പ്രോതിമയുമായി ബന്ധമുള്ള സമയത്തുതന്നെയാണ് കബീര്‍, പര്‍വീണുമായി പ്രണയത്തിലാവുന്നത്

കബീര്‍ ബേദിയും പര്‍വീണ്‍ ബാബിയും, പ്രോതിമയ്‌ക്കൊപ്പം കബീര്‍ / X
കബീര്‍ ബേദിയും പര്‍വീണ്‍ ബാബിയും, പ്രോതിമയ്‌ക്കൊപ്പം കബീര്‍ / X

തിയേറ്ററിലും സിനിമയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കബീര്‍ ബേദി. ഇന്ത്യയെക്കാൾ  അദ്ദേഹം പ്രശസ്തനായത്  ഇറ്റലിയിലും അമേരിക്കയിലുമാണ്. ഇംഗ്ലീഷ് സിനിമകളിലും ഇറ്റാലിയന്‍ ടി.വി സീരീസുകളിലും അദ്ദേഹം കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

പക്ഷേ കബീറിന്റെ ജീവിതം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളുടെ പേരിലാണ്. 'ലേഡീസ് മാന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ.  സുപ്രസിദ്ധ നര്‍ത്തകി പ്രോതിമ ബേദിയെ ആണ് ആദ്യം വിവാഹം കഴിച്ചത്. അതില്‍ രണ്ടുമക്കളാണ്. പൂജ ബേദിയും സിദ്ധാര്‍ഥും. സിദ്ധാര്‍ഥ് 26-ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഓപ്പണ്‍ മാര്യേജ് എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരായിരുന്നു ഇരുവരും. പ്രോതിമയുമായി ബന്ധമുള്ള സമയത്തുതന്നെയാണ് കബീര്‍, മറ്റൊരു താരമായ പര്‍വീണ്‍ ബാബിയുമായി പ്രണയത്തിലാവുന്നത്. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കബീറിന്റെ പ്രണയവും ഇതുതന്നെ. 

അതിനെക്കുറിച്ച് പ്രോതിമ ബേദിയുടെ 'ടൈംപാസ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 

വളരെയധികം ബുദ്ധിമുട്ടിക്കൊണ്ട് കബീര്‍ പറഞ്ഞു, 'ഞാന്‍ പര്‍വീണിന്റെ അടുത്തേക്ക് പോകുന്നു, നമുക്ക് രാവിലെ കാണാം'. എന്റെ ഹൃദയം  ഉഗ്രവേഗത്തില്‍ മിടിച്ചു. ഞാന്‍ അപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു. ഒറീസ്സയിലേക്ക് പോകുന്നതിനു മുമ്പുതന്നെ കബീറിന് പര്‍വീണുമായി ബന്ധമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ആ പറഞ്ഞത് എന്നെ തകര്‍ത്തുകളഞ്ഞു. വളരെ ശാന്തയായി ഞാന്‍ പറഞ്ഞു, 'ഞാനിന്നെത്തിയതല്ലേയുള്ളൂ. ഇന്നു രാത്രിയെങ്കിലും താങ്കള്‍ക്കിവിടെ കഴിഞ്ഞുകൂടേ?' പക്ഷേ കബീര്‍ എന്നോട് പറഞ്ഞു, 'ഇല്ല, എനിക്കിന്നുതന്നെ പോകണം. ഇനി എല്ലാ രാത്രികളിലും അവള്‍ക്കൊപ്പം നില്‍ക്കണം'. 

പര്‍വീണ്‍ കാരണമല്ല തങ്ങളുടെ ബന്ധം തകര്‍ന്നതെന്നും പ്രോതിമ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ''എന്റേതായിട്ടുള്ള കുറേ പ്രശ്‌നങ്ങളിലായിരുന്നു ഞാന്‍. പര്‍വീണും കബീറും തമ്മിലുള്ള പ്രണയം അറിഞ്ഞിട്ടും എനിക്കൊന്നും തോന്നിയില്ല. അത് കബീറിന്റെ കാര്യമാണ്. പക്ഷേ അതിനുവേണ്ടി കുടുംബത്തെ, കുട്ടികളെ ഉപേക്ഷിച്ചപ്പോഴാണ് എനിക്ക് വിഷമം തോന്നിയത്. അപ്പോഴേക്കും ഞങ്ങള്‍ക്കിടയിലെ മാജിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു''.  

സൂസനൊപ്പം കബീര്‍

പക്ഷേ, പര്‍വീണ്‍-കബീര്‍ പ്രണയവും ഏറെക്കാലം നീണ്ടുനിന്നില്ല. അതിനുപിന്നാലെ പര്‍വീണിന് ചില മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. കബീറുമായുള്ള ബന്ധം തകര്‍ന്നപ്പോള്‍ പര്‍വീണ്‍ വിഷാദത്തിലേക്ക് പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒരഭിമുഖത്തില്‍ കബീര്‍ പറഞ്ഞത്, പര്‍വീണാണ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ്. അക്കാലത്ത് മാനസികമായി കുറച്ചു പ്രശ്‌നങ്ങളിലായിരുന്നു പര്‍വീണ്‍. ''ഞങ്ങള്‍ അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയില്‍ പോയി. അവിടെവെച്ചാണ് പര്‍വീണിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലായത്. കൃത്യമായി ഡോക്ടറെ കാണിച്ചില്ലെങ്കില്‍ അത് ഗുരുതരമാകുമെന്നും എനിക്ക് ഉറപ്പായി. അതുപറഞ്ഞപ്പോള്‍ അവള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് ആ ബന്ധം അവസാനിച്ചത്. ചികിത്സിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുമോ എന്നാണ് അവള്‍ ചിന്തിച്ചത്. ഡോക്ടറെ കാണിച്ചാല്‍ ആളുകള്‍ അറിയുമെന്നും, അത് കരിയറിനെ ബാധിക്കുമെന്നും പര്‍വീണ്‍ പേടിച്ചിരുന്നു''. 

അമേരിക്കന്‍ മോഡലും ഫാഷന്‍ ഡിസൈനറുമായ സൂസനെയാണ് കബീര്‍ അടുത്തതായി വിവാഹം കഴിച്ചത്. ഒരു പരസ്യചിത്രീകരണത്തിനായി അമേരിക്കയിലെത്തിയതായിരുന്നു കബീര്‍. അവിടെവെച്ചാണ് സൂസനെ പരിചയപ്പെടുന്നത്. അധികം വൈകാതെ അത് വിവാഹത്തിലുമെത്തി, വര്‍ഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയലും. അവരുടെ മകന്‍ ആദം ബേദി സുപ്രസിദ്ധമോഡലാണ്.  

അടുത്തതായി ബ്രിട്ടീഷ് വംശജയും ടി.വി-റേഡിയോ അവതാരകയുമായ നിക്കിയുമായുള്ള വിവാഹമായിരുന്നു. അധികം വൈകാതെ ഇരുവരും പിരിഞ്ഞു. സൗഹൃദപരമായുള്ള ആ വേര്‍പിരിയലിനുശേഷവും നിക്കി, ബേദിയെന്ന പേര് തന്റെ പേരിനൊപ്പം നിലനിര്‍ത്തി. ലണ്ടനില്‍ റിസര്‍ച്ച് ചെയ്തിരുന്ന പര്‍വീണ്‍ ദൂസഞ്ജാണ് ഇപ്പോള്‍ കബീറിന്റെ ഭാര്യ. 70-ാം പിറന്നാളിന് തൊട്ടുമുമ്പായിരുന്നു അവരുമായുള്ള വിവാഹം. 


 

Content Highlights: relationships of actor kabir bedi