ശ്രമിക്കാറുണ്ടായിരുന്നു, പക്ഷെ, അവന്റെ കുടുംബത്തിന്റെ സമ്മർദ്ദം എപ്പോഴുമുണ്ടായിരുന്നുവെന്നും ടാലിയ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Brooklyn Beckham`s ex, Tallia Storm, reveals Victoria Beckham`s dislike and family exclusion during their teenage romance. Read her shocking interview.