ഒരു ബോളിവുഡ്-പാക് ക്രിക്കറ്റ് പ്രണയകഥ; ഹീര്‍-രാഞ്ചാ എന്ന് ആളുകള്‍ അവരെ വിളിച്ചു

ഒരുകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു ബോളിവുഡ് നടി റീന റോയും പാകിസ്താന്‍ ക്രിക്കറ്റര്‍ മൊഹ്‌സിന്‍ ഖാനും തമ്മിലുണ്ടായിരുന്നത്. 'സറൂറത്' എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ റീന റോയ്, പിന്നീട് കുറേക്കാലം വെള്ളിത്തിരയില്‍ തിളങ്ങിനിന്നു. അതിനിടയിലാണ് മൊഹ്‌സീനെ പരിചയപ്പെടുന്നത്. പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ തന്നെ വിവാഹം കഴിച്ചു, സിനിമയില്‍നിന്ന് അകലുകയും ചെയ്തു റീന.
നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുമായി പ്രണയത്തിലായിരുന്നു റീന. അതിനിടെയാണ് അദ്ദേഹം പൂനം സിന്‍ഹയെ വിവാഹം കഴിക്കുന്നത്. എന്നിട്ടും റീനയില്‍നിന്ന് അകലാതെ, രണ്ടാം ഭാര്യയാക്കാനായിരുന്നു ശത്രുവിന് താത്പര്യം. അതോടെ അദ്ദേഹത്തില്‍നിന്ന് റീന അകന്നു. ക്രിക്കറ്റ് മാച്ചിനായി ഇന്ത്യയിലെത്തിയ മൊഹ്‌സിന്‍ ഖാനെ അവിചാരിതമായാണ് റീന പരിചയപ്പെടുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ധാരണയില്ലാത്ത റീനയും, സിനിമകള്‍ കാണാത്ത മൊഹ്‌സിനും പ്രണയത്തിലാവാന്‍ അധികം താമസമുണ്ടായില്ല.
അതിനുമുമ്പോ ശേഷമോ റീനയുടെ പടങ്ങളൊന്നും മൊഹ്‌സിന്‍ കണ്ടിരുന്നില്ല. ''അമിതാഭ് ബച്ചന്റെ ഏതെങ്കിലും സീനുകള്‍ കണ്ടാല്‍ കുറച്ചുനേരം നോക്കിനില്‍ക്കും, വളരെ കുറച്ചുനേരം. അതല്ലാതെ സിനിമകള്‍ ഞാന്‍ കാണാറേയുണ്ടായിരുന്നില്ല'', മൊഹ്‌സിന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മൊഹ്‌സിന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുമ്പോഴെല്ലാം, സ്‌റ്റേഡിയത്തില്‍ റീനയെയും കാണാന്‍ തുടങ്ങി. ആവേശത്തോടെ മൊഹ്‌സിനെ പ്രോത്സാഹിപ്പിക്കുന്ന റീന. അങ്ങനെയാണ് ആ പ്രണയത്തെ കുറിച്ച് ആളുകള്‍ അറിയുന്നത്. പിരിയാന്‍ പറ്റാത്ത രണ്ടുപേര്‍. ഹീര്‍-രാഞ്ചാ എന്ന് ആളുകള്‍ അന്ന് അവരെ വിശേഷിപ്പിച്ചു. റീന ഷൂട്ടിങ്ങിനായും ഷോകള്‍ക്കായും വിദേശത്ത് പോകുമ്പോള്‍, സമയം കിട്ടുമ്പോഴെല്ലാം മൊഹ്‌സിനും അവരെ കാണാനെത്തി. ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും ഇതായി കുറേനാളത്തെ ചര്‍ച്ച.
1983-ല്‍ ഇരുവരും വിവാഹിതരായി. കറാച്ചിയില്‍വെച്ചുള്ള ചെറിയൊരു ചടങ്ങായി നടത്തിയ വിവാഹത്തിനുശേഷം ദമ്പതിമാര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നീട് പാകിസ്താനിലേക്ക് മാറി രണ്ടുപേരും. രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു മകളുമുണ്ടായി. കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മൊഹ്‌സീനും റീനയും മകളോടൊപ്പം ഇന്ത്യയിലെത്തി. മൊഹ്‌സിന് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹത്തിനുപുറത്തായിരുന്നു ആ വരവ്. റീന തന്റെ സൗഹൃദങ്ങളുപയോഗിച്ച് മൊഹ്‌സിന് ഒരു സിനിമയില്‍ അവസരവും നേടിക്കൊടുത്തു. 'ബട്ട്‌വാര' എന്ന സിനിമയ്ക്കുശേഷം പിന്നെയും ഇന്ത്യന്‍-പാകിസ്താന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം മൊഹ്‌സിന് ലഭിച്ചു.
അധികം വൈകാതെ അവര്‍ക്കിടയില്‍ ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങി. 9 വര്‍ഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. തിരിച്ച് ഇന്ത്യയിലെത്തിയ റീന, സിനിമയിലേക്കും മടങ്ങിവന്നു. ആദ്യം മകളുടെ സംരക്ഷണം മൊഹ്‌സിനായിരുന്നു. പിന്നീടാണ് അത് റീനയുടെ കൈകളിലേക്കെത്തുന്നത്. മൊഹ്‌സിന്‍ ഖാന്റെ ജീവിതരീതികളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതുകൊണ്ടാണ് പിരിഞ്ഞതെന്ന് റീന പിന്നീട് പറഞ്ഞു. ബ്രിട്ടീഷ് പൗരത്വം നേടി, ബ്രിട്ടനില്‍ താമസിക്കാന്‍ ആയിരുന്നുവത്രേ മൊഹ്‌സിന് താത്പര്യം. അതിനായി മകളെ റീനയില്‍നിന്നും മാറ്റിനിര്‍ത്താനും ശ്രമിച്ചു. റീന ബ്രിട്ടനിലേക്ക് പോവാന്‍ സമ്മതിക്കുമെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍.
Content Highlights: reena roy and mohsin khan relationship