ഭര്‍ത്താവ് തല്ലുന്നത് സ്‌നേഹം കൊണ്ടാണെന്നും സ്‌നേഹം അങ്ങനെയാണെന്നും വിചാരിക്കുന്നവര്‍ ഇന്നുമുണ്ട്

പ്രിയപ്പെട്ടവരേ,
എന്നോട് ചില സുഹൃത്തുക്കള്‍ പറയാറുണ്ട്, പുതിയ പെണ്‍കുട്ടികള്‍ ബുദ്ധിശാലികളും തീരുമാനമെടുക്കുന്നതില്‍ സമര്‍ഥരുമാണ്, അവരോട് ദാമ്പത്യത്തിലെ പഴങ്കഥകള്‍ പറയുന്നതില്‍ കാര്യമില്ലെന്ന്. പക്ഷേ, ഭര്‍ത്താവ് തല്ലുന്നത് സ്‌നേഹം കൊണ്ടാണെന്നും പുരുഷന്മാര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് അങ്ങനെയാണെന്നും വിചാരിച്ചു വെച്ച പെണ്‍കുട്ടികള്‍ ഇന്നത്തെ കാലത്തുമുണ്ട് എന്നത് വസ്തുതയല്ലേ? ഗര്‍ഭസ്ഥ ശിശു വയറ്റില്‍ മരിച്ചഴുകിയിട്ടും തനിക്ക് വൈദ്യസഹായം വേണമെന്ന് ഭര്‍ത്താവിനെ ഭയന്ന് വീട്ടുകാരോടു പറയാതെ ഇഞ്ചിഞ്ചായി മരിച്ച പെണ്‍കുട്ടി മലയാളിയായിരുന്നില്ലേ? പൈപ്പില്‍ നിന്നു വെള്ളമെടുക്കാനോ വിശപ്പടങ്ങുംവിധം ഭക്ഷണം കഴിക്കാനോ പറ്റാതെ നരകിച്ച് ഒടുവില്‍ വിഷം അകത്തുചെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു ചെന്ന് കുടുംബത്തിന്റെ മാനം കെടുത്തിയില്ല എന്നതും ഓര്‍ക്കണം.
ലോകത്ത് ഓരോ പതിനൊന്നു മിനിട്ടിലും ഒരു സ്ത്രീയെ അവരുടെ ഏറ്റവുമടുത്ത കുടുംബാംഗമോ പങ്കാളിയോ കൊലപ്പെടുത്തുന്നു എന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ പറയുന്നു. ഇതൊന്നും അതിശയോക്തിയല്ല. സാധാരണ സംഭവങ്ങളായി, വാര്‍ത്താപ്രാധാന്യമില്ലാത്ത ചുരുക്കെഴുത്തുകളായി അവയൊക്കെ മാറിപ്പോകും. മുന്‍ഗണനകളുടെയും അവകാശാധികാരങ്ങളുടെയും ലോകത്തു നിന്നു കൊണ്ടാണ് പുരുഷന്‍ സ്ത്രീയുടെ യാതനകളെയും പരിശ്രമങ്ങളെയും വിലയിരുത്തുന്നത്. അതുകൊണ്ട് അതിന്റെ ഘനം, സാഹചര്യങ്ങള്‍ എത്ര പൊളിറ്റിക്കല്‍ ജീവിയായിരുന്നാലും അവന് മനസ്സിലാവണമെന്നില്ല. ഏതു കാലത്തും ഇത്തരം വിഷയങ്ങള്‍ പുതിയതാണ്. കുറച്ചു കാലം മുന്നോട്ടു നടന്നു പോയി എന്നതുകൊണ്ട് ആരുടെയും അനുഭവങ്ങള്‍ കാലഹരണപ്പെടുന്നില്ല. അതുകൊണ്ട് ആല്‍ത്തറയിലിരുന്ന് വരുംതലമുറയ്ക്ക് ഉപദേശം നല്കുന്ന മുത്തശ്ശിയുടെ ഇമേജാണ് ഈ ആഖ്യാനത്തിന്റെ ഉടമയ്ക്ക് എന്നു തെറ്റിദ്ധരിക്കരുത്. അനുഭവസ്ഥര്‍ പഴകിയെന്നു വരാം, അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും പുതിയതാണ്. ഒന്നുകിലത് പുതിയ പാഠങ്ങള്‍ നല്‍കും, അല്ലെങ്കില്‍ സഞ്ചരിക്കുന്ന വഴി കൂടുതല്‍ പരിചയമുള്ളതാക്കിത്തരും.
ഇനി ഈ കുറിപ്പ് വായിക്കൂ: ഇതൊരു കൊല്ലം അനുഭവമാണ്. ഇത്തിരി ഭംഗിയുള്ള ആഖ്യാനമായിരിക്കും. സമാനഹൃദയരോ അനുഭവസ്ഥരോ ആയവരുണ്ടാകാം. ഇത്തരമൊരനുഭവം തീരെ അപരിചിതമായവരുമാകാം. കാര്യത്തിലേക്കു വരാം. തെക്കന്‍ പ്രദേശങ്ങളില്‍ ക്ഷേത്രങ്ങളിലും വീടുകളിലും വായന നടത്താറുണ്ട്. കൊല്ലത്തുള്ള ഭര്‍തൃഗൃഹത്തിലും അതൊരു പതിവായിരുന്നു. ഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിന് ഭാര്യ ഒന്നും വായിക്കാതിരിക്കുന്നതു തന്നെയാണ് നല്ലത്. ഇതു പക്ഷേ ഭര്‍ത്താവിന്റെ സൗഖ്യത്തിനായുള്ള ഭാഗവതം വായനയാണ്. വായനക്കാര്‍ രണ്ടു പേര്‍ വരും. ഏഴരമണിയോടെ ഉച്ചഭാഷിണിയില്‍ നാരായണായ നമ എന്നു തുടങ്ങും. ഓരോരുത്തര്‍ അവരവരുടെ സൗകര്യത്തിനാണ് ഇതു നടത്തുക. പരീക്ഷ, അടിയന്തരം എന്നിവയൊക്കെ ഉച്ചഭാഷിണിക്കു മുന്നില്‍ മാറി നില്ക്കും. വായന നടക്കുന്ന വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വരും. മഴ കഴിഞ്ഞാലും മരം പെയ്യുമ്പോലെ പല നേരം വരുന്ന അവര്‍ക്കും വായനക്കാര്‍ക്കും ഭക്ഷണം കരുതണം. വിളമ്പണം, പാത്രം കഴുകണം, സ്ത്രീകള്‍ക്ക് ഇത്ര പണിയൊക്കെയേ ഉള്ളൂ. എന്നാല്‍ ഇല മുറിക്കുക, കസവുമുണ്ട് ഉടുക്കുക, വിരുന്നുകാരില്‍ പ്രത്യേകം തിരഞ്ഞെടുത്തവര്‍ക്കൊപ്പം നിപ്പനടിക്കുക തുടങ്ങിയ ഭാരിച്ച പണികള്‍ കൊണ്ട് പുരുഷന്മാര്‍ വശംകെടും.
എന്തായാലും നവവധുവായി ഏപ്രിലില്‍ തെക്കോട്ട് കാലെടുത്തു കുത്തിയ ഉടനെ പ്രസ്തുത കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. (പാത്രം കഴുകലാണ് എന്റെ കുലത്തൊഴില്‍ എന്ന് നിസ്സംശയം കണ്ടെത്തുകയും ചെയ്തു. ശരിക്കും പാഞ്ചാലിയുടെ അക്ഷയപാത്രം അടുക്കളയിലെ സിങ്കാണ്, ഒരിക്കലും കാലിയാവില്ല.)
വായനയുടെ തലേദിവസം എനിക്ക് ചെറിയൊരു ക്രാഷ് കോഴ്‌സ് ഭര്‍തൃമാതാവില്‍ നിന്ന് കിട്ടിയിരുന്നു. ഏതാണ്ട് ഇപ്രകാരം വരും:
രാവിലെ ഏഴു മണിക്ക് മുമ്പ് വായനക്കാര്‍ക്കുള്ള ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ചായയും പുഴുങ്ങിയ പഴവും എത്തിക്കണം. അത് നമുക്ക് കഴിക്കാനുള്ളതുമായി കൂട്ടിത്തൊടീക്കരുത്. ഉച്ചയ്ക്കത്തെ ചോറും വൈകീട്ടത്തെ ചായയും ഇതേപോലെ വേണം. ശുദ്ധി വേണം. മുമ്പ് വായനക്കാര്‍ വായനയുടെ ഇടവേളയില്‍ ഇവിടെ വന്ന് ഭക്ഷണം കഴിക്കുമായിരുന്നു, ഇനിയിപ്പോ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ശുദ്ധിയും വൃത്തിയുമൊന്നും നടക്കില്ലല്ലോ, അതു കൊണ്ടാ.
കൊടിയ പാപത്തിന്റെ വിത്തുമരമായ ഞാന്‍ വന്നുകയറിയതു കാരണം വീടിന് പൊയ്‌പ്പോയ ശുദ്ധിയെക്കുറിച്ച് പരിതപിച്ചു. എന്നെ ചുറ്റിപ്പറ്റി വലിയ ഒരു അശുദ്ധി സഞ്ചരിക്കുന്നുണ്ടെന്ന് ഭയന്നു. ആര്‍ത്തവ കാലത്തെ ശുദ്ധി ഏര്‍പ്പാടിനെക്കുറിച്ച് മുന്നറിവുണ്ട്, ഇതെന്താണാവോ?
എന്തായാലും പിറ്റേന്ന് അതിരാവിലെ കുളികഴിഞ്ഞ് ജയഭാരതിയുടെ എന്‍ട്രി സീന്‍ പോലെ അടുക്കളയില്‍ പ്രവേശിച്ചു. വായനക്കാര്‍ക്ക് ശുദ്ധിയുള്ള ഭക്ഷണം ഉണ്ടാക്കി. അശുദ്ധിയായാലും കുഴപ്പമില്ലാത്ത ഭക്ഷണം വേറെ ഉണ്ടാക്കി. അന്നേരമാണ് നവവരന്‍ എങ്ങും തൊടാതെ അടുക്കളപ്പുറത്ത് നില്‍ക്കുന്നത് കണ്ടത്. മൂപ്പര് അകത്തേക്ക് വരുന്നില്ല. വായന പ്രമാണിച്ച് വധൂവരന്മാര്‍ തമ്മില്‍ ഒന്നാമതായി ഉണ്ടായ സംഭാഷണം ഏതാണ്ട് ഇങ്ങനെ:
''ഡീ...''
''എന്തേ?''
''എനിക്ക് നാല് ഇഡ്ഡലിയിങ്ങെടുത്തോ.''
''എന്താ അകത്ത് കേറൂലേ?''
( പണ്ട് അമ്മവീട്ടില്‍ ഞാനടക്കമുള്ള കുട്ടികള്‍ പറമ്പില്‍ രണ്ടിനു പോയിട്ട് കിണറ്റിന്‍കരയില്‍ ചുറ്റിപ്പറ്റി നില്ക്കുന്ന രംഗമാണ് ഓര്‍ത്തത്. മുതിര്‍ന്നവര്‍ക്ക് വെള്ളം കോരി കഴുകിക്കാന്‍ കയ്യൊഴിയുന്നത് വരെ എങ്ങും തൊടാതെ നിന്നു പരുങ്ങണം. ചമരിക്കാത്ത പോലെ നില്ക്കുക എന്നൊരു പ്രയോഗം തന്നെയുണ്ട്. വായില്‍ വന്ന ഉപമ ഞാന്‍ വിഴുങ്ങി. രണ്ടായിരത്തി മൂന്നിലെ വധുക്കള്‍ കല്യാണത്തിന്റെ രണ്ടാം വാരമൊന്നും ഉപമ പറഞ്ഞു തുടങ്ങാറില്ലായിരുന്നു.)
''കേറീട്ട് അവിടേം ഇവിടേം തൊട്ട് ശുദ്ധം മാറണ്ട. വായനക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇടയ്ക്കിടെ പോവണ്ടതാണ്. ''
''അപ്പോ ഇനി ഇങ്ങോട്ട് കേറുന്നില്ലേ?''
''വായന കഴിഞ്ഞിട്ട്. പറഞ്ഞില്ലേ. ശുദ്ധം.''
അടിപൊളി! കുലവധുവിന്റെ സമസ്ത നാണവും കുടഞ്ഞു കളഞ്ഞു ഞാന്‍ മനസ്സില്‍ പിറുപിറുത്തു.
'കന്നി കായ്ച്ച തെങ്ങില്‍ കൊമ്പന്‍ചെല്ലി പാഞ്ഞുകയറുന്നതു പോലെ പാഞ്ഞു കയറിയവന്‍ നിരപരാധി. തെങ്ങാണിപ്പോള്‍ അശുദ്ധിയുടെ പാപഭാരവും പേറി നില്ക്കുന്നത്!'
നാട്യം കണ്ടാല്‍ തോന്നും വീടിനകത്തു കയറിയാല്‍ ബാക്കിയുള്ളവര്‍ അപ്പാടെ കടന്നുപിടിച്ച് പരിരംഭണം ചെയ്ത് അശുദ്ധിയാക്കിക്കളയുമെന്ന്. കോപ്പ്. ആര്‍ക്കു വേണം? അതും കരണ്ടി മുതല്‍ കുട്ടകം വരെ ഞാനുണ്ടു ഞാനുണ്ടു നിന്നോടുകൂടെ എന്നു പാട്ടും പാടി മദഭരിതരായി കഴുകാന്‍ കിടക്കുമ്പോള്‍ ... മിഥുനം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ചോദിച്ച പോലാണ്, ഒരു ചായ കുടിക്കാന്‍ വാച്ചഴിച്ചു വില്‌ക്കേണ്ടി വരുന്ന ഒരുത്തന്റെ മനസ്സിലെവിടെയാണ് പ്രണയം? ഇത്രയും പാത്രങ്ങള്‍ കഴുകാനുള്ളപ്പോള്‍ എവിടെയാണ് പ്രണയം തിരുകേണ്ടത്?
''നീയെന്തെങ്കിലും പറഞ്ഞോ?''
''ഏയ്''
ഏകദേശം മംഗളമായി കാര്യങ്ങള്‍ നടക്കുന്നു. ഇടയ്ക്ക് ഒരു പൂജയുണ്ട്. വായനയ്ക്ക് ബ്രേക്ക്. അന്നേരം കുടുംബാംഗങ്ങള്‍ ഒന്നടങ്കം അങ്ങോട്ടു പോണം, നിര്‍ബന്ധമാണ്. മൂടിയ കുട്ട പൊക്കുമ്പോള്‍ കോഴി നെട്ടോട്ടം ഓടുന്നതു പോലെ അടുക്കളയില്‍ നിന്ന് സ്ത്രീ ജനങ്ങള്‍ അരങ്ങത്തേക്ക് പായുന്ന ശുഭവേളയാണ്. മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം നവവധു കഴുകാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് അണിഞ്ഞൊരുങ്ങാന്‍ ഓടി. പുഴയിലിറങ്ങുമ്പോള്‍ സൗന്ദര്യം തിരിച്ചു കിട്ടുന്ന നായികയെപ്പോലെ പുതിയ ഗെറ്റപ്പില്‍ അങ്ങനെ പോകുമ്പോഴാണ് ചിന്തോദ്ദീപകമായ ചോദ്യം:
''ബെഡ്ഷീറ്റ് ദിവസോം കഴുകുമോ?''
''ഇല്ല.''
''ഇന്നലെ കഴുകിയാരുന്നോ?''
''ഇല്ല ?''
''അതിലല്ലേ കിടന്നത് ഇന്നലെ?''
''അതെ.''
''എങ്കില്‍ പോയി സാരി മാറ്റി മേത്ത് ഇത്തിരി വെള്ളമൊഴിച്ച് വേറൊന്ന് ഉടുത്തോണ്ടുവാ. കൂട്ടിത്തൊടാത്തത് വല്ലോം ഒണ്ടെങ്കില്‍ ...''
അന്തം വിട്ടു നില്ക്കുന്ന ഞാന്‍ .
പുറത്താവുന്നതിനെക്കാള്‍ (ആര്‍ത്തവമുണ്ടാകുന്നതിനെക്കാള്‍ ) വലിയ അശുദ്ധിയാണ് അതൊക്കെ.
സാരി നിലത്തിടാതെ കിടക്കയിലിട്ട് ഉടുത്തുവെന്നതാണ് പ്രശ്‌നം. തലേന്ന് രാത്രി നവവിവാഹിതര്‍ കിടന്ന കിടക്ക തന്നല്ലോ അത്. കിടക്കയില്‍ അവര്‍ തമ്മില്‍ നിശ്ചയമായും ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. അതിന് അശുദ്ധിയുണ്ട്. അതാണു കാര്യം.
ഒബ്ജക്ഷന്‍ സസ്റ്റെയിന്‍ഡ്.
കണ്ണുനിറച്ച് നില്ക്കുമ്പോള്‍ നല്ല കുട്ടിയായ നവവരന്റെ പ്രസ്താവന:
''ഇതാ ഞാന്‍ കുളിച്ച ശേഷം അകത്തു കയറാഞ്ഞത്. ഷീറ്റൊക്കെ തൊട്ടാലോന്ന് കരുതി. ''
ഉടുത്ത സാരി അഴിച്ചിട്ട് വീണ്ടും കുളിച്ചെന്നു വരുത്തി മറ്റൊന്നുടുത്ത് ലേറ്റ് കമര്‍ ആയി അവിടെ ചെന്നു. രണ്ടു മനുഷ്യര്‍ തമ്മിലുണ്ടാകുന്ന ലൈംഗികത വിവാഹം കൊണ്ട് ഉറപ്പിച്ചെടുക്കുമെങ്കിലും ലൈംഗികത നിത്യ ജീവിതത്തിന്റെ ഭാഗമാണെന്ന ചിന്തയില്ല കേരളത്തിന്റെ പൊതുബോധത്തിന്. വിവാഹിതരായ വ്യക്തികള്‍ പോലും അവരുടെ സ്‌നേഹപ്രകടനങ്ങളും സംഭാഷണങ്ങളും അതിശക്തമായി നിയന്ത്രിക്കേണ്ടതുണ്ടായിരുന്നു. ലജ്ജയില്ലാതെ പെരുമാറുന്ന മിഥുനങ്ങള്‍ കണക്കറ്റ് അപഹസിക്കപ്പെട്ടിരുന്നതോര്‍ക്കുന്നു. ഇന്നു സേവ് ദ ഡേറ്റ് ഫോട്ടോകള്‍ക്കടിയില്‍ വരുന്ന കമന്റുകള്‍ അക്കാലത്തിന്റെ ബാക്കിപത്രമാണെന്നു തോന്നാറുണ്ട്. വാസ്തവത്തില്‍ രണ്ടു മനുഷ്യര്‍ തമ്മിലുള്ള പാരസ്പര്യത്തോട് അങ്ങേയറ്റം അസഹിഷ്ണുത കാട്ടുന്ന സമൂഹമാണ് നമ്മുടേത്. വിശ്വാസവും ആചാരങ്ങളും ചേര്‍ന്നുണ്ടാക്കുന്ന ശുദ്ധാശുദ്ധിസങ്കല്പങ്ങള്‍ കൂടി ചേരുന്നതോടെ ലൈംഗികതയെ അതിലിടപെടുന്നവര്‍ക്കു കൂടി വെറുപ്പിച്ചു കയ്യില്‍ത്തന്നെന്നിരിക്കും. ലൈംഗികത കുട്ടിയുണ്ടാവാനാണ്, അതില്‍ക്കൂടുതല്‍ ആഡംബരം വേണ്ട എന്നാണതിന്റെ പൊരുള്‍. അതിന്റെ പരിശീലനമായാണ് മുകളിലെ അനുഭവത്തെ കാണേണ്ടത് എന്നു പിന്നീട് മനസ്സിലായി.
നേരത്തേ നാം പറഞ്ഞതാണ്, നമുക്ക് ആനന്ദം പാപമാണ്. സാമൂഹികാംഗീകാരമുള്ള ഫലം മാത്രമാണ് പ്രധാനം. ലൈംഗികതയെ, ശരീരത്തെ, അതിന്റെ നൈസര്‍ഗികാനന്ദങ്ങളെ വിലക്കുകയെന്നാല്‍ അതിനു കാരണമാകുന്ന പങ്കാളിയെ/പങ്കാളികളെ ഉപാധികളില്ലാതെ സ്‌നേഹിക്കുന്നതില്‍ നിന്നു വിലക്കുക കൂടിയാണ്. നിങ്ങള്‍ക്കതാവാം, അതിന് ഇത്ര സമയപരിധിക്കുള്ളില്‍ റിസള്‍ട്ട് ഉണ്ടാവണമെന്നു ശഠിക്കുന്നത് അതിലും ദാരുണമാണ്. വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ മനുഷ്യരോട് ചോദിക്കൂ, അവര്‍ പറയും.
Content Highlights: rajasree about indian marriage