'അന്ന് അച്ഛന്റെ പേര് മാറ്റിപ്പറഞ്ഞു, ഡോ.രാമചന്ദ്രന്റെ മകള്‍ പൂജയാണെന്ന് പലരോടും പറഞ്ഞു'

ശ്രുതി ഹാസന്‍, കമല്‍ഹാസനൊപ്പം ശ്രുതി / AFP, instagram
ശ്രുതി ഹാസന്‍, കമല്‍ഹാസനൊപ്പം ശ്രുതി / AFP, instagram

അഭിനേത്രി, ഗായിക തുടങ്ങി മേല്‍വിലാസങ്ങളേറെയുണ്ട് ഇന്ന് നടി ശ്രുതി ഹാസന്. 3, ഗബ്ബര്‍ സിങ്, ഗബ്ബര്‍ ഈസ് ബാക്ക്, സിംഗം 3, സലാര്‍ തുടങ്ങി ഒട്ടേറെ സിനിമകളുണ്ട് ശ്രുതിയുടേതായിട്ട്. തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി പറന്നുനടക്കുകയാണ് ശ്രുതി. 'പാന്‍ ഇന്ത്യന്‍ പ്രൊഡക്ട്' എന്നാണ് ശ്രുതി സ്വയം വിശേഷിപ്പിക്കാറുള്ളത്. 

''അച്ഛന്റെ സിനിമകളുടെ പ്രീമിയര്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി എല്ലായിടത്തുമുണ്ടാവും. അച്ഛനും അമ്മയുമാണെങ്കില്‍ തമിഴ് സിനിമയില്‍ തുടങ്ങി ഹിന്ദിയില്‍ വരെ എത്തിയ താരങ്ങള്‍. അങ്ങനെയുള്ളൊരു വീട്ടില്‍നിന്ന് വരുന്നതുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ പ്രൊഡക്ട് എന്ന് ഞാനെന്നെ വിശേഷിപ്പിക്കുന്നത്''. 

പക്ഷേ, അതേ മാതാപിതാക്കളുടെ മേല്‍വിലാസം പലപ്പോഴും തങ്ങള്‍ക്ക് ഭാരമായും തോന്നിയിട്ടുണ്ടെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. പലപ്പോഴും ശ്രുതിയും അനുജത്തി അക്ഷരയും നേരിടേണ്ടിവന്നത് അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്, കമല്‍ഹാസനും സരികയും വിവാഹമോചനം നേടിയതിനെക്കുറിച്ചാണ്.

എപ്പോഴും, ഏത് കാര്യത്തിലും അച്ഛന്റെ പേരിനെ വലിച്ചിടുന്നത് ഒരുകാലത്ത് അരോചകമായിരുന്നുവത്രേ. ''അച്ഛന്റെ പ്രണയബന്ധങ്ങളായിരുന്നു പലര്‍ക്കും ചോദ്യവിഷയമായത്. ഇത് സ്ഥിരമായപ്പോള്‍, തനിക്കിതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറയാന്‍ തുടങ്ങി''. ഇന്‍ഡസ്ട്രിയില്‍ വന്ന തുടക്കകാലത്താണ് ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിവന്നത്.

എന്നാല്‍, കമല്‍ഹാസന്റെ മകള്‍ എന്ന മേല്‍വിലാസം ചെറുപ്പത്തിലാണ് ഏറ്റവും മോശമായി ബാധിച്ചതെന്നും ശ്രുതി ഒരിക്കല്‍ പറഞ്ഞു. ''ചെറുപ്പത്തിലായിരുന്നു പ്രശ്‌നങ്ങള്‍ കൂടുതല്‍. അതുകൊണ്ട് അന്ന് അച്ഛന്റെ പേര് മാറ്റിയാണ് പറഞ്ഞിരുന്നത്. അതിനുവേണ്ടി ഞങ്ങളുടെ കുടുംബഡോക്ടറുടെ പേര് ഞാന്‍ കടമെടുത്തു, ഡോ.രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ഏകമകളായ പൂജ രാമചന്ദ്രന്‍, അങ്ങനെയാണ് ഞാന്‍ അപരിചിതര്‍ പേരുചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്''. 

അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം തങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്നും ശ്രുതി പറഞ്ഞു. ''എല്ലാ സന്തോഷവും ഭാഗ്യവും നിറഞ്ഞൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍, അതിന്റെ മറ്റൊരു വശവും ഞങ്ങള്‍ കണ്ടിട്ടുണ്ട്. അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍, കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അവര്‍ ആ ബന്ധത്തില്‍നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചപ്പോള്‍, അത് പലകാര്യങ്ങളും എന്നെ പഠിപ്പിച്ചു. അതിലേറ്റവും പ്രധാനം സ്വയംപര്യാപ്തത തന്നെയാണ്. എന്താണ് സാമ്പത്തികസ്വാതന്ത്ര്യമെന്ന്‌ മനസ്സിലാക്കിയതും അപ്പോള്‍ തന്നെ''.

Content Highlights: shruti haasan about changing her fathers name to avoid publicity