പ്രണയം തോന്നിയാല്‍ തല്‍ക്ഷണം വിവാഹിതരാകുന്നതാണ് നാട്ടുനടപ്പ്

#ആര്‍. രാജശ്രീ
വര- ഉള്ള്യേരിക്കാരന്‍
വര- ഉള്ള്യേരിക്കാരന്‍

ഒരു തമാശക്കഥയുണ്ട്. ഒരു മനുഷ്യന്‍ അയാളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തിന് സുഹൃത്തുക്കളെയൊക്കെ ക്ഷണിച്ചു. എല്ലാരും വന്നു. കേക്ക് മുറിക്കാന്‍ നേരമായിട്ടും ആതിഥേയനെ കാണുന്നില്ല. തെരഞ്ഞുചെന്നവര്‍ വീടിന്റെ മുകള്‍നിലയില്‍ അയാള്‍ കരഞ്ഞു നില്‍ക്കുന്നത് കണ്ടുപിടിച്ചു. ആവര്‍ത്തിച്ചു ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അയാള്‍ പറഞ്ഞു:

''ഞങ്ങള്‍ പ്രണയിച്ചു കൊണ്ടിരുന്ന ഇടക്കാലത്ത് എനിക്കവളെ വേണ്ടെന്നു തോന്നി. ഞാനതു പറഞ്ഞപ്പോള്‍ അവള്‍ എന്നെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ ഞങ്ങള്‍ വിവാഹിതരായി. പന്ത്രണ്ടു വര്‍ഷം മുമ്പ് ഇന്നേ ദിവസം അവള്‍ എന്റെ ഭാര്യയായി വന്നു. അന്നു രാത്രി അവളെ കൊന്നാലോ എന്നു ഞാന്‍ ചിന്തിച്ചതാണ്. ജീവപര്യന്തം തടവ് കിട്ടിയേക്കുമെന്നു ഭയന്ന് ചെയ്തില്ല. പക്ഷേ അന്നതു ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയേനെ. എന്നേക്കുമായി സ്വതന്ത്രനായേനേ.''

രണ്ടുതരത്തിലാണ് നമ്മുടെ നാട്ടില്‍ സാധാരണയായി വിവാഹം നടക്കുകയെന്നു പറയാം. ഒന്ന് വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്നത്. രണ്ട് വധൂവരന്മാരുടെ തീരുമാനപ്രകാരം. ഇതില്‍ രണ്ടാമത്തേത് നിസ്സംശയം പ്രണയ വിവാഹങ്ങളെന്നു പറയാത്തതു മനഃപൂര്‍വമാണ്. രക്ഷിതാക്കളുടെ താല്‍പര്യത്തിനു പുറമേ നടക്കുന്നതെല്ലാം പ്രണയ വിവാഹങ്ങളാകണമെന്നില്ല, പുറമെ നിന്നു നോക്കുന്നവര്‍ക്ക് അങ്ങനെയാണെന്നു തോന്നിയേക്കാമെങ്കിലും. അത്തരം വിവാഹങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കുപോലും തങ്ങള്‍ പ്രണയബദ്ധരാണെന്നാണ് തോന്നുക. പ്രണയം തോന്നിയാല്‍ തല്‍ക്ഷണം വിവാഹിതരാകുന്നതാണല്ലോ നാട്ടുനടപ്പ്. പ്രണയം വിവാഹത്തിനുള്ള ക്വാളിഫൈയിങ് റൗണ്ട് മത്സരമല്ല എന്ന് പ്രണയിക്കുന്നവരെങ്കിലും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രണയിച്ചാല്‍ പിന്നെ 'പിടിച്ചുകെട്ടിക്കുക' തന്നെ എന്ന് തീരുമാനിച്ചു നടക്കുന്ന കുടുംബക്കാരെയും നാട്ടുകാരെയും ഇതു ബോധ്യപ്പെടുത്തുന്നതിനെക്കാള്‍ പ്രധാനം അവരവര്‍ ബോധ്യപ്പെടുക എന്നതാണ്. അതത്ര എളുപ്പമല്ല. അതിന് പ്രധാനമായും കുറേ പടവുകളുണ്ട്.

ഒന്നാമതായി അതിതീവ്രമായ ഒരു ദിവ്യ വികാരമാണ് പ്രണയം എന്ന പരമ്പരാഗത ധാരണയില്‍ നിന്ന് പുറത്തിറങ്ങണം. മനുഷ്യര്‍ തമ്മില്‍ നിരവധി ബാഹ്യ ഘടകങ്ങളുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന നിരവധി വികാരങ്ങളില്‍ ഒന്നു തന്നെയാണ് അതും. വളരാനും നിലനില്‍ക്കാനും മനഃപൂര്‍വമായ ശ്രമം ആവശ്യമുള്ള ഒന്നാണത്. ചിലരത് ആസ്വദിച്ചു ചെയ്യും, ചിലര്‍ പെട്ടു പോയല്ലോ എന്ന ഖേദത്തോടെ അതില്‍ തുടരും. രണ്ടുകൂട്ടരുടെ കാര്യത്തിലും വ്യക്തി ഗുണമാണ് നിര്‍ണായകമെന്നു കാണാം. വ്യക്തി ഗുണമെന്നത് മരുത്വാമല പറിച്ചു കൊണ്ടുവരുന്നതോ ഈജിയന്‍ തൊഴുത്തു വൃത്തിയാക്കുന്നതോ ആവണമെന്നില്ല. അപരന്റെ/അപരയുടെ ശാരീരികമോ മാനസികമോ ആയ എന്തുമാകാം... അറിവോ സംസാരരീതിയോ ഭംഗിയുള്ള വിരല്‍ത്തുമ്പുകളോ ശരീരഗന്ധമോ പോലുമാകാം.

പരസ്പരം ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ഇടയിലുണ്ടായിരിക്കുകയെന്നതാണ് പ്രധാനം. ചിലപ്പോള്‍ കുട്ടിക്കാലത്ത് ഏറ്റവും ആരാധന തോന്നിയ മനുഷ്യരോടോ കഥാപാത്രങ്ങളോടോ ഉള്ള ഏറ്റവും ഭാവനാത്മകമായ സാമ്യം പോലുമാകാം അത്. അമ്മയുടെ മുടിപോലെ മുടിയുള്ള പെണ്ണിനെ തേടി നടന്ന ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു. അത്തരം മുടിയുള്ള ഒരു പെണ്‍കുട്ടിയെ അയാള്‍ കണ്ടെത്തുകയും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ ഒരിക്കല്‍ തങ്ങള്‍ പ്രണയബദ്ധരായിരുന്നുവെന്ന് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത രീതിയില്‍ പില്‍ക്കാലത്ത് അവരുടെ ബന്ധം മാറിപ്പോയി.

'ഇവളുടെ മുടി കണ്ടാണ് ഇവളെ കല്യാണം കഴിച്ച'തെന്ന് നാലാളുകൂടുന്നിടത്തൊക്കെ അയാള്‍ പറയുമായിരുന്നു. ആ വാക്യത്തില്‍പോലും പ്രണയം എന്ന പദം ഉപയോഗിക്കാനാവാത്ത വിധം ഇരുവരും അതു മറന്നുപോയി.

നമ്മുടെ നാടോടിക്കഥകളിലൊക്കെ സുന്ദരിയായ / ബുദ്ധിമതിയായ പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നതിന്റെ വിവരണങ്ങള്‍ കാണാം. അതാണ് സൂചിപ്പിച്ചത്,  പ്രണയം ഏറ്റവും നശ്വരമായ ഒന്നിനെപ്പോലും അടിസ്ഥാനമാക്കി ഉണ്ടായേക്കാം. ഒരാദര്‍ശത്തെയും അത് അനുസരിച്ചില്ലെന്നും വരാം. കാലം, സ്ഥലം, അനുഭവങ്ങള്‍, അഭിരുചികളിലെ മാറ്റം തുടങ്ങിയവയ്ക്കനുസരിച്ച് അതിവേഗം രൂപമാറ്റം വരാവുന്ന ഒരു വികാരത്തെ അടിസ്ഥാനപ്പെടുത്തിയാണോ വിവാഹം എന്ന ഒരു സ്ഥാപനം ഉണ്ടാക്കേണ്ടത്?

മനുഷ്യര്‍ മുന്നോട്ടു ജീവിക്കുന്തോറും അഭിരുചികള്‍ മാറും. അതനുസരിച്ച് വ്യക്തിബന്ധങ്ങളിലും മാറ്റങ്ങളുണ്ടാകും. അത് പരസ്പരം മാനിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിലെ പ്രത്യേകതരം ഇഷ്ടമോ താല്‍പര്യമോ സവിശേഷമായ ഒരു ഹൃദയബന്ധമായി വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. അതിനെ പ്രണയമെന്ന് ചാടിവീണ് മുദ്രകുത്തേണ്ട ആവശ്യം പോലുമില്ല. ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല എന്നു കാണുമ്പോള്‍ പണ്ട് പ്രണയിച്ചിരുന്നല്ലോ, സ്വയം തെരഞ്ഞെടുത്തതല്ലേ എന്നു തുടങ്ങിയ ന്യായങ്ങള്‍ക്ക് നില്‍ക്കാതെ ആരോഗ്യകരമായി വേറിട്ടു പോകുന്നതാണ് അഭികാമ്യം.


കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെയും കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും ഇല്ലായ്മ ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഒരിക്കല്‍ ഈ ചക്രത്തില്‍ കുടുങ്ങിയാല്‍ വിടുതിയില്ലെന്ന മരണഭയമാണ്. പ്രണയത്തെ ഭയന്ന് ആത്മഹത്യ ചെയ്യുന്ന മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുമോ?

സനല്‍ (പേര് സാങ്കല്പികം ) ആത്മഹത്യ ചെയ്യുന്നത് വിവാഹത്തലേന്നാണ്. അയാള്‍ എഴു വര്‍ഷം പ്രണയിച്ച പെണ്‍കുട്ടി. വന്‍ വിവാദങ്ങള്‍ക്കും പെണ്‍കുട്ടിയുടെ അമ്മയുടെ ആത്മഹത്യാശ്രമത്തിനും വരെ അവരുടെ പ്രണയം കാരണമായി. ഒടുവില്‍ സ്ഥലത്തെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ ഇടപെടലില്‍ ഇരു വീട്ടുകാരും അയഞ്ഞു. വിവാഹം ഒരു മാസത്തിനകം നടത്താന്‍ തീരുമാനിക്കപ്പെട്ടു. പിന്നീട് പ്രണയികള്‍ക്കിടയിലുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍ വഴക്കുകള്‍ പതിവായി. ഇക്കാര്യം സനല്‍ തന്നെ സുഹൃത്തുക്കളോട് സൂചിപ്പിക്കുകയും ചെയ്തു. ഈ ബന്ധം ശരിയാവില്ലെന്ന മട്ടില്‍ അയാള്‍ സ്വന്തം വീട്ടില്‍ ചെറിയൊരു സൂചന നല്‍കിയതോടെ വീണ്ടും പ്രശ്‌നമായി. എന്തു വില കൊടുത്തും വിവാഹം നടത്തുമെന്നായി പിന്നീട്. ഇരുവീട്ടുകാരും തമ്മില്‍ അക്കാര്യത്തില്‍ മാരകമായ യോജിപ്പ്! വിവാഹസാരിയുമായി ബന്ധപ്പെട്ട് പ്രണയികള്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാഭീഷണി മുഴക്കി. സനല്‍ വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തു.നിര്‍ഭാഗ്യകരമായ ഈ സംഭവത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ. പ്രണയികള്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും പ്രണയമോചനം സ്വാഭാവികമായ ഒന്നാണെന്നും അത് വീട്ടുകാരുടെയോ നാട്ടുകാരുടെയോ അഭിമാനപ്രശ്‌നമാവേണ്ടതില്ലെന്നും ഇതിലുള്‍പ്പെട്ട ആര്‍ക്കും മനസ്സിലാവാതിരുന്നതാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്.പരസ്പരമുണ്ടായിരുന്നത് പ്രത്യേകമായ ആകര്‍ഷണമോ താത്പര്യമോ മാത്രമാണെന്നും അത് ആഴമുള്ള ഹൃദയബന്ധമല്ലെന്നും സനലിനും കാമുകിക്കും മനസ്സിലായില്ല എന്നു വേണം കരുതാന്‍.എത്ര മെനക്കെട്ട് ഉണ്ടാക്കിയ ഭക്ഷണമാണെങ്കിലും ആദ്യത്തെ ഉരുള വായില്‍ വയ്ക്കുമ്പോഴേ അരുചികൊണ്ട് ഓക്കാനം വന്നാല്‍ നാം അത് വേണ്ടെന്നു വയ്ക്കും. ജീവിതത്തിന്റെ കാര്യം വരുമ്പോള്‍ തികട്ടിവരുന്നത് വിഴുങ്ങി മിണ്ടാതിരിക്കുന്നത് എന്തിന്?

പ്രണയിച്ചവരാണെങ്കിലും വിവാഹം തീരുമാനിക്കപ്പെട്ടവരാണെങ്കിലും ആ ബന്ധത്തില്‍ കല്ലുകടിച്ചു തുടങ്ങിയാല്‍ പുനരാലോചന ആവശ്യമാണ്. അതില്‍ ലജ്ജിക്കേണ്ടതില്ല. മറ്റാരെയും ചുമതലപ്പെടുത്തേണ്ടതുമില്ല. അത്രയും പ്രണയവിവാഹത്തിന്റെ കാര്യം. അതിലും കഷ്ടമാണ് വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന പരാജിതബന്ധങ്ങള്‍. വധൂവരന്മാര്‍ തമ്മിലുള്ള മാനസികൈക്യം പലപ്പോഴും ഒരു സങ്കല്പം മാത്രമായിരിക്കും. രണ്ട് പേരും ഡോക്ടര്‍മാര്‍ ആയതു കൊണ്ട്, രണ്ടു പേരുടെയും അപ്പൂപ്പന്മാര്‍ പണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരുന്നതുകൊണ്ട്, രണ്ടു പേരുടെയും പള്ളികള്‍ ഒന്നായതു കൊണ്ട്, രണ്ടു പേരുടെയും സംഘടനകള്‍ ഒന്നായതു കൊണ്ട്, രണ്ടു പേരുടെയും സാലറി സ്‌കെയില്‍ ഒന്നായതു കൊണ്ട്, രണ്ടു പേരും ഒരേ നിറമായതുകൊണ്ട്... അവര്‍ തമ്മില്‍ ഗംഭീരമായ പൊരുത്തമാണെന്ന് കണ്ടു നില്‍ക്കുന്നവര്‍ തീരുമാനിച്ചുകളയും. രണ്ടു മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്ന കാര്യത്തില്‍ അവരുടെ മാനസികൈക്യം ഏറ്റവും അപ്രധാനമാകുന്ന സന്ദര്‍ഭങ്ങളിലൊന്ന് അറേഞ്ച്ഡ് വിവാഹങ്ങളാണ്. പെണ്ണുകാണല്‍ ദിവസം തമ്മില്‍ കണ്ടിഷ്ടമായി വിവാഹമുറപ്പിച്ച്, ഫോണില്‍ സംസാരിച്ച പരിചയത്തിന്റെ മേലെ വിവാഹദിവസംവരെ അപരിചിതനായ ഒരാളുമായി ശാരീരികബന്ധം നടത്തുകയെന്ന സാഹസം പുഷ്പം പോലെ അനുഷ്ഠിച്ച ഒരു തലമുറ ഇവിടെ ജീവിക്കുന്നുണ്ട്. രസമാണ്, ചരിത്രമാണ്. 

അത്തരമൊരു സമൂഹത്തില്‍ ശാരീരികബന്ധത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളല്ലാതെ മറ്റെന്തുണ്ടാവാനാണ്. നിര്‍ഭയമായ ശാരീരികബന്ധമാണല്ലോ വിവാഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. പ്രണയത്തെ, അല്ലെങ്കില്‍ അങ്ങനെ കരുതുന്ന അടുപ്പത്തെ തകര്‍ത്തു കളയാനും അത്തരമൊരു അടുപ്പം തന്നെ തോന്നാതിരിക്കാനും നിസ്സാര കാരണങ്ങള്‍ മതിയെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതാണു സത്യം.

എന്റെ വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്ത ഞാന്‍ കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്റ്റാഫ് റൂമിലിരിക്കുമ്പോഴാണ് അനിയത്തി വിളിച്ചു പറയുന്നത്. തൊഴില്‍ സ്ഥലങ്ങള്‍ തമ്മിലുള്ള അകലം കാരണം രണ്ടു തവണ വേണ്ട എന്നു വച്ച ആലോചനയായിരുന്നു അത്.  വിവാഹം കഴിഞ്ഞാല്‍ ദമ്പതികള്‍ പരമാവധി ഒന്നിച്ചു ജീവിക്കുന്നതു തന്നെയാണ് നല്ലത്. ജോലി, പണം തുടങ്ങിയ പരിഗണനകള്‍ അതിനുമേല്‍ വരരുത്. ഗസ്റ്റ് അപ്പിയറന്‍സ് ദാമ്പത്യത്തില്‍ അത്ര നല്ലതല്ല. ഞങ്ങളുടെ കാര്യത്തില്‍ അവധി ദിവസങ്ങളില്‍ പരസ്പരം കാണാമല്ലോ എന്നാണ് തീരുമാനിക്കപ്പെട്ടത്. അത് നിരന്തര യാത്രകള്‍ക്കും ഉറക്കമില്ലായ്മയ്ക്കും പെന്‍ഡിങ് ആകുന്ന വീട്ടുജോലികള്‍ക്കും തൊഴില്‍പരമായ നിലവാരക്കുറവിനും കാരണമാകുമെന്ന് ആരും ഓര്‍ത്തില്ല.

ഞാനായിരുന്നു അത് പ്രധാനമായും ഓര്‍ക്കേണ്ടിയിരുന്നത്, അതുണ്ടായില്ല. വിവാഹം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറപ്പെട്ട യാത്ര വരന്റെ വീട്ടില്‍ രാത്രി ഒന്നരയ്ക്ക് അവസാനിച്ചു. ഉണങ്ങിക്കരിഞ്ഞ പൂവും അലങ്കോലമായ മുടിയും ഭാരമുള്ള സാരിക്കകത്ത് വിയര്‍ത്തൊട്ടിയ അടിവസ്ത്രങ്ങളും മൂത്രമൊഴിക്കാതെ കല്ലിച്ച അടിവയറും എല്ലാത്തിനുമുപരിയായി മൈഗ്രേനും ചേര്‍ന്ന് ജീവിതാശ നശിച്ച ഒരു സ്ത്രീരൂപമായിരുന്നു അന്നേരം ഞാന്‍. എന്റെ മനസ്സില്‍ പ്രണയമുണ്ടായിരുന്നില്ല. വൈകിയാലും അണുവിട തെറ്റാത്ത ചടങ്ങുകള്‍ കഴിഞ്ഞ് ബാത്‌റൂം തപ്പിപ്പിടിച്ചു. ആഭരണങ്ങളും സാരിയും പറിച്ചെറിഞ്ഞ് ഒന്നു ശ്വാസം വിടണമെന്ന അത്യാഗ്രഹം മാത്രമായിരുന്നു അന്നേരം. ടാപ്പ് തുറന്നപ്പോള്‍ വെള്ളമില്ല. കാറ്റ് മാത്രം. ഏറെക്കഴിഞ്ഞ് ബക്കറ്റിലേക്കു വീണ കറുത്ത വെള്ളം കണ്ട് ഞാന്‍ അമ്പരന്നു. 

'എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകണം... ഈ വിവാഹം എനിക്ക് വേണ്ട' എന്ന് സ്വയം പറഞ്ഞ് കരഞ്ഞു പോകാന്‍ മാത്രം മടുപ്പിക്കുന്നതായിരുന്നു ആ അനുഭവം. കറുത്ത വെള്ളത്തിലെ കുളിയും പാതിയുറക്കത്തിലെ ബലാല്‍ക്കാരശ്രമവുമാണ് ദാമ്പത്യത്തിലെ ആദ്യസ്മൃതിയെന്നു പറയാം.

പിന്നീടാലോചിക്കുമ്പോള്‍ ഇതിലൊക്കെ ഓപ്ഷനുകള്‍ സ്വീകരിക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാകും. ഒറ്റയടിക്ക് ദീര്‍ഘയാത്ര ചെയ്യാതിരിക്കാം. വസ്ത്രാഭരണാദികള്‍ മാറി സ്വസ്ഥമായി യാത്ര ചെയ്യാം.അസമയത്തെ ചടങ്ങുകള്‍ ഒഴിവാക്കാം. ഫോട്ടോ പിറ്റേ ദിവസമാക്കാം. ബാത്‌റൂമില്‍ വെള്ളത്തിന് ഏര്‍പ്പാടുണ്ടാക്കാം. ദീര്‍ഘയാത്ര കഴിഞ്ഞു വരുന്ന വധൂവരന്മാര്‍ക്ക് വൃത്തിയുള്ള മുറിയൊരുക്കാം... വിശ്രമിക്കാന്‍ സമയം നല്‍കാം. എത്രയെളുപ്പം, അല്ലേ?

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഇത് ആവശ്യപ്പെടാമോ?അതൊക്കെയും ചില പരിഗണനകളാണ്. അറിഞ്ഞു ചെയ്യേണ്ടതാണ്, അല്ലെങ്കില്‍ വധു അത് ആവശ്യപ്പെടേണ്ടതുണ്ട്. അതിനു പകരം അന്നേരം മുതല്‍ ത്യാഗം സഹിച്ചു തുടങ്ങേണ്ടതില്ല. പക്ഷേ തനിക്ക് ജീവിതം തരാനായി വന്നിരിക്കുന്ന വരനോട് അങ്ങനെ ഡിമാന്‍ഡിങ് ആകാമോ എന്ന് സംശയിച്ച വധുക്കളിലൊരാളായിരുന്നു ഞാന്‍. അത്തരം പാരമ്പര്യങ്ങള്‍ക്ക് തുടര്‍ച്ച വേണ്ടതില്ല എന്നാണ് പറഞ്ഞത്.

ഇതിലൊക്കെ ഇത്ര സീരിയസായി എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് തര്‍ക്കിക്കാനില്ല. പ്രണയമുണ്ടാകുന്നത് ബാത്‌റൂമിലെ തെളിഞ്ഞ വെള്ളത്തിലൂടെയാണോ എന്നും എനിക്കറിയില്ല. പക്ഷേ, അതില്ലാതാവാന്‍ കലങ്ങിയ വെള്ളമായാലും മതി. വീണ്ടും പറയുന്നു... ശ്രദ്ധിച്ചില്ലെങ്കില്‍, രക്ഷപ്പെടുത്താന്‍ മനഃപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ പ്രണയമെന്നല്ല ഏതൊരു മഹി വികാരവും അതിന്റെ പാട്ടിന് പോകും. ഉറപ്പാണ്. 

Content Highlights: r rajasree write about indian families and loveless marriage