കമൽഹാസൻ മകളെ എന്തിന് അഭിനയിക്കാൻ വിട്ടു? കാരണമിതാണ്

ശ്രുതി ഹാസന്‍, കമല്‍ഹാസനൊപ്പം ശ്രുതി / AFP, instagram
ശ്രുതി ഹാസന്‍, കമല്‍ഹാസനൊപ്പം ശ്രുതി / AFP, instagram

നടന്മാരോ ചലച്ചിത്ര നിർമ്മാതാക്കളോ ആയ മാതാപിതാക്കളുടെ പാത പിന്തുടർന്ന് പെൺമക്കൾ സിനിമയിലെത്തുന്നത് ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ അപൂർവ്വമായിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതിന് മാറ്റം വന്നിട്ടുണ്ട്, ശ്രുതി ഹാസൻ അച്ഛന്റെ പാത പിന്തുടർന്ന് നടിയായത് അത്തരമൊരു മാറ്റത്തിന്റെ ഫലമായിട്ടാണ്. കമലഹാസന്റെ സഹോദരന്റെ മകളായ സുഹാസിനി മണിരത്നത്തോട് സംസാരിക്കവേ, ഒരിക്കൽ ഒരാൾക്ക് തന്റെ അച്ഛൻ നൽകിയ മറുപടി ഓർത്തെടുക്കുകയാണ് ശ്രുതിയിപ്പോൾ. ഒരഭിമുഖത്തിനിടെയായിരുന്നു ഇത്.

ചില ചോദ്യങ്ങൾക്ക് ഉഗ്രൻ മറുപടി നൽകാൻ സുഹാസിനി ശ്രുതിയോടാവശ്യപ്പെട്ടു. എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ, മണിരത്നവുമായി എപ്പോഴാണ് വിവാഹമോചനം നേടുന്നത് എന്ന് സുഹാസിനിയോട് ശ്രുതി തിരിച്ചുചോദിച്ചു.

മറ്റെന്തെങ്കിലും തൊഴിൽ നോക്കാതെ എന്തുകൊണ്ട് സിനിമയിൽ വന്നെന്ന ചോദ്യത്തിന് “ഞാൻ ഇത് ചെയ്യാനാഗ്രഹിച്ചു, ചെയ്തു. അത്രയേയുള്ളൂ. നിങ്ങൾക്കറിയാവുന്നതുപോലെ, നിങ്ങളുണ്ട് (സുഹാസിനി), ഞാനുണ്ട്, രേഖ മാഡമുണ്ട്; സിനിമയിൽ പെൺമക്കളായ നമ്മൾ വളരെ കുറച്ചുപേരേയുള്ളൂ. എന്നെയെന്തിനാണ് സിനിമയിലേക്ക് അയച്ചതെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘മകളെ അറിയാത്ത ഒരു കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ചുവിടുന്നത് എങ്ങനെയനുവദിക്കും? ഇത് ഞങ്ങളുടെ കുടുംബമാണ്. എന്റെ മകൾ ഇവിടെ വളരെ സന്തോഷവതിയായിരിക്കും....’ എന്നായിരുന്നു അപ്പയുടെ മറുപടി. അക്കാര്യം എന്റെ മനസ്സിൽ പതിഞ്ഞുപോയി. അപ്പ എങ്ങനെയാണ് സിനിമാലോകത്തെ ഉയർത്തിപ്പിടിക്കുന്നതെന്ന് നോക്കൂ”-ശ്രുതി മറുപടി പറഞ്ഞു.

അച്ഛനായതുകൊണ്ടോ, 72-ാം വയസ്സിലും ജോലി ചെയ്യുന്നത് കൊണ്ടോ മാത്രമല്ല, ജോലിയിൽ അച്ഛൻ കാണിക്കുന്ന സൂക്ഷ്മതയും കൃത്യതയും സമർപ്പണവും തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്ന് ശ്രുതി വിശദീകരിച്ചു. മാതാപിതാക്കളുടെ മേക്കപ്പ് സാധനങ്ങൾ താൻ മോഷ്ടിക്കാറുണ്ടായിരുന്നെന്നും.

“അക്ഷരയ്ക്ക് (അക്ഷര ഹാസൻ) മേക്കപ്പിൽ യാതൊരു താല്പര്യവുമില്ല; അവൾ അമ്മയെപ്പോലെയാണ്. ഒരു ദിവസം അപ്പ എന്നോട് ചോദിച്ചു, നിനക്ക് ശരിക്കും മേക്കപ്പ് ഇഷ്ടമാണോ? ഞാൻ പറഞ്ഞു, നിങ്ങൾ എന്നോടിത് ചോദിക്കരുത്. 'ദശാവതാരം' പോലുള്ള സിനിമകളിൽ നിങ്ങൾ മേക്കപ്പ് ഇടാറില്ലേ, അതിനെപ്പറ്റി എന്നോട് സംസാരിക്കരുത്. അദ്ദേഹം ശരിയെന്ന് പറഞ്ഞ് അത് വിട്ടു”. മേക്കപ്പിനോടുള്ള ഇഷ്ടം അച്ഛനിൽ നിന്നാണുണ്ടായതെന്ന് ശ്രുതി പറയാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kamal Haasan defended Shruti Haasan entering the film industry by comparing it favorably to traditional arranged marriages., Shruti Haasan recalled her conversation with cousin Suhasini Maniratnam about cinema and family.,