ട്വിങ്കിളുമായി അടുത്തപ്പോൾ അക്ഷയ് തന്നെ ചതിച്ചെന്ന് ശിൽപ ഷെട്ടി പറഞ്ഞു, മാതാപിതാക്കളുടെ നിബന്ധനകൾ പ്രശ്നമായെന്നും വെളിപ്പെടുത്തൽ

ശിൽപ ഷെട്ടി, അക്ഷയ് കുമാർ
ശിൽപ ഷെട്ടി, അക്ഷയ് കുമാർ

1990-കളിൽ ബോളിവുഡിലെ പേരെടുത്ത പ്രണയജോഡികളായിരുന്നു അക്ഷയ് കുമാറും ശിൽപ ഷെട്ടിയും. എന്നാൽ അവരുടെ പ്രണയബന്ധം വിവാഹത്തിലെത്തിയില്ല. ഇരുവരും വിവാഹിതരാവാതെ പോയതിനുള്ള കാരണം പറയുകയാണ് പ്രമുഖ സംവിധായകൻ സുനിൽ ദർശൻ ഇപ്പോൾ.

ദർശൻ പറയുന്നതനുസരിച്ച്, ഇരുവരും ഒരിക്കൽ വിവാഹിതരാകാൻ ഒരുങ്ങിയതാണ്, പിന്നീട് പിന്മാറി. ശിൽപയുടെ മാതാപിതാക്കൾ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിരുന്നെന്നും, അവ നിറവേറ്റപ്പെടാത്തതിനാൽ വിവാഹം നടന്നില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അവരുടെ വ്യവസ്ഥകളും നിബന്ധനകളും വിവാഹപദ്ധതികളെ തകിടംമറിച്ചു. നിബന്ധനകളെക്കുറിച്ച് ചോദിച്ചപ്പോൾ, ദർശൻ പറഞ്ഞത് അവ മാതാപിതാക്കളുടെ സഹജമായ ചിന്തയിൽ നിന്നുള്ള ഒന്നായിരുന്നു എന്നാണ്. മകളുടെ എല്ലാത്തരം സുരക്ഷയും ഉറപ്പാക്കാൻ വേണ്ടിയുള്ളതായിരുന്നു അതെന്നും. എന്നാൽ നിബന്ധനകൾ സാമ്പത്തികമായിരുന്നോ, വ്യക്തിപരമായിരുന്നോ, തൊഴിൽപരമായിരുന്നോ, അതോ ഇവയെല്ലാമായിരുന്നോ എന്ന കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം, ശിൽപ ഷെട്ടിയോ അക്ഷയ് കുമാറോ അവരുടെ മാതാപിതാക്കൾ മുന്നോട്ട് വെച്ച നിബന്ധനകളെക്കുറിച്ച് പരസ്യമായി ഒരിക്കലും പറഞ്ഞിട്ടില്ല.

ട്വിങ്കിളിന്റെ വരവ്
ഒന്നിച്ചഭിനയിച്ച സിനിമകളിലൂടെയാണ് അക്ഷയും ശിൽപയും അടുക്കുന്നത്. 2000-ലെ 'ധഡ്കൻ' എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് അവരുടെ വേർപിരിയലെന്നാണ് റിപ്പോർട്ടുകൾ. നടി ട്വിങ്കിൾ ഖന്നയുമായും താനുമായും ഒരേസമയം അക്ഷയ് ബന്ധം സൂക്ഷിച്ചതിന്റെ പേരിൽ ശിൽപ ഷെട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയെന്നാണ് വിവരം. ഷൂട്ടിങ്ങിനിടെയാണ് ട്വിങ്കിളുമായുള്ള ബന്ധം ശിൽപയറിയുന്നത്. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങൾ ചിത്രീകരണത്തെ ബാധിക്കാതിരിക്കാൻ ശിൽപ ശ്രദ്ധിച്ചു. ഇരുവരും ഒന്നിച്ച അവസാനത്തെ ചിത്രമായിരുന്നു ‘ധഡ്കൻ’.

2000-ത്തിൽ നൽകിയ അഭിമുഖത്തിൽ, അക്ഷയ് കുമാർ തന്നെ വഞ്ചിച്ചുവെന്ന് ശിൽപ തുറന്നുപറഞ്ഞിട്ടുണ്ട്. ബന്ധത്തിനിടയിൽ ഒരിക്കൽപോലും അക്ഷയ് ചതിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും. ട്വിങ്കിളിനെ അവർ കുറ്റപ്പെടുത്തിയില്ല, കാരണം ഉത്തരവാദിത്തം പൂർണമായും അക്ഷയ്ക്കാണെന്നും അവിശ്വാസം കാണിച്ചത് അക്ഷയ് ആണെന്നും അവർക്ക് ബോധ്യമുണ്ടായിരുന്നു. അക്ഷയ് തന്നെ ഉപയോഗിച്ചെന്നും ട്വിങ്കിളുമായി പ്രണയത്തിലായപ്പോൾ തന്നെ ഉപേക്ഷിച്ചുവെന്നും ശിൽപ പറഞ്ഞു. വിഷമത്തിൽ നിന്ന് പുറത്തുകടക്കുക എളുപ്പമായിരുന്നില്ല. അക്ഷയ്ക്കൊപ്പം ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന് ശിൽപ തീരുമാനിക്കുകയും ചെയ്തു. 2001-ൽ അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്തു. ശിൽപ ഷെട്ടി 2009-ൽ വ്യവസായി രാജ് കുന്ദ്രയെയും വിവാഹം കഴിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Filmmaker Suneel Darshan reveals why Shilpa Shetty and Akshay Kumar`s marriage plans failed. Discover the parental conditions that reportedly ended their relationship.