പ്രിയങ്കാ ഗാന്ധിയുടെ മകൻ വിവാഹിതനാവുന്നു; 18-ാം വയസ്സിൽ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക്

വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെയും ബിസിനസുകാരനായ റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഡൽഹി സ്വദേശിനിയായ അവീവ ബെയ്ഗ് ആണ് വധു. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിട്ടായിരുന്നു നിശ്ചയം നടത്തിയത്.
ദീർഘകാലമായി പ്രണയത്തിലായിരുന്നു റെയ്ഹാനും അവീവയും. റെയ്ഹാൻ ഏഴുവർഷം മുമ്പാണ് അവീവയോട് പ്രണയാഭ്യർഥന നടത്തുന്നത്. പിന്നീട് ഈ ബന്ധത്തിന് ഇരുകുടുംബങ്ങളും പച്ചക്കൊടി വീശുകയായിരുന്നു.
പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് റെയ്ഹാൻ. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രാഫിയോടാണ് താത്പര്യം. വൈൽഡ് ലൈഫ്, സ്ട്രീറ്റ്, കൊമേഴ്‌സ്യൽ ഫോട്ടോഗ്രാഫി എന്നിവയാണ് അദ്ദേഹം പ്രധാനമായും ചെയ്യുന്നത്. ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ നടത്തിയ സോളോ എക്‌സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളായിരുന്നു എക്‌സിബിഷനിൽ കൂടുതലുമുണ്ടായിരുന്നത്. സ്‌കൂളിൽ വെച്ചുള്ള ക്രിക്കറ്റ് മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതാണ് ഇതിന് പ്രചോദനമായത്. ആ അപകടത്തിനുശേഷമാണ് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടനാവുന്നത്.
അവീവ ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫി സ്റ്റുഡിയോയും പ്രൊഡക്ഷൻ കമ്പനിയുമായ അറ്റ്‌ലിയർ 11-ന്റെ സഹസ്ഥാപകയുമാണ്. രാജ്യത്തെമ്പാടുമുള്ള ഏജൻസികൾക്കുവേണ്ടിയും ബ്രാൻഡുകൾക്കുവേണ്ടിയും നിരവധി വർക്കുകൾ ചെയ്തിട്ടുണ്ട്. അവീവയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം ഒ.പി.ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ജേർണലിസം ആന്റ് കമ്മ്യൂണിക്കേഷനിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. മാസികകളിൽ ഫ്രീലാൻസറായും മറ്റും പ്രവർത്തിച്ചശേഷമാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyanka Gandhi`s son, Raihan Vadra, got engaged to Aviva Baig. The couple, in love since they were 18, celebrated their engagement with close family and friends.