'വിവാഹത്തിന് മുൻപ് ഞങ്ങൾ വേർപിരിഞ്ഞു; കരിയറിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിരുന്നു’

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. 2023-ൽ ജയ്സാൽമീറിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, ഇന്നുകാണുന്ന ബന്ധത്തിന് പിന്നിൽ വേർപിരിയലിന്റെയും ആശയക്കുഴപ്പങ്ങളുടെയും ഒരു കാലമുണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് താരങ്ങൾ.
'ഷേർഷാ' (Shershaah) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുത്തതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ ഇരുവരും പ്രണയത്തിലാവുകയും, പിന്നീട് ചില പ്രത്യേക സാഹചര്യങ്ങൾ കാരണം വേർപിരിയുകയും ചെയ്തിരുന്നു.
'ലസ്റ്റ് സ്റ്റോറീസ്' (Lust Stories) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെ നടന്ന ഒരു പാർട്ടിയിൽ വെച്ചാണ് സിദ്ധാർത്ഥും കിയാരയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 'ഷെർഷാ'യിൽ ഇരുവരും നായികാനായകന്മാരായി ഒന്നിച്ചെത്തി. സിനിമ ഇരുവരുടെയും കരിയറിലെ വഴിത്തിരിവായെങ്കിലും, തുടക്കകാലത്ത് ഇവരുടെ ബന്ധം അത്ര സുഗമമായിരുന്നില്ല. 'കോഫി വിത്ത് കരൺ' പരിപാടിയിലാണ് (Koffee With Karan) ഇരുവരും പ്രണയത്തിലെ ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് മനസ്സുതുറന്നത്.
ഷേർഷയുടെ ചിത്രീകരണത്തിനായി സിദ്ധാർത്ഥ് കാർഗിലിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ഇരുവരും തമ്മിൽ അകലാൻ തീരുമാനിച്ചത്. കരിയറിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിരുന്നു സിദ്ധാർത്ഥിനത്. എന്നാൽ കിയാരയാകട്ടെ, കാര്യങ്ങൾ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോകട്ടെ എന്ന ചിന്തയിലായിരുന്നു.
"അന്ന് ഞങ്ങൾ ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിരുന്നു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായിരുന്നു സിദ്ധാർത്ഥിന്. എന്നാൽ സിദ്ധാർത്ഥിന്റെ പെരുമാറ്റത്തിലെ അനിശ്ചിതത്വം എന്നെ അസ്വസ്ഥയാക്കിയിരുന്നു. ഒന്നുകിൽ പൂർണ്ണമായും ഒപ്പം നിൽക്കുക, അല്ലെങ്കിൽ ഒഴിവാക്കുക, ഇതിനിടയിലുള്ള അവ്യക്തത എനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല," കിയാര പറഞ്ഞു.
കാർഗിലിലേക്ക് തിരിക്കുന്നതിന് മുൻപ് സിദ്ധാർത്ഥ് കിയാരയെ കാണാൻ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയിൽ സിദ്ധാർത്ഥ് പറഞ്ഞ വാക്കുകൾ കിയാര ഓർത്തെടുക്കുന്നു: "നിന്നെപ്പോലൊരാളുമായി ഒരു ബന്ധത്തിലേക്ക് കടന്നാൽ അത് അത്രമേൽ ഗൗരവമുള്ളതും ഉറച്ചതുമായിരിക്കുമെന്ന് എനിക്കറിയാം. പക്ഷേ ഇപ്പോൾ എന്റെ ജീവിതത്തിൽ, ജോലിക്ക് മാത്രമാണ് പ്രാധാന്യം നൽകേണ്ടത്. മറ്റൊന്നും അതിന് തടസ്സമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല."
സിദ്ധാർത്ഥിന്റെ സാഹചര്യം പൂർണ്ണമായി മനസ്സിലാക്കിയ കിയാര, കാർഗിലിലെ ഷൂട്ടിങ്ങിന് എല്ലാവിധ ആശംസകളും നേർന്ന് ആ തീരുമാനത്തോട് യോജിക്കുകയായിരുന്നു.
പിന്നീട് സിദ്ധാർത്ഥ് തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യില്ലെന്നായിരുന്നു കിയാര കരുതിയിരുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷൂട്ടിങ് തിരക്കുകൾക്ക് ശേഷവും എല്ലാ രാത്രിയിലും സിദ്ധാർത്ഥ് കിയാരയ്ക്ക് മെസ്സേജ് അയക്കുകയും വിളിക്കുകയും ചെയ്യുമായിരുന്നു. ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി പിരിയാൻ തീരുമാനിച്ച സിദ്ധാർത്ഥിന്റെ ഈ പ്രവൃത്തി തുടക്കത്തിൽ കിയാരയെ വലിയ ആശയക്കുഴപ്പത്തിലാക്കി.
പിന്നീടുള്ള മൂന്ന് നാല് വർഷക്കാലം ഉയർച്ച താഴ്ചകളിലൂടെയാണ് ഇവരുടെ ബന്ധം കടന്നുപോയത്. ചിലപ്പോൾ അടുത്തും, മറ്റു ചിലപ്പോൾ അകന്നും നിന്ന ആ കാലയളവിനൊടുവിൽ, ജീവിതകാലം മുഴുവൻ ഒന്നിച്ചുനിൽക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞു എന്നും ദമ്പതികൾ പറയുന്നു.
ആ തിരിച്ചറിവാണ് വിവാഹത്തിലേക്ക് ഇരുവരെയും എത്തിച്ചത്. 2025 ജൂലൈയിൽ ഇവർക്ക് ആദ്യത്തെ കൺമണിയായി 'സരായ' ജനിച്ചു. ഇപ്പോഴിതാ, തങ്ങളുടെ രണ്ടാമത്തെ കുഞ്ഞതിഥി കൂടി എത്താൻ പോകുന്നു. ആ വിവരം ഒക്ടോബറിൽ താരദമ്പതികൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sidharth and Kiara experienced a breakup before their 2023 wedding due to different life stages., The couple met after Lust Stories and worked together in Shershaah., Despite their brief separation, they realized their deep connection and got married., They welcomed their first child Saraya in July 2025 and announced a second pregnancy in October.