അച്ഛൻ ഹെലനെ പ്രണയിക്കുമ്പോൾ അമ്മ വേദനിക്കുന്നത് കണ്ടുവളർന്ന സൽമാൻ; അന്ന് സൽമാന് പത്തുവയസ്സ്

ജപ്പാന്റെ അധിനിവേശകാലത്ത് മ്യാൻമാറിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ് നടി ഹെലന്റെ കുടുംബം. അമ്മ ഇന്ത്യയിൽ നഴ്സ് ആയിരുന്നു. പഠനം ഉപേക്ഷിച്ച്ചെറുപ്പത്തിൽ തന്നെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ഹെലൻ ഇറങ്ങിപ്പുറപ്പെട്ടു. ഡാൻസറായിട്ടായിരുന്നു തുടക്കം. തുടർന്ന് ‘ഹൗറ ബ്രിഡ്ജ്’ എന്ന ചിത്രത്തിലെ സോളോ നൃത്തത്തിലൂടെ ഒറ്റരാത്രി കൊണ്ട് ഹെലൻ പ്രസിദ്ധയായി.
1978-ൽ 'ഡോൺ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശസ്ത തിരക്കഥാകൃത്ത് സലിം ഖാനും ഹെലനും പരിചയപ്പെടുന്നത്. സലിം ഖാൻ നേരത്തേ തന്നെ സൽമ ഖാനെ (സുശീല ചരക്) വിവാഹം ചെയ്തിരുന്നു. ചെറുപ്രായത്തിൽ തന്നെ സലിം ഖാന്റെ ജീവിതത്തിലേക്കുവന്ന വ്യക്തിയാണ് സൽമ. സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹൈൽ ഖാൻ, അൽവിറ എന്നീ മക്കളോടൊപ്പം സ്നേഹത്തോടെ ഇരുവരും ഒരു കുടുംബവും കെട്ടിപ്പടുത്തിരുന്നു.
പക്ഷേ, ഇതിനിടയിലും ഹെലനുമായി സലിം ഖാൻ അടുത്തു. സെറ്റിലെ സംഭാഷണങ്ങളിലൂടെയും ദൈനംദിന ഇടപെടലുകളിലൂടെയും സൗഹൃദം പ്രണയമായി. ഇതോടെ, സലീം ഖാന്റെ കുടുംബാന്തരീക്ഷം അസ്വസ്ഥമായി. സലിം ഖാൻ, ദിവസങ്ങളോളം സെറ്റിൽ ചെലവഴിച്ചു. ഹെലനും ഷൂട്ടിങ്ങിനായി അവിടെയുണ്ടായിരുന്നു. ഇതിനെല്ലാമിടയിൽ മക്കളുമൊത്ത് സൽമ നിശ്ശബ്ദമായി ഈ വേദനകളോടു മല്ലിട്ടു. അന്ന് ഏകദേശം പത്തുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സൽമാൻ ഖാന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലംകൂടിയായിരുന്നു ഇത്. അമ്മ വിഷമങ്ങളെല്ലാം ദൈനംദിന കാര്യങ്ങൾക്കുള്ളിൽ മറയ്ക്കാൻ ശ്രമിച്ചപ്പോഴും സൽമാൻ അത് തിരിച്ചറിഞ്ഞു. ആ നാളുകളിലൂടെ തന്റെ കുടുംബം എങ്ങനെയാണ് കടന്നുപോയത് എന്നതിനെപ്പറ്റി സൽമാൻ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
സലിം ഖാൻ ഒടുവിൽ ഹെലനെ വിവാഹം കഴിച്ചു. ഈ തീരുമാനം തുടക്കത്തിൽ കുടുംബത്തെ തകർക്കുന്നതിന്റെ വക്കിൽ കാര്യങ്ങളെത്തിച്ചു. കാലക്രമേണ ആ വിള്ളൽ പതിയെ മാഞ്ഞുപോയി.
ഹെലനും സൽമയും തമ്മിൽ പതിയെ അടുപ്പത്തിലായി. ഹെലൻ വളരെ ശ്രദ്ധാപൂർവമാണ് കുടുംബത്തിൽ പെരുമാറിയിരുന്നതെന്നും അതിരുകൾ ലംഘിക്കാതിരിക്കാൻ ശ്രമിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. വൈകാതെ, കുട്ടികളടക്കമുള്ളവർക്ക് അവരോട് ബഹുമാനം തോന്നിത്തുടങ്ങി.
ഖാൻ കുടുംബത്തിലെ ഐക്യം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. സലിം ഖാനും സൽമ ഖാനും ഹെലനും ഒരുമിച്ചാണ് ആഘോഷങ്ങളിലും വിരുന്നുകളിലുമെല്ലാം എത്താറ്. സൽമാൻ പലപ്പോഴും ഹെലനെക്കുറിച്ച് സ്നേഹത്തോടെയും നന്ദിയോടെയും സംസാരിക്കാറുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the untold story of Salim Khan and Helen`s bond, its impact on a young Salman Khan, and how the Khan family navigated emotional storms to find acceptance.