തന്നെപ്പോലെ ഒരു മകനുണ്ടാകണമെന്ന് ദിലീപ് കുമാർ ആഗ്രഹിച്ചിരുന്നു-ഷാരൂഖ് ഖാൻ

ഇതിഹാസതാരം ദിലീപ് കുമാറിനും തനിക്കുമിടയിലെ, ഇതുവരെ തുറന്നുപറയാത്ത ഒരു ഓർമ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഇപ്പോൾ. അന്തരിച്ച ദിലീപ് കുമാറിനെ സിനി ഐക്കൺ അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങ് അടുത്തിടെ നടന്നിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങേണ്ടത് ദിലീപ് കുമാറിന്റെ ഭാര്യ സൈറ ബാനുവായിരുന്നെങ്കിലും അവരതിന് ചുമതലപ്പെടുത്തിയത് ഷാരൂഖിനെയായിരുന്നു. ജയ ബച്ചനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഷാരൂഖ് ഖാൻ വികാരനിർഭരമായി ആദരാഞ്ജലി അർപ്പിച്ചു. വർഷങ്ങളായി തൻ്റെ മനസ്സിൽ തങ്ങിനിൽക്കുന്ന തികച്ചും വ്യക്തിപരമായ ആ ഓർമയും പറഞ്ഞു.
"ദിലീപ് സാഹിബിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങാൻ ഞാൻ യോഗ്യനാണെന്ന് സൈറ ജി കരുതിയതിനെ, ആ മഹത്തായ പദവിയെ, ഞാൻ പൂർണമായി ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു," ഷാരൂഖ് പറഞ്ഞു. "ഞാൻ ആദ്യമായി മുംബൈയിൽ വന്നപ്പോൾ, ദിലീപ് സാഹിബും സൈറ ജിയും എന്നെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ദിലീപ് സാഹിബ് എൻ്റെ തലയിൽ കൈ വെച്ച് പറഞ്ഞു, 'സൈറ, നമുക്കൊരു മകനുണ്ടായിരുന്നെങ്കിൽ അവൻ ഇതുപോലെയിരുന്നേനെ.' ആ അനുഗ്രഹം എൻ്റെ ജീവിതകാലം മുഴുവൻ എൻ്റെ കൂടെയുണ്ടായിരുന്നു."
ആ നിമിഷം എങ്ങനെയാണ് തൻ്റെ കരിയറിൽ ഒരു വഴികാട്ടിയായതെന്നും ഷാരൂഖ് വിശദീകരിച്ചു. "ഈ ഇൻഡസ്ട്രിയിലെ എൻ്റെ യാത്രയുടെ ഓരോ ഘട്ടത്തിലും, ആ അനുഗ്രഹം ഞാൻ എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിൻ്റെ മഹത്വവും സൈറ ജിയുടെ സ്നേഹവും," അദ്ദേഹം പറഞ്ഞു. തലമുറകളോളം വരുന്ന അഭിനേതാക്കൾക്ക് ദിലീപ് കുമാർ ഒരു അവസാന വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിലീപ് കുമാറിനും സൈറ ബാനുവിനും കുട്ടികളുണ്ടായിരുന്നില്ല. ഒരിക്കൽ ഗർഭച്ഛിദ്രം സംഭവിച്ചതിനെത്തുടർന്ന് പിന്നീട് കുട്ടികൾ വേണ്ടെന്നുവെക്കുകയായിരുന്നു. ദിലീപ് അസ്മ റഹ്മാനെയും വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധത്തിലും കുട്ടികളില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shah Rukh Khan shares a heartwarming memory of Dilip Kumar, who once wished for a son like SRK. An emotional tribute at an award ceremony.