'എനിക്ക് മൂന്നുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി; അവസരങ്ങൾക്കായി അച്ഛന്റെ പേരുപയോഗിച്ചില്ല'

ഷാഹിദ് കപൂർ / AFP
ഷാഹിദ് കപൂർ / AFP

അഭിനേതാക്കളായ പങ്കജ് കപൂറിന്റെയും നീലിമ അസീമിന്റെയും മകനാണ് ഷാഹിദ് കപൂർ. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴാണ് പങ്കജും നീലിമയും കണ്ടുമുട്ടുന്നത്. ആ സമയത്ത് കഥക് നൃത്തം പഠിക്കുകയായിരുന്നു നീലിമ. അവരുടെ സൗഹൃദം പതുക്കെ പ്രണയത്തിലെത്തി. അധികം വൈകാതെ വിവാഹവും. എന്നാൽ, ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഷാഹിദ് ജനിച്ച് മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും അവർ വിവാഹമോചിതരായി. ഇപ്പോൾ അച്ഛനില്ലാതിരുന്ന ആ കുട്ടിക്കാലത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഷാഹിദ്.

മാതാപിതാക്കളുടെ പ്രശസ്തി കാരണമാണ് താൻ സിനിമയിലേക്ക് വന്നതെന്നും തനിക്കെല്ലാ കാര്യങ്ങളും എളുപ്പമായിരുന്നുവെന്നുമുള്ള ഒരു തെറ്റിദ്ധാരണ പൊതുവെ ഉണ്ടെന്ന് ഷാഹിദ് പറയുന്നു. ''പങ്കജ് കപൂറിന്റെ മകനായതുകൊണ്ട് ഞാൻ നടനായെന്നാണ് ആളുകൾ കരുതുന്നത്. പക്ഷേ എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. അച്ഛനോടൊപ്പം അധികം സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഞാൻ അദ്ദേഹത്തിന്റെ മകനാണെന്ന് ആർക്കും അറിയില്ലായിരുന്നു, ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചിരുന്നില്ല. അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരിക്കലും എന്റെ അച്ഛനോട് സഹായം ചോദിച്ചില്ല. എനിക്കൊരു ജോലി തരപ്പെടുത്താനായി അദ്ദേഹവും ആരെയും വിളിച്ചില്ല'', ഷാഹിദ് ഓർക്കുന്നു. ''എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയപ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്തോ ഒരു കുറവുണ്ടായിരുന്നു അന്നൊക്കെ. എനിക്ക് തോന്നുന്നു, പലർക്കും അത് മനസ്സിലാക്കാൻ കഴിയുമെന്ന്''.

കുറച്ചു വലുതായപ്പോൾ നൃത്തത്തിലൂടെയാണ് താൻ പണമുണ്ടാക്കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''ചെറുപ്പത്തിൽ എനിക്ക് നൃത്തത്തിൽ താത്പര്യമുണ്ടായിരുന്നു. അതിനാൽ ഞാൻ നൃത്തക്ലാസുകളിൽ പങ്കെടുത്തു. എന്റെ പരിശീലകന് ഞാൻ നൃത്തം ചെയ്യുന്നത് ഇഷ്ടപ്പെട്ടു. അദ്ദേഹം പല അവസരങ്ങളും ഉണ്ടാക്കിത്തന്നു. അതൊരു വരുമാനമാർഗമായി മാറി''. പക്ഷേ നൃത്തമാണെങ്കിലും അഭിനയമാണെങ്കിലും യാദൃശ്ചികമായിട്ടാണ് താനതിലേക്ക് എത്തിയതെന്നും ഷാഹിദ് പറയുന്നു.

''ഒരു പരസ്യചിത്രത്തിന്റെ ഓഡിഷനുവേണ്ടി എന്റെ സുഹൃത്തിനൊപ്പം പോയതായിരുന്നു ഞാൻ. അവർക്ക് എന്നെ ഇഷ്ടപ്പെട്ടു. ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഷാരൂഖ് ഖാനും റാണി മുഖർജിക്കുമൊപ്പമുള്ള പരസ്യം. അതാണ് അഭിനയത്തിലേക്കുള്ള വഴികൾ തുറന്നത്. പിന്നീട് അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു''.

വിവാഹമോചിതരായശേഷം പങ്കജ് കപൂർ നടി സുപ്രിയ പഥക്കിനെ വിവാഹം കഴിച്ചു. നീലിമ നടൻ രാജേഷ് ഖട്ടറിനെയാണ് വിവാഹം കഴിച്ചത്. ബോളിവുഡ് നടൻ ഇഷാൻ ഖട്ടറാണ് അവരുടെ മകൻ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shahid Kapoor opens up about his parents` divorce at age 3, his childhood, and how he built his acting career without relying on his father`s name