അമ്മ ചെരിപ്പുകൊണ്ടും ചൂലുകൊണ്ടും അടിക്കുമായിരുന്നുവെന്ന് ശിൽപ ഷെട്ടി, അനിയത്തി ഡേറ്റിങ് ആപ്പ് പരീക്ഷിക്കണമെന്നും

ബിടൗണിലെ കൂൾ സഹോദരിമാരാണ് ശിൽപ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിനും ആരോഗ്യത്തിനും പേരുകേട്ടവരാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ച് ജിം വീഡിയോകൾ പങ്കുവെക്കാറുണ്ട്. നടികൂടിയായ ഷമിത ഷെട്ടിക്ക് വേണ്ടി യോഗ്യരായ വരന്മാരെ എപ്പോഴും തിരയാറുണ്ടെന്ന് തുറന്നുപറയുകയാണ് ശിൽപയിപ്പോൾ. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ പുതിയ എപ്പിസോഡിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോഴായിരുന്നു ഇത്.
രക്ഷാബന്ധൻ സ്പെഷ്യൽ എപ്പിസോഡിൽ നടി ഹുമ ഖുറേഷിയും അനുജനും നടനുമായ സാഖിബ് സലീമും ഇവർക്കൊപ്പം അതിഥികളായി എത്തിയിരുന്നു. തൻ്റെ സഹോദരിയുടെ വിവാഹം ഒരു സ്വപ്നമാണെന്ന് ഷോയിൽ ശിൽപ വെളിപ്പെടുത്തി. എന്നാൽ, ഇന്നത്തെ ലോകത്ത് യഥാർഥ സ്നേഹം കണ്ടെത്താൻ പ്രയാസമാണെന്നാണ് ഷമിത അഭിപ്രായപ്പെട്ടത്. വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് സമ്മർദ്ദമൊന്നുമില്ലേയെന്ന് കപിൽ ചോദിച്ചപ്പോൾ, ആ ഘട്ടം കഴിഞ്ഞുവെന്നും മാതാപിതാക്കൾ ഇപ്പോഴങ്ങനെ ചെയ്യാറില്ലെന്നും 46-കാരിയായ നടി മറുപടി നൽകി. എന്നാൽ, അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്താൻ ഷമിത ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കണമെന്നാണ് ശിൽപയുടെ നിർദേശം.
വിവാഹമാലോചിക്കുന്നതിലെ തന്റെ കഴിവിനെപ്പറ്റിയും അവർ പറഞ്ഞു. സഹോദരിക്ക് വേണ്ടി ഒരു വരനെ കണ്ടെത്താൻ നിരന്തരം ശ്രമിക്കാറുണ്ടത്രേ ശിൽപ. ഒരാൾ വിവാഹിതനാണോ അല്ലയോ എന്ന് ചോദിക്കാൻ തനിക്ക് മടിയില്ലെന്നും ശിൽപ പറഞ്ഞു. താൻ എന്തിനാണ് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നതെന്ന് ആ വ്യക്തി ചിന്തിച്ചേക്കാം, പക്ഷേ സഹോദരിക്ക് വേണ്ടി വരനെ തിരയുന്നതിന്റെ ഭാഗമാണതെന്നും അവർ വ്യക്തമാക്കി.
കുട്ടിക്കാലത്തെ രസകരമായ ചില അനുഭവങ്ങളും ശിൽപ തുറന്നുപറഞ്ഞത് സദസ്സിലിരുന്നവരിൽ ചിരിപടർത്തി.
അമ്മ സുനന്ദ ഷെട്ടി വളരെ കർക്കശക്കാരിയായിരുന്നുവെന്നും കുട്ടിക്കാലത്ത് കുസൃതി കാണിക്കുമ്പോൾ തന്നെയും സഹോദരിയെയും ചെരുപ്പുകൊണ്ടും ചൂലുകൊണ്ടും അടിക്കുമായിരുന്നെന്നുമാണവർ പറഞ്ഞത്. എന്നാൽ അമ്മയുടെ കർശന സ്വഭാവവും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമാണ് തങ്ങളെ രൂപപ്പെടുത്തിയതെന്നും ശിൽപ സമ്മതിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shilpa Shetty opens up about finding a groom for Shamita, their strict mom, and funny childhood memories on The Kapil Sharma Show.