'മാധ്യമങ്ങൾക്ക് മുന്നിൽ ഒളിച്ചുകളിക്കുകയായിരുന്നില്ല'; പ്രണയം പരസ്യമാക്കാതിരുന്നതിനെക്കുറിച്ച് വിജയ്‌യും രശ്മികയും

രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട | Instagram
രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട | Instagram

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരാധകരുടെ പ്രിയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. എട്ടു വർഷത്തെ പരിചയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. ആരാധകർ ആഘോഷമാക്കിയ വിവാഹത്തിന് ശേഷവും തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചുള്ള പല കാര്യങ്ങളും താരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ പുതിയ ചിത്രമായ 'രണബലി'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, പ്രണയം പരസ്യമാക്കാതിരുന്നതിന്റെ കാരണവും തങ്ങൾക്കിടയിലെ സൗഹൃദം വിവാഹത്തിലേക്ക് വഴിമാറിയ കഥയും തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്‌യും രശ്മികയും. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലായിരുന്നു താരങ്ങളുടെ ഈ വെളിപ്പെടുത്തൽ.

എട്ടു വർഷത്തോളം പ്രണയം എങ്ങനെ രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിനാണ് വിജയ് വ്യക്തത വരുത്തിയത്. എട്ടു വർഷം മുഴുവൻ തങ്ങൾ പ്രണയത്തിലായിരുന്നില്ലെന്നും, ആ എട്ടു വർഷവും പരസ്പരം അടുത്തറിയാമായിരുന്നു എന്നുമാണ് വിജയ് വ്യക്തമാക്കിയത്.

"ആദ്യ സിനിമയിൽ ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പതുക്കെ പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും എത്തിയത്. അല്ലാതെ ഞങ്ങൾ പ്രണയം ഒളിച്ചുവെക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ നാടകീയമായി ഒളിച്ചുകളിക്കുകയായിരുന്നില്ല. സ്വകാര്യ ജീവിതം എല്ലാവരുടെയും മുന്നിൽ പ്രദർശിപ്പിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് എന്റെ ജീവിതമാണ്, അത് ഞാൻ എന്തിനാണ് പരസ്യപ്പെടുത്തുന്നത്?" വിജയ് പറഞ്ഞു.

"ഞങ്ങളുടെ റിലേഷൻഷിപ്പ് ഞങ്ങൾക്കുള്ളതാണ്. അത് മറ്റുള്ളവർക്ക് ആസ്വദിക്കാനോ ഗോസിപ്പുകൾ ഉണ്ടാക്കാനോ ഉള്ളതല്ല. ജീവിതത്തിൽ നമ്മൾ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, അത് ഞങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിച്ചു," - വിജയ്‌യുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് രശ്മികയും നിലപാട് വ്യക്തമാക്കി.

വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയത് എങ്ങനെയാണെന്നും വിജയ് അഭിമുഖത്തിൽ പങ്കുവെച്ചു. "വിവാഹത്തിന് ഒരു വർഷം മുൻപാണ് രശ്മികയില്ലാതെ എനിക്ക് പറ്റില്ലെന്ന തിരിച്ചറിവുണ്ടായത്. വർക്ക് ചെയ്യുമ്പോഴും ട്രെയിൻ ചെയ്യുമ്പോഴും ഒക്കെ മറ്റാരുടെയെങ്കിലും ഒപ്പമുള്ളതിനേക്കാൾ സന്തോഷം രശ്മികയ്‌ക്കൊപ്പമുള്ളപ്പോഴാണ് ലഭിച്ചിരുന്നത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ പോലും 'അവൾ ഒപ്പമുണ്ടായിരുന്നെങ്കിൽ, കുറച്ചുകൂടി നന്നായേനേ' എന്ന് തോന്നുമായിരുന്നു. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും അവളെ ഞാൻ മിസ്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ്, എന്നാൽ പിന്നെ വിവാഹം കഴിച്ചേക്കാം എന്ന് തീരുമാനിക്കുന്നത്" വിജയ് പറഞ്ഞു.

പരസ്പരം മൂന്നോ നാലോ വർഷം അടുത്തറിഞ്ഞപ്പോഴാണ് തങ്ങൾക്കിടയിൽ സവിശേഷമായ ഒരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് രശ്മികയും പറഞ്ഞു. തങ്ങൾ ഒന്നിച്ചുള്ളപ്പോൾ ഒരു പൂർണ്ണത അനുഭവപ്പെട്ടിരുന്നുവെന്ന് രശ്മിക ഓർത്തെടുത്തു. പരസ്പരം പ്രണയാഭ്യർഥന നടത്തുകയോ വലിയ പ്രഖ്യാപനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും, ഓരോ ദിവസവും തങ്ങൾക്കിടയിലെ പ്രണയത്തിന്റെ ആഴം കൂടുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay and Rashmika clarified they did not hide their relationship for 8 years, but rather spent time knowing each other., They transitioned from co-stars to good friends, and eventually to life partners., Vijay realized he wanted to marry Rashmika a year before their wedding as he missed her presence constantly., The couple emphasized keeping their personal life private away from public gossip.