പങ്കാളിയെ വേദനിപ്പിക്കാതെ ബന്ധത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കാം

Photo: Getty images
Photo: Getty images

മാറുന്ന ജീവിത സാഹചര്യങ്ങളില്‍, പങ്കാളിയെ കൂടുതല്‍ ശ്രദ്ധിക്കാനോ, ബന്ധങ്ങളിലെ അടുപ്പം നിലനിര്‍ത്താനോ പലര്‍ക്കും സാധിക്കാറില്ല. ചിലപ്പോള്‍ അലസത, വിഷമം, പങ്കാളികള്‍ തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍, ജോലിയിലെ സമ്മര്‍ദ്ദം എന്നിവ ആ ബന്ധങ്ങളില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണം എന്ന തോന്നല്‍ ഉണ്ടാക്കിയേക്കാം. എന്നുവച്ച് പ്രണയത്തില്‍ നിന്ന് പിന്മാറുകയോ വേര്‍പിരിയുകയോ ചെയ്യേണ്ടതില്ല. പക്ഷേ 'റിലേഷന്‍ഷിപ്പ് ഡീറ്റോക്‌സ്' അഥവാ പങ്കാളിയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നത്, നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തിയേക്കാമെന്ന് മനശാസ്ത്ര വിദഗ്ധര്‍  പറയുന്നു.

എന്താണ് റിലേഷന്‍ഷിപ്പ് ഡീറ്റോക്‌സ്?

ഇത് ബ്രേക്കപ്പ് അല്ല, പക്ഷേ ഒരു ബ്രേക്കെടുക്കലാണ്. കമിതാക്കള്‍ തമ്മിലുളള ബന്ധം പൂര്‍ണമായി ഒരു നിശ്ചിത കാലയളവിലേക്ക് നിര്‍ത്തിവെയ്ക്കുക. അതായത് ഒരു തരത്തിലുമുളള ആശയവിനിമയവും (മെസ്സേജുകള്‍,കോളുകള്‍) ഉണ്ടായിരിക്കില്ല. ബന്ധങ്ങള്‍ ശോഷിക്കാതിരിക്കാനും, സ്വയം തിരിച്ചറിയുവാനും കൂടുതല്‍ പോസിറ്റീവായി ബന്ധത്തിലേക്ക് തിരികെ വരാനുമുള്ള വഴിയാണ് ഡീറ്റോക്‌സ്. പങ്കാളിയുമായുളള പ്രശ്‌നങ്ങള്‍ക്കുളള കാരണം മനസ്സിലാക്കാനും മുന്നോട്ടുളള യാത്രയില്‍ അവ പരിഹരിക്കാനും ഇത് സഹായിക്കും.

ഡീറ്റോക്‌സിന്റെ ആവശ്യകത

  • ചിലപ്പോള്‍ ബന്ധങ്ങളിലുണ്ടാകുന്ന സ്ഥിരമായ വഴക്കുകള്‍, പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പങ്കാളികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാം.
  • സ്വന്തംഇഷ്ടങ്ങള്‍,ലക്ഷ്യങ്ങള്‍,സ്വഭാവം എന്നിവയെല്ലാം നഷ്ടപ്പെട്ടുപോകുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍, ബന്ധം നിരന്തരം വഴക്കുകളിലൂടെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍, ഒരു ഡീറ്റോക്‌സ് ആവശ്യമാകാം.

ഗുണങ്ങള്‍ എന്തൊക്കെ?

  • നിങ്ങള്‍ ആ ബന്ധത്തില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം കിട്ടും.
  • ഒരു ഇടവേളക്ക് ശേഷം ബന്ധം കൂടുതല്‍ ദൃഡമാകും.
  • സമ്മര്‍ദ്ദങ്ങള്‍ കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടും.

പങ്കാളിയോട് പറയാനുളള വഴികള്‍

ബന്ധങ്ങളില്‍ ഡീറ്റോക്‌സ് വേണമെന്നു പറയുന്നത് എളുപ്പമല്ല. പലരും അത് 'ബ്രേക്ക് അപ്പ്' ആണെന്നു തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ സത്യസന്ധവും സ്‌നേഹപൂര്‍വ്വവുമായ രീതിയില്‍ പങ്കാളിയോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. എനിക്ക് നിന്നില്‍ നിന്നും ഒരു ബ്രേക്ക് വേണമെന്ന് പറയാതെ, 'എനിക്ക് എന്റെ ആരോഗ്യത്തിനും സന്തോഷത്തിനുമായി അല്പം സമയം വേണം'എന്ന് വ്യക്തമാക്കുക. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് പങ്കാളിയെ ബോധ്യപ്പെടുത്തുക. ഇത് ഒരിക്കലും സ്‌നേഹം നിരസിക്കലല്ല, അത് സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കിയാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാം.

ആരോഗ്യകരമായ ഡീറ്റോക്‌സ്, ഒരു ആഴ്ചയോ ഒരു മാസമോ അങ്ങനെ കൃത്യമായ കാലാവധി ഉണ്ടായിരിക്കും. സൈലന്റ് ട്രീറ്റ്‌മെന്റ്, മറ്റുളളവരുമായി ഫ്‌ളേര്‍ട്ട് ചെയ്യല്‍, സോഷ്യല്‍ മീഡിയ ഡ്രാമ ഇതൊന്നും ഡീറ്റോക്‌സിന്റെ ഭാഗമല്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Learn how to take a healthy break from your relationship with a `relationship detox`. Reconnect with yourself and strengthen your bond.