നിശ്ചയത്തിനുശേഷം വിവാഹം മുടങ്ങി, വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു, ആളുകൾ എന്താണ് മറക്കാത്തതെന്ന് താരം

പരാജയപ്പെട്ട പ്രണയബന്ധങ്ങൾ എളുപ്പം മറക്കാൻ സിനിമാതാരങ്ങൾക്ക് സാധിക്കാറില്ല. ആരാധകരും സോഷ്യൽമീഡിയയും വീണ്ടും വീണ്ടും അത്തരം പ്രണയങ്ങൾ ആഘോഷിക്കുകയും ചർച്ചയ്‍ക്കെടുക്കുകയും ചെയ്യുന്നതാണ് കാരണം. ബോളിവുഡ് താരങ്ങളായ രവീണ ടണ്ടന്റെയും അക്ഷയ് കുമാറിന്റെയും കാര്യവും അതുപോലെത്തന്നെയാണ്. 90-കളിൽ ഇരുവരും പ്രണയത്തിലായിരുന്നു, വിവാഹനിശ്ചയം വരെ എത്തിയ ബന്ധമായിരുന്നു ഇരുവരുടെയും. പിന്നീടവർ വേർപിരിഞ്ഞു. ഇപ്പോൾ സ്വന്തം നിലയിൽ ജീവിതം ആഘോഷിക്കുകയാണ് ഇരുവരുമെങ്കിലും പ്രേക്ഷകർ ആ പ്രണയം മറക്കാൻ തയ്യാറായിട്ടില്ല.
തന്നെയും മുൻ പ്രതിശ്രുത വരനെയുംകുറിച്ച് ആളുകൾ ഇപ്പോഴും ഇൻ്റർനെറ്റിൽ അന്വേഷിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് പറയുകയാണ് രവീണയിപ്പോൾ. ഇതിലെന്താണിത്ര വലിയ കാര്യമെന്ന് രവീണ ചോദിക്കുന്നു.
എഎൻഐ പോഡ്‌കാസ്റ്റിൽ പങ്കെടുക്കവേ, ഇൻ്റർനെറ്റിൽ ആളുകൾ 'രവീണ ടണ്ടൻ്റെയും അക്ഷയ് കുമാറിൻ്റെയും വിവാഹനിശ്ചയ'ത്തെക്കുറിച്ച് പതിവായി അന്വേഷിക്കാറുണ്ടെന്ന് അവതാരകൻ പറഞ്ഞു. ഏത് വർഷമാണ് ഇതെല്ലാം സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, "അതൊക്കെ മറന്നുപോയി" എന്നായിരുന്നു നടിയുടെ മറുപടി. "'മോഹ്ര'യുടെ സമയത്ത് ഞങ്ങൾ ഹിറ്റായ ഒരു ജോഡിയായിരുന്നു. പൊതുപരിപാടികളിൽ കണ്ടുമുട്ടുമ്പോൾ ഇപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ ഉദ്ദേശിക്കുന്നത്, ദയവായി മനസിലാക്കൂ, എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോകും. കോളേജുകളിലെ പെൺകുട്ടികൾ ഓരോ ആഴ്ചയും അവരുടെ ആൺസുഹൃത്തുക്കളെ മാറ്റുന്നുണ്ട്. എന്നാൽ മുടങ്ങിപ്പോയ ഒരു വിവാഹനിശ്ചയം ഇപ്പോഴും എൻ്റെ തലയിൽ തന്നെ നിൽക്കുകയാണ്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷെ, എല്ലാവരും മുന്നോട്ട് പോകും. ആളുകൾ വിവാഹമോചനം നേടുന്നു, അവർ മുന്നോട്ട് പോകുന്നു. അപ്പോൾ ഇതിലെന്താണിത്ര വലിയ കാര്യം?"-അവർ പറഞ്ഞു.
രവീണയും അക്ഷയും ഉടൻ തന്നെ 'വെൽക്കം ടു ദി ജംഗിൾ' എന്ന ചിത്രത്തിലൂടെ വീണ്ടും സ്ക്രീനിൽ ഒന്നിക്കും. അനിൽ തഡാനിയാണ് രവീണയുടെ ഭർത്താവ്. മകൾ റാഷ തഡാനി 'ആസാദ്' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Raveena Tandon expresses surprise at continued interest in her past engagement with Akshay Kumar, questioning why it remains a topic while others move on.