രവി ശാസ്ത്രി അമൃത സിങ്ങിനെ വിവാഹംചെയ്യുമെന്ന് എല്ലാവരും കരുതി, ബന്ധം പിരിഞ്ഞത് ശാസ്ത്രിയുടെ നിബന്ധന കാരണം?

രവി ശാസ്ത്രി
രവി ശാസ്ത്രി

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയും ബോളിവുഡ് നടി അമൃത സിങ്ങും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചർച്ചയായിരുന്നു. 1980-കളുടെ മധ്യത്തിലെ അവരുടെ പ്രണയം ടാബ്ലോയിഡുകളിൽ നിറഞ്ഞുനിന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ സ്റ്റൈലിഷ് പോസ്റ്റർ ബോയ് ആയിരുന്ന ശാസ്ത്രിക്ക്, കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ വലിയൊരു സ്ത്രീ ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. ആയിടെയാണ് ബോളിവുഡിലെ യുവതാരമായി അമൃത സിങ് വളർന്നുവരുന്നത്. ആകർഷകമായ സ്ക്രീൻ സാന്നിധ്യത്തിനും ആത്മവിശ്വാസമുള്ള വ്യക്തിത്വത്തിനും അവർ പേരെടുത്തു.

രവിയും അമൃതയും ആദ്യം കണ്ടുമുട്ടിയത് മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചായിരുന്നു. ആ കൂടിക്കാഴ്ചയിൽ താൻ വളരെ പരിഭ്രാന്തനായിരുന്നുവെന്നും ഏകദേശം പത്തുമിനിറ്റോളം സംസാരിക്കാനാവാതെ ഇരുന്നുവെന്നും ശാസ്ത്രി പിന്നീട് സമ്മതിച്ചിട്ടുണ്ട്. സംഭാഷണം മുന്നോട്ടു കൊണ്ടുപോയത് അമൃതയായിരുന്നു. ഇരുവരും തമ്മിൽ ശക്തമായ പ്രണയമുണ്ടായി. 1986 നവംബറിൽ, ഇരുവരും 'സിനി ബ്ലിറ്റ്സ്' മാസികയുടെ കവറായതോടെ ബന്ധം പരസ്യമായി. ഉടൻ വിവാഹമുണ്ടാകുമെന്ന തരത്തിൽ ഊഹാപോഹങ്ങളും വന്നു. പക്ഷേ, അധികനാൾ കഴിയുംമുമ്പേ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാവാൻ തുടങ്ങി.

ഒരു നടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പങ്കാളിയുടെ പ്രഥമപരിഗണന കുടുംബത്തിനായിരിക്കണമെന്ന് തനിക്കു നിർബന്ധമുണ്ടെന്ന് ആ സമയത്തു നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷേ, കരിയറിയിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ, തന്റെ തൊഴിൽ ഉപേക്ഷിക്കാൻ അമൃത തയ്യാറായിരുന്നില്ല. എങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം ഗാർഹിക ജീവിതത്തിലേക്ക് മാറാനൊരുക്കമാണെന്ന് അമൃത പറഞ്ഞിരുന്നു. പക്ഷേ, ബന്ധം മുന്നോട്ടുപോയില്ല. 

1990-ൽ ശാസ്ത്രി തന്റെ ബാല്യകാല സുഹൃത്ത് ഋതു സിങ്ങിനെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് അലേഖ എന്നൊരു മകളുണ്ട്. 20 വർഷത്തിനുശേഷം അവർ വേർപിരിഞ്ഞു. അമൃത 1991-ൽ നടൻ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചു, 2004-ൽ വേർപിരിഞ്ഞു. സാറ, ഇബ്രാഹിം എന്നിവരാണ് മക്കൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover why Ravi Shastri ended his romance with Amrita Singh. Learn about his condition for a partner and their brief but captivating relationship.