'എല്ലാ താത്പര്യവും നീ തന്നെ ഇല്ലാതാക്കി, അവൻ നിന്നെ വിവാഹം കഴിക്കില്ല', ശർമിള ടാഗോർ അന്ന് സോഹയോട് പറഞ്ഞു

ശർമിള ടാഗോറിന്റെയും മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും മകളായ സോഹ അലി ഖാൻ. 'ദിൽ മാംഗെ മോർ' എന്ന സിനിമയിലൂടെയാണ് അവർ ബോളിവുഡിലെത്തുന്നത്. 2015-ലാണ് സോഹയും നടൻ കുനാൽ കെമ്മുവും വിവാഹിതരാവുന്നത്. ഒരുസിനിമയിലെ സെറ്റിൽവെച്ചാണ് സോഹയും കുനാലും ആദ്യമായി കാണുന്നത്. ആ പരിചയം പിന്നീട് സൗഹൃദവുമായി. പിന്നാലെ ഡേറ്റിങ് തുടങ്ങി. അതുകഴിഞ്ഞാണ് വിവാഹിതരാവുന്നത്. 2017-ൽ അവർക്കൊരു മകളുണ്ടായി, ഇനായ നൗമി കെമ്മു എന്നാണ് മകളുടെ പേര്.
പ്രണയിച്ചാണ് കുനാലും സോഹയും വിവാഹിതരാവുന്നത്. എന്നാൽ, കുനാലും താനും തമ്മിലുള്ള ബന്ധത്തിൽ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സോഹ. തന്റെ പോഡ്കാസ്റ്റിലാണ് സോഹ അക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ''കുനാലും ഞാനും വിവാഹിതരാകുന്നതിനുമുമ്പ് ഏഴുവർഷത്തോളം ഡേറ്റ് ചെയ്തു. അവസാനത്തെ രണ്ടുവർഷം ഒരുമിച്ചായിരുന്നു താമസം. അപ്പോഴാണ് അമ്മ പറഞ്ഞത്, 'അവൻ നിന്നെ വിവാഹം കഴിക്കാൻ പോകുന്നില്ല. നിന്നിൽ അവനുള്ള എല്ലാ താത്പര്യവും നീ തന്നെ കളഞ്ഞു' എന്ന്. അപ്പോൾ ഞാൻ ചിന്തിച്ചു, 'ഒരുപക്ഷേ അമ്മ പറയുന്നത് ശരിയായിരിക്കാം'. പക്ഷേ അപ്പോഴും ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നില്ല. അതത്ര പ്രധാനമല്ലെന്നായിരുന്നു കുനാൽ പറഞ്ഞിരുന്നത്. എനിക്കും അതുതന്നെ തോന്നി. കുറേക്കഴിഞ്ഞാണ് വിവാഹമെന്ന ചിന്തയിലേക്ക് എത്തുന്നത്'', സോഹ പറയുന്നു.
വിവാഹം കഴിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹമാണ് തങ്ങളെ മുന്നോട്ടുനയിച്ചതെന്നും സോഹ തുറന്നുപറയുന്നു. ''പുരുഷന്മാർ വിവാഹം കഴിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടില്ല. അവരെ നമ്മൾ പ്രേരിപ്പിക്കണമെന്ന് അമ്മയും പറഞ്ഞു''.
'ചോരി 2'-ലാണ് സോഹ അവസാനമായി അഭിനയിച്ചത്. 'ബ്രിഡ്ജ്' ആണ് ഇനി റിലീസാവാനിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'സിംഗിൾ പാപ്പ', പ്രൈം സീരീസായ 'ഗുൽകണ്ട ടെയ്ൽസ്' എന്നിവയാണ് കുനാലിന്റെ പുതിയ പ്രൊജക്ടുകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Soha Ali Khan reveals her mother Sharmila Tagore`s shocking advice about her relationship with Kunal Kemmu before their marriage