അവൾ ഉറങ്ങുമ്പോഴാണ് ഞാൻ കാൽ തൊടാറ്, എനിക്കുതന്നത് അത്രയും വലിയ പിന്തുണ-നടൻ രവി കിഷൻ

രവി കിഷൻ | ANI
രവി കിഷൻ | ANI

ഇഷ്ടപ്പെടുന്നവർ സ്നേഹവും ബഹുമാനവും പരസ്പരം പ്രകടിപ്പിക്കുന്നത് പലപ്പോഴും വിചിത്രമായ രീതിയിലായിരിക്കും. പുറത്തുനിന്നു നോക്കുന്നവർ അന്തംവിടുമെങ്കിലും അവർക്കിടയിൽ അത്രയേറെ പ്രധാനപ്പെട്ടതായിരിക്കും ഈ പ്രകടനങ്ങൾ. ബോളിവുഡ് നടനും എംപിയുമായ രവി കിഷൻ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലും അത്തരത്തിലൊന്നാണ്. ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ഭാര്യ പ്രീതി ശുക്ലയുടെ കാൽ തൊടാറുണ്ടെന്ന് 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിലാണ് അദ്ദേഹം തുറന്നുപറഞ്ഞത്.

പക്ഷേ ഭാര്യ ഒരിക്കലും തന്നെ അതിന് അനുവദിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അവൾ ഉറങ്ങുമ്പോഴാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതിന് കൃത്യമായ കാരണവും രവി കിഷനുണ്ട്. "എൻ്റെ കൈയിൽ പണവും മറ്റൊന്നുമില്ലാതിരുന്ന കാലത്ത് അവൾ എൻ്റെ ദുഃഖങ്ങളിൽ പങ്കാളിയായിരുന്നു. അന്നുമുതൽ അവളെനിക്കൊപ്പമുണ്ട്. ഇന്ന് ഞാൻ എന്താണോ, അതിന് കാരണം അവൾ എൻ്റെ കൂടെ നിന്നതാണ്... അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക്, കാൽ തൊട്ട് വന്ദിക്കാൻ അവൾ യോഗ്യയാണ്."-ദീർഘകാല പ്രണയിനി കൂടിയായ ഭാര്യയെപ്പറ്റി അദ്ദേഹം പറഞ്ഞു.

അജയ് ദേവ്ഗൺ നായകനാകുന്ന ആക്ഷൻ-കോമഡി ചിത്രം 'സൺ ഓഫ് സർദാർ 2' വിലെ അഭിനേതാക്കൾക്കൊപ്പമാണ് അദ്ദേഹം ഷോയിലെത്തിയത്. രവി കിഷൻ പറഞ്ഞുനിർത്തിയതും അജയ് ദേവ്ഗണിൽ നിന്നൊരു തമാശ വന്നു. "ഒരാൾക്ക് എത്രത്തോളം കുറ്റബോധമുണ്ടോ, അത്രയധികം അയാൾ ഭാര്യയുടെ കാൽ തൊടും." എന്നായിരുന്നു അത്. ഇതുകേട്ട് കൂടിനിന്നവർ ഒന്നടങ്കം ചിരിച്ചു.

രവി കിഷന്റെ ബാല്യകാലസഖിയാണ് പ്രീതി. 11-ാം തരത്തിൽ പഠിക്കുമ്പോഴാണ് രവി പ്രീതിയുമായി പ്രണയത്തിലാവുന്നത്. കണ്ടമാത്രയിൽ തന്നെ ഇഷ്ടം തോന്നുകയായിരുന്നു. രവി സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചശേഷം 1993-ലാണ് ഇരുവരും വിവാഹിതരായത്. മുംബൈയിൽ പുതിയ കരിയർ കെട്ടിപ്പടുക്കാൻ അഹോരാത്രം പരിശ്രമിച്ച രവിക്ക് അത്രയേറെ പിന്തുണയാണ് പ്രീതി നൽകിയത്. ദമ്പതികൾക്ക് റിവ, തനിഷ്ക്, ഇഷിത എന്നിങ്ങനെ മൂന്ന് പെൺമക്കളും സക്ഷം എന്നുപേരുള്ള മകനുമുണ്ട്. 'സബ് കുശൽ മംഗൾ' എന്ന ചിത്രത്തിലൂടെ റിവ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മറ്റ് കുട്ടികൾ നിലവിൽ സിനിമാ ലോകത്ത് നിന്ന് അകന്നുനിൽക്കുകയാണ്.

വിജയ് കുമാർ അറോറ സംവിധാനം ചെയ്യുന്ന 'സൺ ഓഫ് സർദാർ 2' ഓഗസ്റ്റിലാണ് തിയേറ്ററുകളിലെത്തുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ravi Kishan reveals touching habit, honoring wife`s support on Kapil Sharma Show. Ajay Devgn adds playful banter. Watch Son of Sardaar 2 stars.