റൊണാൾഡോ കാമുകിക്ക് സമ്മാനിച്ചത് 42 കോടിയുടെ മോതിരം; ഏഴുകുട്ടികൾ വേണമെന്ന് താരം

ക്രിസ്റ്റിയാനോ റൊണാൾഡോ ജോർജിന റോഡ്രിഗസിനൊപ്പം / GettyImages, Instagram
ക്രിസ്റ്റിയാനോ റൊണാൾഡോ ജോർജിന റോഡ്രിഗസിനൊപ്പം / GettyImages, Instagram

ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹനിശ്ചയവാർത്തകളാണ് സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. വിരലിൽ മോതിരമണിഞ്ഞ ചിത്രം ജോർജിന പങ്കുവെച്ചതോടെയാണ് ഇവർ വിവാഹിതരാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ചിത്രത്തിലെ ജോർജിനയുടെ മോതിരമാണ് ഫാഷനിസ്റ്റകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

അഞ്ച് സെന്റിമീറ്ററോളം നീളമുള്ള കല്ലാണ് മോതിരത്തിലുള്ളത്. ഓവൽ ആകൃതിയിലുള്ള, നടുവിൽ വജ്രവും ഇരുവശങ്ങളിലും ചെറിയ കല്ലുകളുമുള്ള മോതിരമാണിത്. പ്രശസ്ത ആഭരണ ഡിസൈനറായ ബ്രയോണി റെയ്മണ്ടിന്റെ അഭിപ്രായത്തിൽ 25 മുതൽ 37 കാരറ്റ് വരെയുള്ള വജ്രക്കല്ലാണ് മോതിരത്തിനു നടുവിലുള്ളത്. എന്നാൽ, മറ്റുചിലർ പറയുന്നത് 15 കാരറ്റ് കല്ലാണതെന്നാണ്. വശങ്ങളിലുള്ള ചെറിയ വജ്രക്കല്ലുകൾക്ക് ഓരോ കാരറ്റ് വീതമായിരിക്കുമെന്ന് കീഗൻ ഫിഷർ എന്ന മറ്റൊരു ഡിസൈനർ പറയുന്നു.

മോതിരത്തിന് ഏകദേശം രണ്ടുമുതൽ അഞ്ചു ദശലക്ഷം യുഎസ് ഡോളർ വില വരുമെന്ന് വിദഗ്ധർ പറയുന്നു. (16.8 കോടി മുതൽ 42 കോടി വരെ). ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ എൻഗേജ്‌മെന്റ് റിങ്ങായിരിക്കുമിതെന്നാണ് പറയപ്പെടുന്നത്.

ദീർഘകാലമായി റൊണാൾഡോയുടെ പങ്കാളിയാണ് ജോർജിന. 2016-ൽ സ്‌പെയിനിൽവെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് സ്‌പെയിനിലെ ഗുച്ചി സ്റ്റോറിൽ ജോലിചെയ്യുകയായിരുന്നു ജോർജിന. അതിനൊപ്പം മോഡലും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറും കൂടിയാണവർ. 2017-ൽ ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ റൊണാൾഡോ പറഞ്ഞതിങ്ങനെ, ''ഒരുവർഷത്തിനുള്ളിലോ ആറുമാസത്തിലോ അല്ലെങ്കിൽ ഒരുമാസത്തിനുള്ളിലോ ആവും. പക്ഷേ, ആയിരം ശതമാനം ഉറപ്പാണ്, ഞങ്ങൾ വിവാഹിതരാവുമെന്ന്''.

അഞ്ചുകുട്ടികളാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ജോർജിനയുമായുള്ള ബന്ധത്തിലുള്ളത് രണ്ടുകുട്ടികളാണ്. ക്രിസ്റ്റിയാനോ ജൂനിയറാണ് മൂത്തകുട്ടി. തന്റെ 25-ാമത്തെ വയസ്സിലാണ് അച്ഛനായ കാര്യം ക്രിസ്റ്റ്യാനോ സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നത്. 2010 ജൂൺ 17-ന് ഇങ്ങനെ കുറിച്ചു, ''ഞാനൊരു ആൺകുഞ്ഞിന്റെ പിതാവായ കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. കുട്ടിയുടെ അമ്മയുമായുള്ള ഉടമ്പടിപ്രകാരം, അവൻ എന്റെ മാത്രം മകനായിട്ടാണ് വളരുക. അവന്റെ അമ്മ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...''ആ കുറിപ്പിനുപിന്നാലെ കുഞ്ഞിന്റെ അമ്മയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി ഫുട്ബോൾ ലോകം.

പത്രമാധ്യമങ്ങൾ ഉൾപ്പെടെ പലരും പല കഥകൾ നെയ്തു. 2014-ൽ ദി മിറർ ഇങ്ങനെ റിപ്പോർട്ട് ചെയ്തു: അമേരിക്കയിലെ ഒരു റസ്റ്റോറന്റിലെ വെയ്ട്രസ് ആയിരുന്നു ജൂനിയറിന്റെ അമ്മ. മറ്റൊരു പത്രത്തിൽ വാർത്ത വന്നതിങ്ങനെ: ജൂനിയറിന്റെ അമ്മ യു.കെ.യിൽ വിദ്യാർഥിനിയായിരുന്നു. അവിടെവെച്ച് റൊണാൾഡോയുമായുള്ള വൺനൈറ്റ് സ്റ്റാൻഡിലാണ് കുട്ടിയുണ്ടായത്. വാടകഗർഭപാത്രത്തിലൂടെയാണ് റോണോയുടെ മൂത്തമകൻ ജനിച്ചതെന്നും വാർത്തകൾ വന്നിരുന്നു.

റോണോ മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടായിരുന്ന കാലത്തെ വൺനൈറ്റ് സ്റ്റാൻഡിന്റെ കഥയാണ് ചില സ്പാനിഷ് പത്രങ്ങൾ പറഞ്ഞത്. ഒരു ഭക്ഷണശാലയിലെത്തിയ റോണോ, ഒരു സ്ത്രീയെ പരിചയപ്പെട്ടു. ആ പരിചയം ഒരു വൺനൈറ്റ് സ്റ്റാൻഡിലെത്തി. അതിനുശേഷം ഗർഭിണിയാണെന്ന് അറിഞ്ഞ അവർ റൊണാൾഡോയെ ബന്ധപ്പെട്ടു. അബോർഷൻ സാധ്യമല്ലാത്ത അവസ്ഥയായതിനാൽ, പ്രസവിച്ചശേഷം കുഞ്ഞിനെ റൊണാൾഡോയ്ക്ക് കൈമാറുകയും ചെയ്തു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവർ, പത്ത് മില്യൺ പൗണ്ട് വാങ്ങിയാണ് രക്ഷാകർതൃത്വം റോണോയ്ക്ക് കൈമാറിയതെന്നും വാർത്തകളുണ്ടായിരുന്നു.

റൊണാൾഡോയും ജോർജിനയും കുട്ടികൾക്കൊപ്പം / GettyImages

ഏത് അഭിമുഖത്തിലും ക്രിസ്റ്റ്യാനോ ഏറ്റവുമധികം നേരിടേണ്ടിവരുന്ന ചോദ്യവും ഇതുമായി ബന്ധപ്പെട്ടുതന്നെ. അതിനെല്ലാം റോണോ പറയാറുള്ളത് അപൂർണമായ ഉത്തരങ്ങളുമാണ്. ''ആളുകൾ പലതും പറയുന്നു, എനിക്ക് ആ കാമുകിയിലുണ്ടായ കുഞ്ഞാണ്, ഈ കാമുകിയിലുണ്ടായ കുഞ്ഞാണ് എന്നൊക്കെ. ചിലർ അതും കടന്ന് വാടകഗർഭധാരണത്തിലൂടെയാണ് ജൂനിയറിന്റെ ജനനമെന്നും പറയാറുണ്ട്. ആളുകൾ എന്തും പറയട്ടെ. ഞാനിതിനുപിന്നിലെ സത്യം ആരോടും പറയാൻ പോകുന്നില്ല''.

കാര്യം എന്തൊക്കെയായാലും ജൂനിയർ എപ്പോഴും അച്ഛന്റെ പുറകെയാണ്. അച്ഛന്റെ സിആർ 7 ക്ലോത്തിങ് ലൈനിന്റെ പരസ്യത്തിലോ, അല്ലെങ്കിൽ കളികാണുമ്പോഴോ, പുരസ്‌കാരദാനവേദിയിലോ അച്ഛന്റെ കൈവിരൽത്തുമ്പിൽ എപ്പോഴും ജൂനിയറുണ്ടായിരുന്നു. പക്ഷേ, ഒരു ഫുട്ബോളർ എന്ന നിലയിലും ഒരു കുട്ടിയെന്ന നിലയിലും അവന്റെ ജീവിതം പടുത്തുയർത്താൻ സഹായിച്ചത്, റോണോയുടെ അമ്മ ഡൊളോറസ് അവീറോയാണ്. ഒരുപുസ്തകത്തിൽ അവർ പറഞ്ഞതിങ്ങനെ, ''ഫ്ളോറിഡയിലെ ഒരു ആസ്പത്രിയിൽനിന്നാണ് അവനെ ഞാൻ ഏറ്റുവാങ്ങുന്നത്. പിന്നീട് സ്പെയിനിലേക്ക് കൊണ്ടുപോയി''. ഇതും കള്ളമാണെന്ന് പിന്നീട് വാദങ്ങളുണ്ടായി.

നാല് സഹോദരങ്ങളാണ് ജൂനിയറിന്. ഇവ മരിയ, മാറ്റിയോ, അലാന മാർട്ടീന, ബെല്ല എന്നിവർ. ഇവയും മാറ്റിയോയും ഇരട്ടകളാണ്. വാടകഗർഭധാരണത്തിലൂടെയാണവർ ജനിച്ചത്. അതേ വർഷം ജോർജീന റോഡ്രിഗസിൽ റോണോയ്ക്ക് ഒരു പെൺകുഞ്ഞുമുണ്ടായി. 2022-ൽ ജോർജീന വീണ്ടും ഗർഭിണിയായി. ഇരട്ടക്കുട്ടികളായിരുന്നുവെങ്കിലും, ആൺകുട്ടി ജനനത്തോടെ തന്നെ മരിച്ചു. ഒരു പോർച്ചുഗീസ് പത്രപ്രവർത്തകനോട് റോണോ ഒരിക്കൽ പറഞ്ഞതിങ്ങനെ, ''ജൂനിയറിന് കുറേ സഹോദരൻമാരെയും സഹോദരികളെയും വേണമെന്നാണ് ആഗ്രഹം. എന്റെ ജേഴ്സി നമ്പറും മാജിക്കൽ നമ്പറും ഏഴാണ്. അത്രയും സഹോദരങ്ങൾ വേണമെന്നാണിപ്പോൾ അവൻ പറയുന്നത്...''

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: cristiano ronaldo reportedly proposed to georgina rodriguez with expensive diamond ring, sparking engagement rumors