ബുമ്ര അഹങ്കാരിയെന്ന് കരുതി സഞ്ജന; ആ അഭിമുഖത്തിനുശേഷം എല്ലാം മാറിമറിഞ്ഞു

സഞ്ജന ഗണേശനും ജസ്പ്രീത് ബുമ്രയും / instagram, PTI
സഞ്ജന ഗണേശനും ജസ്പ്രീത് ബുമ്രയും / instagram, PTI

2013-ലെ ഐപിഎല്‍ സീസണ്‍ നടക്കുമ്പോഴാണ് ക്രിക്കറ്റര്‍ ജസ്പ്രീത് ബുമ്ര, സ്‌പോര്‍ട്‌സ് പ്രസന്റര്‍ സഞ്ജന ഗണേശനുമായി ആദ്യമായി സംസാരിക്കുന്നത്. അന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടി ജസ്പ്രീതിനെ അഭിമുഖം ചെയ്തത് സഞ്ജനയായിരുന്നു. 

അതുവരെ പരസ്പരം അധികം സംസാരിച്ചിരുന്നില്ല അവര്‍. എന്തൊക്കെയോ തെറ്റിദ്ധാരണകളായിരുന്നു കാരണം. ദിനേഷ് കാര്‍ത്തിക്കുമായുള്ള ഒരഭിമുഖത്തില്‍ ബുമ്ര സഞ്ജനയെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''സഞ്ജന ഭയങ്കര അഹങ്കാരിയാണെന്നാണ് ഞാനാദ്യം കരുതിയത്. എന്നെക്കുറിച്ച് അവള്‍ക്ക് തോന്നിയതും അതുതന്നെ. പക്ഷേ സംസാരിച്ചുതുടങ്ങിയപ്പോഴാണ് അങ്ങനെയല്ലെന്ന് മനസ്സിലായത്''.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു സഞ്ജന. അവിചാരിതമായിട്ടാണ് മോഡലിങ്ങിലേക്കും ആങ്കറിങ്ങിലേക്കും കടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അവതാരകയായെത്തിയതോടെ ആ പേര് ക്രിക്കറ്റ് പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതമായി. സഞ്ജന അവതാരകലോകത്തെ താരമായിരിക്കുമ്പോഴാണ് ബുമ്രയെ അഭിമുഖം ചെയ്യാനെത്തുന്നത്. ബുമ്ര താരതമ്യേന പുതുമുഖമാണന്ന്. ആ അഭിമുഖത്തോടെ അത്ര കുഴപ്പക്കാരല്ലെന്ന് പരസ്പരം മനസ്സിലായി. പതുക്കെ ഒരു സൗഹൃദം അവര്‍ക്കിടയിലുണ്ടായി. പിന്നാലെ വന്ന ഒരു അവാര്‍ഡ് ഷോയുടെ ഷൂട്ടിങ്ങിനിടെയാണ് അവര്‍ പ്രണയത്തിലാവുന്നത്. അവരുടെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകളേറെ ഉയര്‍ന്നിട്ടും, രണ്ടുപേരും അതിനെക്കുറിച്ച് അന്നൊന്നും തുറന്നുപറഞ്ഞില്ല.

രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം 2021-ല്‍ ഗോവയില്‍വെച്ചായിരുന്നു വിവാഹം. പരസ്പരബഹുമാനവും പിന്തുണയും തന്നെയാണ് അവരുടെ ബന്ധത്തെ മുന്നോട്ട് കൊണ്ടുപോവുന്നതെന്ന് ഇരുവരും പറയാറുണ്ട്. 2023 ഏഷ്യ കപ്പിനിടെ ബുമ്രയെടുത്തൊരു തീരുമാനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ഭാര്യയുടെ പ്രസവസമയത്ത് അടുത്തുനില്‍ക്കുന്നതിനായി ടൂര്‍ണമെന്റില്‍നിന്ന് വിട്ടുനില്‍ക്കാനാണ് അന്ന് ബുമ്ര തീരുമാനിച്ചത്. തൊട്ടുപിന്നാലെ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളിങ്ങുകള്‍ക്കുമിരയായി ബുമ്ര. എങ്കിലും കുടുംബത്തിന് പ്രാധാന്യം കൊടുത്ത ബുമ്രയെ അഭിനന്ദിച്ചുകൊണ്ടും പലരുമെത്തി. 

എന്നും കുടുംബത്തിനെ തനിക്കൊപ്പം ചേര്‍ത്തുനിര്‍ത്തുന്നയാളാണ് ബുമ്ര. സഞ്ജനയാണെങ്കില്‍ ബുമ്രയുടെ ഓരോ പ്രതിസന്ധിഘട്ടത്തിലും കൂടെ നില്‍ക്കുന്ന കരുത്ത്. സ്‌പോര്‍ട്‌സ് പ്രസന്റര്‍ ആയതുകൊണ്ട് തന്നെ ക്രിക്കറ്റിന്റെ എല്ലാ വശങ്ങളും സഞ്ജനയ്ക്കറിയാം. പരിക്കുകളും ഫോമില്ലായ്മയും വലച്ചപ്പോഴും സഞ്ജന തന്നെയാണ് ബുമ്രയ്ക്ക് ആത്മവിശ്വാസം പകര്‍ന്നത്. ബുമ്രയുടെ ഓരോ വിജയങ്ങളും ആഘോഷിച്ചും പ്രശംസിച്ചും, ഒപ്പം തളരാതെ താങ്ങിനിര്‍ത്തിയതും സഞ്ജന തന്നെയെന്ന് ബുമ്ര പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. 

ക്രിക്കറ്റിനിടയില്‍ കിട്ടുന്ന ഓരോ നിമിഷങ്ങളും ഈ ദമ്പതിമാര്‍ ആഘോഷമാക്കാറുണ്ട്. ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനതിരെ വിജയം നേടിയശേഷം, ജസ്പ്രീത് ബുംറയെ അഭിമുഖം ചെയ്യാനെത്തിയത് സഞ്ജനയാണ്.അഭിമുഖത്തിലുടനീളം രണ്ടുപേരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി കാണാമായിരുന്നു. 'സീ യൂ ഇന്‍ 30 മിനിറ്റ്സ്' എന്നുപറഞ്ഞാണ് ബുമ്ര അവസാനിപ്പിക്കുന്നത്. ഉടനെ വന്നു സഞ്ജനയുടെ കൗണ്ടര്‍, 'വാട്സ് ഫോര്‍ ഡിന്നര്‍'? അത് ക്രിക്കറ്റ് പ്രേക്ഷകര്‍ ചിരിയോടെയാണ് ഏറ്റെടുത്തത്. 

Content Highlights: sanjana ganesan and jasprit bumrah love story